സാഹിത്യകാരൻ എം. മുകുന്ദന്റെ പ്രസ്താവം 2024 മാർച്ച് 16 മലയാള മനോരമയുടെ ‘വാചകമേള’ യിൽ കാണാം. അതിൽ അദ്ദേഹം അവകാശപ്പെടുന്നത് ഇവയാണ്:
- ശാസ്ത്രം പറഞ്ഞത് ആത്മാവ് ഇല്ലെന്നായിരുന്നു. ഞാൻ അത് വിശ്വസിച്ചിരുന്നില്ല.
- അടുത്തകാലത്ത് അമേരിക്കയിലെ മൂലകോശ ശാസ്ത്രജ്ഞൻ റോബർട്ട് ലാൻസയുടെ (Robert Lanza) ബയോസെൻട്രിസം എന്ന സിദ്ധാന്തത്തെ കുറിച്ച് വായിച്ചറിയാൻ കഴിഞ്ഞു. അദ്ദേഹം സ്ഥാപിച്ചത് ആത്മാവ് ഉണ്ടെന്നുതന്നെയാണ്.
- അങ്ങനെയാണെങ്കിൽ വെള്ളിയാങ്കല്ലിൽ ആത്മാവുകൾ തുമ്പികളായി പറക്കുന്നുണ്ടാകും. ആ സങ്കൽപം ഇനിയാർക്കും ചോദ്യം ചെയ്യാൻ കഴിയില്ല.
എന്നാൽ അദ്ദേഹത്തിൻറെ പ്രസ്താവത്തെ ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. കുറഞ്ഞപക്ഷം അത് വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു. മേൽ പറഞ്ഞ മൂന്നു കാര്യങ്ങളിലൂടെ നമുക്ക് അന്വേഷണം നടത്താം.
ഒന്ന് : ശാസ്ത്രത്തെ നാം അംഗീകരിക്കുന്നത് ഏതെങ്കിലും വിശ്വാസത്തിൻറെ അടിസ്ഥാനത്തിലല്ല. ലോകത്താർക്കും ശാസ്ത്ര തത്വങ്ങളെ അവിശ്വസിക്കാം, തള്ളിക്കളയാം. അതുകൊണ്ട് സയൻസ് അസത്യമാകുന്നില്ല; ശാസ്ത്ര തത്വങ്ങൾ തെറ്റുന്നുമില്ല. വിശ്വാസം സയൻസ് എന്ന അന്വേഷണ വഴികളുമായി യോജിക്കുന്നില്ല. നമ്മുടെ ഭൂമി ഒന്നാംതരം പലക പോലെ പരന്നതാണെന്ന് ഏതാനും നൂറ്റാണ്ടുകൾക്ക് മുമ്പ് വരെ വിശ്വസിച്ചിരുന്നു. എന്നിട്ടും ഭൂമി പരന്നില്ലെല്ലോ. അപ്പോൾ വിശ്വാസം വേറെ, തെളിവുകൾ വേറെ. വിശ്വാസത്തിൻറെ പേരിൽ ആരെയെങ്കിലും ആകർഷിക്കുക സയൻസിൻ്റെ രീതിയുമല്ല. ഭരണഘടനയുടെ സെക്ഷൻ 51 (A)h അനുസരിച്ച്, “to develop the scientific temper, humanism and the spirit of inquiry and reform” എന്നത് നമ്മുടെ മൗലിക കടമയാണ്. വിശ്വാസത്തിൻ്റെ പേരിൽ നാമെടുക്കുന്ന നിലപാടുകൾ ഇതിന് വിരുദ്ധമാകാൻ പാടുള്ളതല്ല. സാമൂഹികാഭിപ്രായത്തിന്മേൽ സ്വാധീനം ചെലുത്താൻ കഴിവുള്ളവർ നിലപാടുകളിൽ കൂടുതൽ കൃത്യത വരുത്തുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.
