പത്തോളജിസ്റ്റ്, റിട്ട. പ്രൊഫസർ. ഗവ.മെഡിക്കൽ കോളേജ്, കോഴിക്കോട്
ലൂക്ക എഡിറ്റോറിയൽ ബോർഡംഗം
മാനവരുടെ മുതുമുത്തശ്ശി ലൂസിയെ കണ്ടെത്തിയിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു. നാമെല്ലാം ആഘോഷിക്കേണ്ട ഒരു സുവർണ ജൂബിലി. ഡോ. കെ.പി.അരവിന്ദൻ എഴുതുന്ന പരിണാമ വിശേഷങ്ങൾ പംക്തി
1974 നവംബർ 24. കൃത്യം അൻപത് വർഷം മുൻപത്തെ കഥയാണിത്. മുപ്പത്തിയൊന്നുകാരനായ സ്വീഡിഷ് അമേരിക്കൻ പുരാജീവി ശാസ്ത്രജ്ഞൻ ഡൊണാൾഡ് ജൊഹാൻസൺ ആണ് നായകൻ. വടക്കു കിഴക്കൻ ആഫ്രിക്കയിലെ എത്ത്യോപ്പിയയിലെ അഫാർ പ്രദേശം. മരുഭൂമി സമാനമായ വരണ്ട ഈ പ്രദേശം പുരാജീവികളുടെ നിരവധി ഫോസ്സിലുകളാൽ സമ്പന്നമാണെന്ന് മുൻപ് രണ്ടു തവണ ഇവിടെ വന്ന അനുഭവം കൊണ്ട് ജൊഹാൻസൺ മനസ്സിലാക്കിയിരുന്നു. ഇത്തവണ ജൊഹാൻസൺ വന്നത് സ്വന്തമായി ഒരു ടീമിനെ നയിച്ചുകൊണ്ടാണ്. മനുഷ്യ പൂർവികരുടെ ഫോസ്സിലുകൾ തേടിയായിരുന്നു ഈ വരവ്.
ചാൾസ് ഡാർവിൻ ഊഹിച്ചിരുന്നത് മനുഷ്യവർഗ്ഗത്തിന്റെ ഉത്ഭവം ആഫ്രിക്കയിൽ ആയിരുന്നെന്നാണ്. പക്ഷെ, പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പിലും പിന്നീട് ഏഷ്യയിലുമാണ് പുരാതന മനുഷ്യവർഗ്ഗ ഫോസ്സിലുകൾ ആദ്യമായി കണ്ടെത്തിയത് – യൂറോപ്പിൽ നിയാണ്ടർതാലുകളുടേയും ഏഷ്യയിൽ ഹോമോ ഇറക്ടിസിൻ്റെയും. ആധുനിക മനുഷ്യൻ്റെ ഉത്ഭവം യൂറോപ്പിലോ ഏഷ്യയിലോ ആയിരിന്നിരിക്കാമെന്ന അഭ്യൂഹം ഇതുവഴി ഉണ്ടായി. എന്നാൽ കൃത്യം 100 വർഷം മുൻപ്, 1924ൽ റയ്മൺഡ് ഡാർട്ട് കണ്ടെത്തിയ ആസ്ട്രലോപിത്തക്കസ് ആഫ്രിക്കാനസ് ഫോസ്സിലും (ടോങ്ങ് ശിശു – Taung Child) മേരി – ലൂയീസ് ലീക്കി ദമ്പതികൾ കിഴക്കൻ ആഫ്രിക്കയിലെ ഓൾഡുവായ് പ്രദേശത്തു നിന്നു കണ്ടെത്തിയ മനുഷ്യപൂർവികരുടെ ഫോസ്സിലുകളും (പാരാന്ത്രോപ്പസ് മുതലായവ) വീണ്ടും ആഫ്രിക്കയിലേക്ക് ശ്രദ്ധ തിരിച്ചുവിട്ടു. മാത്രമല്ല, ഇവരുടെയൊക്കെ ഗവേഷണഫലമായി പുരാജീവിശാസ്ത്രവും മനുഷ്യപൂർവികരുടെ ഫോസ്സിലുകൾ കണ്ടെത്തുന്നതുമൊക്കെ വീണ്ടും ഫാഷനായിത്തീരുകയും ചെയ്തു. അങ്ങനെയാണ് ഡോണാൾഡ് ജൊഹാൻസൺ എത്യോപ്യയിൽ എത്തിപ്പെടുന്നത്.
