Read Time:6 Minute
വിനയരാജ് വി.ആർ
നെതർലാന്റ്സിലെ ഏറ്റവും മനോഹരമായ പെയ്ന്റിങ്ങായി അവിടുത്തെ ജനങ്ങൾ തെരഞ്ഞെടുത്ത ചിത്രമാണ് ഗേൾ വിത് എ പേൾ ഈയർറിങ്. (യോഹാൻ വെർമീന്റെ ചിത്രം). ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന നീലനിറം അൾട്രാമറീൻ ആണ്. ലാപിസ് ലാസുലി പൊടിച്ചാണ് അൾട്രാമറീൻ ഉണ്ടാക്കുന്നത്. കടൽകടന്നുവന്നത് എന്നാണ് അൾട്രാമറീൻ എന്ന വാക്കിന്റെയർത്ഥം. ഇറ്റാലിയൻ വ്യാപാരികൾ അഫ്ഘാനിസ്ഥാനിൽ നിന്നും 14-15 നൂറ്റാണ്ടുകളിൽ ഇവ യൂറോപ്പിൽ എത്തിച്ചു.
എന്താണ് ഈ ലാപിസ് ലാസുലി?
പുരാതനകാലം മുതൽ, ഏതാണ്ട് 9000 വർഷം മുൻപു മുതൽ ഉപയോഗിച്ചിരുന്ന ഒരു അർദ്ധരത്നമാണ് ലാപിസ് ലാസുലി അഥവാ ലാപിസ്. ഇതിന്റെ ഗാഢമായ നീലനിറമാണ് ആൾക്കാരെ ആകർഷിച്ചിരുന്നത്. ബി സി ഏഴാം നൂറ്റാണ്ടുമുതൽ അഫ്ഘാനിസ്ഥാനിലെ സർ-ഇ-സങ് ഖനികളിൽ നിന്നും ഇതു ഖനനം ചെയ്തിരുന്നു. സിന്ധുനദീതടസംസ്കാരത്തിന്റെ ഭാഗമായ ഇന്നത്തെ ഹരിയാനയിലുള്ള ഭിരാനയിൽ നിന്നും ലാപിസ് കൊണ്ട് ഉണ്ടാക്കിയ കലാരൂപങ്ങൾ ലഭിച്ചിട്ടുണ്ട്. ലാപിസിന് വലിയ വിലയായിരുന്നു. തൂത്തൻഖാമന്റെ സംസ്കാരമുഖാവരണത്തിൽ നിന്നും ലാപിസ് കൊണ്ടുള്ള മുത്തുകൾ കിട്ടിയിട്ടുണ്ട്. മധ്യകാലത്തിന്റെ അവസാനത്തോടെ ലാപിസ് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുകയും അവിടെ അതിനെ നന്നായി പൊടിച്ച് നീലനിറങ്ങളിലെ ഏറ്റവും വിലകൂടിയ പദാർത്ഥമായ അൾട്രാമറീൻ ആക്കിമാറ്റുകയും ചെയ്തിരുന്നു. അങ്ങനെയാണ് യൂറോപ്പിലെ നവോത്ഥാനകാലത്തെ പലചിത്രങ്ങളിലും അൾട്രാമറീൻ കാണാനാവുന്നത്. ചിത്രങ്ങളിലെ കന്യാമറിയം പോലുള്ള മുഖ്യകഥാപാത്രങ്ങളുടെ വസ്ത്രത്തിന്റെ നിറം നൽകാനാണ് ഈ ചായം ഉപയോഗിച്ചത്. പുരാതന ഈജിപ്തിൽ ലാപിസ് ആഭരണമായി ഉപയോഗിച്ചിരുന്നു. ക്ലിയോപാട്ര കൺപീലിക്ക് നിറം കൊടുക്കാൻ ലാപിസ് പൊടിച്ച് സൂക്ഷിച്ചു. ആദ്യകാല കൃസ്ത്യൻ പാരമ്പര്യത്തിൽ ലാപിസ് കന്യാമറിയത്തിന്റെ രത്നമായി അറിയപ്പെട്ടു.
