Read Time:19 Minute

വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 2017 ൽ കേരളത്തിലെ 15 വയസ്സിൽ താഴെയുള്ള  എല്ലാ കുട്ടികൾക്കും സ്കൂളുകളിൽ വെച്ച് ക്യാമ്പടിസ്ഥാനത്തിൽ എം.ആർ വാക്സിൻ നൽകിയത് മുതിർന്നവർ അധികപേരും മറന്നിട്ടുണ്ടാവില്ല. അന്ന് പല സ്ഥലങ്ങളിലും ജനങ്ങൾക്കിടയിൽ ഒരു വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് പോലീസ് സഹായത്തോടെയാണ് ആരോഗ്യ പ്രവർത്തകർക്ക് കുട്ടികൾക്ക് വാക്സിൻ നൽകാനായത്. അനുബന്ധിച്ച സംഘർഷങ്ങളും , അറസ്റ്റുകളും മാധ്യമങ്ങളിൽ വാർത്തകളായിരുന്നു. അന്ന് ഒക്ടോബർ 3 ന് തുടങ്ങിയ വാക്സിൻ യത്നം എതിർപ്പുകളെ മറികടന്ന്  ഡിസംബറിൽ പൂർത്തിയാക്കുമ്പോൾ കേരളത്തിലെ 70 ലക്ഷത്തിലധികം കുട്ടികൾക്ക് (95%) വാക്സിന്റെ അധികഡോസ് നൽകിയിരുന്നു എന്നാണ് വിവരം.

മീസിൽസ് – റൂബെല്ല എന്നീ വൈറസ് രോഗങ്ങളെ  “എലിമിനേഷൻ” ചെയ്യാനാണ് രോഗ സാധ്യതയുള്ള പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മുഴുവൻ അന്ന് ആ വാക്സിനുകൾ നൽകിയത്. ഒരു ജനസമൂഹത്തിൽ 95% ത്തിൽ കൂടുതൽ പേർക്ക് മീസിൽസ് രോഗത്തിനെതിരെ പ്രതിരോധശക്തി ഉണ്ടാകുകയാണെങ്കിൽ ഹേർഡ് ഇമ്മ്യൂണിറ്റി (സാമൂഹ്യപ്രതിരോധം) പ്രതിഭാസത്തെ തുടർന്ന് അത്തരം ഇടങ്ങളിൽ പിന്നീട് രോഗം കൂടുതൽ പേരിൽ  പടർന്ന് “ഔട്ട് ബ്രേയ്ക്കുകൾ” ഉണ്ടാകാൻ സാധ്യതയില്ല എന്ന ശാസ്ത്രമാണ് ഇതിൻ്റെ അടിസ്ഥാനം.

ഈ രണ്ട് രോഗങ്ങൾക്കും ഒന്നുകിൽ സ്വാഭാവികമായ രോഗബാധയുണ്ടായോ, വേണ്ട പ്രതിരോധ കുത്തിവെയ്പ്  ലഭിക്കുമ്പോഴോ മാത്രമാണ് ഒരു വ്യക്തിക്ക് രോഗ പ്രതിരോധം ലഭിക്കുന്നത്. രോഗത്തെ തുടർന്ന് കോമ്പ്ളിക്കേഷനുകൾക്ക് സാധ്യതകളുള്ളതിനാൽ ഇവിടെ വാക്സിൻ പ്രതിരോധമാണ്  ആണ് അഭികാമ്യം.

