
ലിസ് മൈറ്റ്‌നർ (Lise Meitner) ഏറെപ്പേർക്കൊന്നും പരിചയമുള്ള പേരാവില്ല. ആറ്റമിക സംഖ്യ 109 ഉള്ള കൃത്രിമ മൂലകം `മൈറ്റ്‌നേറിയം’ അവരുടെ പേരിലായതുകൊണ്ട് രസതന്ത്ര തല്‍പ്പരർ ശ്രദ്ധിച്ചിരിക്കും. യഥാർഥത്തിൽ ആ പേര് ഒരു പ്രായശ്ചിത്തമായിരുന്നു. 1944 ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലിസിനു കൂടി അവകാശപ്പെട്ടതായിരുന്നു. ചില പെൺ വിരോധികളുടെ കുതന്ത്രമാണ് അതവർക്ക് നിഷേധിക്കാൻ ഇടയാക്കിയത് എന്ന് 1990ൽ നൊബേൽ കമ്മിറ്റിയുടെ ഫയലുകൾ പുറത്തുവന്നപ്പോൾ ബോധ്യമായി. 1968ൽ ലിസ് മരിച്ചു കഴിഞ്ഞിരുന്നു. അവരുടെ ഓർമ നിലനിർത്താൻ പുതിയ ട്രാൻസ് യുറാനിക മൂലകത്തിന് അവരുടെ പേരു നല്‍കുകയാണു ചെയ്‌തത്. ഓട്ടോഹാൻ, ഓട്ടോഫ്രിഷ്, ലിസ് മൈറ്റ്‌നർ എന്നിവർക്ക് തുല്യ അവകാശമുണ്ടായിരുന്ന നൊബേൽസമ്മാനം ഹാനിനു മാത്രമായി ചുരുങ്ങിയതിൽ ആരും അദ്ദേഹത്തെ പഴിക്കുന്നില്ല. മുഖ്യ ഉത്തരവാദി സ്റ്റോക്‌ഹോമിൽമൈറ്റ്‌നര്‍ ഗവേഷണം നടത്തിയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനും ഒരു പെൺവിരോധിയും എന്നാൽ നൊബേൽ അവാർഡ് കമ്മിറ്റി മെമ്പറുമായിരുന്ന മാനേ സീഗ്‌ബാൻ ആണ് എന്നു കരുതപ്പെടുന്നു.

ആസ്‌ട്രിയയിലെ വിയന്നയിൽ ഒരു ജൂത കുടുംബത്തിലെ എട്ട് മക്കളിൽ മൂന്നാമത്തെ ആളായി 1878 നവംബർ 7നാണ് എലിസേയുടെ ജനനം. പേര് ലിസ് എന്നാക്കിച്ചുരുക്കിയത് പിന്നീട് അവർ തന്നെയാണ്. അച്ഛൻ സമ്പന്നനായ ഒരു വക്കീൽ ആയിരുന്നു. എന്തിനെയും ചോദ്യം ചെയ്യുന്ന പ്രകൃതവും ഗവേഷണകൗതുകവും ലിസിന് കുഞ്ഞുന്നാളിലേ ഉണ്ടായിരുന്നു. മുത്തശ്ശി പറഞ്ഞു, `സാബത്‌ദിനത്തിൽ (വിശുദ്ധദിവസം) ഒരു തൊഴിലും ചെയ്യരുത്. കൈത്തുന്നൽ പോലും പാടില്ല. ആകാശം ഇടിഞ്ഞുവീഴും.’ ലിസ് സൂചിയെടുത്ത് തുണിയിലൊന്ന് കുത്തിയശേഷം ആകാശത്തേക്ക് നോക്കി. ഇല്ല, ഒന്നും സംഭവിക്കുന്നില്ല. ഒന്നു തുന്നിനോക്കി. എന്നിട്ടും ആകാശത്തിന് ഒരു മാറ്റവുമില്ല. എന്നിട്ടക്കാര്യം അവൾ കൊട്ടിഘോഷിച്ചുനടന്നു. എട്ട് വയസ്സുളളപ്പോൾ ലിസിന്റെ തലയണക്കീഴിൽ നിന്നു കിട്ടിയ ഡയറിയിൽ പ്രകാശത്തിന്റെ പ്രതിഫലനത്തെക്കുറിച്ചും `എണ്ണപ്പാടകളിലെ വർണങ്ങളെക്കുറിച്ചുമുള്ള നിരീക്ഷണങ്ങൾ ഉണ്ടായിരുന്നു. ശാസ്‌ത്രത്തിൽ അതീവ താല്‍പ്പര്യമാണ് അവൾക്ക്. പക്ഷേ എന്തുചെയ്യാം, പെൺകുട്ടികൾക്ക് അന്ന് സ്‌കൂളിലും കോളേജിലും ശാസ്‌ത്രപഠനം അനുവദിച്ചിട്ടില്ല. എന്നാൽ, സമ്പന്നനായ അച്ഛൻ മകൾക്ക് സ്വകാര്യ ട്യൂഷൻനല്‍കാനുള്ള ഏർപ്പാടുചെയ്‌തു. 1901ൽ അവൾ പ്രൈവറ്റായി പരീക്ഷ പാസ്സായി. 1905ൽ ഫിസിക്‌സിൽ ഡോക്ടർ ബിരുദവും നേടി. വിയന്ന സർവകലാശാലയിൽ നിന്ന് ഫിസിക്‌സിൽ ഡോക്ടർ ബിരുദം നേടുന്ന രണ്ടാമത്തെ സ്‌ത്രീ ആയിരുന്നു ലിസ്.
