Read Time:11 Minute
CM Muraleedharan
സി.എം. മുരളീധരൻ

1883ല്‍ പുറത്തിറങ്ങിയ, മലയാളത്തിലെ ആദ്യത്തെ ഭൗതികശാസ്ത്ര ഗ്രന്ഥം എന്ന വിശേഷിപ്പിക്കപ്പെടുന്ന പുസ്തകമാണ് പ്രകൃതിശാസ്ത്രം. അത്  മാത്രമല്ല വൈജ്ഞാനികസാഹിത്യ ശാഖയിലെ ശ്രദ്ധേയമായ ഒരു കൃതിയായി പ്രകൃതിശാസ്ത്രത്തെ മാറ്റുന്നത്.

ല്‍പ്പം പഴയ ഒരു കൃതിയെയാണ് പരിചയപ്പെടുത്തുന്നത്. അല്‍പ്പം എന്ന് പറഞ്ഞാല്‍ ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പ്രസിദ്ധീകരണത്തിന്റെ നൂറ്റി അമ്പതാം വര്‍ഷം ആഘോഷിക്കാന്‍ പോവുന്ന ഒന്ന്. പുസ്തകത്തിന്റെ പേര് പ്രകൃതിശാസ്ത്രം. പുസ്തകനാമത്തോടൊപ്പം A Malayalam Catechism of Physics with a repertory in English എന്നു കൂടി നല്‍കിയിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ ഭൗതികശാസ്ത്ര ഗ്രന്ഥം എന്ന വിശേഷിപ്പിക്കപ്പെടുന്ന പുസ്തകമാണിത്. ചരിത്രത്തിലെ ആ സ്ഥാനം മാത്രമല്ല വൈജ്ഞാനികസാഹിത്യ ശാഖയില്‍ ശ്രദ്ധേയമായ ഒരു കൃതിയായി പ്രകൃതിശാസ്ത്രത്തെ മാറ്റുന്നത്. 1883ല്‍ പുറത്തിറങ്ങിയ ഇതിന്റെ രചയിതാവ്  റവ. എല്‍. ജൊഹാന്നസ് ഫ്രോണ്‍മെയര്‍ ആണ്. ഇന്‍‍ ചാര്‍ജ് ഓഫ് ദി ബി. ജി. മിസ്സ്.  ഹൈസ്കൂള്‍, കാലിക്കറ്റ് എന്നാണ് അദ്ദേഹത്തെ പുസ്തകത്തില്‍ പരിചയപ്പെടുത്തിയിട്ടുള്ളത്. പ്രസാധനം മാംഗളൂര്‍ ബാസല്‍ മിഷന്‍ ബുക്ക് ഏന്റ് ട്രാക്ട്  ഡിപ്പോസിറ്ററി.

ഗ്രന്ഥകാരന്‍ തിരുവിതാംകൂര്‍ മഹാരാജാവിന് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നു. ഇംഗ്ലീഷില്‍ തയ്യാറാക്കിയ സമര്‍പ്പണ ലേഖനം‍ ആറ് പേജ് വരും. തുടര്‍ന്ന് വരുന്ന മുഖവുരയില്‍ കേരളനിവാസികളായുള്ളോരേ, എന്ന് സംബോധന ചെയ്തുകൊണ്ട്  ‍ പ്രകൃതിയെക്കുറിച്ച് അറിയേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കുന്നു. 447ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും എന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പ്രകൃതി എന്നത് എന്ത്? (പഞ്ചേന്ദ്രിയങ്ങളെക്കൊണ്ട് ഗ്രഹിക്കുന്നതൊക്കെയും എന്ന് ഉത്തരം), പ്രകൃതിയെക്കുറിച്ചുള്ള ശാസ്ത്രങ്ങള്‍ എത്ര അംശങ്ങളായി വിഭാഗിച്ചു ഇരിക്കുന്നു? തുടങ്ങിയ ലളിതമായ ചോദ്യങ്ങളിലൂടെ ആരംഭിച്ച് ഭൌതികശാസ്ത്രത്തിലെ ആശയങ്ങളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത്. ഭൌതികശാസ്ത്ര സംബന്ധമായി അന്ന് ലഭ്യമായിരുന്ന അറിവുകളെ ഒരു ചിമിഴില്‍ ഒതുക്കാനാണ് ഫ്രോണ്‍മെയര്‍ ശ്രമിച്ചത്.

