Read Time:9 Minute

ശാസ്ത്രജ്ഞര്‍ ഒരുപാടുപേര്‍ സ്വന്തം മനുഷ്യത്വത്തെ പണയം വച്ച ഒരു കാലഘട്ടത്തില്‍ അതിനെ അതിജീവിച്ച, സയന്‍സോ മനുഷ്യത്വമോ പണയം വയ്ക്കാത്ത ലിസെയെ ഭൗതികശാസ്ത്രത്തെ ഓര്‍ക്കുമ്പോള്‍ നാം മറന്നുപോകാതിരിക്കട്ടെ…!

ന്യൂക്ലിയാര്‍ ഫിഷന്‍ എന്ന പ്രക്രിയയെ നിയന്ത്രിക്കാനും വേണമെങ്കിൽ അനിയന്ത്രിതമായി അഴിച്ചു വിടാനുമുള്ള കഴിവാണ് ന്യൂക്ലിയാര്‍ റിയാക്റ്ററുകളും ആറ്റം ബോംബും സൃഷ്ടിക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കിയത്. അതിന് അടിസ്ഥാനമാകുന്ന നിരീക്ഷണ, സൈദ്ധാന്തിക സയന്‍സ് പഠിച്ച ലിസെ മയ്റ്റ്നര്‍ (Lise Meitner) എന്ന ശാസ്ത്രജ്ഞയെ പറ്റിയാണ് ഈ ലേഖനം.

1878-ല്‍ ഒരു ഓസ്ട്രോ ഹംഗേറിയന്‍ (ഇന്ന് ഓസ്ട്രിയ) ജൂത കുടുംബത്തിലാണ് ലിസെ ജനിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ നിരീക്ഷണങ്ങളിലും സയന്‍സിലും കൗതുകം കാട്ടിയിരുന്ന ലിസെ ആ പാത പിന്തുടര്‍ന്ന് ഫിസിക്സിലാണ് തന്റെ താത്പര്യം എന്ന് തിരിച്ചറിഞ്ഞു. ഒരു വിചിത്രജീവി എന്ന നിലയിലാണ് ഒരു സ്ത്രീ സഹപ്രവര്‍ത്തകയെ മറ്റ് ഫിസിക്സ് വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നത്. എന്നാലും 1905-ല്‍ വിയെന്ന യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിസിക്സ് ഡോക്ടറേറ്റ് ലഭിക്കുന്ന രണ്ടാമത്തെ സ്ത്രീയായി ലിസെ. ഡോക്ടറേറ്റിന് ശേഷം ഉടനെ സയന്‍സില്‍ ജോലി ലഭിച്ചില്ല എങ്കിലും യൂണിവേഴ്സിറ്റി ക്ലാസുകള്‍ കേട്ട് കുറച്ചുകാലം കൂടി സ്വന്തം നിലയില്‍ ലിസെ സൈദ്ധാന്തികമായി ഫിസിക്സില്‍ ആലോചനകള്‍ തുടർന്നു. പക്ഷേ, ഒരു ലാബ് ഇല്ല എന്നതായിരുന്നു ലിസെയുടെ പ്രധാന പ്രശ്നം.

1907 ൽ തന്നെ ഓട്ടോ ഹാന്‍ എന്ന രസതന്ത്രജ്ഞനെ ലിസെ കണ്ടുമുട്ടി. അയാളുടെ റേഡിയോ ആക്റ്റിവിറ്റിയെ പറ്റിയുള്ള ഗവേഷണത്തില്‍ ഭൗതികശാസ്ത്ര വൈദഗ്ധ്യം അവശ്യമായിരുന്നു എന്നതുകൊണ്ട് രണ്ടാളും തേടിയ വള്ളി കാലില്‍ ചുറ്റിയ സന്തോഷത്തില്‍ ഒരുമിച്ച് ജോലി തുടങ്ങി. ബീറ്റ റേഡിയേഷനെ പറ്റിയുള്ള നിരീക്ഷണങ്ങള്‍ അധികം വൈകാതെ തന്നെ  1909-ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1912-ല്‍ ഇവര്‍ ബെര്‍ലിനിലെ കൈസര്‍-വില്‍ഹെം ഇന്‍സ്റ്റിട്യൂട്ടിലേക്ക് മാറി.

