പി എസ് ശോഭൻ
പലകാര്യങ്ങളിലും ഭൂമിയുമായി സാമ്യമുണ്ടെങ്കിലും നമ്മുടെ ഭൂമിയിൽ നിന്നും കുറച്ചൊക്കെ വ്യത്യസ്തപ്പെട്ട ഒരു ഗ്രഹമാണ് അത്. ഭൂമിയുടേതു പോലെ ഉറച്ച ഉപരിതലമാണ് ഈ ഗ്രഹത്തിനുള്ളത്. മണ്ണിൽ ധാരാളം ഇരുമ്പ് സംയുക്തങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ചുവന്ന നിറത്തിലാണ് ചൊവ്വ കാണപ്പെടുന്നത്. ചൊവ്വയുടെ ഈ ചുവപ്പു നിറം കാരണമാണ് പുരാതന യവന നിരീക്ഷകർ അവരുടെ യുദ്ധദേവനായ മാഴ്സിന്റെ (Mars) പേര് ഈ ഗ്രഹത്തിനു നൽകിയത്. ഭൂമിയുടെ പകുതി വലുപ്പമേ ഇതിനുമുള്ളു.
ഗ്രഹത്തിന്റെ മാസ് ഭൂമിയുടെ ഏകദേശം 10 ശതമാനം മാത്രം. സൂര്യനിൽ നിന്നും ശരാശരി 22 .5 കോടി കിലോമീറ്റർ (1.52 സൗരദൂരം) അകലത്തിലാണ് ഇത് സൂര്യനെ പ്രദക്ഷിണം വയ്ക്കുന്നത്. ഒരിക്കൽ സൂര്യനെ ചുറ്റി വരുവാൻ 687 ഭൗമദിനങ്ങൾ എടുക്കും. സ്വയം ഭ്രമണത്തിന് എടുക്കുന്നതോ 24.623 ഭൗമ മണിക്കൂറുകളും. ചൊവ്വയുടെ ഒരു ദിവസത്തിന്റെ ഈ ദൈർഘ്യത്തിന് കൊടുത്തിരിക്കുന്ന പേരാണ് സോൾ (sol). ചൊവ്വക്ക് നേരിയ ഒരന്തരീക്ഷമാണ് ഉള്ളത്. മാസ് കുറവായതിനാൽ അന്തരീക്ഷ കണികകളെ വലിയ തോതിൽ പിടിച്ചു നിർത്തുവാൻ ശേഷിയുള്ള ഗുരുത്വാകർഷണമില്ലാത്തതാണ് ഇതിനു കാരണം. ഗ്രഹത്തിന്റെ അച്ചുതണ്ട് ഭ്രമണതലവുമായി 25.2 ഡിഗ്രി ചെരിഞ്ഞിട്ടാണ്. അതിനാൽ ചൊവ്വയിൽ ഭൂമിയിലേതു പോലെ വേനൽക്കാലവും തണുപ്പുകാലവും അനുഭവപ്പെടും.
സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതമായ ഒളിമ്പസ് മോൺസ് ചൊവ്വയിലാണ്. ഇതിനു് 600 കി.മീറ്റർ വ്യാസവും 25 കിലോ മീറ്റർ ഉയരവും ഉണ്ട്. ഇത് ഇപ്പോൾ നിർജീവാവസ്ഥയിലാണ്. രണ്ട് ഉപഗ്രഹങ്ങളാണ് ഈ ഗ്രഹത്തിനുള്ളത്; ഫോബോസും (Phobos) ഡെയ്മോസും (Deimos). ഇവക്ക് നമ്മുടെ ചന്ദ്രനെപോലെ ഗോളാകൃതിയൊന്നുമില്ല. ചൊവ്വയെ ചുറ്റുന്ന വലിയ പാറക്കഷണങ്ങളായി ഇവയെ കരുതാം.
ചുവപ്പു നിറവും ആകാശത്തിലൂടെയുള്ള അതിന്റെ വക്രഗതിയും മൂലം പൗരാണിക കാലം മുതൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രഹമാണ ചൊവ്വ. പൗരാണിക ഭാരതീയരിൽ ചിലർക്ക് ചൊവ്വ് ഒരു അപശകുനമാണ്. എന്നാൽ ശാസ്ത്രസമൂഹത്തിനോ നിഗൂഢതകളുടെ ഒരീറ്റില്ലവും. മാത്രമല്ല ഇപ്പോഴാനുള്ള നമ്മുടെ ധാരണ അനുസരിച്ച് ഭൂമികഴിഞാൻ ജീവൻ നിലനിർത്താൻ സാധ്യതയുള്ള പ്രപഞ്ചത്തിലെ തുരുത്തുകളിൽ ഒന്നും ഇതാണ്. പണ്ട് ചൊവ്വയിൽ ധാരാളം ജലം ഒഴുകിയി രുന്നു എന്നതിന് തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ ജലം എവിടെനിന്നുണ്ടായി, എങ്ങനെ അപ്രത്യക്ഷമായി എന്നൊന്നും നമുക്കറിയില്ല.
ചൊവ്വയിലെ ഗെയിൽ ഗർത്തത്തിൽ ഇറങ്ങിയ അമേരിക്കയുടെ ക്യൂരിയോസിറ്റി റോവർ നടത്തിയ നിരീക്ഷണങ്ങളിൽ ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ ഒഴുകിപ്പരക്കുന്ന മീതൈൻ മേഘങ്ങളെ കണ്ടെത്തിയതായിപ്പറയുന്നു. ഗെയിൽ ഗർത്തത്തിലെ കൂമ്പർലാന്റ് പാറകൾക്കിടയിലും മീതൈൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് ഇപ്പോൾ നാസ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങളിലും കാണുന്നു. ജീവന്റെ തെളിവാണ് മീതൈൻ സാന്നിദ്ധ്യം എന്ന് നമുക്കറിയാം. ഈ പുതിയ ഉൾക്കാഴ്ച ഭൂമിക്കു വെളിയിലെ ജീവസാന്നിധ്യത്തിലേക്ക് മാനവരാശിയെ കൊണ്ടെത്തിച്ചേക്കാം.
ഗ്രഹങ്ങളെ ആകാശത്ത് തിരിച്ചറിയാം.. വീഡിയോ
One thought on “ചൊവ്വ”