രണ്ട് : റോബർട്ട് ലാൻസ ഗവേഷകൻ തന്നെയാണ്. അദ്ദേഹത്തിൻറെ ഗവേഷണ താല്പര്യം മൂലകോശം, ക്ലോണിങ്ങ്, റെറ്റിനയിൽ മാക്യുലയിൽ സംഭവിക്കുന്ന കോശശോഷണം, എന്നിവയും ഉൾപ്പെടുന്നു. ബ്രിട്ടാനിക്ക അദ്ദേഹത്തെപ്പറ്റി ഇപ്രകാരം പറയുന്നു, “In 2002 he and colleagues produced the first clone of a human embryo. He later helped generate human ES cells from single blastomeres—cells produced through cleavage of the fertilized egg prior to embryo formation—potentially circumventing the issue of embryo destruction.” അദ്ദേഹത്തിൻറെ ഗവേഷണ താത്പര്യങ്ങളല്ല നമ്മുടെ ചർച്ചാവിഷയം. അദ്ദേഹം ആത്മാവ് ഉണ്ടെന്നു തെളിയിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. എങ്കിൽ അതിനുത്തരം ഒന്നേയുള്ളു, ‘ഇല്ല’. അദ്ദേഹം രചിച്ച ഒരു ലേഖനം ഇതാണ്. ‘Does the Soul Exist? Evidence Says ‘Yes’ (ലേഖനം ഇവിടെ വായിക്കാം)
ആത്മാവ് എന്നൊന്നുണ്ട് എന്ന് പറഞ്ഞിട്ട് ലേഖനത്തിൽ ഒരിടത്തും അതിൻറെ കണ്ടെത്തൽ വിശദീകരിക്കുന്നില്ല. ഏറ്റവും അടുത്തെത്തുന്നത്, ഒരു പ്രസ്താവമാണ്: 430 പരമാണുകൾ ഉള്ള തന്മാത്രപോലും ക്വാണ്ടം പെരുമാറ്റം കാണിക്കുന്നുവത്രെ! മനുഷ്യ ശരീരത്തിൽ ഇതിനേക്കാൾ സങ്കീർണമായ എത്രയോ തന്മാത്രകളാണ് ഉള്ളത്? ഇതൊന്നും സയൻസ് ജേണലുകളിലല്ല പ്രസിദ്ധീകരിച്ചത്, ചില ജനപ്രിയ പ്രസിദ്ധീകരണങ്ങളിൽ പൊതുവായനക്കാരുടെ ശ്രദ്ധയാകർഷിക്കും വിധം തയ്യാറാക്കപ്പെട്ടതാണ് ലേഖനങ്ങൾ. ചില തന്മാത്രകൾ (430 ആറ്റങ്ങൾ ഉള്ളവ) ക്വാണ്ടം സ്വഭാവം കാണിക്കുമെന്ന് ഫിസിക്സ് ലാബ് പരീക്ഷണത്തെ കുറിച്ചു പറഞ്ഞശേഷം തന്റെ വാദത്തെ പിന്താങ്ങാൻ കണ്ടെത്തിയത് ഇമ്മാനുവേൽ കാന്റ്, വിൽ ഡ്യൂറന്റ് എന്നിവരെയാണ്.
ബയോസെൻട്രിസം (Biocentrism – Robert Lanza with Bob Bermann: BenBella books, US, 2009) എന്ന പുസ്തകമാണ് അടുത്തകാലത്ത് അദ്ദേഹത്തിൻ്റേതായി, ആത്മീയവാദികൾക്കിടയിൽ നല്ല പ്രചാരം കിട്ടിവരുന്നത്. ബയോസെൻട്രിസം 1970 ൽ പരിസ്ഥിതി ശാസ്ത്രജ്ഞനായ റിച്ചാർഡ് സിൽവൻ മുന്നോട്ടു വെച്ച പ്രകൃതിസൗഹൃദ ആശയമാണ്. ഫിസിക്‌സും ബിയോളജിയും കൂട്ടിച്ചേർത്ത് മറ്റൊരു കാഴ്ചപ്പാട് സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് ലാൻസ. ക്വാണ്ടം മെക്കാനിക്സിൽ നിരീക്ഷകനും പ്രതിഭാസവും കെട്ടുപിണഞ്ഞ അവസ്ഥയാണ് അദ്ദേഹം തൻ്റെ പ്രപഞ്ചവീക്ഷണത്തിനായി ഉപയോഗിക്കുന്നത്.