1914-ല്‍ ഒന്നാം ലോക യുദ്ധം ആരംഭിച്ചു. ഓട്ടോയും ലിസെയും യുദ്ധത്തിന്റെ ഭാഗമാകേണ്ടി വന്നു; ഒരു എക്സ് റേ നേഴ്സായി യുദ്ധമുഖത്ത് ലിസെയ്ക്ക് രാപകല്ലില്ലാതെ പ്രവര്‍ത്തിക്കേണ്ടി വന്നു. വല്ലപ്പോഴും കിട്ടുന്ന ലീവ് സമയത്ത് ബെര്‍ലിനിലേക്ക് ഓടി തന്റെ പരീക്ഷണങ്ങള്‍ തുടരും! 1917-ല്‍ പ്രോട്ടാക്റ്റിനിയം (protactinium) എന്ന പുതിയ മൂലകം ലിസെയും ഓട്ടോയും കണ്ടുപിടിച്ചു. 1922-ല്‍ ഓഗര്‍ എഫക്റ്റ് എന്ന് വിളിക്കുന്ന പ്രതിഭാസം ലിസെ കണ്ടുപിടിക്കുകയും വിശദീകരിക്കുകയും ചെയ്തു. (പക്ഷേ, ഇതേ പ്രതിഭാസം 1923-ല്‍ കണ്ടുപിടിച്ച പിയേര്‍ ഓഗര്‍ എന്ന ശാസ്ത്രജ്ഞന്റെ പേരിലാണ് അറിയപ്പെടുന്നത്!)

1932-ല്‍ ന്യൂട്രോണ്‍ കണ്ടുപിടിച്ചതോടുകൂടി യുറേനിയത്തേക്കാള്‍ വലിയ ന്യൂക്ലിയസുകള്‍ ഉണ്ടാക്കാം എന്ന് ശാസ്ത്രലോകം മുഴുവനായി സംശയിച്ച് തുടങ്ങി. യുറേനിയത്തിലേക്ക് ന്യൂട്രോണ്‍ ഇടിച്ച് കയറ്റിയാല്‍ അത് വലുതാകണമല്ലോ? ന്യൂക്ലിയസിന് പോസിറ്റീവ് ചാര്‍ജ്ജ് ആയതുകൊണ്ട് പ്രോട്ടോണ്‍ ഇടിപ്പിക്കാന്‍ പറ്റില്ല, രണ്ട് ചാര്‍ജ്ജും തമ്മില്‍ വികര്‍ഷിച്ച് തെറിച്ച് പോകും. ചാര്‍ജ്ജില്ലാത്ത ന്യൂട്രോണ്‍ ഇടിപ്പിക്കല്‍ സാധ്യമാണ്. പക്ഷേ, ലിസെക്കൊപ്പം ഓട്ടോയുടെ ഗ്രൂപ്പ് നടത്തിയ പരീക്ഷണങ്ങളില്‍ നിന്ന് യുറേനിയം വലുതാകുകയല്ല, വിഘടിച്ച് ചെറിയ ന്യൂക്ലിയസുകളായി മാറുകയാണ് ചെയ്യുക എന്ന് മനസിലായി. (ലിസെയുടെ ഒരു പേപ്പറിലാണ് ഈ പ്രതിഭാസത്തെ ന്യൂക്ലിയാര്‍ ഫിഷന്‍ എന്ന് നാമകരണം ചെയ്തത്)

പക്ഷേ, ഈ പരീക്ഷണങ്ങള്‍ സാധ്യമാകുന്നതിന് മുമ്പ് ബെര്‍ലിനും ജര്‍മ്മനിയും ചരിത്രത്തില്‍ അടയാളപ്പെടുത്താനും മാത്രം മാറി. 1933: ഹിറ്റ്ലര്‍ അധികാരത്തില്‍ വന്നു. ഒരു ജൂതകുടുംബത്തില്‍ ജനിച്ചു എന്ന നിലയില്‍ ലിസെയ്ക്ക് നിലനില്‍പ്പ് തന്നെ ബുദ്ധിമുട്ടായി. (ലിസെ ക്രിസ്തുമതം സ്വീകരിച്ചിരുന്നു) പക്ഷേ, ഇതെല്ലാം മറന്ന് സ്വന്തം ഗവേഷണത്തില്‍ മുഴുകാനാണ് ലിസെ ശ്രമിച്ചത്. അവസാനം, 1938-ല്‍ ലിസെക്ക് നാടുവിടേണ്ടി വന്നു. നെതര്‍ലന്‍ഡ്സിലേക്കാണ് ലിസെ രക്ഷപെട്ടത്. യുദ്ധത്തിന് ശേഷം ചുറ്റും നടന്നിരുന്ന നാസി അതിക്രമങ്ങള്‍ മറന്ന് തന്‍കാര്യം മാത്രം നോക്കി ഇരുന്നത് തെറ്റായിരുന്നു എന്ന് ലിസെ മനസിലാക്കി. നാസി ഗവണ്മെന്റിനോട് സഹകരിച്ച ഹൈസന്‍ബെര്‍ഗിനെപ്പോലുള്ള ശാസ്ത്രജ്ഞരോട് ഉത്തരവാദിത്വം ഏറ്റെടുക്കാനും ലിസെ ആവശ്യപ്പെട്ടിരുന്നു.

