ഒരൊറ്റ രക്തപരിശോധനയിലൂടെ വിവിധതരം അർബുദരോഗങ്ങൾ നിർണയിക്കാനുള്ള സാങ്കേതികവിദ്യ വരുന്നു. കാൻസർ ബാധിച്ച ഒരു വ്യക്തിയുടെ രക്തപ്രവാഹത്തിൽ കണ്ടുവരുന്ന സെൽ-ഫ്രീ ഡിഎൻഎ (cfDNA) യുടെ ക്രമം വിശകലനം ചെയ്താണ് MCED (multi-cancer early detection) എന്നറിയപ്പെടുന്ന ഈ പരിശോധനയിലൂടെ വിവിധതരം കാൻസർ നേരത്തെ കണ്ടെത്തുന്നതും തരംതിരിക്കുന്നതും.
കാൻസറുമായി ബന്ധപ്പെട്ട ലക്ഷണങ്ങളില്ലാത്ത രോഗികളിൽപോലും ട്യൂമർ രൂപപ്പെടുന്ന സ്ഥലം തിരിച്ചറിയാനും ഇതുവഴി സാധിക്കും. കാൻസർ നേരത്തേ കണ്ടുപിടിക്കാനും ചികിത്സിക്കാനും അതുവഴി കാൻസറുമായി ബന്ധപ്പെട്ട മരണങ്ങൾ ഗണ്യമായി കുറയ്ക്കാനും MCED ഉപകാരപ്പെടാം. കരൾ, പാൻക്രിയാറ്റിക്, അന്നനാളം എന്നിവയുൾപ്പെടെയുള്ള ഉയർന്ന മരണനിരക്കുള്ള കാൻസറുകൾക്ക് ലഭ്യമായ ആദ്യത്തെ സ്ക്രീനിങ് ടെസ്റ്റാണിത്. MCED ഉപയോഗിച്ചുള്ള പരീക്ഷണത്തിന്റെ അവസാനഘട്ടവും വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ്.
4077 പേരിൽ നടത്തിയ പഠനത്തിൽ 88.7% കേസുകളിലും പരിശോധനയിൽ കാൻസർ സ്ഥിതി ചെയ്യുന്ന ടിഷ്യു കൃത്യമായി തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്. ഇത് രോഗനിർണയത്തിനുള്ള സമയം കുറയ്ക്കാനും കൂടുതൽ കാര്യക്ഷമതയോടെ ചികിത്സ നടത്താനും സഹായിക്കും.
മാർച്ച് 2022 ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്
അവലംബം: Annals of Oncology, Vol 32, P1167-1177, 2021