ആറ് ചോദ്യങ്ങള്‍ കഴിഞ്ഞാണ് ഒന്നാം അധ്യായം ആരംഭിക്കുന്നത്. പദാര്‍ത്ഥങ്ങളുടെ സാധാരണവിശേഷതകള്‍ -The general properties of bodies, കട്ടിയായ വസ്തുക്കളുടെ സമത്തൂക്കവും അപാദാനവും- Equilibrium and motion of solid bodies,വീഴ്ചയും ഊഞ്ചലും പരിഭ്രമണവും -Fall, pendulum and central motion, ദ്രവങ്ങളുടെ സമത്തൂക്കവും അപാദാനവും- The  Equilibrium and motion of fluids, വാഷ്പങ്ങളുടെ സമത്തൂക്കവും അപാദാനവും – Equilibrium and motion of  gases, വായുവിന്റെ അമര്‍ത്തലും ഘനവും -Pressure and weight of the air, വായുവിന്റെ ലക്ഷണങ്ങളും പ്രയോഗവും- Chemical and physiological qualititiies of the air, ശബ്ദം -Sound, ഘര്‍മ്മം- Heat, ചൂടിനാല്‍ ഉളവാകുന്ന മാറ്റങ്ങള്‍ -The effects of heat, വെളിച്ചം -Light, വര്‍ണ്ണം(ചായം) -Colour, അയസ്കാന്തശക്തി -Magnetism, വിദ്യുച്ഛക്തി- Electicity എന്നിങ്ങനെ പതിനാല് അധ്യായങ്ങളായി പുസ്തകത്തെ ഭാഗിച്ചിരിക്കുന്നു.

108 ചോദ്യങ്ങള്‍  ഉള്‍ക്കൊള്ളുന്ന ഒന്നാം അധ്യായമാണ് കൂട്ടത്തില്‍ വലുത്. ‍   വിസ്തരമ(വലിമ) – Extension, അനതിക്രമണം(അവ്യാപ്തത്വം)- Impenetrability, ബഹുരന്ധ്രത(സൂക്ഷ്മസുഷിരത്വം)- Porosity,  വിഭജ്യത -Divisibilty, സംലഗ്നാകര്‍ഷണം- Cohesion, സംശ്ലിഷ്ടത(പറ്റ്) – Adhesion, രോമാകര്‍ഷണം (കേശാകര്‍ഷണം)- Capillarity, നിഷ്കാരകത്വം – Inertia, പൂര്‍വ്വസ്ഥിതിഗമ്യത (അയവു) – Elasticity,ഘനാകര്‍ഷണം -Gravity, ഘനാകര്‍ഷണകേന്ദ്രം -Centre of gravity,  എന്നിങ്ങനെ ഉപശീര്‍ഷകങ്ങള്‍ നല്‍കിയതും ഈ അധ്യായത്തിന്റെ മാത്രം പ്രത്യേകതയാണ്.

