

കോഴ്സ് ലൂക്ക ബേസിക് അസ്ട്രോണമി കോഴ്സിന്റെ ഭാഗമായി ലൂക്ക ഈ വർഷം സംഘടിപ്പിക്കുന്ന വാന നിരീക്ഷണ ക്യാമ്പുകളിൽ ആദ്യത്തേത്ത് സിറിയസ് താരനിശ കോഴിക്കോട് പയങ്കുറ്റിമലയിൽ നടന്നു. ക്യാമ്പിൽ പങ്കെടുത്ത തൃശ്ശൂർ ജില്ലയിലെ കൂനംമൂച്ചി സെൻ്റ് തോമസ് യു.പി. സ്കൂളിലെ നിവേദ് എൻ., മന്തരത്തൂർ എം.എൽ.പി.യിലെ പ്രധാനാധ്യാപിക ഷഹനാസ് കെ.സി എന്നിവർ എഴുതുന്നു.

കോഴിക്കോട് ജില്ലയിലെ വടകര ലോകനാർക്കാവിൽ മാർച്ച് 9,10 തീയതികളിൽ ലൂക്കയും സ്മാർട്ട് കുറ്റ്യാടിയും സംയുക്തമായി നടത്തിയ വാനനിരീക്ഷണ ക്യാമ്പിൽ പങ്കെടുത്ത ഒരു വിദ്യാർത്ഥിയാണ് ഞാൻ.എനിക്ക് ഈ ക്യാമ്പ് ഒരു പുത്തൻ അനുഭവമായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ എനിക്ക് ജ്യോതിശ്ശാസ്ത്രം എന്നത് ഒരു പുതിയ പഠന മേഖലയായിരുന്നു. പാപ്പൂട്ടി മാഷിന്റെ നേതൃത്വത്തിൽ ക്യാമ്പ് അംഗങ്ങൾ നിഴൽ യന്ത്രം സ്ഥാപിച്ചാണ് പഠന പ്രവർത്തനങ്ങൾ തുടങ്ങിയത്. പാപ്പുട്ടി മാഷുടെ ആമുഖ പ്രഭാഷണം ക്യാമ്പിന്റെ മുഖ്യ ആകർഷണം ആയിരുന്നു. തുടക്കത്തിൽ സന്ദീപ് സാർ കളിയിലൂടെ ഞങ്ങളുടെ മടിയും നാണവും മാറ്റി ഊർജ്ജസ്വലരാക്കി. എംപിസി നമ്പ്യാർ സാർ വിവിധതരം ടെലസ്കോപ്പുകൾ ഞങ്ങൾക്ക് പരിചയപ്പെടുത്തി. വിപിൻ സാർ സൗരയൂഥത്തിനെ കുറിച്ചു വിശദീകരിക്കുകയും അതിൻറെ മാതൃക നിർമ്മിക്കാൻ ആവശ്യപ്പെടുകയും ഗ്രൂപ്പു തിരിഞ്ഞ് ഞങ്ങളത് തയ്യാറാക്കുകയും ചെയ്തു. വൈകുന്നേരത്തോടുകൂടി ഞങ്ങൾ പയങ്കുറ്റി മലയിലേക്ക് വാനനിരീക്ഷണത്തിനായ് പുറപ്പെട്ടു. അവിടെ വച്ച് സുധീർ ആലങ്കോട് സാറിന്റെ നേതൃത്വത്തിൽ ചിങ്ങം, വേട്ടക്കാരൻ എന്നീ രാശികളും, കാർത്തിക, രോഹിണി എന്നീ നക്ഷത്ര കൂട്ടത്തേയും തിരുവാതിര, സിറിയസ് എന്നീ നക്ഷത്രങ്ങളേയും വ്യാഴത്തേയും അതിൻ്റെ നാല് ഉപഗ്രഹങ്ങളേയും, യുറാനസിനേയും ഞങ്ങൾ നിരീക്ഷിച്ചു. വിവിധ പ്രയത്തിലുള്ളവർ ആയിരുന്നു ക്യാമ്പിലെ അംഗങ്ങൾ. പ്രായ ഭേദമന്യേ എനിക്ക് നല്ല സുഹൃത്തുക്കളേയും ഈ ക്യാമ്പ് സമ്മാനിച്ചു. വിവിധ സമയങ്ങളിൽ ഞങ്ങൾക്ക് നൽകിയ ഭക്ഷണങ്ങൾ വളരെ രുചികരവുമായിരുന്നു. നാം വസിക്കുന്ന ഭൂമിയെക്കാൾ വളരെയധികം അത്ഭുതകരമാണ് അകാശമെന്ന് എനിക്ക് മനസിലാക്കാൻ സാധിച്ചു. ഈ ക്യാമ്പിന് നേതൃത്വം നൽകിയ ലൂക്കയ്ക്കും സ്മാർട്ട് കുറ്റ്യാടിക്കും ക്യാമ്പിന് നേതൃത്വം നൽകിയവർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. ഇതിന്റെ തുടർച്ചയായി ഇനിയും പഠനക്യാമ്പുകൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

മാർച്ച് – 9, 10 ( ശനി, ഞായർ) ദിവസങ്ങളിൽ ലോകനാർകാവ് കൃഷ്ണാ ഓഡിറ്റോറിയത്തിൽ വെച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലും സ്മാർട്ട് കുറ്റ്യാടിയും ചേർന്ന് താരനിശ വാനനിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ആകാശ യാത്ര നടത്തിയ പ്രതീതി സൃഷ്ടിക്കുംവിധമാണ് ക്യാമ്പ് ഒരുക്കിയത്. പ്രൊഫ. കെ പാപ്പൂട്ടി, സുധീർ ആലങ്കോട്, രോഹിത് കെ.എ, അഭിരാം, വിപിൻ, എം.പി.സി നമ്പ്യാർ, ഡോ: റസീന, വിജയൻ മാഷ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
പകൽ സമയ അസ്ട്രോണമി
നിഴൽ ഘടികാരത്തിൽ ആരംഭിച്ച ക്ലാസ് ദിക്കറിയാനും സമയമറിയാനും ഉപയോഗിച്ചു. നക്ഷത്രങ്ങളെ നോക്കി യാത്ര ചെയ്ത വിശദ വിവരങ്ങളും പാപ്പൂട്ടി മാഷ് സംസാരിച്ചു. സൺസ്പോട്ട് നിർമ്മാണം ക്യാമ്പിലെ രസകരമായ ഉല്പന്നമായി. വാനനിരീക്ഷണത്തിന്റെ തുടക്കം കൃഷിയുമായി ബന്ധപ്പെട്ടു വന്നതിന്റെ ചരിത്രം രസകരമായി പറഞ്ഞു തന്നു. ടെലസ്കോപ്പിൻ്റെ ഉത്ഭവകഥ എം.പി. സി. നമ്പ്യാർ വിശദീകരിച്ചു. വിവിധ തരം ടെലസ്കോപ്പുകൾ പരിചയപ്പെടുത്തി. ഹാൻസ് ലെപ്പർഷ, ഗലീലിയോ ഇവരെല്ലാം ടെലസ്കോപ്പിലെ താരങ്ങളായി . കമ്പ്യൂട്ടറെസ്ഡ് ടെലസ്കോപ്പ്, ഡോബ്സോണിയൻ, ക്യാസഗ്രെയ്ൻ ടെലസ്കോപ്പ് എന്നിവ പരിചയപ്പെട്ടു. ക്ലൈനോ മീറ്റർ നിർമ്മിച്ച് ട്രു നോർത്ത് കണ്ടുപിടിക്കുന്നതിനും പ്രാദേശിക ഉച്ച കണ്ടെത്തുന്നതും പരീക്ഷണങ്ങളിലൂടെ മനസ്സിലാക്കാനായി. രോഹിത് കെ.എ.