രണ്‍ജിത്ത് സിജി
[email protected]
സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് മഞ്ജരിയെന്ന പുതിയ അക്ഷരരൂപം പുറത്തിറക്കി. വിക്കിമീഡിയ ഫൗണ്ടേഷനിലെ ഭാഷാ സാങ്കേതിക വിദ്യാ വിഭാഗത്തിൽ എൻജിനീയറായ സന്തോഷ് തോട്ടിങ്ങല്‍ ആണ് മഞ്ജരി രൂപകല്‍പ്പന ചെയ്തത് . മഞ്ജരി ഫോണ്ടിന്റെ നിർമാണത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും എൻജിനീയറിങ്ങ് കോളേജ് അധ്യാപികയുമായ കാവ്യ മനോഹറും പങ്കാളിയായി. എറണാകുളത്ത് നടന്ന ചടങ്ങില്‍ സന്തോഷ് തോട്ടിങ്ങല്‍, കാവ്യ മനോഹര്‍, കഥാകൃത്ത് പ്രിയ എ എസ് എന്നിവര്‍ ചേര്‍ന്നാണ് മഞ്ജരി എന്ന അക്ഷരരൂപം പ്രകാശനം ചെയ്തത്.
സാധാരണ കനത്തിലുള്ള അക്ഷരങ്ങളും കട്ടികൂടിയ അക്ഷരങ്ങളും കൂടാതെ കട്ടികുറഞ്ഞ അക്ഷരങ്ങളും ഉള്‍പ്പെട്ട ഒരു അക്ഷരരൂപ കുടുംബമാണ് മഞ്ചരി. അതുകൊണ്ടുതന്നെ തലക്കെട്ടുകള്‍ക്കും വായിക്കുന്നതിനുള്ള സാധാരണ അക്ഷരങ്ങള്‍ക്കും കട്ടികുറഞ്ഞ പ്രത്യേക ഡിസൈനുകള്‍ക്കും അനുയോജ്യമായ അക്ഷരരൂപമാണിത്. മലയാളത്തിലെ ആദ്യത്തെ കട്ടികുറഞ്ഞ യുണീകോഡ് അക്ഷരരൂപം കൂടിയാണ് മഞ്ജരി.
മലയാളത്തിന്റെ അക്ഷരങ്ങളെ വിടർന്നുരുണ്ട വടിവുകളിൽ ഈ അക്ഷരരൂപം അവതരിപ്പിക്കുന്നു. വരകളുടെ അറ്റങ്ങളും ഉരുണ്ടതാണു്. എല്ലാ വളവുകളും ഒരു ചുരുളിന്റെ അഥവാ സ്പൈരലിന്റെ ഭാഗങ്ങളുപയോഗിച്ചാണു് വരച്ചിട്ടുള്ളതു്. അതുകൊണ്ടുതന്നെ മലയാളത്തിലെ നിലവിലെ ഫോണ്ടുകളിൽ നിന്നും വ്യത്യസ്ഥമായ ഒരു ടൈപ്പോഗ്രഫി പരീക്ഷണമായും ഈ ഫോണ്ടിനെ വിലയിരുത്താം. ഒരേ കട്ടിയിലുള്ള വരകളാണു് ഉപയോഗിച്ചിരിക്കുന്നതു്. കൂട്ടക്ഷരങ്ങൾ പരമാവധി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ലിപിസഞ്ചയമാണു് ഈ ഫോണ്ടിലുള്ളതു്. മഞ്ജരി യുണിക്കോഡ് 9.0 പതിപ്പ് പിന്തുണയ്ക്കുന്നു.
മലയാളത്തിനു പുറമേ ഇംഗ്ലീഷ്/ലാറ്റിൻ അക്ഷരങ്ങളും ഈ ഫോണ്ടിലുണ്ട്. ഉരുണ്ട മലയാളം അക്ഷരങ്ങളുടെ ശൈലിയ്ക്കനുസൃതമായാണു് ഇംഗ്ലീഷ് അക്ഷരങ്ങൾ വരച്ചിട്ടുള്ളതു്.
മലയാളത്തിന്റെ അക്ഷരചിത്രീകരണ നിയമങ്ങളെ ഈ ഫോണ്ടിനുവേണ്ടി പുതുക്കിയെഴുതിയിട്ടുണ്ട്. ആ സാങ്കേതികമാറ്റം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പുറത്തിറക്കിയ മറ്റു ഫോണ്ടുകളിലും ഇപ്പോൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
തനതുലിപി ശൈലിയിലുള്ള കൂട്ടക്ഷരങ്ങൾ ധാരാളം ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും ഈ ഫോണ്ടുകളുടെ ഫയൽ വലിപ്പം ഇത്തരത്തിലുള്ള മറ്റു ഫോണ്ടുകളെ അപേക്ഷിച്ച് വളരെ കുറവാണു്. 60 കിലോബൈറ്റ് മാത്രം എടുത്തു് വെബ് ഫോണ്ടുകളായി കാര്യക്ഷമമായി ഇവ ഉപയോഗിക്കാവുന്നതാണു്. TTF, OTF, WOFF, WOFF2 ഫോർമാറ്റുകളിൽ ഡൌൺലോഡ് ചെയ്യാം.
മഞ്ജരി ആക്ഷരരൂപം ഡൗണ്‍ലോഡ് ചെയ്യാന്‍
http://smc.org.in/fonts സന്ദര്‍ശിക്കുക.
- TTF: Regular Bold Thin
- OTF: Regular Bold Thin
- Webfont(WOFF) Regular Bold Thin
- Webfont(WOFF2) Regular Bold Thin
ഓപ്പൺ ഫോണ്ട് ലൈസൻസ് പ്രകാരം സ്വതന്ത്രവും സൌജന്യവും ആണു് ഈ ഫോണ്ട്. ഓരോ അക്ഷരത്തിന്റെയും SVG ഫോർമാറ്റിലുള്ള വരകൾ സഹിതമുള്ള സോഴ്സ് കോഡ് https://gitlab.com/smc/manjari എന്ന റിപ്പോസിറ്ററിയിലുണ്ട്.
മറ്റ് മലയാളം ഫോണ്ടുകളായ രചന, മീര, അഞ്ജലി, ചിലങ്ക, കേരളീയം, ഉറൂബ്, ദ്യുതി, കറുമ്പി, സുറുമ എന്നിവ പുറത്തിറക്കിയതും പരിപാലിക്കുന്നതും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ആണ്. ഇവയെല്ലാം തന്നെ വിവിധ സ്വതന്ത്ര ലൈസന്‍സുകളിലാണ് പുറത്തിറക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇവയെല്ലാം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനും ഉപയോഗിക്കാനും സാധിക്കും.
(ലൂക്കയുടെ പ്രാഥമിക അക്ഷരരൂപമായിമഞ്ജരിയാണ് ഉപയോഗിക്കുന്നത്. )
മഞ്ജരി ഉപയോഗിക്കുന്ന വിവിധ ഉദാഹരണങ്ങള്‍
Source : https://blog.smc.org.in/manjari-font/