അധ്യായനാമങ്ങളില്‍ കാണുന്നതുപോലെ, ഉപയോഗിച്ചിട്ടുള്ള സാങ്കേതിക പദങ്ങളുടെ ഇംഗ്ലീഷ് പദങ്ങള്‍ പുസ്തകത്തിലുടനീളം അതാതിടങ്ങളില്‍ കൊടുത്തിട്ടുണ്ട്. പുസ്തകത്തിനൊടുവിലുള്ള ‘സംഗതിവിചാര’ത്തിലും (Index) ബ്രാക്കറ്റില്‍ ഇംഗ്ലീഷ് പദങ്ങള്‍ കൊടുത്തിട്ടുണ്ട്. ശാസ്ത്ര-സാങ്കേതിക പദങ്ങള്‍ മലയാളത്തില്‍ രൂപപ്പെട്ടതിന്റെ ചരിത്ര ശേഷിപ്പുകളാണിവ. തെര്‍മോ മീറ്ററിന് ഘര്‍മമാത്ര എന്നും ആര്‍ക്കിമിഡീസ് പ്രിന്‍സിപ്പിളിന് അര്‍ക്കമേദന്‍ എന്ന ശാസ്ത്രിയുടെ സൂത്രമെന്നുമൊക്കെയുള്ള പ്രയോഗങ്ങള്‍ ഇന്ന് വായനക്കാരില്‍ ചിരി ഉണര്‍ത്തിയേക്കാം. കെമിസ്ട്രിക്ക് രസവാദശാസ്ത്രം എന്നും  കീമശാസ്ത്രം എന്നും ഉപയോഗിച്ചിരിക്കുന്നു. കാപ്പിലാരിറ്റിക്കാവട്ടെ രോമാകര്‍ഷണമെന്നും കേശാകര്‍ഷണം എന്നും ഉപയോഗിച്ചിരിക്കുന്നു. സംസ്കൃതീകരിച്ചും മലയാളികരിച്ചും ഇവ രണ്ടും കൂട്ടിച്ചേര്‍ത്തുമെല്ലാമാണ് പദങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

പുസ്തകത്തിന്റെ ആദ്യപേജുകളില്‍ ഉള്ളടക്കവിവരം തിരക്കിയാല്‍ നിരാശയായിരിക്കും ഫലം. എന്നാലോ കൌതുകകരമായ രീതിയില്‍ പുസ്തകത്തിന്നൊടുവില്‍ ഉള്ളടക്ക വിവരം കാണാം. ഉള്ളടക്കം എന്നതിനു പകരം   ‘പൊരുളടക്കം’ എന്ന വാക്കാണ്. അതുപോലെ ശുദ്ധിപത്രം എന്നതിനു പകരം  ഉപയോഗിച്ചിരിക്കുന്നത് ‘ശുദ്ധപത്ര’മെന്നാണ്. 457പേജുകളുള്ള പുസ്തകത്തിലെ ആദ്യത്തെ  292 പേജുകള്‍ വരെയാണ് മലയാളത്തിലുള്ള ഉള്ളടക്കം. തുടര്‍ന്നങ്ങോട്ട് ഇംഗ്ലീഷിലുള്ള Repertory ആണ്. പതിനാല് അധ്യായങ്ങളുടെയും ഇംഗ്ലീഷിലുള്ള സംഗ്രഹമാണ് ഈ ഭാഗം. 144 ഡയഗ്രങ്ങള്‍ പുസ്തകത്തില്‍ ഉപയോഗിച്ചിട്ടുണ്ട് . അച്ചടി സാങ്കേതികവിദ്യ പുരോഗമിക്കാത്ത അക്കാലത്ത് ഇത്രയും ചിത്രങ്ങള്‍ പുസ്തകത്തില്‍ ഉപയോഗിച്ചു എന്നത് ശ്രദ്ധേയമാണ്.

സാധാരണക്കാരിലേക്ക് ശാസ്ത്രവിവരങ്ങള്‍ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഗ്രന്ഥകാരന്‍ അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നുണ്ട്. ഉദാഹരണങ്ങളെല്ലാം ദൈനംദിന ജീവിതത്തില്‍ നിന്നെടുത്തതും പരമാവധി ഗണിതസൂത്രവാക്യങ്ങള്‍ ഒഴിവാക്കിയതും സാധാരണക്കാരായ വായനക്കാരെ ആകര്‍ഷിക്കാനാണ്. പുസ്തകത്തിലെ ഉള്ളടക്കത്തില്‍ പലതും ഇന്നത്തെ ശാസ്ത്രമുന്നേറ്റത്തിന്റെ മുന്നില്‍ അപ്രസക്തങ്ങളായിട്ടുണ്ടാവാം. പക്ഷേ, പ്രസക്തി ഒട്ടും ചോരാതെ കാലത്തെ അതിവര്‍ത്തിച്ച് നില്‍ക്കുന്നതാണ് തുടക്കത്തില്‍ സൂചിപ്പിച്ച മഹാരാജാവിനുള്ള സമര്‍പ്പണലേഖനം. ഇംഗ്ലീഷിലുള്ള ഇതിന്റെ സമ്പൂര്‍ണ പരിഭാഷ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച   ‘ മലയാള ശാസ്ത്രസാഹിത്യപ്രസ്ഥാനം ഒരു പഠനം‍’ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രാദേശികഭാഷയില്‍ പഠനം നടക്കേണ്ടതിന്റെയും വിജ്ഞാനം പ്രസരിക്കേണ്ടിന്റെയും പ്രാധാന്യം, പരീക്ഷയ്ക്കു വേണ്ടിയല്ലാതെയുള്ള വിദ്യാഭ്യാത്തിന്റെ ആവശ്യകത, മലയാളത്തെ സംരക്ഷിക്കേണ്ട കാര്യം തുടങ്ങിയവയെല്ലാം വളരെ ഗംഭീരമായി ഈ കുറിപ്പ് അടയാളപ്പെടുത്തുന്നു.

