സന്തോഷ് ശേംഡ്കർ
പരിഭാഷ – ജയ് സോമനാഥൻ വി.കെ , ചിത്രങ്ങള്‍ : ശ്രീജ പള്ളം (ഫേസ്ബുക്കില്‍ പങ്കിടുന്ന Visage of corona days ചിത്രപരമ്പരയില്‍ നിന്നും)
ഞങ്ങൾക്ക് വീട്ടിൽ പോകണം സാബ്,
അമ്മയുണ്ട് വീട്ടിൽ.
ഒരു മകനെയവർക്ക് നഷ്ടപ്പെട്ടതാണ്,
കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു.
ഭർത്താവിനെയും നഷ്ടപ്പെട്ടു,
ഗട്ടറിൽ വീണായിരുന്നു മരണം.
അവർ ജീവിക്കുന്നത് തന്നെ
ഞാനുള്ളത് കൊണ്ടാണ്.
ലോക് ഡൗണിന് ശേഷമധികവും
അവർ പട്ടിണിയിലാണ്.
ഉറങ്ങാത്ത രാത്രികളാണവർക്ക്.
ചിന്ത കൊറോണയെക്കുറിച്ചല്ല,
ഞങ്ങളെക്കുറിച്ചാണ്.
ഇനിയുമേറെദൂരം താണ്ടണം
എങ്ങുമൊരു തണൽ കാണുന്നില്ല
എങ്കിലും വീട്ടിലെത്തണം.
കുഞ്ഞനിയത്തി വീട്ടിലുണ്ട്, സാബ്
അവള്‍ സ്കൂളിൽ പോകുന്നില്ല.
പതിനാറു തികഞ്ഞു..
കൂലിപ്പണിയ്ക്ക് പോകും
അമ്മയെ അവൾ നോക്കും
നല്ലവളാണ്, ബുദ്ധിയുള്ളവൾ
ഒരു പരാതിയുമില്ല
ഇത്തവണ അവളുടെ –
വിവാഹം നടത്തണം,
അതത്ര എളുപ്പമോന്നുമല്ല.
ഞങ്ങൾക്ക് വീട്ടിലെത്തണം ,സാബ്
പിന്നിലായി മുടന്തി വരുന്നതൊ?
കേട്യോളാ സാബ്.
അതെ ആ കീറസാരിക്കാരി തന്നെ.
ചെരിപ്പിടാത്തവൾ.
നടന്ന് നടന്നു ചെരിപ്പ്പൊട്ടിയതാണ്.
എൻ്റെ ചെരിപ്പിടാനെത്ര പറഞ്ഞു
കേൾക്കണ്ടേ, അവൾ പറയുവാ –
നിങ്ങൾക്കാണാവശ്യമെന്ന്.
ഒന്ന് നോക്കു, സാബ്
വിണ്ട് കീറിയ കാലുകൾ,
ചെറുതിനേയുമെടുത്താണ്
അവൾ മുടന്തി നീങ്ങുന്നത്
വനവാസത്തിനെന്ന പോലെ.
ശ്രദ്ധിച്ച് നോക്കു, സാബ്
കണ്ണുകളൊഴുകുന്നുണ്ട്.
തന്നെക്കുറിച്ചല്ല, ചിന്ത
കുട്ടികളെക്കുറിച്ചാണ്.
കൊറോണ പിശാചോ അതോ വൈറസോ,
അവർക്കറിയില്ലല്ലോ.വിശന്നോ, കൊറോണ പിടിച്ചൊ
ഇടയ്ക്ക് വീണ് പോയേക്കാം.
എന്നാലും വീട്ടിലെത്തണം സാബ്.
എൻ്റെ വിരലും പിടിച്ച് നടക്കുന്നത്
ചങ്ങാതിയുടെ മകളാണ് സാബ്’
മിനിഞ്ഞാന്ന് അവൻ നമ്മെ വിട്ടുപോയി.
റെയിൽപാളത്തിലായിരുന്നു.