അന്ന് അതിരാവിലെ തന്നെ താമസസ്ഥലത്തുനിന്ന് തന്റെ റിസർച്ച് അസിസ്റ്റൻറ് ആയ ടോം ഗ്രേയുമൊത്ത് ജൊഹാൻസൺ ഖനനപ്രദേശത്ത് എത്തിച്ചേർന്നു. മരുഭൂവിൽ ചൂട് പിടിക്കുന്നതിനു മുൻപ് പരമാവധി തിരച്ചിൽ നടത്തി തിരിച്ച് ക്യാമ്പിൽ എത്തുകയായിരുന്നു ലക്ഷ്യം. പതിവുപോലെ മാൻ, പന്നി, കുരങ്ങുകൾ എന്നിവയുടെയൊക്കെ ഏതാനും ഫോസ്സിലുകൾ കണ്ടെത്തി. ഇന്നിനി പുതുതായി ഒന്നും ഉണ്ടാകില്ലെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് കണ്ണിൻറെ കോണിലൂടെ ജൊഹാൻസൺ അത് കാണുന്നത്. രണ്ടിഞ്ചോളം വലുപ്പമുള്ള ഒരു എല്ലിൻ കഷണം. കയ്യിലെ രണ്ട് എല്ലുകളിൽ ഒന്നായ അൾനയുടെ കൈമുട്ടിനടുത്തുള്ള ഭാഗമാണതെന്ന് മനസ്സിലായി. കുരങ്ങുകളുടെ എല്ലുമായി സാമ്യമുണ്ടെങ്കിലും അതല്ല എന്ന് വ്യക്തമായിരുന്നു. ഇതിനി മനുഷ്യപൂർവ്വികരായ ഹോമിനിനുകളുടെ ഫോസ്സിൽ ആണോ? ഒരു മിന്നൽപിണർ പോലെ ഈ ചിന്ത ജൊഹാൻസന്റെ മനസ്സിൽ എത്തി. പതഞ്ഞു പൊങ്ങുന്ന ആവേശം അടക്കാൻ ശ്രമിച്ചുകൊണ്ട് ചുറ്റും നോക്കി. ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ജൊഹാൻസനും ഗ്രേയും അതേ നിറത്തിലും അതേ കാലപ്പഴക്കം തോന്നിക്കുന്നതുമായ മറ്റ് എല്ലുകൾ കണ്ടെത്തി. താടിയെല്ലും തലയോട്ടിയുടെ ഭാഗവും കൈകാലുകളിലെ എല്ലുകളും എല്ലാം ഇതിൽ ഉൾപ്പെട്ടിരുന്നു. കൂടുതൽ നോക്കുംതോറും ഒരു കാര്യം ഉറപ്പായി. ഇത് ഹോമിനിൻ ഫോസ്സിലുകൾ തന്നെ. (മറ്റ് ആൾക്കുരങ്ങകളിലേക്കുള്ള വഴിയിൽ നിന്ന് പിരിഞ്ഞ് മനുഷ്യനിലേക്കുള്ള പാതയിൽ പെട്ട ജീവികളെയാണ് ഹോമിനിൻ എന്ന് വിളിക്കുന്നത്).
