Read Time:22 Minute

2025 ജൂലൈ തുടക്കത്തിൽ പുറത്തുവന്ന വാർത്തകൾ പ്രകാരം, ഹവായിയിലെ പ്രശസ്തമായ മോണാ ലോവ (Monau Loa) അന്തരീക്ഷ നിരീക്ഷണ കേന്ദ്രം അടച്ചുപൂട്ടാൻ അമേരിക്കയിലെ  ട്രംപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നു.   ശാസ്ത്ര സമൂഹത്തിലും അന്താരാഷ്ട്ര കാലാവസ്ഥാനിരീക്ഷണ സംവിധാനങ്ങളിലും വലിയ പ്രതിഫലനമുണ്ടാകുന്ന നീക്കമായാണ്  വിദഗ്ദ്ധർ ഈ നീക്കത്തെ കരുതുന്നത്.

മോണാ ലോവ നിരീക്ഷണകേന്ദ്രം (Mauna Loa Observatory)

മോണാ ലോവ: ശാസ്ത്രത്തിന്റെ നിരീക്ഷണ കണ്ണാടി 

1958 മുതൽ പ്രവർത്തനമാരംഭിച്ച മോണാ ലോവ നിരീക്ഷണകേന്ദ്രം (Mauna Loa Observatory) ഭൂമിയിലെ കാർബൺഡയോക്‌സൈഡിന്റെ അളവ് കൃത്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ചാൾസ് ഡേവിഡ് കീലിംഗ് എന്ന ശാസ്ത്രജ്ഞനാണ്  ഈ നിരീക്ഷണ പ്രവർത്തനം തുടങ്ങിയത്.  ഇത്തരത്തിൽ ലഭിക്കുന്ന നിരീക്ഷണ സ്ഥിതിവിവരക്കണക്കുകൾ “Keeling Curve” എന്ന ഗ്രാഫിന് വഴിയൊരുക്കി. കാലാവസ്ഥാ  നിരീക്ഷണപ്രക്രിയയിലെ മുന്നേറ്റത്തിന്റെ   നാഴികക്കല്ലായി കീലിങ് കർവ് കണക്കാക്കപ്പെടുന്നു.  ഇടതടവില്ലാതെ തുടർച്ചയായ ഡാറ്റാ ശേഖരണമാണ് മോണോ ലോവയുടെ പ്രത്യേകത.    കാലാവസ്ഥാ മാറ്റത്തിന്റെ സൂചനകളിലേക്ക് വിരൽ ചൂണ്ടുവാൻ കീലിങ് കർവ് സഹായിച്ചിട്ടുണ്ട്. ഭൂമിയിലെ ഹരിതഗൃഹവാതകങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ ഉൾപ്പെടെ കാലാവസ്ഥാ മാറ്റങ്ങളുടെ വിവരങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ ഈ നിരീക്ഷണകേന്ദ്രം കാര്യക്ഷമമായി  പ്രവർത്തിച്ചുവരികയായിരുന്നു.

ഭരണകൂട നടപടികളും ബജറ്റ് വെട്ടിച്ചുരുക്കലും

2025–26 സാമ്പത്തിക വർഷത്തെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്റെ (NOAA) ബജറ്റിൽ കാലാവസ്ഥാഗവേഷണത്തിനുള്ള പങ്ക്  പൂർണമായി ഒഴിവാക്കാനുള്ള തീരുമാനമാണ് ഇത്തരമൊവസ്ഥയിലേക്ക് നയിച്ചത്. മോണാ ലോവ നിരീക്ഷണത്തിന് തുണയാവുന്ന ഹിലോ (Hilo) ലാബിന്റെ നടത്തിപ്പിനായുള്ള കരാർ പുതുക്കലും തടസ്സപ്പെടാനിടയുണ്ട്.  അങ്ങനെ വന്നാൽ, 2025 ഓഗസ്റ്റ് 31ന് ശേഷം ഹിലോ ഓഫീസിന്റെ പ്രവർത്തനങ്ങൾ നിർത്തിയേക്കും. ഭരണ നിർവഹണം, ഉപകരണങ്ങളുടെ നിർമ്മാണം, ഡാറ്റ വിശകലനം എന്നിവ നടത്തുന്നത് ഹിലോ ഓഫീസിലാണ്. മോണോലോവ നിരീക്ഷണാലയത്തിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണ് ഹിലോ  ഓഫീസ് എന്ന് ചുരുക്കം.