പതിനേഴാം നൂറ്റാണ്ടിൽ മൈക്കലാഞ്ചലോയും റൂബൻസും ചിത്രങ്ങൾ രചിക്കുമ്പോൾ അഫ്ഘാനിസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്തിരുന്ന ലാപിസിന് അത്രയും തൂക്കമുള്ള സ്വർണ്ണത്തേക്കാൾ വിലയുണ്ടായിരുന്നു. ഏറ്റവും പ്രമുഖരായ ചിത്രകാരന്മാർക്കേ ലാപിസ് ഉപയോഗിച്ച് വരയ്ക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. അല്ലാത്തവർ സൂര്യപ്രകാശത്തിൽ മങ്ങുന്ന നിറങ്ങൾ കൊണ്ട് ചിത്രം രചിച്ച് തൃപ്തിപ്പെടേണ്ടിവന്നു. 1826 -ൽ കൃത്രിമമായി അൾട്രാമറീൻ കണ്ടെത്തുന്നതുവരെയായിരുന്നു ലാപിസിന്റെ സുവർണ്ണകാലം.
ഇന്നും അഫ്ഘാനിസ്ഥാനിലെ വടക്കുകിഴക്കൻ മേഖലകളിലെ ഖനികളിൽ നിന്നുമാണ് ലോകത്തേറ്റവും ലാപിസ് ലഭിക്കുന്നത്. താലിബാൻ അടക്കമുള്ള സായുധസംഘങ്ങൾ അഫ്ഘാനിസ്ഥാന്റെ ഈ പ്രകൃതിവിഭവം കൊള്ളയടിച്ച് കോടിക്കണക്കിന് ഡോളർ ആണ് ഉണ്ടാക്കുന്നത്. രണ്ടുവർഷത്തെ ലാപിസ് ലാസുലിയുടെ ഖനനം മാത്രം മൂന്നുകോടി ഡോളർ മതിക്കുന്നതാണെന്നാണ് കണക്കാക്കപ്പെടുന്നത്. ശരിക്കും അഫ്ഘാനിസ്ഥാനിലെ ഖനിജങ്ങളുടെ ഉടമ സർക്കാരാണ്, എന്നാൽ കുറച്ചുകാലം മുൻപ് അബ്ദുൾ മാലിക് എന്നൊരു യുദ്ധപ്രഭു ഖനികൾ പിടിച്ചെടുത്തു. തന്നെ സംരക്ഷിക്കാനായി മാലിക് താലിബാന് കാശുനൽകുകയാണ് ചെയ്യുന്നത്. അഫ്ഘാനിസ്ഥാൻ എന്ന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥതന്നെ മാറ്റിമറിക്കാൻ പോന്നത്ര ലാപിസ് ശേഖരമാണ് അവിടെയുള്ളത്, എന്നാൽ ലാപിസ് അടക്കമുള്ള ഖനിജങ്ങളാണ് ഒപ്പിയം കഴിഞ്ഞാൽ താലിബാന്റെ ഏറ്റവും വലിയ വരുമാനമാർഗം.
രസതന്ത്രം
കോണ്ടാക്ട് മെറ്റമോർഫിസം എന്നറിയപ്പെടുന്ന ഒരു ഭൂമിശാസ്ത്രപ്രതിഭാസത്തിൽ പാറകൾ ചൂടേറ്റു രൂപാന്തരം പ്രാപിച്ചാണ് ലാപിസ് ലാസുലി രൂപപ്പെടുന്നത്. (Na,Ca)8(AlSiO4)6(S,Cl,SO4,OH)2 എന്ന സൂത്രവാക്യമുള്ള ലാപിസ് ലാസുലിയുടെ ഈ നീലനിറത്തിനു കാരണം അതിലെ ക്രിസ്റ്റലിലുള്ള ട്രൈസൾഫർ റാഡിക്കൽ ആനയോണിന്റെ (S3−) സാന്നിധ്യമാണ്. ഏറ്റവും ഉയർന്ന ഊർജ്ജനിലയിൽ (മോളിക്യൂലാർ ഓർബിറ്റൽ നമ്പർ 24) രണ്ടെണ്ണമുള്ള ഇലക്ട്രോണുകളിൽ നിന്നും ഒരെണ്ണം ഏറ്റവും കുറഞ്ഞ ഊർജ്ജനിലയിലുള്ള ഒരു ഇലട്രോൺ മാത്രമുള്ള ഓർബിറ്റിലേക്ക് (നമ്പർ 25) ഉത്തേജിപ്പിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രകാശത്തിന്റെ തീവ്രതയേറിയ ആഗിരണരേഖയാണ് (λmax ~617) ഈ നീലനിറത്തിനുകാരണം.)
Related
0
0