ആദ്യം കണ്ടെത്തിയ കൈമുട്ടിന്റെ എല്ലും, താടിയെല്ലിന്റെ കഷണവും പൊതിഞ്ഞെടുത്ത് അവർ ക്യാമ്പിലേക്ക് തിരിച്ചു. അവിടെയുള്ള സഹപ്രവർത്തകരെ അവ കാണിച്ചു. ഭൂരിപക്ഷാഭിപ്രായം ഇവ ഫോമിനിൻ ഫോസ്സിലുകൾ ആണ് എന്നത് തന്നെയായിരുന്നു. എല്ലാവരും കൂടെ ഉടൻ ഖനനപ്രദേശത്തേക്ക് തിരിച്ചു. കൂടുതൽ എല്ലുകൾ അവിടെ നിന്ന് കിട്ടി. എല്ലാ എല്ലുകളും ഒരു വ്യക്തിയുടേത് തന്നെയാണെന്ന പ്രാരംഭ നിഗമനത്തിലാണ് അവർ എത്തിയത്. അന്ന് വൈകുന്നേരം തിരിച്ചു ക്യാമ്പിൽ എത്തി, ഉള്ള എല്ലുകളെല്ലാം ശരീരഭാഗങ്ങളുടെ ക്രമത്തിൽ നിരത്തിവച്ചു. എല്ലാ സംശയങ്ങളും നീങ്ങുന്നതായിരുന്നു ആ കാഴ്ച! കൈകളും കാലുകളും ഇടുപ്പുമെല്ലാം ഇരുകാലിൽ നടക്കുന്ന ഹോമിനിനുകളുടെ മാതിരി തന്നെ! ആകെയുള്ള സൈസ് ഏതാണ്ട് മൂന്നര അടിയോളം മാത്രമുള്ളതു കൊണ്ട് ഇതൊരു പെണ്ണിൻ്റെ അവശിഷ്ടമായിരിക്കും എന്നുമവർ അനുമാനിച്ചു. നൂറ്റാണ്ടിലെ ഏറ്റവും വലിയ ഫോസ്സിൽ കണ്ടെത്തലാണ് തങ്ങൾ നടത്തിയിരിക്കുന്നതെന്ന ബോധം പതുക്കെ എല്ലാവരിലേക്കും പടർന്നു.
അന്ന് ആഘോഷത്തിന്റെ രാത്രിയായിരുന്നു. റോസ്റ്റ് ചെയ്ത ആട്ടിറച്ചിയും ഉരുളക്കിഴങ്ങും എത്യോപ്പിയൻ ബിയറും കഴിച്ചുകൊണ്ടവർ പുതിയ കണ്ടുപിടുത്തത്തിൻ്റെ പ്രാധാന്യമെന്തായിരിക്കുമെന്ന് ചർച്ച ചെയ്തു. ആ സമയം റേഡിയോവിലൂടെ ബീറ്റിൽസിൻ്റെ വിഖ്യാതമായ ‘ലൂസി ഇൻ ദി സ്കൈ വിത്ത് ഡയ്മണ്ട്സ്’ എന്ന ഗാനം പാടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഈ യാത്രയിൽ ഡൊണാൾഡ് ജൊഹാൻസൻ്റെ കൂടെ വന്ന അദ്ദേഹത്തിൻ്റെ ഗേൾഫ്രണ്ട് പമീല ആൽഡർമാൻ പെട്ടെന്ന് പറഞ്ഞു ‘നമുക്കിവളെ ലൂസി എന്നു വിളിച്ചാലോ’ എന്ന്. പിന്നീടങ്ങോട്ട് എല്ലാവരും തങ്ങളുടെ ഈ പുതിയ പഴമക്കാരിയെ ലൂസി എന്നു വിളിക്കാൻ തുടങ്ങി.
സാങ്കേതികമായി ഈ ഫോസ്സിലിന് കൊടുത്ത നാമം AL 288-1 (Afar locality 288-1) എന്നായിരുന്നു. എത്യോപ്പിയക്കാർ അഭിമാനത്തോടെ തങ്ങളുടെ പൂർവികയ്ക്ക് നൽകിയ പേര് ഡിങ്കിനേഷ് (Dinkʼinesh) എന്നായിരുന്നു. “നീ വിശിഷ്ടയാണ്” എന്നായിരുന്നു അതിൻ്റെ അർത്ഥം. കൂടാതെ, അഫാർ പ്രദേശത്ത് അവരുടെ ഭാഷയിൽ “അവൾ സവിശേഷയാണ് – She is special” എന്ന് അർത്ഥം വരുന്ന ‘ഹീലോമാലി’ (Heelomali) എന്ന പേ രും നൽകി. ഇതൊക്കെയാണെങ്കിലും ലോകം മുഴുവൻ ആദ്യം നൽകിയ ‘ലൂസി’ എന്ന പേരിൽ തന്നെയാണ് ഇവൾ ഇന്നും വ്യാപകമായി അറിയപ്പെടുന്നത്.