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, നമ്മുടെ ബോധം, പ്രജ്ഞ എന്നിവകൊണ്ടാണ് നാം പ്രപഞ്ചത്തെ കാണുകയും അനുഭവിക്കുകയും ചെയ്യുന്നത്. അതുകൊണ്ട്, നമ്മുടെ പ്രജ്ഞ (consciousness) സങ്കല്പിക്കുന്ന നിയമങ്ങൾ അനുസരിച്ചാണത്രേ പ്രപഞ്ച (cosmos/ universe) വർത്തമാനങ്ങൾ നടക്കുന്നത്. ഇതിനെന്താണ് തെളിവ് എന്ന് നമുക്ക് ചോദിക്കാം. ഭാവിയിൽ പുതിയ പരീക്ഷണങ്ങൾ നടക്കുമ്പോൾ അതെല്ലാം ഉണ്ടായിക്കൊള്ളും എന്നാണ് അദ്ദേഹത്തിൻ്റെ ഉറപ്പ്. ചില ശാസ്ത്രജ്ഞരും ദീപക് ചോപ്ര പോലുള്ള ആത്മീയവാദികളും ഇതോടൊപ്പം കൂടുന്നുണ്ട്. ശക്തമായ എതിർപ്പുകൾ ലാൻസയുടെ കാഴ്ചപ്പാടുകൾക്കെതിരെ വന്നിട്ടുണ്ട്. ഉദാഹരണങ്ങൾ താഴെക്കൊടുക്കുന്നു.
- Biocentrism Pseudoscience; by Steven Novella )
- Sam Woolfe രചിച്ച Biocentrism: Robert Lanza’s Controversial View of the Universe
പുസ്തകം പ്രസിദ്ധീകരിച്ച ബെൻബല ബുക്സിനെക്കൂടി (BebBella Books) ഒന്ന് ശ്രദ്ധിക്കണേ.. വെൽനെസ്സ്, വീഗനിസം മുതലായവയാണ് അവരുടെ ഇഷ്ട മേഖലകൾ. വളരെ കുറച്ചു പുസ്തകങ്ങൾ മാത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്; അതും എഴുത്തുകാർ കൂടി പങ്കാളിത്തം ഉള്ള രീതിയിലാണ് പുസ്തകങ്ങൾ പുറത്തുവരുന്നത്. അവരുടെ ശക്തി വിപണനത്തിലാണെന്ന് അവർ തന്നെ പറയുന്നു.
മൂന്ന് : ഇനി മൂന്നാമത്തെ വാദം കൂടി പരിഗണിക്കാം. എം മുകുന്ദൻ പറയുന്നത് ഇതാണ് “ആത്മാവ് ഉണ്ട് എങ്കിൽ വെള്ളിയാങ്കല്ലിൽ ആത്മാക്കൾ തുമ്പികളായി പറക്കുന്നുണ്ടാകും!” ആത്മാവ് ഉണ്ടെന്ന തെളിവു തന്നെയില്ലല്ലോ; ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ ആത്മാവ് തുമ്പികൾ ആകുമെന്നെവിടെ പറയുന്നു? എങ്കിൽ മറ്റു ജീവികളും ആയിക്കൂടെ, കൊതുക്, സിംഹം, ദിനോസർ എന്നിങ്ങനെ? ആത്മാവിന് മറ്റൊരു ജീവിയാകാമെങ്കിൽ വംശനാശം വന്ന മറ്റുജീവികളാകാൻ തടസ്സമെന്ത്? അവയുടെ ആത്മാക്കളും സ്റ്റോക്ക് ഉണ്ടാകണമല്ലോ. 1900 ലെ ലോകജനസംഖ്യ 160 കോടിയായിരുന്നു; ഇന്നത് 800 കോടി ആയിട്ടുണ്ട്. അത്രയും ആത്മാക്കൾകൂടി തുമ്പികളായെങ്കിൽ എന്താകും സ്ഥിതി – ഇതുവരെ മരിച്ചവരെയും ഇനി മരിക്കാനുള്ളവരെയും ചേർത്താൽ…
അല്ല.. പറയാനിത്രയേയുള്ളൂ.. ശാസ്ത്രം വാചകമേളയ്ക്ക് പറ്റിയ വിഷയമല്ല.. അതിനെ വെറുതേ വിട്ടുകൂടേ?