പക്ഷെ ഈ  ഹേർഡ് ഇമ്മ്യൂണിറ്റി പ്രതിരോധം സമൂഹത്തിൽ തുടർന്ന്  നിലനിൽക്കണമെങ്കിൽ പിന്നീട് ഈ പ്രദേശത്ത് ജനിച്ച് വീഴുന്ന പ്രതിരോധശേഷി നേടാത്ത കുട്ടികൾ ഓരോത്തരും ആർജിത പ്രതിരോധ ശക്തി നേടേണ്ടതുണ്ട്. മുമ്പ് നടത്തിയ എം. ആർ കാമ്പ്യേയിന് ശേഷം ഇപ്പോൾ എട്ടാം വർഷത്തിലേക്ക് കടക്കുകയാണ്. അതിനാൽ ഇപ്പോൾ എട്ടുവയസ്സിന് താഴെ സംസ്ഥാനത്തിനകത്തുള്ള കുട്ടികളിൽ  രോഗപ്രതിരോധനില  95%-ലധികം ഉയർന്ന് നിൽക്കാൻ സാധ്യതയില്ല. കാരണം സാർവ്വത്രിക പ്രതിരോധ പരിപാടിയുടെ കീഴിൽ കുട്ടികൾക്ക് നൽകിവരുന്ന  എം. ആർ  വാക്സിനുകളുടെ രണ്ടു ഡോസുകളും ( 9 മാസത്തിലും ഒന്നര വയസ്സിലും)  എടുക്കുന്ന കുട്ടികൾ 90% ത്തിനും താഴെയാകാനാണ് സാധ്യത.  ഇത് 95% -ത്തിന് മുകളിൽ തന്നെ നിലനിർത്തി സാമൂഹ്യ പ്രതിരോധത്തിന്റെ കോട്ട പണിയാൻ  ഇത് വരെ നമുക്കായിട്ടില്ല. ഒരു വർഷം 4 ലക്ഷത്തിനടുത്ത് കുട്ടികൾ ജനിക്കുന്ന കേരളത്തിൽ 10% എന്നത് 40000-മാണ്. അപ്പോൾ 8 വർഷം തികയുമ്പോൾ ഇത് 40000 x 8 = 3, 20000 (3.2 ലക്ഷം) ആകും. ഇത്രയും കുട്ടികൾക്ക് മീസിൽസിനെതിരെ പ്രതിരോധ മില്ലെങ്കിൽ  ഇവരുടെ ഇടയിൽ ഇവിടെ വീണ്ടും രോഗത്തിൻ്റെ പകർച്ച ഉണ്ടാകാം.   പ്രതിരോധ വിള്ളലുകളിലൂടെ മറ്റുള്ളവരിലേക്ക് പകരാനും സാധ്യതകൾ ഉണ്ട്.

2024 വർഷത്തിൽ കേരളത്തിൽ 526 മിസിൽസ് കേസ്സുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ വർഷം മെയ് 14 വരെ 141 ഓളവും ഉണ്ട്. ഉണ്ടാകുന്ന മീസിൽസ്  കേസുകളിൽ പലപ്പോഴും  ചികിത്സക്കെത്തുന്ന ചെറിയ ശതമാനം മാത്രമാണ് സർക്കാർ ആശുപത്രികൾ വഴി  റിപ്പോർട്ട് ചെയ്യപ്പെടുന്നത്.  ഇതിന് പ്രതിവിധിയായാണ് ഇപ്പോൾ 5 വയസ്സിൽ താഴെ വാക്സിൻ നൽകാൻ വിട്ടുപോയ എല്ലാ കുട്ടികൾക്കും  ആരോഗ്യവകുപ്പ് മെയ് 19 തൊട്ട് 31 വരെ സംസ്ഥാനത്ത് ഒരു കാമ്പോയിൻ നടത്തി എം. ആർ വാക്സിനേഷൻ നൽകുന്നത്.

ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ മറ്റ് തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കൊപ്പം 2026 ഡിസംബർ  അവസാനത്തോട് കൂടി ഇന്ത്യയിൽ നിന്ന് മീസിൽസ്- റൂബല്ല എലിമിനേറ്റ് ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ പ്രവർത്തനത്തി്ന്റെ ലോഞ്ചിംഗ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നഡ്ഡ കഴിഞ്ഞ ഏപ്രിൽ 24ന് നിർവ്വഹിച്ചിരുന്നു. ഇതിന് അനുബന്ധമായിട്ടാണ് കേരളത്തിലും ഈ എം. ആർ വാക്സിൻ യത്നം നടത്തുന്നത്.

ഒമ്പത് മാസത്തിനും ഒരുവയസ്സിനും ഇടയില്‍ പ്രായമുളള കുട്ടികൾക്ക് എം. ആർ വാക്സിന്റെ ആദ്യഡോസും, 16 തൊട്ട് 24 മാസം വരെ പ്രായമുള്ള കുട്ടികൾക്ക് രണ്ടാമത്തെ ഡോസും നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. പല സ്ഥലങ്ങളിലും കുട്ടികൾക്ക് ആദ്യഡോസ് നൽകിയവർ രണ്ടാമത്തെ ഡോസ് നൽകാതേയും വിട്ടുപോയിട്ടുള്ള പ്രവണതയുണ്ട്. (വാക്സിൻ ഗ്യാപ്).