പ്രാഥമിക നിഗമനങ്ങൾ
അന്ന് കണ്ടെത്തിയ എല്ലുകളെല്ലാം ഒരു വ്യക്തിയുടേതായിരുന്നു എന്ന് കരുതാൻ പല കാരണങ്ങൾ ഉണ്ടായിരുന്നു. നേരത്തെ പറഞ്ഞിരുന്നതുപോലെ അവയെല്ലാം തന്നെ ഒരേ നിറവും കാലപ്പഴക്കവും ഉള്ളവ ആയിരുന്നു എന്നത് ഒരു കാര്യം. മറ്റൊന്ന് ഒരു എല്ലും ഒന്നിലധികം കണ്ടെത്തിയില്ല എന്നത്.
കണ്ടെത്തിയ വ്യക്തി ആണോ പെണ്ണോ എന്നുള്ളതായിരുന്നു മറ്റൊരു പ്രശ്നം. ആണും പെണ്ണും തമ്മിലുള്ള വലുപ്പവ്യത്യാസത്തിന് സെക്ഷ്വൽ ഡൈമോർഫിസം (Sexual dimorphism) എന്നാണ് പറയുക. ഗോറില്ലകൾ പോലുള്ള ജീവികളിൽ ആണും പെണ്ണും തമ്മിൽ വളരെ വലിയ വലുപ്പവ്യത്യാസമുണ്ട്. എന്നാൽ മനുഷ്യനിൽ ഈ വ്യത്യാസം താരതമ്യേന കുറവാണ്. ജോഹാൻസന്റെ അഭിപ്രായം ലൂസിയുടെ സ്പീഷീസിൽ വലുപ്പവ്യത്യാസം ഗോറില്ലകളുടെ മാതിരി കൂടുതലാണെന്നും അതിനാൽ ഈ ചെറിയ സ്പെസിമെൻ ഒരു പെണ്ണിൻ്റേതായിരിക്കും എന്നായിരുന്നു. വലുപ്പം കുറവായതുകൊണ്ട് ഇതൊരു കുട്ടിയായിക്കൂടെ എന്ന സംശയവും ന്യായമായി ഉയരാവുന്നതാണ്. പക്ഷെ ചില എല്ലുകൾ തമ്മിൽ തമ്മിൽ കൂടിയത് കൗമാരം പിന്നിട്ട വ്യക്തിയായിരുന്നു ഇതെന്നതിൻ്റെ ലക്ഷണമായിരുന്നു.
ലൂസിയുടെ ശരീരഘടനയിൽ മനുഷ്യന്റേതും അതുപോലെ മറ്റ് ആൾകുരങ്ങുകളുടെതുമായി സമാനതകൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, ചിമ്പാൻസികളുടെതുപോലെ കയ്യുകൾ കാലുകളേക്കാൾ നീളം കൂടിയതായിരുന്നു. ഒരുപക്ഷേ, ഇത് ഭാഗികമായെങ്കിലും മരത്തിൽ സമയം ചെലവഴിച്ചതിന്റെ ലക്ഷണമായിരുന്നിരിക്കണം. അതേസമയം, കാൽമുട്ടുകളുടെയും ഇടുപ്പിന്റേയും ഘടന കൂടുതൽ മനുഷ്യ സമാനമായിരുന്നു. വ്യക്തമായും ഇരുകാലുകളിൽ നടന്നിരുന്നതിന്റെ സൂചനയായിരുന്നു അത് നൽകിയത്.
ലൂസിയുടെ വർഗീകരണവും മനുഷ്യപരിണാമത്തിലെ സ്ഥാനവും
ലൂസിയുടെ കണ്ടുപിടുത്തത്തിന് മുൻപ് റയ്‌മണ്ട് ഡാർട്ട് കണ്ടെത്തിയിരുന്ന ടോങ്ങ് ശിശുവിന്റെ അസ്ഥികൾ 23 മുതൽ 28 ലക്ഷം വർഷം വരെ പഴക്കമുള്ളതാണെന്നാണ് കരുതിയിരുന്നത്. ലൂസിയുടെ ഫോസ്സിൽ കണ്ടെത്തിയ ഭാഗത്തുള്ള അഗ്നിപർവത ലാവയുടെ പാറകൾ പൊട്ടാഷ്യം-ആർഗൺ കാലഗണന വെച്ച് പരിശോധിച്ചപ്പോൾ അവ 32 ലക്ഷം വർഷം മുൻപുള്ളതാണെന്ന് സ്ഥാപിക്കാൻ സാധിച്ചു. ഇതോടെ ആഫ്രിക്കയിൽ നിന്ന് അതുവരെ കണ്ടെടുത്ത ഏറ്റവും പുരാതനമായ ഫോസ്സിലാണ് ലൂസിയുടെതെന്ന് മനസ്സിലായി.
