കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുണ്ടാകുന്ന ചൂട് കൂടിയ അന്തരീക്ഷം ഈ നൂറ്റാണ്ടില്‍ തന്നെ ഇടിമിന്നല്‍ 50% വര്‍ദ്ധിപ്പിക്കുമെന്ന് അന്തരീക്ഷ ശാസ്ത്രജ്ഞര്‍ അമേരിക്കയില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ലോറന്‍സ് ബെര്‍ക്കിലി ശാസ്ത്രജഞനായ ഡേവിഡ് റോംപ്സും സഹപ്രവര്‍ത്തകരും അമേരിക്കയുടെ അന്തരീക്ഷത്തിലെ മഴയുടേയും മേഖത്തിന്റെ പ്ലവനശക്തി (buoyancy)യെ മറ്റ് 11 വ്യത്യസ്ഥ കാലാവസ്ഥാ മോഡലുകളുമായി താരതമ്യ പഠനം നടത്തിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കൂടുതല്‍ ഇടിമിന്നലുണ്ടാകും എന്നാണ് അവര്‍ ആ പഠനത്തില്‍ നിന്ന് കണ്ടെത്തിയത്.
“ചൂട് കൂടുന്നതിനനുസരിച്ച് ഇടിമിന്നല്‍ കൂടുതല്‍ പൊട്ടിത്തെറിക്കുന്ന തരത്തിലാവും. അന്തരീക്ഷത്തില്‍ ആഴത്തിലുള്ള ദ്രുതവാതകചലന പൊട്ടിത്തെറിയ്ക്കുള്ള ഊര്‍ജ്ജം നല്‍കുന്ന നീരാവിയുണ്ടാകുന്നതാണ് ഇതിന് കാരണം. ചൂട് കൂടുന്നത് അന്തരീക്ഷത്തിലേക്ക് കൂടുതല്‍ നീരാവി എത്തിക്കും” എന്ന് റോംപ്സ് പറയുന്നു.
ഇടിമിന്നല്‍ കൂടുന്നത് മനുഷ്യര്‍ക്ക് കൂടുതല്‍ പരിക്കുകളുണ്ടാക്കും. മരണവും കൂടും. മിന്നല്‍ കൂടുന്നതിന്റെ വേറൊരു ഫലം കൂടുതല്‍ കാട്ടുതീയുണ്ടാകുമെന്നതാണ്. കാടുതീയുടെ പകുതിയും ഉണ്ടാകുന്നത് മിന്നലില്‍ നിന്നാണ്. ഇടിമിന്നല്‍ കൂടുന്നത് അന്തരീക്ഷത്തില്‍ കൂടുതല്‍ നൈട്രജന്‍ ഓക്സൈഡുണ്ടാകുന്നതിന് കാരണമാകുന്നു. ഭൗമാന്തരീക്ഷത്തിലെ രാസഘടനയില്‍ വലിയ സ്വാധീനമുണ്ടാക്കുന്നതാണത്.
താപനിലയിലുണ്ടാകുന്ന മാറ്റങ്ങളും ഇടിമിന്നലുമായിയുള്ള ബന്ധം കാണിക്കുന്ന ചില പഠനങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഭാവിയില്‍ ആ ബന്ധം എങ്ങനെയിരിക്കും എന്നതിനെക്കുറിച്ച് വിശ്വാസ്യമായ വിശകലനമൊന്നും നടന്നിരുന്നില്ല. മഴ, മേഘ പ്ലവനശക്തി എന്നിവ ഇടിമിന്നല്‍ പ്രവചിക്കാനുപയോഗിക്കാവുന്ന രണ്ട് ഗുണങ്ങള്‍ ആണ്. മേഘത്തിനകത്തെ ചാര്‍ജ്ജ് വ്യത്യാസമാണ് മിന്നലിന് കാരണം. ചാര്‍ജ്ജ് വ്യത്യാസം വര്‍ദ്ധിപ്പിക്കണമെങ്കില്‍ അന്തരീക്ഷത്തിന്റെ മേല്‍ത്തട്ടില്‍ കൂടുതല്‍ നീരാവിയും കട്ടി കൂടിയ മഞ്ഞ് കണികകളും വേണം. മുകളിലേക്കുള്ള ഒഴുക്കിന് വേഗത കൂടുന്നതിനനുസരിച്ച് കൂടുതല്‍ മിന്നലും കൂടുതല്‍ മഴയും ഉണ്ടാകും.