ജോലി വാഗ്‌ദാനങ്ങളെല്ലാം നിരസിച്ചുകൊണ്ട് ലിസ് ഗണിതവും ഫിസിക്‌സും തുടർന്നും പഠിച്ചു. തന്റെ ക്ലാസ്സിലിരിക്കാൻ പെൺകുട്ടികളെ അന്നുവരെ അനുവദിക്കാതിരുന്ന മാക്‌സ്‌പ്ലാങ്കിനോട് പ്രത്യേകം അനുവാദം വാങ്ങി ബർളിൻ സർവകലാശാലയിലെ അദ്ദേഹത്തിന്റെ ക്ലാസ്സുകളിലിരുന്നു. ഒരു വർഷം കഴിഞ്ഞ് അദ്ദേഹത്തിന്റെ അസിസ്റ്റന്റും ആയി. ലുഡ്‌വിഗ് ബോൾട്‌സ്‌മാന്‍ എന്ന അതികായന്റെ ഫിസിക്‌സ് ക്ലാസ്സുകളായിരുന്നു ലിസിനെ ഏറെ ആവേശം കൊള്ളിച്ചത്. ഓട്ടോ ഹാൻ എന്ന രസതന്ത്രജ്ഞനുമായി ചേർന്നായിരുന്നു ലിസ് മൈറ്റ്‌നറുടെ ഗവേഷണം. റേഡിയോ ആക്‌റ്റീവ് ഐസോടോപ്പുകളെ വേർതിരിക്കാൻ അവർഒരു പുതിയ മാർഗം – റേഡിയോ ആക്‌റ്റീവ് റികോയിൽ മാർഗം – കണ്ടെത്തി.
1912ൽ രണ്ടുപേരും ബെർലിനിലെ കൈസർ വില്യം ഇൻസ്റ്റിറ്റിയൂട്ടിലേക്കു മാറി. ഹാനിന്റെ സഹായി ആയിട്ടായിരുന്നു ലിസിന്റെ നിയമനം. പക്ഷേ, ലിസിന് മാത്രം ശമ്പളമൊന്നും നല്‍കിയിരുന്നില്ല. 1914ൽ ഒന്നാം ലോകയുദ്ധം ആരംഭിച്ചപ്പോൾ ലിസ് എക്‌സ്‌റേ മെഷീൻ പ്രവർത്തിപ്പിക്കുന്ന നഴ്‌സായി സേവനമനുഷ്‌ഠിച്ചു. 1917ൽ തിരിച്ചുവന്ന് ഗവേഷണം തുടർന്നു. പ്രൊട്ടക്‌റ്റീനിയത്തിന്റെ ആയുസ്സു കൂടിയ ഐസോടോപ്പ് വേർതിരിച്ചെടുക്കുന്നതിൽ അവർ വിജയിച്ചു. തുടർന്ന് ഇൻസ്റ്റിറ്റിയൂട്ടിലെ ഫിസിക്‌സ് വിഭാഗത്തിന്റെ ചുമതല ലിസിനു നല്‍കി. 1922ൽ ശ്രദ്ധേയമായ ഒരു കണ്ടെത്തൽ അവർ നടത്തി. ഭാരമേറിയ ആറ്റങ്ങളുടെ ആന്തരിക ഷെല്ലിൽ നിന്ന് ഒരു ഇലക്‌ട്രോൺ നഷ്ടമായാൽ, അടുത്ത ഷെല്ലിൽ നിന്ന് ഒരു ഇലക്‌ട്രോൺ അങ്ങോട്ടു പതിക്കുകയും അപ്പോൾ സൃഷ്ടിക്കപ്പെടുന്ന അധിക ഊർജം സ്വീകരിച്ച് മറ്റൊരു ഇലക്‌ട്രോൺ പുറത്തേക്കു തെറിച്ചുപോവുകയും ചെയ്യുന്ന പ്രതിഭാസമായിരുന്നു അത്. ഈ കണ്ടെത്തലിന്റെ ക്രഡിറ്റ് പക്ഷേ, തൊട്ടടുത്തവർഷം ഈ കണ്ടെത്തൽ നടത്തിയ പിയർ വിക്‌റ്റർ ഓഗർ എന്ന ശാസ്‌ത്രജ്ഞനാണ് കിട്ടിയത്. ഓഗർ പ്രഭാവം എന്നാണത് ഇന്ന് അറിയപ്പെടുന്നത്. കാരണം ദുരൂഹം.
