Read Time:2 Minute
വലിയ പേക്കുയിൽ Large Hawk Cuckoo ( sub adult ) ശാസ്ത്രീയ നാമം : Hierococcyx sparverioides
കുയിൽ വർഗ്ഗത്തിൽപ്പെട്ട ദേശാടകരായ മറ്റൊരു പക്ഷിയാണ് വലിയ പേക്കുയിൽ. നമ്മുടെ നാട്ടിൽ സാധാരണയായി കാണപ്പെടുന്ന പേക്കുയിലിനെക്കാളും (Common Hawk Cuckoo) ശരീര വലിപ്പം കൂടിയവർ ആണ് വലിയ പേക്കുയിൽ. വലിയ പേക്കുയിലിന് തവിട്ടു നിറത്തിൽ ഉള്ള മേൽമുതുകും , ചാര നിറത്തിൽ ഉള്ള തലയും, കറുത്ത താടിയും, ചെമ്പൻ നിറത്തിൽ ഉള്ള മാറിടവും, വെള്ള നിറത്തിൽ ഉള്ള വയറും അടിഭാഗവും അതിൽ കുറുകെ കടുത്ത തവിട്ടു നിറത്തിൽ ഉള്ള വരകളും ഉണ്ടാകും. നീണ്ട വാലിൽ ഇരുണ്ട തവിട്ടു നിറത്തിൽ വീതിയേറിയ പട്ടകളും അറ്റത്തു വെള്ളനിറത്തിൽ കരകളും കാണും. ഇരുണ്ട തവിട്ടു നിറത്തിൽ ഉള്ള കണ്ണുകളും കണ്ണിനു ചുറ്റും മഞ്ഞ നിറത്തിലുള്ള ഒരു വളയവും ഉണ്ടാകും. കൊക്കിന് ഇരുണ്ട നിറമാണ്. കൊക്കിന്റെ തുടക്കത്തിൽ ഒരു മഞ്ഞ പട്ടയും ഉണ്ടാകും. കാലുകൾക്ക് മഞ്ഞ നിറമാണ്. പ്രായപൂർത്തി ആകാത്ത വലിയ പേക്കുയിലിന്റെ തൊണ്ട, മാറിടം, അടിഭാഗം എന്നിവ വെള്ള നിറത്തിലും അതിൽ ചാര നിറത്തിൽ അപൂർണ്ണമായ വരകളും ഉണ്ടാകും.
ദേശാടകർ ആയതിനാൽ ഇവരെ ഏകദേശം സെപ്റ്റംബർ മുതൽ മാർച്ച് വരെ ഉള്ള കാലഘട്ടത്തിൽ നമ്മുടെ നാട്ടിലെ വനപ്രദേശങ്ങളിൽ കാണുവാൻ സാധിക്കും.
മിതശീതോഷ്ണ വനപ്രദേശങ്ങളിലും ഉഷ്ണമേഖലാ വന പ്രദേശങ്ങളിലും ആണ് ഇവരെ പ്രധാനമായും കാണാറ്. പുഴുക്കളും ചീവീടുകളും ആണ് വലിയ പേക്കുയിലിന്റെയും ആഹാരം.
ഹിമാലയത്തിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പ്രജനനം നടത്തുന്ന ഇവരുടെ പ്രജനന കാലഘട്ടം മാർച്ച് മുതൽ ജൂൺ വരെ ആണ്.
ശബ്ദം കേൾക്കാം
ചിത്രം, വിവരങ്ങൾ : സന്തോഷ് ജി കൃഷ്ണ
Related
1
0