ശാസ്ത്രലോകം അതിശയത്തിലും ആശങ്കയിലും

അമേരിക്കൻ ശാസ്ത്രജ്ഞർ ഉൾപ്പെടെ അന്താരാഷ്ട്ര വിദഗ്ദ്ധർക്കിടയിൽ ഇത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. “നിരീക്ഷണ ഡാറ്റ നഷ്ടപ്പെടുന്നത് ചരിത്രപരമായ ദൗർഭാഗ്യമാണ്എന്ന് പ്രശസ്ത ശാസ്ത്രജ്ഞനും ചാൾസ് ഡേവിഡ് കീലിങ്ങിന്റെ മകനുമായ റാൽഫ് കീലിംഗ് പറഞ്ഞു. ലോകത്ത് കാലാവസ്ഥാവിവരങ്ങൾ പുനർനിർമ്മിക്കാനാകില്ല. ഏതാനും മാസങ്ങളുടെപോലും ഡാറ്റ നഷ്ടപ്പെട്ടാൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കും. സ്ഥിതിവിവരക്കണക്കുകളുടെ  തുടർച്ച അനിവാര്യമായ ഒന്നാണ്.

ചാൾസ്ഡേവിഡ് കീലിംഗ് (Charles David Keeling)

ചാൾസ്ഡേവിഡ് കീലിംഗ് – മോണോ ലോവയുടെ ശില്പി

അന്തരീക്ഷത്തിലെ കാർബൺഡയോക്‌സൈഡിന്റെ തോതിന്    ഭൗമാന്തരീക്ഷ താപനിലയെ സ്വാധീനിക്കാൻ കഴിയുമെന്നും, അത് കാലാവസ്ഥാമാറ്റത്തിന് കാരണമാവും എന്നും വ്യക്തമാക്കിക്കൊണ്ടുള്ള     ആദ്യത്തെ ശാസ്ത്രപ്രബന്ധം 1896 – ലാണ് Svante Arrhenius പ്രസിദ്ധീകരിച്ചത്. എന്നാൽ, ഭൗമാന്തരീക്ഷത്തിൽ മനുഷ്യന്റെ ഇടപെടലുകൾ കാലാവസ്ഥയിൽ സൃഷ്ട്ടിക്കുന്ന ആഘാതങ്ങൾ 1950 കൾ വരെ കൃത്യമായി നിരീക്ഷണ വിധേയമാക്കാൻ കഴിഞ്ഞിരുന്നില്ല. 1956 ൽ, അമേരിക്കൻ ശാസ്ത്രജ്ഞനായ ചാൾസ്ഡേവിഡ് കീലിംഗ് (Charles David Keeling) ഹവായ്  ദ്വീപിലെ മോണോലോവയിൽ (Mauna Loa) അന്തരീക്ഷത്തിലെ കാർബൺഡയോക്‌സൈഡിന്റെ നിരീക്ഷണം കാര്യക്ഷമമായി നടത്തുന്നതിനുവേണ്ടി   ഒരു നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു. പസഫിക് സമുദ്രമധ്യത്തിൽ ജനവാസകേന്ദ്രങ്ങളിൽനിന്നും ഒഴിഞ്ഞ ശാന്തമായ ഒരു  പ്രദേശത്താണ് മോണോ ലോവ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. മോണോ ലോവ അഗ്നിപർവ്വതത്തിന്റെ വടക്കേ ചെരുവിലായിട്ടാണ് ഇതിന്റെ സ്ഥാനം  സമുദ്രനിരപ്പിൽ നിന്ന് 11,135 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പർവ്വതപ്രദേശം, മലിനീകരണവിമുക്തവും   നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുവാൻ   വളരെ അനുയോജ്യവുമായിരുന്നു. മോണോ ലോവയിൽ, വായുവിന്റെ സാമ്പിളുകൾ ശേഖരിക്കുകയും, അതിലെ CO₂ അളവ് നിരീക്ഷിക്കുകയും ചെയ്യുന്നു. 1958 മുതൽ മോണോലോവയിൽ നിന്നും ശേഖരിച്ച കാർബൺഡയോൿസൈഡിന്റെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ കാലാവസ്ഥാവ്യതിയാനത്തിന്റെ ആദ്യ തെളിവുകൾ വ്യക്തമായി കാണാൻ കഴിയും. ചാൾസ് കീലിംഗും  അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഈ ഡാറ്റ ഉപയോഗിച്ച് രൂപപ്പെടുത്തിയതാണ്  കീലിംഗ് കർവ്. അന്തരീക്ഷത്തിലെ   കാർബൺഡയോക്‌സൈഡ് വാതകത്തിന്റെ പ്രതിവർഷ വർദ്ധനവ് വെളിപ്പെടുത്തുന്ന  ഒരു ഗ്രാഫാണ് കീലിങ് കർവ് (ചിത്രം).  

1958 ൽ ചാൾസ് ഡേവിഡ് കീലിങ് എന്ന അമേരിക്കൻ സമുദ്ര  ശാസ്ത്രജ്ഞൻ അന്തരീക്ഷത്തിലെ  കാർബൺഡയോക്‌സൈഡ്  വാതകത്തിന്റെ സാന്ദ്രത   രേഖപ്പെടുത്തി. 315 ppm  ആയിരുന്നു അന്നത്തെ അളവ്. 

മോണോ ലോവ  പഠിപ്പിക്കുന്നത്?

 മോണോലോവ ഒബ്സർവേറ്ററി പ്രവർത്തനമാരംഭിച്ച് ആദ്യ വർഷം പുറത്തുവിട്ട വിവരങ്ങൾ പോലും അവിശ്വസനീയമാം വിധം ആശങ്കാജനകമായിരുന്നുആദ്യഘട്ടത്തിൽ തന്നെ അന്തരീക്ഷ കാർബൺഡയോക്സൈഡിൻ്റെ വാർഷിക പരിചക്രം സംബന്ധിച്ച വ്യക്തമായ ചിത്രമാണത് നൽകിയത്വേനൽ മാസങ്ങൾ സസ്യങ്ങളുടെ വളർച്ചാ ഘട്ടമാണ്. ഘട്ടത്തിൽ അവ അന്തരീക്ഷകാർബൺ വലിയതോതിൽ ആഗിരണംചെയ്യുന്നുശൈത്യമാസങ്ങളിൽ സസ്യങ്ങളിലെ വളർച്ച മന്ദീഭവിക്കുന്നു ഘട്ടത്തിൽ കാർബൺഡയോക്സൈഡ് അധികം ആവശ്യമില്ല എന്നതിനാൽ അന്തരീക്ഷ കാർബൺഡയോക്സൈഡിൻ്റെ ആഗിരണനിരക്ക് കുറയുന്നു. സസ്യങ്ങൾ നശിച്ചുപോകുന്ന അവസ്ഥയിൽ സസ്യശരീരഭാഗങ്ങൾ ചീഞ്ഞളിഞ്ഞ് അവയിൽ അടങ്ങിയ കാർബൺഡയോക്സൈഡ് വിഘടനവിധേയമായി അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുന്നുഭൂമിയുടെ കരഭാഗത്തിൽ ഏറിയപങ്കും ഉത്തരാർധഗോളത്തിലാണ് എന്നതിനാൽ അന്തരീക്ഷത്തിൽ നിന്നും, അന്തരീക്ഷത്തിലേക്കുമുള്ള കാർബൺഡയോക്സൈഡിൻ്റെ പരിചക്രപ്രക്രിയ വൻതോതിൽ സ്വാധീനിക്കപ്പെടുന്നത് ഉത്തരാർധഗോളത്തിലെ വേനൽമാസങ്ങളാലും ശൈത്യമാസങ്ങളാലുമാണ്.   

ഓരോ വർഷവും അന്തരീക്ഷ കാർബൺഡയോക്സൈഡ് നില നിരന്തരം ഉയർന്നു കൊണ്ടേയിരിക്കയാണ്കാർബൺ ആഗിരണവും കാർബൺ ബഹിർഗമനവും സാധാരണ ഗതിയിൽ നടക്കുന്നുണ്ടെങ്കിലും അന്തരീക്ഷകാർബൺ നിലയിൽ കുത്തനെയുള്ള വർധനവാണ് പ്രകടം. മനുഷ്യപ്രേരിതകാരണങ്ങളാൽ അന്തരീക്ഷത്തിൽ എത്തപ്പെട്ടുന്ന കാർബൺഡയോക്സൈഡിൻ്റെ ദൂരിഭാഗവും സമുദ്രങ്ങളും വനങ്ങളും ആഗിരണം ചെയ്യുന്നു. എന്നാൽ, ഇപ്രകാരം ആഗിരണം ചെയ്യപ്പെടാതെ അവശേഷിക്കുന്ന കാർബൺ അന്തരീക്ഷത്തിൽ തന്നെ നിലനിൽക്കുന്നുഅന്തരീക്ഷത്തിൽ അധികതോതിൽ എത്തിച്ചേരുന്ന കാർബൺ, ഫോസ്സിൽ ഇന്ധനങ്ങളുടെ ജ്വലനം മുഖേനയാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്മോണോലോവ നിരീക്ഷണാലയത്തിൻ്റെ പക്കൽ 65 ഓളം വർഷങ്ങളുടെ സ്ഥിതി വിവരക്കണക്കുണ്ട്അന്തരീക്ഷകാർബൺഡയോക്സൈഡ് നില സൂചിപ്പിക്കുന്ന ഗ്രാഫ് ആപൽക്കരമാംവിധം ഉയരുന്ന കാർബൺഡയോക്സൈഡ് സാന്നിധ്യത്തേയാണ് വെളിപ്പെടുത്തുന്നത്.    

