അനൂപ് എ.
കോവിഡ്- 19 ലോകം മുഴുവൻ ഭീതി പരത്തുന്ന സമയമാണല്ലൊ. ലോകം ഏതാണ്ട് നിശ്ചലമായിരിക്കുന്നു. നമ്മുടെ രാജ്യവും ലോക്ക്ഡൗൺ മൂലം ഏതാണ്ട് നിശ്ചലമാണ്. വ്യവസായ സ്ഥാപനങ്ങളും ഫാക്ടറികളും അടഞ്ഞുകിടക്കുന്നു, ഓഫീസുകൾ പ്രവർത്തിക്കാതിരിക്കുന്നു, ജനസഞ്ചാരം കുറഞ്ഞിരിക്കുന്നു. ഈ കാരണങ്ങൾകൊണ്ടു തന്നെ വാഹന ഗതാഗതവും ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഈ സമയത്ത് ഒരു സംശയമുണ്ടാകുന്നത് സ്വാഭാവികമാണ്. അന്തരീക്ഷം മലിനമാക്കുന്ന ഫാക്ടറികളും വ്യവസായങ്ങളും വണ്ടികളുമെല്ലാം ഏതാണ്ട് നിശ്ചലമായതുകൊണ്ട് അന്തരീക്ഷ മലിനീകരണം കുറഞ്ഞിട്ടുണ്ടാക്കുമൊ? ഉണ്ടെങ്കിൽ എത്രകണ്ട് കുറഞ്ഞിട്ടുണ്ടാകും?
ഇതറിയണമെങ്കിൽ വായുമലിനീകരണം എങ്ങനെയുണ്ടാകുന്നു, അതിന് കാരണമാകുന്നതെന്തൊക്കെ എന്നെല്ലാമറിയണമല്ലൊ.
വായു മലിനീകരണം:
സ്വാഭാവിക സാന്നിദ്ധ്യത്തിനും ഉപരിയായി മാരകമായേക്കാവുന്ന അളവിൽ വായുവിൽ അടങ്ങിയിരിക്കുന്ന ഏതിനെയും വായു മലിനീകരണത്തിന് കാരണമായി കണക്കാക്കാം. വായു മലിനമാക്കുന്ന ധാരാളം ഘടകങ്ങളുണ്ടെങ്കിലും സി.പി. സി.ബിയുടെ (Central Pollution Control Board) നിർവചനപ്രകാരം നൈട്രജൻ ഡയോക്സൈഡ് (NO2), കാർബൺ മോണോക്സൈഡ് (CO), അമോണിയ (NH3), ഉപരിതല ഓസോൺ (03), സൾഫർ ഡയോക്സൈഡ് (SO2), PM2.5, PM10 എന്നിവയാണ് പ്രധാനികള്‍. ആദ്യം പറഞ്ഞവയൊക്കെ നമുക്കറിയാം. അവസാനത്തെ PM2.5, PM10 എന്നിവ എന്തെന്ന് പരിചയപ്പെടാം.
എന്താണ് PM 2.5, PM 10 ?
PM 2.5 എന്നാല്‍ atmospheric particulate matter 2.5 എന്നാണ്. പേര് ഇത്തിരി വലുതാണെങ്കിലും സംഗതി ചെറുതാണ്. ചെറുതെന്നു പറഞ്ഞാൽ നമുക്ക് കാണാൻ പറ്റാത്ത അത്രയും ചെറുത്. എന്നു പറഞ്ഞാലും പോര, ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ പറ്റുന്ന അത്രയും ചെറുത്. കുറച്ചുകൂടി വ്യക്തത വേണോ? എങ്കിൽ നിങ്ങളുടെ തലയിൽനിന്ന് ഒരു മുടിനാര് പിഴുതെടുക്കുക. ഇനി അതിനെ നീളത്തിൽ മുറിച്ച് 33 നാരുകളാക്കുക. ശ്രദ്ധിക്കണം എല്ലാം ഒരേ വലിപ്പത്തിലായിരിക്കണേ. ചെയ്തോ? ഇപ്പോൾ നിങ്ങളുടെ കൈയിലിരിക്കുന്ന ഒരു നാരിന് ഏകദേശം PM 2.5ന്റ അത്രയും വീതിയുണ്ടാകും. ശാസ്ത്രീയമായി പറഞ്ഞാൽ ഏകദേശം 2.5 മൈക്രോ മീറ്റർ.
ഈ കൂട്ടത്തിൽപ്പെടുത്തുന്നതിന് കൃത്യം 2.5 മൈക്രേമീറ്റർ വലിപ്പം വേണമെന്നൊന്നുമില്ല. അതിൽ കൂടാതിരുന്നാൽ മതി. ഖരമോ ദ്രാവകമൊ ഏതു കെമിക്കൽ കോമ്പിനേഷനോ ആകട്ടെ വലിപ്പം 2.5 മൈക്രോ മീറ്ററിൽ താഴെയായാൽ ഈ കൂട്ടത്തിൽ കൂട്ടാം.
ഇനി ഇത്തിരി വലിപ്പം കൂടിപ്പോയാലോ? അവ PM 10 ൽ പെടുത്താം. വലിപ്പം 10 മൈക്രോമീറ്ററിൽ അധികം ആകരുത് എന്നു മാത്രം. ഈ വലിപ്പമെത്താൻ മുടിനാര് പത്തായി കീറിയാൽ മതി.
