Read Time:13 Minute

പവിഴപ്പുറ്റുകളുടെ മരണത്തിന്റെ ആദ്യ പടിയാണ് കോറൽ ബ്ലീച്ചിങ് എന്ന പവിഴപ്പുറ്റുകൾ വെളുത്തുവരുന്ന പ്രതിഭാസം. ലക്ഷദ്വീപിൽ മാസ്സ് ബ്ലീച്ചിങ്ങിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിരിക്കുന്നു.

.ഭൂമിയിലെ ഏറ്റവും മനോഹരവും ജൈവവൈവിധ്യ സമ്പന്നവുമായ ആവാസ വ്യവസ്ഥകളിൽ ഒന്നാണ് പവിഴപ്പുറ്റുകൾ. ഭൂമിയുടെ ഉപരിതല വിസ്തീർണ്ണത്തിന്റെ കേവലം ഒരു ശതമാനം ഭാഗത്ത് മാത്രമേ പവിഴപ്പുറ്റുകൾ സ്ഥിതി ചെയ്യുന്നുള്ളു എങ്കിലും, ആകെ സമുദ്ര ജീവികളിൽ 25%- ഉം ജീവിക്കുന്നത് പവിഴപ്പുറ്റുകളെ ആശ്രയിച്ചാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് ഉപജീവനത്തിനും ഭക്ഷണത്തിനുമായി മാത്രം പവിഴപുറ്റുകളെ ആശ്രയിക്കുന്നത്. ഇപ്പോൾ പവിഴപ്പുറ്റുകൾ അതിതീവ്രമായ  പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. പവിഴപ്പുറ്റുകളായി നമ്മൾ കാണുന്ന ജീവികൾ സൂസാന്തല്ലേ (zooxanthellae) എന്ന പായലുകളും (Algae) പവിഴപ്പുറ്റുകളുമായുള്ള സംയുക്ത രൂപമാണ്. സൂസാന്തല്ലേകൾക്ക് ജീവിക്കാൻ ആവശ്യമായ സ്ഥലം പവിഴപ്പുറ്റുകൾ നൽകുകയും പകരം സൂസാന്തല്ലേ പ്രകാശസംശ്ലേഷണം വഴി ആഹാരം തയാറാക്കി പവിഴപ്പുറ്റുകൾക്ക് നൽകുകയും, കൂടാതെ തിരയിൽ നിന്നും കാറ്റിൽ നിന്നും പവിഴപ്പുറ്റുകൾക്ക് നേരിട്ട് അപകടം പറ്റാതെ സംരക്ഷിച്ചു നിർത്തുകയും ചെയ്യുന്നു.

Pale_Acropora_Damselfish Photo by Wenzel-Pinto

കാലാവസ്ഥാവ്യതിയാനത്തിന്റെ അനന്തരഫലങ്ങളായ ധാരാളം മാറ്റങ്ങൾ സമുദ്രത്തിൽ കണ്ടുവരികയാണ്. അന്തരീക്ഷത്തിൽ അമിതമായി വരുന്ന കാർബൺ ഡൈ ഓക്സൈഡ് കടൽവെള്ളത്തിൽ ലയിച്ച് കടൽ ജലത്തിൽ കാർബോണിക് ആസിഡിന്റെ അംശം കൂടുന്നത് മൂലമുണ്ടാകുന്ന കടൽ ജലത്തിന്റെ അമ്ലീകരണം (Ocean acidification), തുടർച്ചയായി വരുന്ന ഉഷ്ണ വാതങ്ങൾ (എൽനിനോ സതേൺ ഓസിലേഷൻ), തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളാണ്.

ഇത്തരത്തിൽ കടലിൽ ഉണ്ടാകുന്ന എന്തെങ്കിലും രാസപ്രവർത്തനങ്ങളുടെയോ ചൂട് കൂടുന്നതിന്റെയോ ഭാഗമായി സൂസാന്തല്ലേ പവിഴപ്പുറ്റുകളിൽ നിന്ന് അടർന്നു മാറുന്നു. അപ്പോൾ ധാരാളം നിറങ്ങളുള്ള പവിഴപ്പുറ്റുകൾ വെളുത്ത് വരുന്നു. ഈ പ്രതിഭാസത്തെയാണ് കോറൽ ബ്ലീച്ചിങ് എന്ന് വിളിക്കുന്നത്. കോറൽ ബ്ലീച്ചിങ് പവിഴപ്പുറ്റുകളുടെ മരണത്തിന്റെ ആദ്യ പടിയാണ്.