ലൂസിയെ കണ്ടെത്തിയ അതേ വർഷം തന്നെ മേരി ലീക്കി ടാൻസാനിയയിലെ ലൈറ്റോളി (Laetoli) എന്ന പ്രദേശത്ത് ലാവയിൽ ഉറച്ചുപോയ ഇരുകാലിൽ നടക്കുന്ന ഹോമിനിൻ കാൽപ്പാടുകൾ കണ്ടെത്തി. മുപ്പത്താറു ലക്ഷം വർഷമാണ് അതിന്റെ പഴക്കം കണക്കാക്കപ്പെട്ടത്. ലൂസിയുടെ അതേ ജനുസ്സിൽ പെട്ട ജീവിയാണിതെന്ന് അനുമാനിക്കപ്പെട്ടു. 1975ൽ അഫാറിലെ ഹദാർ എന്ന പ്രദേശത്ത് നിന്ന് ജോഹാൺസനും കൂട്ടരും എ ണ്ണൂറോളം ഹോമിനിൻ ഫോസ്സിൽ എല്ലുകൾ കണ്ടെത്തി. ഇവ മുതിർന്നവരും കുട്ടികളും അടങ്ങുന്ന പതിമൂന്ന് വ്യക്തികളുടേതാണെന്ന് തിരിച്ചറിഞ്ഞു. മുപ്പത്തിരണ്ടു ലക്ഷം വർഷം മുൻപുള്ള ഈ ഫോസ്സിലുകളുടെ ഘടന ലൂസിയുടേത് തന്നെ ആയിരുന്നു. AL-333 എന്ന പേരിലാണ് ഈ ഫോസ്സിലുകൾ ഇന്ന് അറിയപ്പെടുന്നത്. 30-40 ലക്ഷം വർഷം മുൻപുള്ള നീണ്ട കാലയളവിൽ ജീവിച്ചിരുന്ന, ലൂസി അടങ്ങുന്ന, ഈ സ്പീഷീസിനെ 1978ൽ അസ്ട്രലോപിത്തക്കസ് അഫറൻസിസ് (Australopithecus afarensis) എന്ന് നാമകരണം ചെയ്യപ്പെട്ടു.
അഫാറിലെ ഡിക്കിക്ക പ്രദേശത്തു നിന്ന് സെരെസെനേ അലംസെഗദും (Zeresenay Alemseged) കൂട്ടരും ഏതാണ്ട് പൂർണമായ മറ്റൊരു ആസ്ട്രേലോപിത്തക്കസ് അഫാറൻസിസ് ഫോസ്സിൽ കണ്ടെത്തി. അതൊരു മൂന്നു വയസ്സുള്ള കുട്ടിയുടേതായിരുന്നു. സെലാം (ശാന്തി – Peace) എന്ന പേരിട്ട ഈ ഫോസ്സിലിനെ ചിലർ ലൂസിയുടെ കുഞ്ഞ് എന്നും വിളിച്ചു. പക്ഷെ, ഈ ഫോസ്സിൽ യഥാർത്ഥത്തിൽ ലൂസിയേക്കാൾ ഒരു ലക്ഷം വർഷമെങ്കിലും പഴക്കക്കൂടുതൽ ഉള്ളതായിരുന്നു. സെലാമിന്റെ പ്രാധാന്യം ഹോമിനിനുകൾക്ക് ആൾക്കുരങ്ങുകളെ അപേക്ഷിച്ച് പതുക്കെ വളർച്ചയെത്തുന്ന ബാല്യം ഉണ്ടായിരുന്നു എന്നതിൻ്റെ തെളിവുകൾ ലഭിച്ചു എന്നതാണ്. ഇക്കാര്യത്തിൽ അവർ കൂടുതൽ മനുഷ്യസമാനരായിരുന്നു.