പ്രധാന സ്രോതസുകൾ:
അഗ്നിപർവത സ്ഫോടനം, കാട്ടുതീ, പൊടിക്കാറ്റ് മുതലായവ വഴി സ്വാഭാവികമായും പെട്രോൾ, ഡീസൽ മുതലായ ഇന്ധനങ്ങൾ കത്തിക്കക; താപനിലയങ്ങൾ, കൂളിംഗ് ടവറുകൾ എന്നിവയുടെ പ്രവർത്തനം, റോഡിൽ ഉണ്ടാകുന്ന പൊടിപടലങ്ങൾ, കാർഷിക മാലിന്യങ്ങൾ, കന്നുകാലി മാലിന്യങ്ങൾ എന്നിവ വഴി മനുഷ്യന്റെ ഇടപെടലിലൂടെയും വായു മലിനമാക്കപ്പെടുന്നു.
എയർ ക്വാളിറ്റി ഇൻഡക്സ് (AQI) :
വായുവിന്റെ ഗുണമേന്മ അടയാളപ്പെടുത്തുന്ന സംഖ്യയാണ് AQI. വായുവിൽ അടങ്ങിയിരിക്കുന്ന നൈട്രജൻ ഡയോക്സൈഡ് (NO2), കാർബൺ മോണോക്സൈഡ് (CO), അമോണിയ (NH3), ഉപരിതല ഓസോൺ (03), സൾഫർ ഡയോക്സൈഡ് (SO2), PM2.5, PM10 എന്നിവയുടെ തോതനുസരിച്ചാണ് AQI തയ്യാറാക്കുന്നത്. ഇന്ത്യയിൽ വിവിധ ഏജൻസികൾ AQI തയ്യാറാക്കുന്നുണ്ട്. സി.പി. സി.ബി (Central Pollution Control Board) വിവിധ ഇടങ്ങളിലെAQI തയ്യാറാക്കി സൂക്ഷിക്കുന്നതാണ് ഇവിടെ ആശ്രയിച്ചിട്ടുള്ളത്. മലിനീകരണത്തിന്റെ അളവ് കണക്കാക്കി നമ്പറുകളായാണ് AQI പറയുന്നത്. AQI കൂടുന്നതനുസരിച്ച് മലിനീകരണവും കൂടുന്നു എന്ന് കണക്കാക്കാം. ഇത് ചില നിറങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രതിനിധീകരിക്കുകയും ചെയ്യുന്നു. AQ,I ബന്ധപ്പെട്ട നിറം, അതിന്റെ അർത്ഥം എന്നിവ ചുവടെ ചേർക്കുന്നു.
മാർച്ച് ഇരുപത്തിരണ്ടാം തീയതിയാണ് ഇന്ത്യ 22 സംസ്ഥാനങ്ങളിലെ 82 ജില്ലകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. പിന്നീട് മാർച്ച് 24ന് രാജ്യത്ത് പൂർണ്ണ ലോക്ക് ഡൗണും പ്രഖ്യാപിച്ചു. ഇന്ത്യയിലേയും കേരളത്തിലേയും ചില പ്രധാന നഗരങ്ങളിലെ മാർച്ച് 2ലെയും ഏപ്രിൽ 2ലേയും AQI ഇൻഡക്സ് താരതമ്യം ചെയ്തത് താഴെ കൊടുക്കുന്നു.
City | March 2 AQI | April 2 AQI |
Ernakulam, Vytila | 105 | 53 |
Thiruvananthapuram, Plamood | 94 | 51 |
Kozhikode, Palayam | 70 | 50 |
Banglore, Hebbal | 80 | 49 |
Delhi, Lodhi Road | 122 | 51 |
Kolkata, Fort William | 193 | 96 |
Mumbai, Kurla | 158 | 78 |
Chennai, Manali | 120 | 87 |
- ഡൽഹി, ലോധി റോഡിൽ 59% കണ്ടാണ് വായുമലിനീകരണം കുറഞ്ഞത് .
- കൊൽക്കത്ത ഫോർട്ട് വില്യമിൽ 50%, മുംബൈ കുർളയിൽ56%, ബാഗ്ലൂർ ഹെബ്ബാളിൽ 38.75%, ചെന്നൈ മണലിയിൽ 27.5% എന്നിങ്ങനെ മലിനീകരണം കുറഞ്ഞു.
- തിരുവനന്തപുരം പ്ലാമൂട് 45.7%, എറണാകുളം വൈറ്റില 49.5% എന്നിങ്ങനെ മലിനീകരണം കുറഞ്ഞു. കോഴിക്കോട് 28.5% കുറവാണ് വന്നിട്ടുള്ളത്.
ഈ വിവരങ്ങൾ നോക്കുമ്പോൾ തന്നെ ലോക്ക്ഡൗൺ കലയളവിൽ വായുമലിനീകരണം കുറയുന്നുണ്ടെന്നത് വളരെ വ്യക്തമാണ്.
കൂടുതൽ താരതമ്യങ്ങൾക്ക് Central Pollution Control Board ന്റെ ലിങ്ക് താഴെ കൊടുക്കുന്നു. https://app.cpcbccr.com/AQI_India/