ബ്ലീച്ചിങ് സംഭവിച്ച പവിഴപ്പുറ്റുകൾ Bleached reef Photo by Wenzel-Pinto.jpg.jpg

എല്ലാ വർഷവും ചെറിയ തോതിൽ ഇത് സംഭവിക്കാറുണ്ട്. പവിഴപ്പുറ്റുകളുടെ സ്വാഭാവിക വളർച്ച നടക്കുന്നതിനാൽ സാധാരണ ഗതിയിൽ ഇതൊരു പ്രശ്നമാകാറില്ല. എന്നാൽ കടലിലെ താപനില ഉയരുകയും അത് സാധാരണയിൽ കൂടുതൽ ദിവസങ്ങൾ നിലനിൽക്കുകയും ചെയ്താൽ പവിഴപ്പുറ്റുകൾക്ക് വ്യാപകമായി ബ്ലീച്ചിങ് സംഭവിക്കും. ഇതിനെ മാസ് ബ്ലീച്ചിങ് ഇവന്റുകൾ എന്നാണ് വിളിക്കുന്നത്.

Healthy Acropora Damselfish Photo by Mayukh-Dey

ബ്ലീച്ചിങ്ങിനു കാരണമായ ഘടകങ്ങൾ ഇല്ലാതാകുകയും മറ്റു സമ്മർദങ്ങൾ ഇല്ലാതിരിക്കുകയും ആവശ്യത്തിന് സമയം ലഭിക്കുകയും ചെയ്താൽ പവിഴപ്പുറ്റുകൾക്ക് പൂർവസ്ഥിതിയിൽ എത്താൻ കഴിയും. 1998-ലാണ് ആദ്യമായി ലോകത്ത് മാസ്സ് ബ്ലീച്ചിങ് ഇവൻറ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Healthy Reef 2 Photo by Wenzel Pinto

ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ..!

ഇന്ത്യയിലെ ഒരേയൊരു പവിഴദ്വീപ് (Coral Atoll) ആണ് ലക്ഷദ്വീപ്. ദ്വീപുകൾ, ദ്വീപുകൾക്കു ചുറ്റുമായി ഒരു മതിൽ പോലെ പവിഴപ്പുറ്റുകൾ (Coral Reef), പവിഴപ്പുറ്റുകൾക്കും ദ്വീപിനുമിടയിൽ ആഴം കുറഞ്ഞ, അധികം തിരകളില്ലാത്ത ലഗൂൺ എന്ന് വിളിക്കുന്ന തടാകം പോലെയുള്ള പ്രദേശം. പവിഴപ്പുറ്റുകൾക്ക് പുറത്ത് ആഴമേറിയ കടൽ. ഇങ്ങനെയാണ് പവിഴദ്വീപുകളുടെ ഘടന. കടലിലുള്ള ശക്തമായ തിരകളിൽ നിന്നും കാറ്റിൽ നിന്നും കര പ്രദേശത്തെ സംരക്ഷിച്ചു നിർത്തുന്നത് മതിൽ പോലെ ചുറ്റുമുള്ള പവിഴപുറ്റുകളാണ്.