ഒരു പരിധിയോളം ജീവന്റെ നിലനിൽപിന് ഹരിതഗൃഹപ്രഭാവം ആവശ്യമാണ്.  എന്നാൽ, ഹരിതവാതകങ്ങൾ അളവിൽ അധികമായാൽ ഭൂമി ഒരു തീച്ചൂളക്ക് സമാനമാക്കും.  ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും ഏതാണ്ട് അങ്ങനെത്തന്നെയാണ്.   വളരെ ചെറിയ സാന്ദ്രതയിൽ പോലും ആപത്കരമാംവിധം താപം പിടിച്ചു വയ്ക്കുവാൻ ശേഷിയുള്ള വാതകങ്ങളുടെ കാര്യത്തിൽ അവയുടെ അന്തരീക്ഷതോതിലുണ്ടാവുന്ന വർധനവ് ഭൗമാന്തരീക്ഷത്തിലേൽപിക്കുന്ന പ്രത്യാഘാതം മാരകമായിരിക്കും.

ഭൂമി വാസയോഗ്യമല്ലാത്തതായി തീരുമോ ? 

1960 കളിൽ കാർബൺഡയോക്സൈഡിന്റെ സാന്ദ്രത 315 പി പി എം (Parts Per Million) ആയിരുന്നു.  എന്നാലത് ഇന്ന് 420 പി പി എം അതിക്രമിച്ചിരിക്കുന്നു.  മൂന്ന് ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ഇത്തരമൊരു സ്ഥിതിവിശേഷം അവസാനം സംഭവിച്ചത്.  കഴിഞ്ഞ 50 ദശലക്ഷം വർഷങ്ങളിൽ കാർബൺഡയോക്സൈഡ് സാന്ദ്രതയിൽ സംഭവിച്ച വർധനവിനെ മറികടക്കുന്ന വർധനാനിരക്കാണ് നിലവിൽ അനുഭവപ്പെടുന്നത്.   കാർബൺഡയോക്സൈഡിൻ്റെ സവിശേഷ ഗുണങ്ങളാണ് അതിൻ്റെ പ്രാധാന്യത്തിന് നിദാനം.  താപം പിടിച്ച് വക്കുവാനുള്ള കാർബൺഡയോക്സൈഡിൻ്റെ ഗുണം മൂലമാണ് ഭൂമി തണുത്തുറഞ്ഞ അവസ്ഥയിൽ നിന്ന് അതിജീവിച്ചതിനുള്ള കാരണവും. താപാകിരണശേഷിയുള്ള ഹരിത ഗൃഹവാതകങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഭൂമിയുടെ ശരാശരി താപനില മൈനസ് 18 ഡിഗ്രി സെൻ്റിഗ്രേഡോ അതിൽ താഴെയോ ആകുമായിരുന്നു.  ഭൂമിയുടെ ശരാശരി താപനില വ്യവസായവിപ്ലവപൂർവ്വകാലഘട്ടത്തിൽ 15°C ആയിരുന്നു. വ്യവസായ വിപ്ലവശേഷം താപനിലയിൽ 1.2 ഡിഗ്രി സെൻ്റിഗ്രേഡിൻറെ വർധനവുണ്ടായിട്ടുണ്ട്. കാർബൺഡയോക്സൈഡ് അടക്കമുള്ള ഹരിതഗൃഹവാതകങ്ങളുടെ അന്തരീക്ഷ സാന്നിധ്യം ക്രമാതീതമായി വർധിക്കുന്നസാഹചര്യത്തിൽ ഭൗമാന്തരീക്ഷത്തിലെ താപനിലയും അനിയന്ത്രിതമായി ഉയരുക തന്നെ ചെയ്യും.    അപ്രകാരം സംഭവിക്കുന്ന പക്ഷം അതിവിദൂരമല്ലാത്തൊരു ഭാവിയിൽ ഭൂമി വാസയോഗ്യമല്ലാത്ത അവസ്ഥയിൽ എത്തിച്ചേരുക തന്നെ ചെയ്യും.

