Read Time:4 Minute


പി എസ് ശോഭൻ

Jupiter’s swirling colourful clouds

സൂര്യനിൽ നിന്നുള്ള അകലം അനുസരിച്ച് അഞ്ചാമത്തെ ഗ്രഹമാണ് വ്യാഴം. വലുപ്പം കൊണ്ടും മാസ്സുകൊണ്ടും സൗരയൂഥത്തിലെ ഏറ്റവും വലിയവൻ. എന്നാൽ സൂര്യനുമായി താരതമ്യം ചെയ്താൽ ഈ കേമത്തം ഒന്നുമല്ല എന്നു കാണാം. ഏതാണ്ട് ആയിരം വ്യാഴ ഗ്രഹങ്ങളെ സൂര്യനു ഉൾക്കൊള്ളാനാകും. സൂര്യന്റെ മാസ്സിന്റെ കേവലം 0.1% ൽ താഴെ മാത്രമേ വ്യാഴത്തിനുള്ളു. പക്ഷേ ഇത് അത്ര നിസ്സാരമായി കരുതേണ്ടതില്ല. സൗരയുഥത്തിലെ മറ്റു ഗ്രഹങ്ങളുടെ ആകെ മാസ്സിന്റെ ഏതാണ്ട് രണ്ടര ഇരട്ടിയിലധികം വരും വ്യാഴത്തിന്റേത്.

ഭൂമിയുടേയും വ്യാഴത്തിന്റെയും ഏതാണ്ടുള്ള വലിപ്പ താരതമ്യം, ഭീമൻ ചുവന്ന് പൊട്ടും കാണാം.
1979 ഫെബ്രുവരി 25 വൊയേജർ 1 പേടകം പകർത്തിയതാണ് ഭീമൻ ചുവന്ന പൊട്ടിന്റെ ഈ ചിത്രം, ഈ ചിത്രം പകർത്തുന്ന വേളയിൽ പേടകം വ്യാഴത്തിൽ നിന്ന് 92 ലക്ഷം കിലോമീറ്റർ അകലെയായിരുന്നു. 160 കിലോമീറ്റർ വ്യക്തതയോടെ ചിത്രത്തിൽ മേഘങ്ങൾ കാണാൻ സാധിക്കും. ചുവന്ന പൊട്ടിന്റെ ഇടതായി വർണ്ണനിറത്തിൽ തരംഗരൂപത്തിൽ കാണപ്പെടുന്നത് അലകളുടെ രൂപത്തിലുള്ള മേഘങ്ങളുടെ അസാധാരണമായ സങ്കീർണ്ണ ചലനങ്ങളാണ്. വ്യാഴത്തിന്റെ വലിപ്പം മനസ്സിലാക്കാൻ ചുവന്ന പൊട്ടിനു തൊട്ട് താഴെയുള്ള വെള്ള ഓവൽ കൊടുങ്കാറ്റിനെ കണക്കിലെടുത്താൽ മതിയാകും, ഏതാണ്ട് ഭൂമിയുടെ വ്യാസത്തിനു തുല്യമായി വരും അത്.

വ്യാഴം ഒരു വാതക ഭീമനാണ്. ഇത്രയും വലിയ മാസ്സ് ഈ ഗ്രഹത്തിനു നല്കുന്നത് ഭൂസമാന ഗ്രഹങ്ങളിലേതു പോലെ പാറകളോ സിലിക്കേറ്റ്കളോ അല്ല. ആ ഗ്രഹത്തിലെ മുഖ്യ ഘടകം വാതകങ്ങളാണ്. അതുകൊണ്ട് തന്നെ ഇത് വാതക ഭീമൻ എന്ന ഗ്രഹഗണത്തിൽപ്പെടുന്നു. ഹൈഡ്രജനാണ് ഈ ഗ്രത്തിന്റെ മുക്കാൽ ഭാഗവും. എതാണ്ട് കാൽ ഭാഗത്തോളം ഹീലിയവും ഉണ്ട്. ഈ വാതക ഭീമന് അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയുന്നതിന് ഏകദേശം പത്തു മണിക്കൂറോളം മതി. ഈ ഉയർന്ന ഭ്രമണവേഗത കാരണം വ്യാഴത്തിന്റെ മദ്ധ്യഭാഗം വളരെയധികം വെളിയിലേക്കു തള്ളിയും ധ്രുവ പ്രദേശങ്ങളിലെ വക്രത കുറഞ്ഞും കാണപ്പെടുന്നു. വ്യാഴത്തിനെ ടെലിസ്കോപ്പിലൂടെ നോക്കിയാൽ അതിന്റെ ഉപരിതലത്തിൽ ഒരു ചുവന്ന പൊട്ട് (The Great Red Spot) കാണാനാകും. വ്യാഴത്തിന് വളരെ കട്ടി കുറഞ്ഞ ചില വലയങ്ങളുണ്ട്. ശനിയുടേതു പോലെ ഭംഗിയായി കാണാൻ കഴിയുന്നവയല്ല ഈ വലയങ്ങൾ.

ഒരു വ്യാഴവട്ടം – പന്ത്രണ്ടു വർഷം (11.86 വർഷം)

സൂര്യനിൽനിന്നും ശരാശരി 77.8 കോടി കിലോമീറ്റർ അകലത്തിൽ ഏതാണ്ട് പന്ത്രണ്ടു വർഷം (11.86 വർഷം) എടുത്താണ് സൂര്യനെ വലം വയ്ക്കുന്നത്. അതുകൊണ്ട് ഈ 12 വർഷത്തെ കാലദൈർഘ്യത്തെ മലയാളികൾ ഒരു വ്യാഴവട്ടം എന്നു വിളിക്കുന്നു. 80 ഉപഗ്രഹങ്ങൾ വ്യാഴത്തിനുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ ടെലിസ്കോപ്പ് ഉപയോഗിച്ച് ആദ്യമായി നിരീക്ഷിച്ചത് ഗലീലിയോ ഗലീലിയാണ്. അദ്ദേഹം നിരീക്ഷിച്ച അയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ എന്നീ ഉപഗ്രഹങ്ങൾ ഗലീലിയൻ ഉപഗ്രങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു. ഇതിൽ ഗാനിമീഡ് ആണ് സൗരയൂഥത്തിൽ ഇന്നറിയപ്പെടുന്നതിൽ ഏറ്റവും വലിയ ഉപഗ്രഹം. സൗരയൂഥത്തിലെ ഏറ്റവും വലിയ ഈ ഗ്രഹത്തെ സന്ദർശിച്ച ആദ്യ മനുഷ്യനിർമ്മിത ബഹിരാകാശ പേടകം അമേരിക്കയുടെ പയനീയർ 10 ആണ്.


ഗ്രഹങ്ങളെ ആകാശത്ത് തിരിച്ചറിയാം.. വീഡിയോ

Happy
Happy
57 %
Sad
Sad
0 %
Excited
Excited
14 %
Sleepy
Sleepy
0 %
Angry
Angry
14 %
Surprise
Surprise
14 %

Leave a Reply

Previous post ചൊവ്വ
Next post ശനി
Close