കേരളത്തിൽ ആരോഗ്യവകുപ്പ് പുറത്തുവിട്ട രേഖകൾ പ്രകാരം രണ്ട് വയസ്സ് പൂർത്തിയായ വരിൽ കഴിഞ്ഞ വർഷം  92% കുട്ടികൾക്കാണ് ആദ്യ ഡോസ് ലഭിച്ചത് , രണ്ടാമത്തെ ഡോസ് 87% കുട്ടികൾക്കുമാണ്. അതായത്  8 % കുട്ടികൾക്ക് ഒരു ഡോസും കിട്ടിയിട്ടില്ല. 5 % കുട്ടികൾക്ക്  രണ്ടാം ഡോസ് നൽകപ്പെട്ടിട്ടില്ല .  ചെറുപ്രായത്തിൽ നൽകുന്ന ആദ്യ ഡോസിനെക്കാളും കൂടുതൽ  പ്രതികരണ ശേഷി / ഫലപ്രാപ്തി  നൽകുന്നത് രണ്ടാമത്തെ ഡോസാണ് (യഥാക്രമം 85% : 95 %)

ഇതിനായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. പോരാതെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും മറ്റിടങ്ങളിലും മൊബൈൽ വാക്സിൻ ക്ലിനിക്കുകളും നടത്തുന്നുണ്ട്. വാക്സിൻ നൽകാൻ വിട്ടുപോയ 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മുഴുവൻ ഇപ്പോൾ വാക്സിൻ നൽകണം.  സംസ്ഥാനത്ത് സ്കൂൾ പ്രവേശനത്തിന് ഇത് നിർബ്ബന്ധമാക്കണമെന്ന് നിർദ്ദേശങ്ങൾ മുമ്പ് ഉയർന്ന് വന്നിരുന്നു.

പോരാതെ മീസിൽസ് രോഗലക്ഷണങ്ങൾ  സംശയിക്കുന്ന കുട്ടികളുടെ വിവരങ്ങൾ  രക്ഷിതാക്കൾ , അദ്ധ്യാപകർ തുടങ്ങിയവർ പ്രാദേശിക ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും,  രോഗം നിർണ്ണയിക്ക പ്പെട്ട് കഴിഞ്ഞാൽ അവരെ രോഗലക്ഷണങ്ങൾ മാറുന്നത് വരെ (5 ദിവസം ) മറ്റുള്ളവരിൽ നിന്ന് “ഐ സോ ലേറ്റ് ” ചെയ്ത് മാറ്റി പാർപ്പിക്കുകയും വേണം. ശ്വാസകണങ്ങൾ വഴി പകരുന്ന ഈ രോഗങ്ങൾ ആശുപത്രികളിൽ രോഗികളിൽ നിന്ന്  പടരാതിരിക്കാൻ വ്യക്തി സുരക്ഷാ നടപടികളും പാലിക്കണം. 

എം. ആർ – നിവാരണ ക്യാംപയിനില്‍ നമ്മൾക്കും പങ്ക് ചേരാം.

മുമ്പ് നടത്തപ്പെട്ട ക്യാംപയിനില്‍ സുഹൃത്തായ  ഒരു ലേഡി ഡോക്ടർക്ക് എം. ആർ വാക്സിന് പാർശ്വ ഫലമില്ലെന്ന് തെളിയിക്കാൻ പൊതുസ്ഥലത്ത് ആളുകൾക്കിടയിൽ  വെച്ച് വാക്സിൻ സിറിഞ്ചിൽ നിറച്ച് സ്വന്തം കൈത്തണ്ടയിൽ കുത്തിവെച്ച് അനുഭവസാക്ഷ്യം നൽകിയ സംഭവമുണ്ടായിരുന്നു. ഇനി അത് വേണ്ടി വരില്ലെന്ന് കരുതാം..