കൃത്യമായനിരീക്ഷണ സംവിധാനങ്ങൾ കൂടിയേ തീരൂ   

കാർബൺഡയോക്സൈഡിന്റെ അന്തരീക്ഷസാന്ദ്രതയിൽ ഉണ്ടായികൊണ്ടിരിക്കുന്ന വർധനവ് കൃത്യമായി നിരീക്ഷിക്കേണ്ടത് ആവശ്യമാണ്.  കാർബൺഡയോക്സൈഡ് ഉൽസർജനം അനിയന്ത്രിമായതോതിൽ അധികരിക്കുന്നപക്ഷം അതിനെ ആഗിരണം ചെയ്യുന്നതിൽ ഭൂമിയിലെ വനങ്ങളുടേയും സമുദ്രങ്ങളുടേയും ശേഷി പരിമിതപ്പെടും. തൽഫലമായി ആഗിരണം ചെയ്യപ്പെടാത്ത കാർബൺ അന്തരീക്ഷത്തിൽ കെട്ടിക്കിടക്കും.  തൻമൂലം നിരന്തരവും സൂക്ഷ്മവുമായ നിരീക്ഷണത്തിലൂടെ മാത്രമേ കാർബൺഡയോക്സൈഡിന്റെ അന്തരീക്ഷസാന്ദ്രതയിൽ സംഭവിക്കാനിടയുള്ള വ്യതിയാനങ്ങൾ തൽസമയം വിലയിരുത്തുവാനാവൂ.   കാർബൺഡയോക്സൈഡിൻ്റെ അന്തരീക്ഷസാന്ദ്രത കുറക്കുന്നതിൽ പുതിയ കാലാവസ്ഥാനയപരിപാടികൾ എത്രത്തോളം കാര്യക്ഷമമാണെന്നും മുൻകാലങ്ങളിൽ ഇതേ ലക്ഷ്യത്തിനു വേണ്ടി നിയുക്തമായ നയപരിപാടികളും സാങ്കേതികപദ്ധതികളും എന്തുകൊണ്ട് വേണ്ടത്ര ഫല പ്രദമായില്ലായെന്ന് പരിശോധിക്കുന്നതിനും കൃത്യമായനിരീക്ഷണ സംവിധാനങ്ങൾ കൂടിയേ തീരൂ.   

