പി എസ് ശോഭൻ

ബുധൻ (Mercury)
സൗരയൂഥത്തിലെ ഏറ്റവും ചെറുതും സൂര്യനോട് ഏറ്റവും അടുത്തു കിടക്കുന്നതുമായ ഒരു ഗ്രഹമാണ് ബുധൻ (Mercury). 88 ദിവസം കൊണ്ടാണ് ബുധൻ സൂര്യനുചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് ഏറ്റവും ദീർഘവൃത്താകാരമായ പരിക്രമണപഥം ബുധന്റേതാണ്, അച്ചുതണ്ടിന്റെ ചെരിവ് ഏറ്റവും കുറവും ഇതിനാണ്.
സൂര്യനുചുറ്റും രണ്ട് പരിക്രമണം ചെയ്യാനെടുക്കുന്ന സമയം കൊണ്ട് ബുധൻ അതിന്റെ അച്ചുതണ്ടിൽ മൂന്നു തവണ ഭ്രമണം ചെയ്യുന്നു. ദൃശ്യകാന്തിമാനം −2.3 മുതൽ 5.7 വരെ. ഭൂമിയിൽ നിന്ന് വീക്ഷിക്കുമ്പോൾ തിളക്കത്തോടെ കാണപ്പെടുന്ന ഒരു ഗ്രഹമാണ് ബുധൻ. പക്ഷെ സൂര്യനിൽ നിന്ന് പരമാവധി കോണീയ അകലം 28.3° ആയതിനാൽ ബുധൻ എളുപ്പത്തിൽ മനുഷ്യന്റെ ദൃഷ്ടിപഥത്തിൽ വരുന്നില്ല. പ്രഭാതത്തിലും സന്ധ്യാസമയത്തും മാത്രമേ ബുധനെ നേരിട്ട് നിരീക്ഷിക്കുവാൻ സാധിക്കുകയുള്ളൂ, അല്ലാത്ത അവസരങ്ങളിൽ സൂര്യപ്രഭയിൽ മുങ്ങിപ്പോകുന്നതിനാൽ നേരിട്ടുള്ള നിരീക്ഷണം അസാദ്ധ്യമാണ്. സൂര്യഗ്രഹണത്തിന്റെ അവസരങ്ങളിൽ സൗരപ്രഭ കുറയുന്നതിനാൽ ബുധനെ നിരീക്ഷിക്കുക സാധ്യമാണ്. സ്വന്തമായി ഉപഗ്രഹങ്ങളോ അന്തരീക്ഷമോ ഇല്ലാത്ത ഗ്രഹമാണ് ബുധൻ. കുറച്ചു വിവരങ്ങൾ മാത്രമേ ഭൗമോപരിതലത്തിലെ ദൂരദർശിനികളിൽ നിന്നും വീക്ഷിക്കുമ്പോൾ ലഭ്യമാകുന്നുള്ളൂ.

ബുധന്റെ ഉപരിതലം ഉൽക്കാപതനം മൂലമുള്ള നിരവധി ഗർത്തങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ ഭൗതികമായി ബുധനു കൂടുതൽ സാദൃശ്യംചന്ദ്രനോടാണ്. നിരവധി സമതലങ്ങളും ബുധനിൽ കാണപ്പെടുന്നു. ചന്ദ്രനിൽ നിന്നും വ്യത്യസ്തമായി ബുധന് ഇരുമ്പിന്റെ വലിയ കാമ്പ് ഉണ്ട് . ഇത് ആ ഗ്രഹത്തിനു ഭൂമിയുടെ 1% വരുന്ന ഒരു കാന്തികക്ഷേത്രം സമ്മാനിക്കുന്നു. താരതമ്യേന വലിപ്പമുള്ള കാമ്പുള്ളതിനാൽത്തന്നെ സാന്ദ്രത കൂടിയ ഗ്രഹമാണ് ബുധൻ. ഗ്രഹത്തിന്റെ ഉപരിതല താപനില -180 ഡിഗ്രി മുതൽ +430 ഡിഗ്രി വരെയായി വ്യത്യാസപ്പെട്ടിരിക്കുന്നു. താപനില ഏറ്റവും കൂടിയ ഭാഗം സൂര്യന് അഭിമുഖമായതും താപനില കുറഞ്ഞത് ധ്രുവങ്ങൾക്കടുത്തുള്ള ഗർത്തങ്ങളുടെ അടിത്തട്ടുമാണ്.

സൗരയൂഥത്തിലെ നാല് പാറഗ്രഹങ്ങളിൽ ഒന്നായ ബുധൻ, ഭൂമിയുടേതുപോലെ പാറകളാലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധന്റെ മധ്യരേഖാ വ്യാസാർദ്ധം 2,439.7 കി.മീ ആണ്. സൗരയൂഥത്തിലെ വലിപ്പം കൂടിയ ഉപഗ്രഹങ്ങളായ ഗാനിമീഡ്, ടൈറ്റൻ എന്നിവയേക്കാളും ചെറുതാണ് ബുധൻ, എങ്കിലും അവയേക്കാൾ പിണ്ഡം ഈ ഗ്രഹത്തിനുണ്ട്. ആദ്യമായി ബുധനെ നിരീക്ഷിച്ച ബഹിരാകാശപേടകം മാരിനർ 10 ആണ്. പ്രസിദ്ധരായ എഴുത്തുകാരുടെ പേരുകളാണ് ബുധോപരിതലത്തിലെ സ്ഥലങ്ങൾക്ക് നൽകിയിട്ടുള്ളത്, ഉദാ. ഷേക്സ്പിയർ. സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പരിമിതമായ വിവരങ്ങൾ മാത്രമേ ഈ ഗ്രഹത്തെക്കുറിച്ചു ലഭ്യമായിട്ടുള്ളൂ.
ഗ്രഹങ്ങളെ ആകാശത്ത് തിരിച്ചറിയാം.. വീഡിയോ
One thought on “ബുധൻ”