നെതര്‍ലന്‍ഡ്സില്‍ നിന്നാണ് എങ്ങനെ ന്യൂക്ലിയസ് വിഘടിക്കാം എന്നതിന് ഒരു സൈദ്ധാന്തിക മാതൃക ലിസെ വികസിപ്പിക്കുന്നത്. (മുമ്പു പറഞ്ഞ ഷെല്‍ മോഡല്‍ ഉപയോഗിച്ച് വിശദീകരിക്കാന്‍ പറ്റാത്ത ഒരു പ്രതിഭാസമാണ് ഫിഷന്‍; ഇതിന് നമ്മള്‍ ലിസെ സൈദ്ധാന്തികമായി പുതുക്കിയ ലിക്വിഡ് ഡ്രോപ്പ് മോഡല്‍ ആണ് ഉപയോഗിക്കുന്നത്) ഇത് ഉപയോഗിച്ചാണ് ന്യൂക്ലിയാര്‍ ഫിഷനിലൂടെ ഊര്‍ജ്ജം പുറത്തുവരും എന്നും ഒരു ബോംബായി അത് ഉപയോഗിക്കാം എന്നും ശാസ്ത്രലോകത്തിന് മനസ്സിലാകുന്നത്. അതിനുശേഷം നാസികള്‍ ഹൈസന്‍ബെര്‍ഗിന്റെ സഹായത്തോടെ ഈ അറിവ് ബോംബാക്കാന്‍ ശ്രമിച്ചു, അമേരിക്ക, പരാജയം സമ്മതിച്ച ജപ്പാനുമേല്‍ ഈ അറിവിന്റെ കിരാതരൂപം ഉപയോഗിച്ചു.

പക്ഷേ, ലിസെയുടെ ഉള്‍ക്കാഴ്ച്ചയും ലോകത്തിനെപ്പറ്റി നമുക്കെല്ലാവര്‍ക്കുമുള്ള തിരിച്ചറിവിലേക്ക് ലിസെ നല്‍കിയ സംഭാവനയും മറക്കാന്‍ കഴിയുന്നതല്ല. നോബല്‍ കമ്മിറ്റിക്ക് പക്ഷേ, മറക്കാന്‍ ഒരു മടിയുമുണ്ടായില്ല. ഓട്ടോ ഹാന് മാത്രമാണ് ഫിഷന്‍ കണ്ടുപിടിച്ചതിന്റെ (കെമിസ്ട്രി ) നൊബേല്‍ സമ്മാനം നോബല്‍ കമ്മിറ്റി നല്‍കിയത്. ലിസെ എന്ന ഭൗതികശാസ്ത്രജ്ഞ തഴയപ്പെട്ടു.

1968-ല്‍, ഒരു ജീവിതകാലം മുഴുവന്‍ നീണ്ടു നിന്ന ശാസ്ത്രസപര്യക്ക് ശേഷം ലിസെ അന്തരിച്ചു. ലിസെക്കൊപ്പം ശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ചിരുന്ന അവരുടെ അനന്തരവാനായിരുന്ന ഫ്രിഷ് ലിസെയുടെ സ്മാരകശിലയില്‍ ഇങ്ങനെ കുറിച്ചു: “Lise Meitner: a physicist who never lost her humanity.” (ലിസെ മയ്റ്റ്നര്‍: ഒരിക്കലും സ്വന്തം മനുഷ്യത്വം നഷ്ടപ്പെടുത്താത്ത ഒരു ഭൗതികശാസ്ത്രജ്ഞ)

ശാസ്ത്രജ്ഞര്‍ ഒരുപാടുപേര്‍ സ്വന്തം മനുഷ്യത്വത്തെ പണയം വച്ച ഒരു കാലഘട്ടത്തില്‍ അതിനെ അതിജീവിച്ച, സയന്‍സോ മനുഷ്യത്വമോ പണയം വയ്ക്കാത്ത ലിസെയെ ഭൗതികശാസ്ത്രത്തെ ഓര്‍ക്കുമ്പോള്‍ നാം മറന്നുപോകാതിരിക്കട്ടെ…!

കണ്ണന്‍ കീച്ചേരില്‍ എഴുതിയ ശാസ്ത്രവീഥിയിലെ പെണ്‍കരുത്തുകള്‍ – ലേഖനപരമ്പരയിലെ മറ്റുലേഖനങ്ങള്‍ വായിക്കാം

അധികവായനയ്ക്ക്

  1. https://royalsocietypublishing.org/doi/10.1098/rsbm.1970.0016
  2. Lise Meitner and the Dawn of the Nuclear Age by Patricia Rife
  3. https://www.nature.com/articles/143239a0
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മരിയ  ഗോപ്പെര്‍ട് മേയര്‍: ആറ്റത്തിനുള്ളിലുള്ളിന്റെയുള്ള് തുറന്നവള്‍…!
Next post വു ചിയെന്‍ഷ്വങ്ങ്: കണ്ണാടിയുടെ സമമിതി തകര്‍ത്തവള്‍…!
Close