സംഗീത ചേനംപുല്ലി
അങ്ങേയറ്റം വിചിത്രമായ സ്വഭാവ വിശേഷങ്ങള്‍ കാണിക്കുന്നതും അതേസമയം ജീവജാലങ്ങള്‍ക്ക് ഒന്നടങ്കം നിലനില്‍ക്കാന്‍ അത്യാവശ്യവുമായ വസ്തു ഏതാണ്? അത് പലപ്പോഴും നമ്മള്‍ നിസാരമായി കണക്കാക്കാറുള്ള വെള്ളം തന്നെയാണ്. ഹൈഡ്രജനും ഓക്സിജനും കൂടിച്ചേര്‍ന്നുണ്ടായ ഈ ലളിത തന്മാത്രയുടെ സവിശേഷ സ്വഭാവങ്ങള്‍ ഒന്നാലോചിച്ചാല്‍ നമ്മെ അത്ഭുതപ്പെടുത്തും. ഖര, ദ്രാവക, വാതക രൂപങ്ങള്‍ സാധാരണ അവസ്ഥയില്‍ തന്നെ ഒന്നിച്ച് കാണപ്പെടുന്ന ഒരേയൊരു വസ്തുവേയുള്ളൂ അത് ജലമാണ്. പതിനാറാം ഗ്രൂപ്പിലെ മറ്റ് ഹൈഡ്രൈഡുകള്‍ എല്ലാം വാതക രൂപത്തിലാണെങ്കില്‍ ജലം ദ്രാവക രൂപത്തില്‍ കാണപ്പെടുന്നു. മറ്റുള്ളവ പലതും വിഷകരമായിരിക്കുമ്പോള്‍ വെള്ളം ജീവനെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. പൂജ്യം മുതല്‍ നൂറ് ഡിഗ്രിവരെ പരന്നുകിടക്കുന്ന വിപുലമായ ദ്രാവകാവസ്ഥയും ഏതാണ്ടെല്ലാത്തരം വസ്തുക്കളേയും ലയിപ്പിക്കാനുള്ള കഴിവും എല്ലാം ചേര്‍ന്ന് വെള്ളത്തെ അസാധാരണ വസ്തുവാക്കുന്നു.
വൈവിധ്യമാര്‍ന്ന പലതരം വസ്തുക്കളെ ലയിപ്പിക്കാനുള്ള കഴിവ് വെള്ളത്തിന് സാര്‍വ്വലൗകിക ലായകം എന്ന വിശേഷണവും നല്‍കിയിട്ടുണ്ട്. ജീവ ശരീരത്തിന്‍റെ എണ്‍പത് ശതമാനവും വെള്ളം കൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. അതുപോലെ ഭൂമിയുടെ മൂന്നിലൊന്നും വെള്ളമാണ്. ജീവികളുടെ ശരീരത്തില്‍ നടക്കുന്ന എല്ലാ ഉപാപചയ പ്രക്രിയകളും വെള്ളത്തെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് വെള്ളമില്ലാതെ ജീവിതം സാധ്യമാകാത്തതും. മാത്രമല്ല ദൈനംദിന ജീവിതചര്യകളും വെള്ളത്തെ ആശ്രയിച്ചിരിക്കുന്നു. നനയ്ക്കാനും കഴുകി വൃത്തിയാക്കാനും, മറ്റ് വസ്തുക്കളെ ലയിപ്പിക്കാനും വലിയ അളവ് താപത്തെ കൈക്കൊള്ളാനും എല്ലാമുള്ള വെള്ളത്തിന്‍റെ കഴിവ് അതിനെ വ്യാവസായികമായും പ്രാധാന്യമുള്ളതാക്കുന്നു. ഇതിനെല്ലാം അപ്പുറം വെള്ളം സംസ്കാരങ്ങളുടെ ഉദയത്തിനും വളര്‍ച്ചക്കും വഴിതെളിച്ചു. യാത്രകളും വിനിമയങ്ങളും എളുപ്പമാക്കിയതും ജലത്തെ ആശ്രയിച്ചുള്ള സഞ്ചാര പാതകളാണ്. കൊള്ളക്കൊടുക്കകള്‍ക്കും, പോരിനും കലാപങ്ങള്‍ക്കും സാക്ഷിയും കാരണവുമായി വെള്ളത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്താം.. ഇതിനെല്ലാം അപ്പുറം മനുഷ്യന്റെ ഓര്‍മ്മകളുടേയും വൈകാരികതകളുടെയും സൂക്ഷിപ്പിടമായി വെള്ളം നിലകൊള്ളുന്നു.