മനുഷ്യനിലേക്ക് നയിച്ച നമ്മുടെ പൂർവികരുടെ നേർനിരയിൽ ഏതാണ്ട് ആദ്യമായി ലൂസിയുടെ കൂട്ടരാണോ ഉണ്ടായിരുന്നത്? ഇതിൻ്റെ ഉത്തരം എളുപ്പമല്ല. ലൂസിയുടെ സ്പീഷ്യസ് ആയ അസ്ട്രലോപിത്തക്കസ് അഫറൻസിസിനേക്കാൾ പഴക്കമുള്ള ജീവി വർഗ്ഗങ്ങളുടെ ഫോസ്സിലുകൾ ഇപ്പോൾ ലഭ്യമായിട്ടുണ്ട്. ഉദാഹരണത്തിന്, ലൂസിയുടെ കാലഘട്ടത്തിന് തൊട്ടുമുൻപായി ജീവിച്ചിരുന്ന അസ്ട്രലോപിത്തക്കസ് അനാമെൻസിസ് (Australopithecus anamensis). അതിലും മുൻപ് ഇരുകാലിൽ നടന്നിരുന്ന, ഒറോറിൻ ടുഗെനെൻസിസ് (Orrorin tugenensis) സഹേലാന്ത്രോപ്പസ് ചാഡെൻസിസ് (Sahelanthropus tchadensis) മുതലായവ 60 മുതൽ 70 ലക്ഷം വർഷം മുൻപ് ജീവിച്ചിരുന്നവയായിരുന്നു. അതായത്, ഏതാണ്ട് മനുഷ്യവംശമായ ഹോമിനിനുകളും ആൾക്കുരങ്ങുകളും വേർപിരിയുന്ന ഘട്ടത്തിൽ. ഇതൊക്കെയാണെങ്കിലും ഇന്ന് ലഭ്യമായ ഫോസ്സിലുകളിൽ മനുഷ്യവംശമായ ഹോമോയുടെ നേർപൂർവിക സ്ഥാനത്തിന് ഏറ്റവും അനുയോജ്യമായ ജീവി ലൂസിയുടെ വംശം തന്നെയാണെന്ന് ഇന്നും പരക്കെ വിശ്വസിക്കപ്പെടുന്നു.
ലൂസിയുടെ പ്രാധാന്യം
ഒരുപക്ഷേ ലൂസിയുടെ ഏറ്റവും വലിയ പ്രാധാന്യം മനുഷ്യ പരിണാമം എങ്ങനെ നടന്നു എന്നതിലേക്ക് അത് വെളിച്ചം വീശുന്നു എന്നതാണ്. ഡാർവിന്റെ കാലം മുതൽ തന്നെ ഉണ്ടായിരുന്ന ഒരു പ്രബല ചിന്താഗതി, തലച്ചോറിന്റെ പടിപടിയായുള്ള വികാസം തെരഞ്ഞെടുക്കപ്പെട്ടതാണ് അന്തിമമായി മനുഷ്യനിലേക്ക് നയിച്ചത് എന്നായിരുന്നു. എന്നാൽ ഒരു ചിമ്പാൻസിയെക്കാൾ വളരെ കുറച്ചു മാത്രം തൂക്കക്കൂടുതലുള്ള തലച്ചോറാണ് ലൂസിക്ക് ഉണ്ടായിരുന്നത്. അതായത്, ഇരുകാലിൽ നടക്കാനുള്ള ശേഷി നേടിയപ്പോഴും തലച്ചോറ് വികാസം പ്രാപിച്ചിരുന്നില്ല എന്നതായിരുന്നു വസ്തുത. അപ്പോൾ, ഇരുകാലിൽ നിൽക്കാനുള്ള ശേഷി നേടിയ ലൂസിയുടെ പിന്മുറക്കാരിൽ തലച്ചോറ് വികാസം പ്രാപിച്ചപ്പോൾ ഇരുകാലികൾ അല്ലാതിരുന്ന ആൾക്കുരങ്ങുകളിൽ അതുണ്ടായില്ല. കൈകൾ സ്വതന്ത്രമായതും അതിൻ്റെ ഉപയോഗം കൂടുതൽ കൂടുതൽ മെച്ചപ്പെട്ട ഉപകരണങ്ങളിലേക്ക് നയിക്കുന്നതുമെല്ലാം തലച്ചോറിൻ്റെ വലുപ്പവും ശേഷിയും പ്രകൃതി തെരഞ്ഞെടുക്കുന്നതിലേക്ക് നയിക്കുകയായിരുന്നു.
