Read Time:5 Minute

ഇന്നത്തെ ഇറ്റലിയുടെ ഭാഗമായ പേപ്പൽ സ്റ്റേറ്റിൽ  ജനിച്ച ഭൗതികശാസ്ത്രജ്ഞയായിരുന്നു ലോറ ബസ്സി. ശാസ്ത്ര പഠനവിഭാഗത്തിലെ യൂണിവേഴ്സിറ്റി ചെയർ ലഭിക്കുന്ന ലോകത്തിലെ ആദ്യ വനിതയായി അറിയപ്പെടുന്ന ലോറ,  ന്യൂട്ടോണിയൻ മെക്കാനിക്സിനെക്കുറിച്ചുള്ള പഠനം ഇറ്റലി മുഴുവൻ വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു.

മുഴുവൻ പേര്  ലോറ മറിയ കറ്റെറിന ബസ്സി വെരാട്ടി (Laura Maria Caterina Bassi Veratt). 1711 ഒക്ടോബർ 29-ന് ഇറ്റലിയിലെ ബൊളോഗ്നയിൽ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചു. അന്ന് ബൊളോഗ്ന ഉൾപെടുന്ന പ്രദേശം പോപ്പിൻ്റെ പരമാധികാരിയായ ഒരു പേപ്പൽ സ്റ്റേറ്റിൻ്റെ ഭാഗമായിരുന്നു.

കൗതുകകരമായ ഒരു കാര്യം ബസ്സി സ്കൂളിലോ പോയി ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ല എന്നതാണ്. വളരെ മിടുക്കിയായിരുന്ന ബസ്സിയെ ഒരു കസിൻ 5 വയസ്സു മുതലേ തന്നെ ലാറ്റിനും ഫ്രഞ്ചും ഗണിതവും പഠിപ്പിക്കാൻ തുടങ്ങി. പിന്നീട് 13-ാം വയസ്സു മുതൽ ടാക്കോനി എന്ന ഒരു സർവ്വകലാശാലാ അദ്ധ്യാപകൻ പരിചയപ്പെടുകയും അവളുടെ കഴിവിൽ അത്ഭുതപ്പെടുകയും ചെയ്തു. തുടർന്ന് അദ്ദേഹം ബസ്സിയെ  സ്വകാര്യമായി പഠിപ്പിച്ചു. ടാക്കോനിക്ക് താത്പര്യം ദെക്കാർത്തെയുടെ രീതികളായിരുന്നുവെങ്കിലും ബസ്സിക്ക് താത്പര്യം ഐസക്ക് ന്യൂട്ടൻ്റെ സിദ്ധാന്തങ്ങളെക്കുറിച്ച് പഠിക്കാനായിരുന്നു.

പിന്നീട്  ബസ്സിയുടെ ബുദ്ധിശക്തിയും അറിവും ലാമ്പെർട്ടിനി എന്നൊരാൾ തിരിച്ചറിഞ്ഞത് ജീവിതത്തിൽ ഒരു വഴിത്തിരിവായി.  ലാമ്പെർട്ടിനിയും ചില്ലറക്കാരനായിരുന്നില്ല. പിന്നീട് ബൊളോഗ്നയിലെ ആർച്ച് ബിഷപ്പും ഒടുവിൽ പോപ്പും ആയ ആളാണ്. ബസ്സിയുടെ കഴിവിൽ മതിപ്പു തോന്നിയ ലാമ്പെർട്ടിനി അവളെ ബൊളോഗ്ന സർവ്വകലാശാലയിലെ നാലു പ്രൊഫസർമാരുടെ മുന്നിൽ ഒരു തുറന്ന സംവാദത്തിനായി എത്തിച്ചു. അധികം താമസിയാതെ തന്നെ 20-ാം വയസ്സിൽ, ബസ്സിക്ക് തൻ്റെ നിരവധി പ്രബന്ധങ്ങൾ വലിയൊരു സംഘത്തിനു മുന്നിൽ അവതരിപ്പിക്കാനും അതിൻ്റെ പേരിൽ ഒരു ഡോക്ടറേറ്റ് നേടാനും കഴിഞ്ഞു. ശാസ്ത്രലോകത്ത് ആദ്യമായി ഒരു ഡോക്ടറേറ്റ് നേടുന്ന വനിതയായി ബസ്സി. ആഴ്ചകൾക്കുള്ളിൽ വേറൊരു 12 പ്രബന്ധങ്ങളും ബസ്സി സർവ്വകലാശായ്ക്കു സമർപ്പിച്ചു. കെമിസ്ട്രി, ഫിസിക്സ്, ഹൈഡ്രോളിക്സ്, മെക്കാനിക്സ്, സാങ്കേതിക വിദ്യ തുടങ്ങി വിവിധങ്ങളായ മേഖലകളുമായി ബന്ധപ്പെട്ടവയായിരുന്നു ഇവ. തുടർന്ന് ബസ്സി അവിടെ അദ്ധ്യാപികയായി നിയമിക്കപ്പെട്ടു. ശമ്പളത്തോടെ ഒരു സർവ്വകലാശാലാ ജോലി ലഭിക്കുന്ന ആദ്യ വനിതയായിരുന്നു അവർ.   എങ്കിലും പുരുഷ അദ്ധ്യാപകരുടേതുപോലെ ക്ലാസ്സുകൾ എടുക്കാനുള്ള അവകാശം അവർക്കു ലഭിച്ചില്ല.

1738 – ൽ അതേ സർവ്വകലാശാലയിലെ തന്നെ അദ്ധ്യാപകനായ ഗിസെപ്പെ വെരാട്ടിയെ വിവാഹം കഴിച്ചതിനു ശേഷം അവർ ഇരുവരും ചേർന്ന് വൈദ്യുതിയെ സംബന്ധിച്ച നിരവധി പരീക്ഷണങ്ങൾ നടത്തി. 1745-ൽ ലാമ്പെർട്ടിനി ബെനഡിക്ട് 14-ാമൻ എന്ന പേരു സ്വീകരിച്ച് പോപ്പിൻ്റെ പദവി ഏറ്റെടുത്തപ്പോൾ രൂപീകരിച്ച വൈജ്ഞാനികരുടെ സംഘത്തിൽ ബസ്സിയെയും ഉൾപ്പെടുത്തി. ശാസ്ത്രത്തിനു പുറമേ സാഹിത്യത്തിലും താത്പര്യമുണ്ടായിരുന്ന ബസ്സി നിരവധി സാഹിത്യ സമിതികളിലും അംഗമായിരുന്നു. 1778-ൽ 66-ാം വയസ്സിൽ അവർ അന്തരിച്ചു. അവരുടെ ഓർമ്മക്കായി  ശുക്രനിലെ ഒരു ഗർത്തത്തിന്   ബസ്സി എന്ന പേരു നൽകി ശാസ്ത്രലോകം അവരെ ആദരിച്ചിട്ടുണ്ട്. ബസ്സിയെ പലരും വിവേകത്തിൻ്റെ റോമൻ ദേവതയായ മിനെർവ്വയോട് ഉപമിച്ചിട്ടുണ്ട്.

ശുക്രനിലെ ബസ്സി ഗർത്തം

 

 

 

 

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അസിമ ചാറ്റർജി
Next post ഇ കെ ജാനകി അമ്മാൾ 
Close