വെള്ളം എന്ന മനുഷ്യാവകാശം
എന്നാല്‍ എല്ലാറ്റിനേയും ലയിപ്പിക്കുന്ന വെള്ളത്തിന്റെ സ്വഭാവം തന്നെ അതിന്‍റെ മലിനീകരണത്തിനും കാരണമാകുന്നു. നിത്യജീവിതമായും വ്യവസായങ്ങളുമായും ബന്ധപ്പെട്ട് പുറംതള്ളപ്പെടുന്ന എല്ലാ മാലിന്യങ്ങളും വെള്ളത്തെ ഉപയോഗ യോഗ്യമല്ലാതാക്കുന്നു. ഭൂമിയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഖര, ദ്രാവക, വാതക രൂപങ്ങളില്‍ എല്ലാമുള്ള മാലിന്യങ്ങളുടെ നല്ലൊരു ശതമാനവും സമുദ്രങ്ങളിലാണ് ചെന്നെത്തുന്നത്. ജനപ്പെരുപ്പവും, വ്യവസായ വത്കരണവും മുതലാളിത്തവും എല്ലാം ചേര്‍ന്ന് ജല മലിനീകരണത്തിനും ജല ചൂഷണത്തിനും ആക്കം കൂട്ടുന്നുണ്ട്. ജലസ്രോതസുകളുടെ അസമമായ ഉപഭോഗം എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കാത്ത അവസ്ഥയുണ്ടാക്കുന്നു. അതേസമയം വെള്ളം പാഴാക്കുന്നതും ഉള്ള ജലസ്രോതസ്സുകള്‍ വേണ്ടവിധം സംരക്ഷിക്കാത്തതും ജലദൌര്‍ലഭ്യത്തിന് ആക്കം കൂട്ടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് “ജലദാരിദ്ര്യം” എന്ന ആശയം മുന്നോട്ടുവെക്കപ്പെടുന്നത്. ഒരു രാജ്യത്തോ ഭൂപ്രദേശത്തോ താമസിക്കുന്ന എല്ലാ ജനങ്ങള്‍ക്കും എല്ലാ കാലത്തും ആവശ്യമായ ശുദ്ധജലം ലഭ്യമാക്കാന്‍ കഴിയാത്ത അവസ്ഥയാണ് ജലദാരിദ്ര്യം. ഇത് സാമ്പത്തികമായ ദരിദ്രാവസ്ഥയുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതുമാണ്. വെള്ളത്തിന്റെയും ശുചീകരണ സൗകര്യങ്ങളുടെയും ലഭ്യത മൗലികമായ മനുഷ്യാവകാശമായി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി അംഗീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം ശുദ്ധവും സുരക്ഷിതവും ചിലവ് താങ്ങാവുന്നതുമായ വെള്ളവും ആവശ്യമായ സാനിറ്റേഷന്‍ സൗകര്യങ്ങളും എല്ലാവര്‍ക്കും ലഭ്യമാക്കുക ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണ്. മറ്റ് മൌലികാവകാശങ്ങള്‍ക്ക് വിഘാതമാവാത്ത വിധത്തിലായിരിക്കണം ജലത്തിന് വേണ്ടിയുള്ള ചെലവും പ്രയത്നവും. അതായത് വെള്ളത്തിനായി ചിലവാക്കുന്ന തുക കാരണം വീട്ടിലെ കുട്ടികളുടെ പഠനം മുടങ്ങുന്ന അവസ്ഥ ഉണ്ടാവരുത് എന്നര്‍ത്ഥം. ജലസ്രോതസ്സുകളിലെക്കുള്ള അകലം, അങ്ങോട്ടെത്താന്‍ എടുക്കുന്ന സമയം, അതിനിടെ ഉണ്ടായേക്കാവുന്ന അപകട സാധ്യതകള്‍ എന്നിവ ലഭ്യതയുമായി ബന്ധപ്പെട്ട് പരിഗണിക്കപ്പെടണം. ജലവിതരണം ആവശ്യമായ അളവില്‍ വേണ്ട സമയത്ത് ആശ്രയിക്കാവുന്ന വിധത്തില്‍ ലഭ്യമാണോ എന്നതും പ്രധാനമാണ്. കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉതകും വിധം ശുദ്ധവും സുരക്ഷിതമായ വെള്ളമാണ് ലഭിക്കുന്നത് എന്നും ഉറപ്പ് വരുത്തണം.