തുടർന്ന് സർക്കാരിന്റേയും ആരോഗ്യവകുപ്പിന്റേയും ആഭിമുഖ്യത്തിൽ ഇത്പോലെയുള്ള “ക്യാച്ച് അപ്പ്” പ്രോഗ്രാമുകൾക്ക് തുടർച്ചയായി വരും വർഷങ്ങളിൽ’ ജനിച്ച് വീഴുന്ന കുട്ടികളിൽ 95% ലധികം വാക്സിൻ നൽകാനുള്ള നിരന്തര “കീപ്പ് അപ്പ് ” പ്രവർത്തനങ്ങളും നിശ്ചിത ഇടവേളകളിൽ നിശ്ചിത പ്രായത്തിലുള്ള കുട്ടികൾക്ക് മുഴുവൻ “ഫോളോഅപ്പ്” വാക്സിൻ നൽകുന്ന പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കണം.. കൂടാതെ മീസിൽസ് കേസുകളുടെ നിരന്തര സർവൈലൻസ് , നിയന്ത്രണ പ്രവർത്തനങ്ങളും ഉണ്ടായിരിക്കണം.

എന്താണ് മീസില്‍സ് റൂബെല്ല?

എന്താണ് മീസില്‍സ് റൂബെല്ല വാക്‌സിന്‍?

23/05/2025 – Update

പിൻകുറിപ്പ് 

മീസിൽസ്, റുബെല്ല വാക്സിനുകളോപ്പം മംപ്സ് വാക്സിനും നൽകുക

ആരോഗ്യവകുപ്പ് മീസിൽസ്, റുബെല്ല വാക്സിനേഷൻ കാമ്പെയ്‌ൻ നാളെ മുതൽ ആരംഭിക്കുകയാണ്. മംപ്സ് വാകസിൻ ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടില്ല. സമീപ വർഷങ്ങളിൽ മംപ്സ് (Mumps: മുണ്ടിനീര്) കേസുകൾ അമിതമായി വർധിച്ചിട്ടുണ്ട്. 2023 ൽ 2324 കേസുകൾ റിപ്പോട്ട് ചെയ്തിരുന്നത് 2024 ൽ 70,000 ആയിവർധിച്ചിരുന്നു.  കുട്ടികളെ വലിയകഷ്ടപ്പാടിന് വിധേമാക്കുന്ന മരണസാധ്യത പോലുമുള്ള  രോഗമാണ് മംപ്സ.

ഈ  സാഹചര്യത്തിൽ ഇപ്പോൾ ആരംഭിക്കുന്ന വാക്സിനേഷൻ പരിപാടിയിൽ  മംപ്സ് വാക്സിനും  കൂടി ഉൾപ്പെടുത്തേണ്ടതല്ലേ? ആരോഗ്യ വിദഗ്ദ്ധരും ജനകീയാരോഗ്യ പ്രവർത്തകരും എംഎംആർ (Measles, Mumps, Rubella)  വാക്സിനേഷൻ ഷെഡ്യൂൾ പുനരാരംഭിക്കാൻ ശുപാർശ ചെയ്തിട്ടുള്ളതുമാണ്.

കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള വാക്സിൻ ഷെഡ്യൂളിൽ മംപ്സ് വാക്സിൻ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും കേരളത്തിലെ സ്ഥിതി പരിഗണിച്ച് സംസ്ഥാനത്തെ കുട്ടികൾക്ക് മംപ്സ് വാക്സിൻ നൽകാൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്ത്വമില്ലേ ?

മംപ്സ് വാക്സിൻ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടോ? വാക്സിന്റെ  വിലകൂടുതലാണോ? വാക്സിനിലൂടെ തടയാൻ സാധിക്കുന്ന ഒരു രോഗം മൂലം ആയിരക്കണക്കിന് കുട്ടികൾ കഷ്ടപ്പെടുകയും അവരുടെ ജീവൻ അപകടത്തിലാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, അത്തരം പ്രശ്നങ്ങളെ മറികടക്കാൻ ഗവൺമെന്റിന് സാധിക്കേണ്ടതല്ലേ?

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ശാസ്ത്രവും ഞാനും – ശാസ്ത്രത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ആനന്ദം
Close