ഇതു മാത്രമല്ല ലൂസിയുടെ പ്രാധാന്യം. മനുഷ്യപരിണാമത്തിൻ്റെ പഠനചരിത്രത്തിൽ ഏറ്റവും ജനശ്രദ്ധയാകർഷിച്ച ഫോസ്സിൽ ഏതെന്ന് ചോദിച്ചാൽ അതിന് ഒരേയൊരു ഉത്തരമേയുള്ളൂ – ലൂസി. മനുഷ്യൻ്റെ ഉത്ഭവത്തേപ്പറ്റി ലോകത്ത് പല ഭാഗങ്ങളിലായി ഉണ്ടായിരുന്ന അനേകായിരം ഐതീഹ്യകഥകൾക്കു പകരം, പ്രകൃതിയിലെ നമ്മുടെ സ്ഥാനത്തെപ്പറ്റിയും നമ്മൾ ഉണ്ടായി വന്നതെങ്ങിനെയെന്നുമുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സയൻസ് അനാവരണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ സുപ്രധാന അറിവുകൾ വ്യാപകമായി പ്രചരിക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല അംബാസഡർ ആണ് നമ്മുടെയെല്ലാം മുതുമുത്തശ്ശിയായ ലൂസി.
ഡൊണാൾഡ് ജൊഹാൻസന്റെ പ്രസിദ്ധമായ ഫോസ്സിലിന് ലൂസി എന്ന പേര് വന്നത് ബീറ്റിൽസിന്റെ പാട്ടിൽ നിന്നാണെന്ന് പറഞ്ഞിരുന്നല്ലോ. അതിനു പിന്നിൽ മറ്റൊരു കഥയും മറ്റൊരു യഥാർത്ഥ ലൂസിയുമുണ്ട്.
ബീറ്റിൽസിന്റെ ഈ പാട്ട് എഴുതിയ ജോൺ ലെനണിന്റെ നാലു വയസ്സുള്ള മകൻ ജൂലിയന്റെ കൂട്ടുകാരി ആയിരുന്നു ലൂസി വെഡോൺ. ഒരു ദിവസം ജൂലിയൻ ‘ലൂസി ആകാശത്തിൽ വജ്രങ്ങളുമായി’ (Lucy in the sky with diamonds) എന്ന് പേരിട്ട ഒരു ചിത്രം വരച്ച് വീട്ടിൽ കൊണ്ടുവന്നു. അച്ഛനായ ജോണിന് ഈ പാട്ടെഴുതാനുണ്ടായ പ്രചോദനമതായിരുന്നു. 32 ലക്ഷം വർഷം മുൻപ് ജീവിച്ചിരുന്ന നമ്മുടെ മുതുമുത്തശ്ശിയ്ക്ക് ആ പേര് വീഴാൻ ഇടയായതും അതു തന്നെ.
യഥാർത്ഥ ലൂസി തന്റെ ചെറുപ്പത്തിൽ തന്നെ പിടിപെട്ട സിസ്റ്റമിക് ലൂപ്പസ് എരിത്തിമറ്റോസസ് എന്ന രോഗവുമായി മല്ലിട്ട് തൻ്റെ നാൽപ്പത്തിയാറാം വയസ്സിൽ രോഗത്തിന് കീഴടങ്ങി. ജൂലിയൻ ലെനൺ ഇന്നും തൻ്റെ നഴ്സറി കൂട്ടുകാരിയുടെ ഓർമ നില നിർത്താൻ ലൂപ്പസ് രോഗികൾക്കു വേണ്ടി നില കൊള്ളുന്ന ലൂപ്പസ് ഫൗണ്ടേഷൻ എന്ന സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
അധിക വായന
- Johanson, D. C., & Wong, K. (2010). Lucy’s legacy: the quest for human origins. New York, Three Rivers Press.
- Australopithecus afarensis, Lucy’s species. Natural History Musuem >>>
- Lucy: A marvelous specimen. KNowledge Project. the Nature Education. >>>
- Ann Gibbons. Lucy’s world. Was Lucy the mother of us all? Fifty years after her discovery, the 3.2-million-year-old skeleton has rivals. >>>