കാലാവസ്ഥാപ്രവചനങ്ങൾ പ്രതിബന്ധങ്ങൾ നേരിടും

മോണോലോവ നിരീക്ഷണാലയം അടച്ചുപൂട്ടൽ ഭീഷണിയിലാണിന്ന്.  കാർബൺഡയോക്‌സൈഡ് സ്ഥിതിവിവരക്കണക്കുകൾ രേഖപ്പെടുത്തുന്ന നിരീക്ഷണകേന്ദ്രങ്ങൾ (ഒബ്സർവേറ്ററി), അമേരിക്കയിലെ ഹരിതഗൃഹവാതകങ്ങളുടെ അന്തരീക്ഷ ഉത്സർജനം നിരീക്ഷിക്കുന്നതിനുള്ള വ്യാപകമായ നിരീക്ഷണ ശൃംഖല, മറ്റ് കാലാവസ്ഥാ നിരീക്ഷണ സൈറ്റുകൾ എന്നിവ ഒഴിവാക്കാൻ ഡൊണാൾഡ് ട്രംപ് തീരുമാനിച്ചിരിക്കുന്നു!. മോണോലോവ പോലുള്ള നിരീക്ഷണാലയത്തിലെ വിവരക്കണക്കുകൾ ലഭ്യമാവാതിരിക്കുകയെന്നത് കാലാവസ്ഥാശാസ്ത്രമേഖലയ്ക്ക് വലിയൊരു ആഘാതം തന്നെയാണ്. തുടർച്ചയായ സ്ഥിതി വിവരക്കണക്കുകളുടെ അഭാവത്തിൽ കൃത്യമായ കാലാവസ്ഥാപ്രവചനങ്ങൾ തടസ്സപ്പെടുമെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. ലോകകാലാവസ്ഥാകരാറുകൾ (പാരിസ് കരാർ പോലുള്ളവ) നിലവാരമുള്ള നിരീക്ഷണ ഡാറ്റ ഇല്ലാതെ ദുർബലമാകുന്ന അവസ്ഥയുണ്ടാകും. ഒപ്പം, കാലാവസ്ഥാദുരന്തങ്ങൾ (പ്രളയം, വരൾച്ച, ചുഴലിക്കാറ്റുകൾ, താപ-ശൈത്യ തരംഗങ്ങൾ തുടങ്ങിയവ) മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത സാഹചര്യം സംജാതമാകുകയും ചെയ്യും. ഇത് പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകാം. യുഎസ് കാലാവസ്ഥാഗവേഷണത്തിൽ നിന്ന് പിറകോട്ടുപോകുന്നത് ആഗോള ശാസ്ത്രസഹകരണത്തിന് തിരിച്ചടിയാകുമെന്ന കാര്യം യാഥാർഥ്യമാണ്. പാരീസ് കരാറിൽ നിന്നും യു.എസിന്റെ പിന്മാറ്റം നാം കണ്ടതാണ്.  മോണാലോവ നിരീക്ഷണകേന്ദ്രം കേവലം ശാസ്ത്രലോകത്തിന്റെ മാത്രം ഭാഗമല്ല. അത് മനുഷ്യരാശിയുടെ ഭാവിയെ ശാസ്ത്രീയമായി മനസ്സിലാക്കാനുള്ള ഒരു ജ്ഞാനദീപമാണ്. ഈ ദീപം അണയുന്നുവെന്ന വാർത്ത അതിജീവനത്തിനും, അന്താരാഷ്ട്ര ശാസ്ത്രസങ്കേതങ്ങൾക്കുമുള്ള വെല്ലുവിളിയാണ്. കാലാവസ്ഥാ വ്യതിയാനം തന്നെ മിഥ്യയാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു ഭരണകർത്താവിൽ നിന്നും ഇത്തരമൊരു നീക്കം ഉണ്ടായതിൽ   അത്ഭുതപ്പെടാനൊന്നുമില്ല!. 

കാലാവസ്ഥാനിരീക്ഷണസംവിധാനങ്ങൾക്ക് നൽകുന്ന ധനസഹായം നിർത്തിവക്കുവാനും ഹരിതഊർജസ്രോതസ്സുകളുടെ ഉപയോഗം  നിരാകരിക്കുവാനുമുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ തീരുമാനം തീർത്തും നിർഭാഗ്യകരവും നിരാശാജനകമാണ്.   കാലാവസ്ഥാവ്യതിയാന പ്രത്യാഘാതങ്ങളെ നേരിടുവാനുള്ള ശ്രമങ്ങൾക്ക് നേരെയുള്ള ഒരു വെല്ലുവിളിയാണിത്.   കാലാവസ്ഥാ നിരീക്ഷണസംവിധാനങ്ങളില്ലെങ്കിൽ കാലാവസ്ഥാമുന്നറിയിപ്പുകൾ, പ്രത്യേകിച്ച്, വളരെ അപകടകരമാം വിധം രൂക്ഷമായ കാലാവസ്ഥാസാഹചര്യങ്ങളുടെ പ്രവചനം പോലും സങ്കീർണ്ണമാവും.  കാലാവസ്ഥാനിരീക്ഷണസംവിധാനങ്ങൾക്ക് നേരെ കൈക്കൊണ്ട നടപടിയെ അമേരിക്കയിലെ മാത്രമല്ല, ആഗോള ശാസ്ത്രസമൂഹവും  അപലപിച്ചിട്ടുണ്ട്.   അമേരിക്ക നിലപാടിൽ ഉറച്ച് നിൽക്കുന്ന പക്ഷം കാലാവസ്ഥാ സംബന്ധമായ സ്ഥിതിവിവരങ്ങൾ ഏകോപിപ്പിക്കുയും പങ്ക് വക്കുകയും ചെയ്യുക എന്ന ദൗത്യം മറ്റ് രാജ്യങ്ങൾ വളരെഗൗരവത്തോടെ ഏറ്റെടുക്കേണ്ടതുണ്ട്.  

കോഴ്സ് സൈറ്റ് സന്ദർശിക്കാം
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഭൂമിയിലെത്തിയ വിരുന്നുകാർ – 9
Close