1926ൽ ലിസ് മൈറ്റ്‌നർക്കും കൈസർവില്യം ഇൻസ്റ്റിറ്റിയൂട്ട് ഫുൾ പ്രൊഫസർഷിപ്പ് നല്‍കി. അങ്ങനെ ജർമനിയുടെ ചരിത്രത്തിൽ ആദ്യ വനിതാ പ്രൊഫസർ ആയി ലിസ്. ഓട്ടോഹാൻ ആ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറും. രണ്ടുപേരും ചേർന്ന് ട്രാൻസ് യുറേനിയം പ്രോഗ്രാമിന് തുടക്കം കുറിച്ചു. യുറാനിയത്തേക്കാൾ അണുസംഖ്യകൂടിയ മൂലകങ്ങൾ സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു ലക്ഷ്യം. അതാണ് ഒടുവിൽ അണുകേന്ദ്രവിഭജനം (nuclear fission) എന്ന അത്ഭുത പ്രതിഭാസത്തിന്റെ കണ്ടുപിടുത്തത്തിലേക്കു നയിച്ചത്.
1932ൽ ജയിംസ് ചാഡ്‌വിക് ന്യൂട്രോൺ കണ്ടെത്തിയതോടെയാണ് ശാസ്‌ത്രലോകത്ത് ട്രാൻസ് യുറാനിക് മൂലകങ്ങൾ എന്ന സ്വപ്‌നം ഉടലെടുത്തത്. അണുകേന്ദ്രത്തിലേക്ക് ന്യൂട്രോണുകളെ എയ്‌തുവിട്ടാൽ അവയിൽ ചിലത് ഇലക്‌ട്രോണുകളെ പുറന്തള്ളി സ്വയം പ്രോട്ടോണുകൾ ആയി മാറുമെന്നും അവ സ്വീകരിച്ച് പുതിയ മൂലകങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ശാസ്‌ത്രജ്ഞർ പ്രതീക്ഷിച്ചു. ലോകമെമ്പാടും വലിയ മത്സരം തന്നെ ഈ രംഗത്തുണ്ടായി. ബ്രിട്ടണിൽ റഥർഫോഡ്, ഫ്രാൻസിൽ മേരിക്യൂറി, ഇറ്റലിയിൽ എൻറികോ ഫെർമി, ജർമനിയിൽ ഹാൻ-മൈറ്റ്‌നർ ടീമും.