Pale coral Pocillopora Photo by Wenzel Pinto

2023-ലെ ഭൂരിഭാഗം സമയത്തും നിലനിന്നിരുന്ന എൽ-നിനോ പ്രതിഭാസം കാരണമായി സമുദ്രോപരിതലത്തിലെ ചൂട് ഉയർന്നു നിൽക്കുകയായിരുന്നു. ലോകത്താകമാനം; പ്രത്യേകിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളിൽ മാസ്സ് ബ്ലീച്ചിങ് ഉണ്ടാകുമെന്ന് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷൻ (NOAA) പ്രഖാപനം വന്നിരുന്നു. അതിനു പുറകെയാണ് ലക്ഷദ്വീപിലും അതിന്റെ പ്രശ്നങ്ങൾ കണ്ടുതുടങ്ങിയത്. നശിച്ചു തുടങ്ങിയതോ പൂർണമായി നശിച്ചതോ ആയ കോശങ്ങൾ, വിളറിയതോ പൂർണ്ണമായി വെളുത്തതോ ആയ പവിഴപ്പുറ്റുകൾ, വ്യാപകമായ കോറൽ മരണനിരക്ക് എന്നിവ ലക്ഷദ്വീപിൽ പ്രകടമായി കണ്ടുതുടങ്ങിയിരിക്കുന്നു. സമുദ്രോപരിതലത്തിലെ ചൂട് ശരാശരി 1.6° സെൽഷ്യസ് ഉയർന്നപ്പോഴാണ് മാസ്സ് ബ്ലീച്ചിങ്ങിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

“സമുദ്ര ഉപരിതലത്തിൽ ഇപ്പോൾ കാണുന്ന താപനില ഇങ്ങനെ തുടർന്നു പോവുകയാണെങ്കിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ കഠിനമായിരിക്കും. മൺസൂൺ എത്തുമ്പോൾ താപനില കുറയാനും സമ്മർദ്ദ സാഹചര്യങ്ങൾ കുറയാനും കാരണമാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു”
വെൻസൽ പിൻ്റോ (Researcher, Nature Conservation Foundation)
Acropora fluorescing Photo by Wenzel-Pinto

1998-ലാണ് ആദ്യമായി ലോകത്ത് മാസ്സ് ബ്ലീച്ചിങ് ഇവൻറ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലോകത്തെ മറ്റു സ്ഥലങ്ങളെ പോലെ ലക്ഷദ്വീപിലും അന്ന് മാസ്സ് ബ്ലീച്ചിങ് സംഭവിച്ചിരുന്നു. നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനിലെ (NCF) ഗവേഷകർ ആദ്യത്തെ മാസ്സ് ബ്ലീച്ചിംഗ് ഇവൻ്റിന് ശേഷം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളുടെ മൊത്തത്തിൽ 25% ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

“മഴക്കാടുകളിൽ മരങ്ങൾ നഷ്ടപ്പെടുന്നത് പോലെയാണ് കടലിൽ പവിഴപ്പുറ്റുകൾ നഷ്ടപ്പെടുന്നത്.”
മയൂഖ് ഡേ (Doctoral research fellow,  Nature Conservation Foundation)

കുറച്ചു നാളുകൾക്ക് ശേഷം ലക്ഷദ്വീപിൽ നശിച്ചു പോയ പവിഴപ്പുറ്റുകൾ തിരിച്ചു വരുന്നതായി ഗവേഷകരുടെ ശ്രദ്ധയിൽ പെട്ടു. പക്ഷേ അതിനു ആവശ്യമായ സമയവും; ഏകദേശം 5-7 വർഷം, മറ്റു സമ്മർദങ്ങൾ ഇല്ലാത്ത അവസ്ഥയും ആവശ്യമാണ്. 1998-നു ശേഷം 2010-ലും പിന്നീട് 2016-ലും മാസ്സ് ബ്ലീച്ചിങ് ഇവന്റുകൾ ലോകത്തെ മറ്റു സ്ഥലങ്ങളിലെ പോലെ ലക്ഷദ്വീപിനെയും ഗണ്യമായി ബാധിച്ചിരുന്നു. ആഗോള താപനം ശക്തിപ്പെടുമ്പോൾ രണ്ട് മാസ്സ് ബ്ലീച്ചിങ് ഇവന്റുകൾക്കിടയിലുള്ള ദൈർഘ്യം കുറഞ്ഞു വരാൻ കാരണമാകുന്നു. പലപ്പോഴും ഒരു ബ്ലീച്ചിങ് ഇവന്റിന് ശേഷം പവിഴപ്പുറ്റുകൾ തങ്ങളുടെ ആരോഗ്യം വീണ്ടെക്കുന്നതിനു മുൻപ് തന്നെ അടുത്ത ബ്ലീച്ചിങ് എവെന്റ്റ് അഭിമുഖീകേരിക്കേണ്ടി വരുകയാണ്.