ശുദ്ധമായ വെള്ളത്തിന്റെ ലഭ്യത കേവലം ജീവന്‍ നിലനിര്‍ത്തുന്നതുമായി മാത്രം ബന്ധപ്പെട്ടതല്ല. ഒരു സമൂഹത്തിന്റെ ജീവിതനിലവാര സൂചികയുമായിക്കൂടി ബന്ധപ്പെട്ടതാണ്. ഉദാഹരണത്തിന് ജലദൌര്‍ലഭ്യവും സ്ത്രീകളുടെ ആരോഗ്യവുമായി വളരെയേറെ ബന്ധമുണ്ട്. ആവശ്യമായ വെള്ളം കണ്ടെത്തി വീട്ടിലെത്തിക്കുക എന്നത് മിക്ക സമൂഹങ്ങളിലും സ്ത്രീകളുടെ ഉത്തരവാദിത്വമാണ് എന്നതുതന്നെ കാരണം. രാജസ്ഥാനിലെ മരുപ്രദേശങ്ങളിലെ സ്ത്രീകളുടെ സാമൂഹ്യാവസ്ഥ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കുട്ടികളുടെയും വൃദ്ധരുടെയും ആരോഗ്യം, കുടുംബത്തിന്‍റെ സാമ്പത്തിക സുസ്ഥിരത, ഭക്ഷ്യ ലഭ്യത, കൃഷിയില്‍ നിന്നുള്ള ആദായം എന്നിവയെല്ലാം തന്നെ ജലലഭ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍ സാധ്യത എന്നിവയൊക്കെയും നേരിട്ടല്ലാതെ വെള്ളവുമായി ബന്ധപ്പെട്ടിരിക്കുന്നു.
വെള്ളത്തെ വിലമതിക്കാം
ഭൂമിയുടെ മൂന്നില്‍ രണ്ടും വെള്ളമാണെങ്കിലും കുടിക്കാന്‍ പറ്റുന്ന വെള്ളത്തിന്റെ അളവ് എത്രയുണ്ടാവും? ഭൂമിയില്‍ ആകെയുള്ള വെള്ളത്തിന്‍റെ 99.7 ശതമാനവും കടലിലും, മഞ്ഞകട്ടകളിലും, അന്തരീക്ഷത്തിലും, മണ്ണിലും ഒക്കെയായി കുടിവെള്ളമായി ഉപയോഗിക്കാന്‍ കഴിയാത്ത വിധം ചിതറിക്കിടപ്പാണ്. 0.3 % മാത്രമാണ് ശുദ്ധജലമായുള്ളത്. ഇതില്‍ തന്നെ ഏറിയ പങ്കും കുടിക്കാന്‍ ഉപയോഗിക്കാന്‍ കഴിയുകയുമില്ല. ജനപ്പെരുപ്പവും നഗര–വ്യവസായവത്കരണവുമൊക്കെച്ചേര്ന്ന് അനുദിനം ജലത്തിന്റെ ആവശ്യകത കൂട്ടുന്നുമുണ്ട്. ജീവശാസ്ത്രപരമായും സാമൂഹികമായും ജലത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് ജലസ്രോതസ്സുകളുടെ സംരക്ഷണത്തെക്കുറിച്ച് പൊതുസമൂഹത്തെ ബോധവാന്മാരാക്കേണ്ടതുണ്ട്. ഈ ലക്‌ഷ്യം മുന്‍നിര്‍ത്തിയാണ് മാര്‍ച്ച് 22 ലോക ജലദിനമായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ആചരിക്കുന്നത്. 1992 ല്‍ റിയോ ഡി ജനീറോയില്‍ വെച്ച് നടന്ന ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിക്കും വികസനത്തിനുമായുള്ള സമ്മേളനം ആണ് ജലദിനം ആചരിക്കാന്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷം മാര്‍ച്ച് 22 മുതല്‍ എല്ലാ വര്‍ഷവും ജലദിനമായി ആചരിക്കുന്നു. ഓരോ വര്‍ഷവും ഓരോ പ്രത്യേക പ്രമേയത്തെ മുന്‍നിര്‍ത്തിയാണ് ജലദിനം ആചരിക്കുന്നത്. പലതരം മാദ്ധ്യമങ്ങള്‍ ഉപയോഗിച്ചുള്ള ബോധവത്കരണ പരിപാടികളും സെമിനാറുകളുമെല്ലാം ഇതിന്‍റെ ഭാഗമായി നടക്കുന്നു. വേള്‍ഡ് വാട്ടര്‍ ഡെവലപ്മെന്റ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നതും ഇതേ ദിവസം തന്നെ. ലോകമെമ്പാടുമുള്ള ജലസ്രോതസ്സുകളുടെ തല്‍സ്ഥിതിയേയും ജലവിഭവ വിനിയോഗത്തേയും കുറിച്ചുള്ള സമഗ്രമായ റിപ്പോര്‍ട്ട് ആണിത്. വിവേകപൂര്‍ണ്ണമായ ജല ഉപയോഗത്തിനായുള്ള നിര്‍ദ്ദേശങ്ങളും ഈ റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നു.
ജലത്തെ വിലമതിക്കാം എന്നതാണ് ഈ വര്‍ഷത്തെ ജലദിനത്തിന്റെ പ്രമേയം.