ഇതിനിടെ 1933ൽ ഹിറ്റ്‌ലർ ജർമനിയിൽ അധികാരത്തിലെത്തി. ജൂതശാസ്‌ത്രജ്ഞർ ഓരോരുത്തരായി പിരിച്ചുവിടപ്പെട്ടു. ഓട്ടോ ഫ്രിഷ്, ഹാബർ, ലിയോ സ്വിലാർഡ് തുടങ്ങി പലരും നാടുവിട്ടു. ആസ്‌ട്രിയൻ പൗരത്വമുള്ളതുകൊണ്ട് ലിസിന് തുടക്കത്തില്‍ ജോലി നഷ്ടപ്പെട്ടില്ല. എന്നാല്‍ ആസ്‌ട്രിയയും നാസികൾക്കു കീഴടങ്ങിയതോടെ പലായനം അനിവാര്യമായി. മറ്റനേകം ജൂത ശാസ്‌ത്രജ്ഞർക്ക് രക്ഷപ്പെടാൻ കളമൊരുക്കിയ നീൽസ്‌ബോർ തന്നെ ലിസ് മൈറ്റ്‌നറുടെ സഹായത്തിനും എത്തി. ഓട്ടോഹാൻ പോലും ഏതാനും ദിവസം മുമ്പേ കാര്യം അറിഞ്ഞുള്ളൂ. ഹാൻ തന്റെ വജ്രമോതിരം ലിസിനു നല്‍കി. തീവണ്ടിയിൽ അതിർത്തി കടക്കുമ്പോൾ രഹസ്യപ്പോലീസ് പിടിച്ചാൽ കൈക്കൂലി നല്‍കാനായിരുന്നു അത്. പക്ഷേ അതു വേണ്ടിവന്നില്ല. പോക്കറ്റിൽ വെറും 10 മാർക്കും (ജർമന്‍ നാണയം) ആയി, മറ്റെല്ലാം ഉപേക്ഷിച്ച് ലിസ് സ്വീഡനിലെത്തി (1938ൽ).
എല്ലാ ഗവേഷണസ്ഥാപനങ്ങളും ജർമൻ – ആസ്‌ട്രിയൻ അഭയാർഥി ശാസ്‌ത്രജ്ഞരെക്കൊണ്ട് നിറഞ്ഞിരുന്നു. സ്റ്റോക്ക്‌ഹോമിൽ മാനേ സീഗ്‌ബാന്റെ ഇന്‍സ്റ്റിറ്റിയൂട്ടിൽ ലിസിന് ഒരിടം കിട്ടി. സീഗ്‌ബാനാണെങ്കിൽ സ്‌ത്രീകൾ ഗവേഷണമൊന്നും ചെയ്യേണ്ടതില്ല എന്ന അഭിപ്രായക്കാരനും. ലിസ് തന്റെ ഗേവഷണ പ്രബന്ധങ്ങളിൽ എൽ മൈറ്റ്‌നർ എന്നേ പേരുവെച്ചിരുന്നുള്ളൂ. സ്‌ത്രീയാണെന്നറിയാതിരിക്കാനായിരുന്നു അത്. ഒടുവിൽ കാര്യം വെളിവായപ്പോൾ പ്രസിദ്ധീകരിച്ചു കിട്ടാനും സാധ്യമല്ലാതായി. 1938 നവംബർ 13 ഒരു നിർണായകദിവസമായി കണക്കാക്കാം. അന്ന് ഓട്ടോഹാൻ കോപ്പൻ ഹേഗനിൽ വച്ച് ലിസ് മൈറ്റ്‌നറുമായി തനിക്ക് വിശദീകരിക്കാൻ കഴിയാതിരുന്ന ഒരു കാര്യത്തെക്കുറിച്ചു ചർച്ച ചെയ്‌തു. യുറേനിയത്തിൽ ഹാനും സ്റ്റ്രാസ്‌മാനും ചേർന്നു നടത്തിയ ഒരു പരീക്ഷണഫലമായിരുന്നു അത്. യുറേനിയം ശോഷണം മൂലം തോറിയമായി മാറും എന്നവർക്കറിയാമായിരുന്നു. എന്നാൽ തോറിയമെന്ന് അവര്‍ കരുതിയ വസ്‌തു ബേരിയത്തിന്റെ ഭൗതികഗുണങ്ങളാണ് പ്രദർശിപ്പിച്ചത്. പിന്നീട് ക്രിപ്‌റ്റോണും കണ്ടെത്തി. ഇതെങ്ങനെ സംഭവിക്കുന്നു എന്നാണവർ ലിസിനോടു ചോദിച്ചത്.