വിദ്യാഭ്യാസം ലഭിച്ചവര്‍ മാതൃഭാഷയായ മലയാളത്തെ പോഷിപ്പിക്കാത്തതില്‍ അദ്ദേഹം പരിതപിക്കുന്നു.

മലബാറിലെ വിദ്യാഭ്യാസത്തിൽ ഇംഗ്ലീഷിനുളള അനർഹമായ ഈ മേധാവിത്വത്തിന്റെ മറ്റൊരു ദുരന്തഫലം ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചിട്ടുളളവരുടെ കാര്യത്തിൽ പോലും അവരുടെ വിജ്ഞാനം സുരക്ഷിതമല്ലാത്ത അടിത്തറയിലാണ് എന്നതാണ്. ഒരുവന്റെ മാത്യഭാഷ വെറും സാന്ദർഭിക കാര്യമല്ല. ഭാഷയിലാണ് അവന്റെ സ്വത്വഘടന. -പ്രത്യേകിച്ചും ഒരു രാജ്യത്തിന്റെ – പ്രകടിതമാകുന്നത്. വസ്ത്രം മാറുന്നതു പോലെ ഭാഷയെ കാണാൻ കഴിയില്ല. അങ്ങനെയായാൽ ഒരു രാജ്യത്തിന്റെ തനിമയും സ്വാഭാവികതയും നഷ്ടമാകും.
എന്ന് ‍ വ്യക്തമാക്കിയ ശേഷം ഒരു പടി കൂടി മുമ്പോട്ടു പോയി ആധുനിക വിജ്ഞാനശാഖകള്‍ മലയാളത്തിലേക്കു കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുന്നു.

പുതിയ കാര്യങ്ങൾ ഭാഷയിൽ പരിചയപ്പെടുത്തുന്നില്ലെങ്കിൽ, വീട്ടുകാര്യങ്ങളും അങ്ങാടികാര്യങ്ങളും നടത്താൻ മാത്രം മലയാളം ഉപയോഗിക്കുന്നുവെങ്കിൽ, എതാണ്ടെല്ലാ ആത്മനിഷ്ഠ വിനിമയവും മറ്റൊരു ഭാഷയിൽ നടത്തുന്നുവെങ്കിൽ മലയാളം ആത്യന്തികമായും ദരിദ്രമാകും.

ട്യൂബിങ്ങന്‍ സര്‍വകലാശാലയിലെ (Tübingen University) മലയാള രേഖകളും പുസ്തകങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി സമീപകാലത്ത് ഷിജു അലക്സ് ഈ പുസ്തകം നമുക്കായി പൊതുസഞ്ചയത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. അദ്ദേഹത്തോട് നാമെല്ലാം കടപ്പെട്ടിരിക്കുന്നു.


പുസ്തകം പൂര്‍ണരൂപത്തില്‍ വായിക്കാന്‍ സന്ദര്‍ശിക്കുക  https://archive.org/details/dli.mal.CiXIV132a/mode/2up

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ജ്യോതിര്‍ജീവശാസ്ത്രം – ഭാഗം 1
Next post ക്വാണ്ടം മെക്കാനിക്സും വേദാന്തവും
Close