ക്ഷീണിച്ച് മയങ്ങിപ്പോയി.
എൻ്റെ കൊച്ചുമോൻ്റെകൂടെ കളിച്ച
ഇവൾ പാടത്ത് കിടന്നുറങ്ങി .
ഇവൾ ജിവനോടെയുണ്ട് എന്നത്
നാട്ടുകാർക്ക് അറിഞ്ഞുകൂട.
എങ്ങെനെയും വീട്ടിലെത്തണം സാബ്.
എന്തിനാണിങ്ങനെ തല്ലുന്നത് സാബ്?
എത്രത്തോളം നിസ്സഹായനാക്കാം?
അടിയെ ഭയമില്ല സാബ്,
ജീവിതത്തിലേറെ കിട്ടിയതാണ്.
എന്നാൽകുഞ്ഞുങ്ങൾ,
അവരോടെന്ത് പറയും?
മുടന്തിവരുന്നവൾക്ക് സഹിക്കാനാകുമോ?
ഭൂമിയിൽ എന്നെ ആദരിക്കുന്നത്
അവൾ മാത്രമാണ് സാബ്.
വീട്ടിൽ പോകുന്നത് തെറ്റാണൊ സാബ്?
ഞങ്ങൾക്ക് വിശക്കുന്നു,
ഭക്ഷണം തരാമോ?
തല ചായ്ക്കാനൊരു ഇടം?
അതുമെത്ര കാലം?
ഞങ്ങളോട് സഹതാപമെന്നൊ,
പിന്നെന്തിനു തല്ലുന്നു സാബ്?
വഴിനീളെ തടയുന്ന നേരം
വീട്ടിലെത്തിച്ചുകൂടെ സാബ്?
പ്രസംഗത്തിൽ വിശ്വാസമില്ല,
ആരേയും വിശ്വസിക്കാനാവുന്നില്ല,
എഴുതാം എഴുതിത്തരാം.
ഇരുപത്തഞ്ച് നാൾക്കകം
ആയിരത്തഞ്ഞൂറ് കിലോമീറ്റർ താണ്ടി
ഞങ്ങൾ വീടണയും.
യാത്രക്കിടയിൽ ചിലർ വീണ് പോകും.
എന്നാലും വീട്ടിലെത്തണം സാബ്.
ലോക്ഡൗണിലും വിമാനങ്ങൾ
പറന്നതറിഞ്ഞു.
നിങ്ങളുടെ കൂട്ടരായ വിദേശത്തുള്ളവരെ
നിങ്ങളെത്രമാത്രം സ്നേഹിക്കുന്നുവെന്നത്
ഞങ്ങൾക്കും സന്തോഷം നൽകുന്നു.
ഞങ്ങൾ നിങ്ങളുടെ കൂട്ടത്തിൽ പെടില്ലെ ,സാബ്?
ബസ്സും, തീവണ്ടിയുമൊന്നും വേണ്ട
ട്രക്കിനെങ്കിലും അനുമതി തന്നുകൂടെ ?
ഞങ്ങൾക്ക് വീട്ടിലെത്തണം,
വാടക കൊടുത്തോളാംസാബ്.
നിങ്ങൾ ദീപം കത്തിച്ചു കൊള്ളുക.
കൈ കൊട്ടിക്കൊണ്ടിരിയ്ക്കുക.
മൻകി ബാത്ത് കേൾപ്പിയ്ക്കുക.
സ്വയംപര്യാപ്തരാവുക.
വിജനമായ വഴികളിലൂടെ
ഞങ്ങൾ പോവുകയാണ്,
ഭാരതത്തെ അന്വേഷിച്ചന്വേഷിച്ച്..
പകലും രാത്രിയിലും
വിശപ്പും ക്ഷീണവും സഹിച്ച്..
എന്നാലും വീട്ടിലെത്തണം സാബ്.
സന്തോഷ് ഭാരത് ജ്ഞാനവിജ്ഞാന സമിതി മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയാണ്.