നിരീക്ഷണം തുടരാൻ ലിസ് നിർദേശിച്ചു. നിർണായകമായ ഒരു കണ്ടെത്തലിന്റെ വക്കിലാണ് തങ്ങളെന്നു ലിസിനു വ്യക്തമായിരുന്നു. ഡിസംബർ 24ന് ഹാനിന്റെ കത്തു വന്നു. സ്വീഡനിൽ ഉണ്ടായിരുന്ന ഓട്ടോഫ്രീഷുമായി ലിസ് കാര്യം ചർച്ച ചെയ്‌തു. നീൽസ്‌ബോർ അവതരിപ്പിച്ച അണുകേന്ദ്രത്തിന്റെ ലിക്വിഡ്‌ഡ്രോപ് മാതൃക ലിസിന് ഓർമവന്നു. ഭാരിച്ച അണുകേന്ദ്രങ്ങൾഒരു വലിയ ദ്രാവകത്തുള്ളി പോലെ അസ്ഥിരമാണ്. അവ ഉലഞ്ഞ് പലവിധത്തിൽ രണ്ടായി പിളരാം. പിളർന്നുണ്ടാകുന്നത് ബാരിയോണും ക്രിപ്‌റ്റോണുമാകാം അല്ലെങ്കില്‍ മറ്റേതെങ്കിലും വിധത്തിലാകാം. രണ്ടു കഷണങ്ങളുടെയും കൂടിയുള്ള അണുസംഖ്യ 92 ആയിരിക്കണമെന്നേയുള്ളൂ. മഞ്ഞിലൂടെയുള്ള ഒരു നടത്തത്തിനിടയിൽ ഒരു കഷണം കടലാസിൽ ഒരു മരക്കൊമ്പിലിരുന്നാണ് ലിസ് ആ പിളർപ്പിന്റെ അപാരമായ ഊർജം കണക്കാക്കിയത്. ഒപ്പം ഫ്രീഷും ഉണ്ടായിരുന്നു. ഐന്‍സ്റ്റൈന്റെ E = mc² എന്ന സമവാക്യത്തിന്റെ ആദ്യ പ്രയോഗമായിരുന്നു ലിസ് മൈറ്റ്‌നറുടെ കണ്ടെത്തൽ. ഫ്രിഷ് ആണ് അണുകേന്ദ്രം പിളരുന്ന പ്രതിഭാസത്തിന് ഫിഷൻ എന്ന പേര് നല്‍കിയത്.

ഫ്രിഷും മൈറ്റ്‌നറും ചേര്‍ന്ന് അനേകം പ്രബന്ധങ്ങൾ തുടർന്ന് പ്രസിദ്ധീകരിച്ചു ഫിഷൻ പരീക്ഷണങ്ങൾ ലോകം മുഴുവൻ ആവർത്തിക്കപ്പെട്ടു. അണുബോംബിന്റെ നിർമാണത്തിലേക്ക് നയിച്ച തുടർന്നുള്ള നീക്കങ്ങൾ പ്രസിദ്ധമാണല്ലോ. 1945ൽ ആദ്യ ബോംബ് ഹിരോഷിമയിൽ പ്രയോഗിക്കുന്നതിന് ഒരു വർഷം മുമ്പുതന്നെ ഹാനിന് രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം കിട്ടി. ലിസ് അതിൽ സന്തുഷ്ടയായിരുന്നു. ഹാനിന് ആ വിവേചനത്തിൽ ഒരു പങ്കുമില്ല എന്നവർക്കറിയാമായിരുന്നു. ശാസ്‌ത്രലോകത്തിന് ലിസിന്റെ പങ്ക് ശരിക്കും മനസ്സിലായിരുന്നു. മാക്‌സ്‌പ്ലാങ്ക് മെഡൽ എന്‌റികോഫെർമി അവാർഡു തുടങ്ങി നിരവധി സമ്മാനങ്ങൾ പില്‍ക്കാലത്ത് അവരെത്തേടിയെത്തി. അമേരിക്ക സന്ദർശിക്കാനെത്തിയ ലിസ് മൈറ്റ്‌നർക്ക് വൻ സ്വീകരണമാണ് കിട്ടിയത്. `ജർമനിയിൽ നിന്ന് പോക്കറ്റിൽ ഒരു ബോംബുമായി രക്ഷപ്പെട്ടവൾ’ എന്നാണവരെ പത്രങ്ങൾ വിശേഷിപ്പിച്ചത്. എന്നാല്‍ ആ പേരിൽ ഒരു സിനിമയെടുക്കാൻ സമീപിച്ചവർ, വളരെ വലിയ പ്രതിഫലം വാഗ്‌ദാനം ചെയ്‌തിട്ടും, നിരാശരായി മടങ്ങേണ്ടിവന്നു. ബോംബുനിർമിച്ചതിൽ തന്റെ പ്രതിഷേധം അവർ മറച്ചുവെച്ചുമില്ല.
1964ൽ ഒരു അമേരിക്കൻ സന്ദർശനത്തിനിടയിൽ ലിസ് മൈറ്റ്‌നർക്ക് ഹൃദയാഘാതമുണ്ടായി. 1968 ഒക്‌ടോബര്‍ 27ന്, 89-ാം വയസ്സിൽ അവർ അന്തരിച്ചു.