കോവിഡ് മഹാമാരിക്കാലത്ത്, സാനിറ്റേഷന്‍ സൗകര്യങ്ങള്‍ ഒരു പ്രധാന പരിഗണനാവിഷയമായിത്തീര്‍ന്ന അവസരം കൂടിയാണിത്. വെള്ളത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഓര്‍മ്മിപ്പിക്കാന്‍ ഇതിലും നല്ലൊരു സമയം വേറെയില്ല. ജലസ്രോതസ്സുകളുടെ പ്രാധാന്യത്തേയും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയേയും ഒറ്റ വാചകത്തില്‍ത്തന്നെ വ്യക്തമാക്കുന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. സ്വന്തം ചുറ്റുവട്ടത്തു നിന്നുതന്നെ മിക്കവാറും സൌജന്യമായി ലഭിക്കുന്നതിനാല്‍ വേണ്ടത്ര ഗൌരവമായി പരിഗണിക്കപ്പെടാത്ത പ്രകൃതി വിഭവമാണ് വെള്ളം. ഇന്ത്യന്‍ ഭരണഘടന ശുദ്ധജലത്തിനുള്ള അവകാശത്തെ മൌലികാവകാശമായി പ്രത്യേകം നിര്‍വചിച്ചിട്ടില്ല. എന്നാല്‍ വിവിധ വിധിന്യായങ്ങളുടെ വ്യാഖ്യാനങ്ങളില്‍ അതിനെ ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിലെ 99 % പഞ്ചായത്തുകളിലും ഏറിയും കുറഞ്ഞും ശുദ്ധജല ദൌര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വേനല്‍ക്കാലത്ത് ഉള്ള കുടിവെള്ളക്ഷാമം, കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം എന്നിവയാണ് കേരളത്തില്‍ വ്യാപകമായി കണ്ടു വരുന്ന പ്രശ്നങ്ങള്‍. കൂടാതെ പെരിയാറിലെ വ്യാവസായിക മലിനീകരണം, ശബരിമല തീര്‍ഥാടനം മൂലമുള്ള പമ്പാ നദിയുടെ മലിനീകരണം, തോടുകളും കുളങ്ങളും ഉള്‍പ്പടെയുള്ള ഉള്‍നാടന്‍ ജലസ്രോതസ്സുകളുടെ നാശംതുടങ്ങിയവയും നിരന്തരം ചര്‍ച്ചയില്‍ വരാറുള്ളവയാണ്. നദീമലിനീകരണവും കൈയേറ്റവും അടിയന്തര ഇടപെടല്‍ ആവശ്യമുള്ള മേഖലകളാണ്. കേരളത്തിന്‍റെ ജലവഴികള്‍ എത്രത്തോളം അനാരോഗ്യം നേരിടുന്നു എന്ന് പോയവര്‍ഷങ്ങളിലെ പ്രളയങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. 2008 മുതല്‍ തന്നെ കേരളത്തിന് ഒരു ജലനയമുണ്ട്. കാലാനുസൃതമായി ഇത് പുതുക്കാനുള്ള നടപടികള്‍ 2019 ല്‍ ആരംഭിച്ചുകഴിഞ്ഞു. നയത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാനുള്ള ബോധപൂര്‍വ്വവും സംയോജിതവുമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.
അടുത്ത ഒരു ലോക മഹായുദ്ധമുണ്ടായാല്‍ അത് വെള്ളത്തിനുവേണ്ടിയായിരിക്കും എന്ന് പറയാറുണ്ട്. ജലത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും നിയമയുദ്ധങ്ങളും ലോകമെങ്ങും അരങ്ങേറുന്നു. കാവേരി, യമുന,മുല്ലപ്പെരിയര്‍ തുടങ്ങി നദീജല തര്‍ക്കങ്ങളുമായി ഇന്ത്യയും കൂടെച്ചേരുന്നുണ്ട്. അതുപോലെതന്നെ ജലത്തിന്റെ കുത്തകവത്കരണവും അനിയന്ത്രിത ജലചൂഷണവും സാധാരണക്കാരെ ദുരിതത്തിലേക്കും ജലജന്യ രോഗങ്ങളിലേക്കും നയിക്കുന്ന അവസ്ഥ ലോകമെങ്ങും നിലനില്‍ക്കുന്നുണ്ട്. ഈ പ്രശ്നം പലപ്പോഴും വേണ്ടവിധത്തില്‍ പരിഗണിക്കപ്പെടാറുമില്ല. കേവലം ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനപ്പുറം സമഗ്രമായ ജീവിത ശൈലി, വ്യവസ്ഥിതി മാറ്റങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവണം ജലദിനം.
ലൂക്ക ജലദിന സന്ദേശം- വീഡിയോ കാണാം