“പവിഴപ്പുറ്റുകൾ അതിസങ്കീർണ്ണമായ ഒരു ആവാസവ്യവസ്ഥയാണ്. പവിഴപ്പുറ്റുകളിൽ ഉണ്ടാകുന്ന ബ്ലീച്ചിങ് അവയെ ആശ്രയിക്കുന്ന ചെറുജീവികളെയും, മത്സ്യങ്ങളെയും ഗണ്യമായി ബാധിക്കുന്നു. അതിന്റെ ആന്തോളനങ്ങൾ ഭക്ഷ്യ ശൃംഖലയിലെ എല്ലാ അംഗങ്ങളുടെയും നിലനിൽപ്പിനു ഭീഷണിയാകും”
രാധിക നായർ (Researcher, Nature Conservation Foundation)

ഇത്തരം മാസ്സ് ബ്ലീച്ചിങ് ഇവന്റുകൾ ലക്ഷദ്വീപ് പോലെയുള്ള ശരാശരി സമുദ്രനിരപ്പിനേക്കാൾ താഴ്ന്ന, 70,000-ൽ അധികം ആളുകൾ തിങ്ങിപ്പാർക്കുന്ന, ബഹുഭൂരിഭാഗം ജനങ്ങളും സമുദ്ര വിഭവങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ഒരു സ്ഥലത്ത് ഉണ്ടാക്കിയേക്കാവുന്ന ആഘാതം വളരെ ആശങ്ക നിറഞ്ഞതാണ്. പവിഴപ്പുറ്റുകളിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ പ്രതിഫലനങ്ങൾ സമുദ്ര വിഭവങ്ങളിലും, ഉപജീവനത്തിലും മാത്രമല്ല. ദ്വീപുകളിലെ ശുദ്ധജലത്തിന്റെ ലഭ്യതയിലും കര പ്രദേശങ്ങളുടെ നിലനിൽപ്പിനും തന്നെ ഭീഷണിയാണ്. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന മാസ് കോറല്‍ ബീച്ചിങ്ങുകളുടെ പ്രതിഫലനങ്ങൾ വരും വർഷങ്ങളിലും ഉണ്ടാകും എന്ന് തീർച്ചയാണ്.

അധികവായനയ്ക്ക്

  1. NOAA confirms 4th global coral bleaching event >>>
  2. Changes in seasonal average temperature >>>
Happy
Happy
6 %
Sad
Sad
78 %
Excited
Excited
6 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
11 %

2 thoughts on “ലക്ഷദ്വീപിലെ മായുന്ന വസന്തങ്ങൾ

  1. I am a common man and had this doubt while going through the article.

    “ഭൂമിയുടെ ഉപരിതല വിസ്തീർണ്ണത്തിന്റെ കേവലം ഒരു ശതമാനം ഭാഗത്ത് മാത്രമേ പവിഴപ്പുറ്റുകൾ സ്ഥിതി ചെയ്യുന്നുള്ളു എങ്കിലും, ആകെ സമുദ്ര ജീവികളിൽ 25%- ഉം ജീവിക്കുന്നത് പവിഴപ്പുറ്റുകളെ ആശ്രയിച്ചാണ്.”

    What makes this statement. Is this the efficacy of photosynthesis?. If so, that science is to be studied more and more and a find out a way for feeding the entire flora and fauna. Otherwise it is mere a statistics to support your statement.

    Please respond.

    1. വ്യത്യസ്ത കാരണങ്ങൾ കൊണ്ടാണ് പവിഴപ്പുറ്റുകൾ ജൈവവൈവിധ്യ സമ്പന്നമായി നിലനിൽക്കുന്നത്. പവിഴപ്പുറ്റുകളെ നേരിട്ട് ആശ്രയിക്കുന്ന ജീവികളെയും അത്തരം ജീവികളെ ആശ്രയിച്ചു ജീവിക്കുന്ന മറ്റു ജീവികളെയും നമുക്ക് ഈ ആവാസവ്യവസ്ഥയിൽ കാണാം.