യുടെ നേതൃത്വത്തിൽ ആകാശക്കാഴ്ച്ചകളെ ക്യാമറയിൽ പകർത്തുന്നതിനായുള്ള പരിശീലനം നൽകി. ആസ്ട്രോഫോട്ടോഗ്രാഫിയുടെ പ്രാഥമിക പാഠങ്ങൾ മനസ്സിലായി. ഗ്രൂപ്പ് തിരിഞ്ഞുള്ള സൌരയൂഥമാതൃക നിർമ്മാണം രസകരവും വിജ്ഞാനപ്രദവുമായി. സൂര്യനിൽ നിന്ന് ഗ്രഹങ്ങളുടെ ആപേക്ഷിക ദൂരവും വലിപ്പവും മനസ്സിലാക്കാനായി. സൗരയൂഥത്തെ കഥയിലൂടെയും പ്രവർത്തനത്തിലൂടെയും പരിചയപ്പെടുത്തിയ പ്രവർത്തനം. തുടർന്ന് കെ.പി.മുഹമ്മദ് കുട്ടി എം.എൽ.എ.യുടെ നേതൃത്വത്തിൽ ഇൻട്രോ റ്റു ആസ്ട്രോ ക്ലാസ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി
പയങ്കുറ്റിമലയിലെ നക്ഷത്രനിരീക്ഷണം
വൈകുന്നേരം വാനനിരീക്ഷണത്തിനായി പയങ്കുറ്റിമലയിലേക്ക് പോയി. ആകാശത്തെ വിശദമായി പരിചയപ്പെടുത്തി. നക്ഷത്രങ്ങൾ, നെബുലകൾ,വ്യാഴം, യുറാനസ് എന്നിവ ടെലിസ്കോപ്പിലൂടെ എല്ലാർക്കും കാണാനായി. ചന്ദ്രഗണങ്ങൾ രാശി എന്നിവ പരിചയപ്പെട്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയം പോകുന്നതും കഴിഞ്ഞു. രാവിലെ സൂര്യോദയ നിരീക്ഷണം നടന്നു. ക്യാമ്പ് അംഗങ്ങൾ നേടേണ്ട മുഴുവൻ ശേഷികളും നേടി എന്ന സംതൃപ്തിയോടെ മടങ്ങി.
ആറു വയസ്സു മുതൽ അറുപത് വയസ്സുള്ളവർ വരെ താര നിശാ ക്യാമ്പിലെ പഠിതാക്കളായി. കമ്പ്യൂട്ടറൈസ്ഡ് ടെലസ്കോപ്പ് അടക്കം ടെലസ്കോപ്പ് സംഘടിപ്പിച്ചിരുന്നു. വിഭവ സമൃദ്ധമായ ഭക്ഷണവും ലഭിച്ചു. വിവിധ ജില്ലകളിൽ നിന്നായി എത്തിയ പഠിതാക്കളെ പരിചയപ്പെടാനും കൂട്ടായ്മ സംഘടിപ്പിക്കാനും ക്യാമ്പ് സഹായിച്ചു. ക്യാമ്പ് സംഘടിപ്പിച്ച സ്മാർട്ട് കുറ്റ്യാടിയോടും ലൂക്ക സംഘാടകരോടും മുഴുവൻ അധ്യാപകരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു.
ക്യാമ്പിന്റെ കൈപ്പുസ്തകം

ഏപ്രിലിൽ 3 ക്യാമ്പുകൾ
അടുത്ത ക്യാമ്പുകൾ ഏപ്രിൽ 12, 13 തിയ്യതികളിൽ പാലക്കാട്, കോട്ടയം ( CMS കോളേജ്), തിരുവനന്തപുരം (വിതുര) എന്നിവിടങ്ങളിൽ നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും.
ദൃശ്യങ്ങളിലൂടെ
ഫോട്ടോകൾ : ശരത്ത് മുത്തേരി, അഭിരാം കെ.ടി. , വിപിൻ സി, രോഹിത് കെ.എ





















