ചൊവ്വയും മീഥൈനും പിന്നെ ജീവനും

mars-full

ചൊവ്വയെ കുറിച്ച് സമഗ്രമായി പഠിക്കുന്നതിനു വേണ്ടി തന്നെയാണ് 2012 ആഗസ്റ്റ് മാസത്തിലെ സംഭ്രമകരമായ ആ ഏഴു നിമിഷങ്ങളെ അതിജീവിച്ചുകൊണ്ട് ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയിലെ ഗെയില്‍ഗര്‍ത്തത്തിന്റെ മദ്ധ്യത്തിലേക്ക് സാവധാനത്തില്‍  പറന്നിറങ്ങിയത്. പക്ഷെ ചൊവ്വയില്‍ ഇപ്പോള്‍ ജീവനുണ്ടോ എന്നതിനെ കുറിച്ചുള്ള അന്വേഷണം അതിന്റെ ദൗത്യമായിരുന്നില്ല. എങ്കിലും ക്യൂരിയോസിറ്റി മീഥൈന്‍ എന്നു പറയുമ്പോഴേക്കും നമ്മള്‍ ആകാംഷാഭരിതരായി! ജീവന്റെ തെളിവാണ് മീഥൈന്‍ എന്നു നാം അറിഞ്ഞുവെച്ചിട്ടുണ്ടല്ലോ.
ഇതാ ഇപ്പോള്‍ നാസ പുറത്തു വിട്ടിരിക്കുന്ന പുതിയ വിവരത്തിലും ചൊവ്വയുടെ അന്തരീക്ഷത്തില്‍  ഒഴുകിപ്പരക്കുന്ന മീഥൈന്‍ മേഘങ്ങളെകുറിച്ചു പറയുന്നു.

അന്തരീക്ഷത്തി മാത്രമല്ല പാറകള്‍ക്കിടയിലും മീഥൈന്റെ സാന്നിദ്ധ്യം ക്യൂരിയോസിറ്റി തിരിച്ചറിഞ്ഞിരിക്കുന്നു. ഗേല്‍ക്രേറ്ററിലെ കുമ്പര്‍ലാന്റ് പാറകള്‍ തുരന്നും അതില്‍നിന്നും കിട്ടിയ പൊടികള്‍ പരിശോധിച്ചുമാണ് പാറകള്‍ക്കിടയില്‍കുടുങ്ങിക്കിടക്കുന്ന മീഥൈന്‍ തന്മാത്രകളെ ക്യൂരിയോസിറ്റിയിലെ സാം (Sample Analysis at Mars) എന്ന ഉപകരണം കണ്ടെത്തിയത്.
Mars-MethaneSource
അപ്പോള്‍ ഉണ്ടോ, ചൊവ്വയിലെങ്ങാനും ജീവന്റെ തരികള്‍? ഭൂമിയിലാണെങ്കില്‍മീഥൈന്‍ പ്രധാനമായും ഉല്പാദിപ്പിക്കപ്പെടുന്നത് മൃഗങ്ങളുടെയും മറ്റും വിസര്‍ജ്യങ്ങളില്‍നിന്നും ജൈവപദാര്‍ത്ഥങ്ങള്‍ അഴുകുന്നതിലൂടെയുമാണ്. ഇതേ പ്രകൃയയിലൂടെയാണ് ചൊവ്വയിലും മീഥെയ്ന്‍ ഉണ്ടായതെങ്കില്‍ ചെറിയ തോതിലുള്ള ജൈവസാന്നിദ്ധ്യം ഉണ്ടാകേണ്ടതല്ലേ? (ഭൂമിയുടെ അന്തരീക്ഷത്തില്‍കാണുന്നതിന്റെ നാലായിരത്തില്‍ഒരു ഭാഗം മാത്രമാണ് ചൊവ്വയുടെ അന്തരീക്ഷത്തില്‍കാണുന്ന മീഥൈനിന്റെ അളവെന്നാണ് കണക്കാക്കിയിരിക്കുന്നത്). അതിനാല്‍ചൊവ്വായുടെ പാറയടരുകള്‍ക്കിടയില്‍ഏകകോശജീവികള്‍ ഉണ്ടായിരിക്കാം എന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ അഭിപ്രായം. ചൊവ്വയുടെ അന്തരീക്ഷത്തിലെ മീഥൈനിന്റെ അളവ് ഏറിയും കുറഞ്ഞുമിരിക്കുന്നതിനു കാരണം ഇതാണെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ഇങ്ങനെ മാത്രമല്ല മീഥൈന്‍ ഉല്പാദിപ്പിക്കപ്പെടുന്നത് എന്നാണ് മറ്റൊരു വിഭാഗം ശാസ്ത്രജ്ഞരുടെ വാദം. ചൊവ്വയിലെ പാറകള്‍ക്കിടയില്‍കണ്ടെത്തിയിട്ടുള്ള മിനറല്‍ ഒലിവൈനുകളുമായി ജലം പ്രതിപ്രവര്‍ത്തിച്ച് മീഥൈന്‍ ഉണ്ടാവാനുള്ള സാദ്ധ്യത ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതു പോലെ തന്നെ ചൊവ്വയുടെ പ്രതലത്തിനു തൊട്ടുതാഴെയായി സ്ഥിതിചെയ്യുന്ന കാത്രേറ്റുകളില്‍നിന്നോ തന്മാത്രാരൂപത്തില്‍ക കുടുങ്ങി കിടക്കുന്ന ഇടങ്ങളില്‍ നിന്നോ ഉള്ള പുറംതള്ളലുകളാകാനും ഉള്ള സാദ്ധ്യതയും, ബഹിരാകാശധൂളികളും അള്‍ട്രാവയലറ്റ് രശ്മികളും തമ്മില്‍പ്രതിപ്രവര്‍ത്തിച്ചുണ്ടാകാനുള്ള സദ്ധ്യതയും ഇവര്‍ മുന്നോട്ടു വെക്കുന്നു.

ഏതായാലും ക്യൂരിയോസിറ്റിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി നാസ യൂറോപ്പും റഷ്യയുമായി സഹകരിച്ചുകൊണ്ടുള്ള ഒരു ദൗത്യത്തിന്റെ തയ്യാറെടുപ്പിലാണ്. ചൊവ്വയിലെ ജീവസാന്നിദ്ധ്യത്തെ കുറിച്ചു പഠിക്കുക എന്നതു തന്നെയാണ് ഇതിന്റെ പ്രധാനലക്ഷ്യം. 2018ല്‍ഈ ദൗത്യപേടകം വിക്ഷേപിക്കുന്നതോടെ ഇപ്പോഴുള്ള തര്‍ക്കങ്ങള്‍ക്ക് അറുതിയാവുമെന്ന് പ്രതീക്ഷിക്കാം.

[divider]

[author image=”http://luca.co.in/wp-content/uploads/2014/08/Shaji-Arkkadu.png” ] തയ്യാറാക്കിയത്: ഷാജി അരിക്കാട്
[email protected][/author]

Leave a Reply