      1. സങ്കീർണ്ണമായ ഘടന (Structural Complexity): പവിഴപ്പുറ്റുകൾ ഇനത്തിനനുസരിച്ച് ആകൃതിയിലും ഘടനയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. വലിയ പാറ പോലെയുള്ളവ, ശിഖരങ്ങൾ പോലെയുള്ളവ, കുട പോലെ ഉള്ളവ അങ്ങനെ പലതും പല ആകൃതിയാണ്. ഇതിനിടയിൽ തന്നെ വിള്ളലുകളും പൊത്തുകളും കുഴികളും മറ്റും ഉണ്ടാകാറുണ്ട്.ഈ ഘടനാപരമായ വ്യത്യാസങ്ങൾ ജീവികൾ ഉപയോഗപ്പെടുത്താറുണ്ട്. മറഞ്ഞിരുന്ന് ഇരകളെ വേട്ടയാടാനും, ശത്രുക്കളിൽ നിന്ന് അഭയം പ്രാപിക്കാനുമൊക്കെ ജീവികൾ പവിഴപ്പുറ്റുകളെ ആശ്രയിക്കാറുണ്ട്.

      2. ആഹാര ശൃംഖല: പലപ്പോഴും പവിഴപ്പുറ്റുകൾ ഉള്ള പ്രദേശങ്ങളിൽ നീരൊഴുക്കുകൾ മറ്റു സ്ഥലങ്ങളേക്കാൾ ശാന്തമായിരിക്കും. പായലുകൾ, പ്ലവകങ്ങൾ (Planktons) തുടങ്ങിയ ചെറുജീവികൾക്കുംസസ്യങ്ങൾക്കും സുരക്ഷിതമായി ഇരിക്കാൻ ഇത് സഹായകമാണ്. ഈ പറഞ്ഞ ജീവികളെയും പവിഴപ്പുറ്റുകളെയും ആഹാരമാക്കുന്ന ജീവികൾ, അവയെ ആഹാരമാക്കുന്ന ജീവികൾ, ആ ജീവികളെ ആഹാരമാക്കുന്ന ജീവികൾ, അത്തരത്തിൽ വളരെ സങ്കീർണ്ണമായ ഒരു ആഹാര ശൃംഖല പവിഴപ്പുറ്റുകളെ ചുറ്റിപ്പറ്റി കാണപ്പെടുന്നു.

      3. പ്രത്യുൽപാദനം: ധാരാളം കടൽജീവികൾ സുരക്ഷിതമായി ഇണ ചേരുവാൻ പവിഴ പുറ്റുകൾ ഉള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. പല കടൽ ജീവികളും അണ്ഡവും ബീജവും വെള്ളത്തിലേക്ക് നിക്ഷേപിക്കുകയും അവിടെവെച്ച് അവ കൂട്ടിയോജിപ്പിക്കപ്പെടുകയും ആണ് ചെയ്യുന്നത്. അണ്ഡം പവിഴപ്പുറ്റുകളിൽ പറ്റിയിരിക്കുന്നത് ബീജവുമായി ചേരാൻ എളുപ്പമായി തീരുന്നു.

      മുട്ടകൾ തിരയിൽ ഒഴുകിപ്പോകാതെ പവിഴ പുറ്റുകളിൽ പറ്റിപ്പിടിച്ച് സുരക്ഷിതമായി വിരിഞ്ഞു വരാനും ഇത് സഹായകമാകുന്നു.

      മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾ ഇര പിടിക്കുന്ന ജീവികളുടെ കണ്ണിൽപ്പെടാതെ സുരക്ഷിതമായിരിക്കുവാനും കുഞ്ഞുങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണം ലഭ്യമാകാനും പവിഴ പുറ്റുകൾ സഹായകമാകാറുണ്ട്. അവിടെ കുറ്റകളെ ആശ്രയിച്ച് ജീവിക്കുന്ന ജീവികൾ മാത്രമല്ല പുറം കടലിൽ ജീവിക്കുന്ന ജീവികളും മുട്ടയിടാനായി പവഴക്കുട്ടികളുടെ അടുത്തേക്ക് വരാറുണ്ട്.

Leave a Reply

Previous post മനുഷ്യരാശിയുടെ ജന്മഗേഹം, കാലം, പൂർവ്വികർ  
Next post വെറുക്കപ്പെടേണ്ട സസ്യമാണോ അരളി ?
Close