ജലപാതവും – മഴ, മഞ്ഞ്, ആലിപ്പഴം തുടങ്ങി എല്ലാ രീതിയിലും ഭൂമിയിലെത്തുന്ന മൊത്തം ജലത്തിന്റെ അളവും- അന്തരീക്ഷം എത്രമാത്രം ദ്രവവാതക സംവഹനം നടത്തുന്നു എന്നതും തമ്മില്‍ ബന്ധമുണ്ട്. ഈ സംവഹനം മിന്നലിന് കാരണമാകുന്നു. CAPE (Convective Available Potential Energy) എന്ന് വിളിക്കുന്ന ഒരു ഘടകത്തിന്റെ അടിസ്ഥാനത്തിലാണ് സംവഹനത്തിന്റെയും അതിന്റെ അടിസ്ഥാനത്തിലുള്ള മിന്നല്‍ മേഘങ്ങളുടെയും വേഗത നിര്‍ണ്ണയിക്കുന്നത്. ഇത്തരം കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി അമേരിക്കയില്‍ രണ്ടിലൊരു ദിവസം ബലൂണുകള്‍ വഴി ഇത് അളക്കുന്നുണ്ട്.
ഇത്തരം 11 വ്യത്യസ്ഥ കാലാവസ്ഥാ മാതൃകകളിലെ പ്രവചനങ്ങളും ഈ പഠന സംഘം പരിശോധിക്കുകയുണ്ടായി. 21 ആം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ആഗോള താപനില ഒരു ഡിഗ്രി ഉയരുമ്പോള്‍ അമേരിക്കയില്‍ CAPE 11% വര്‍ദ്ധിക്കും എന്നാണ് മാതൃകകള്‍ പ്രവചിക്കുന്നത്. മേഘത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള മിന്നലില്‍ 12% വര്‍ദ്ധനവുണ്ടാകും. 2100 ല്‍ താപനില 4-ഡിഗ്രി വര്‍ദ്ധിച്ചാല്‍ മിന്നലിന്റെ വര്‍ദ്ധനവ് 50% ആയിരിക്കും. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില പതിവുപോലെ സ്ഥിരമായി വര്‍ദ്ധിക്കും എന്നാണ് ഇതില്‍ പരിഗണിച്ചിരിക്കുന്നത്.
കാലാവസ്ഥ ചൂടാകുന്നതിനനുസരിച്ച് CAPE ഉയരുന്നതെന്തുകൊണ്ട് എന്നത് ഗവേഷണത്തിനുള്ള വിഷയമാണ്. ജലത്തിന്റെ അടിസ്ഥാന ഭൌതിക ശാസ്ത്രമാണ് അതിന് കാരണം എന്നത് തീര്‍ച്ചയാണ്.ചൂട് കൂടിയ വായുവില്‍ തണുത്ത വായുവിനേക്കാള്‍ കൂടുതല്‍ നീരാവി അടങ്ങിയിട്ടുണ്ട്. താപനില കൂടുന്നതിനനുസരിച്ച് വായുവിന് പിടിച്ച് നിര്‍ത്താനാവുന്ന ജലത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇടിമിന്നലിന് ഇന്ധനം നല്‍കുന്നത് നീരാവിയായതുകൊണ്ട് അതിന്റെ തോതും താപനില കൂടുന്നതനുസരിച്ച് വര്‍ദ്ധിക്കുന്നു. വിവിധ ഗവേഷണ സ്ഥാപനങ്ങളിലെ ജേക്കബ് സീലി ഡേവിഡ് വൊല്ലാറോ തുടങ്ങിയവര്‍ റോംപ്സിന്റെ കൂടെ ഈ പഠനത്തില്‍ പങ്കെടുത്തു.
[divider] [author image=”http://luca.co.in/wp-content/uploads/2014/08/jagadees.png” ]ജഗദീശ് എസ്.[email protected][/author]