സെബിന്‍ എബ്രഹാം
വയനാട്ടില്‍ ആദിവാസികള്‍ കുരങ്ങ് പനികൊണ്ട് വലയുമ്പോള്‍ ഒരുവശത്ത് സര്‍ക്കാര്‍ നിസംഗത പുല്രത്തുന്നു. കുരങ്ങുപനി വൈറസും, മറ്റ് പകര്‍ച്ചവ്യാധികളുടെ കാര്യത്തിലെന്നപോലെ സാമ്രാജ്യത്വ സൃഷ്ടിയാണെന്ന പ്രചരണം മറുവശത്തും. കുരങ്ങ് പനിയുടെ ഉത്ഭവവും പ്രത്യാഘാതവും വിലയിരുത്തുന്ന ലേഖനം
കുരങ്ങുപനിയും സലിം അലിയും തമ്മില്‍ ബന്ധമുണ്ടോ ? വൈറസുകള്‍ പകര്‍ത്തുന്ന വ്യാധികളും അമേരിക്കയുമായി ബന്ധമുണ്ടോ ? നമ്മുടെ ചര്‍ച്ചകള്‍ പലപ്പോഴും ഇതരത്തില്‍ പുരോഗമിക്കുന്നത് കാണാം. പ്രത്യേകിച്ച് ഫലമൊന്നുമുണ്ടാക്കാത്ത ഈ ചര്‍ച്ചകള്‍ പക്ഷേ വാക്സിന്‍ വിരുദ്ധരുടെ ഊര്‍ജ്ജ സ്രോതസ്സായി മാറുന്നുവെന്നത് നിസ്സാരമായി തള്ളിക്കളായുനുമാകില്ല.
സലിം അലിയുടെ പേരു് ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്തവര്‍ കേരളത്തില്‍ ഉണ്ടെന്ന് തോന്നുന്നില്ല. ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സംഘാടകനായ ഈ വിഖ്യാത പക്ഷിനിരീക്ഷകന്‍, യുഎസ് പരിസ്ഥിതിശാസ്ത്രജ്ഞനായ ഡില്ലന്‍ റിപ്ലിയുമായി ചേര്‍ന്നു് 1950കളിലും 60കളിലുമായി ഭരത്പൂരില്‍ സംഘടിപ്പിച്ച പഠനമാണു് ദേശാടനപ്പക്ഷികളെ കുറിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ സമഗ്രപഠനം. സൈബീരിയയില്‍ നിന്നും മദ്ധ്യേഷ്യയില്‍നിന്നും ചീനയില്‍ നിന്നും മറ്റുമായി ലക്ഷക്കണക്കിനു് ദേശാടനപ്പക്ഷികളാണു് മഞ്ഞുകാലമാകുമ്പോഴേക്കും ചൂടുതേടി കേരളത്തിലടക്കം എത്തുന്നതു്. ഇങ്ങനെയെത്തുന്ന കുളക്കോഴി വര്‍ഗ്ഗത്തില്‍ പെട്ട ഒരിനം പക്ഷികളുടെ പ്രധാനതാവളമാണു് ഭരത്പൂര്‍. ഇവിടെയെത്തുന്ന പക്ഷികളുടെ കാലില്‍ ചെറിയ വളയമണിയിച്ചാണു് ഇവര്‍ പക്ഷികളുടെ യാത്രാപാത പിന്തുടര്‍ന്നതു്.
ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തു് പരിണമിച്ചുണ്ടാവുന്ന വൈറസുകളുടെ പുതിയ ഒരു സ്റ്റ്രെയിന്‍ വിദൂരദേശങ്ങളിലേക്കു് എത്തിക്കുന്നതില്‍ ദേശാടന പക്ഷികളുടെ പങ്കു് വിഖ്യാതമാണു്. സ്വാഭാവികമായും അവരുടെ പഠനത്തില്‍ അതും ഉള്‍പ്പെട്ടു. ഈ പഠനകാലത്താണു് കര്‍ണ്ണാടകത്തിലെ ഷിമോഗജില്ലയില്‍ പെട്ട ക്യാസന്നൂരില്‍ 1957ല്‍ ഏതോ അജ്ഞാതപനി ബാധിച്ചു് കുരങ്ങുകള്‍ കൂട്ടത്തോടെ കൊല്ലപ്പെടുന്നതു് ശ്രദ്ധയില്‍പെട്ടതു്.
by Marsa Lahminal Wikimedia Commons
ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് (Kyasanur forest disease- കെ എഫ് ഡി) എന്നു നാമകരണം ചെയ്യപ്പെട്ട കുരങ്ങുപനി റഷ്യയില്‍ വസന്തകാലത്തും വേനല്‍കാലത്തും കണ്ടുവരാറുള്ള, കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന ടിക് – ബോണ്‍ എന്‍സിഫാലിറ്റിസ് (Tick-Borne Encephalitis – TBE) എന്ന രോഗവുമായി സാമ്യമുള്ളതായിരുന്നു. റഷ്യന്‍ സ്‌പ്രിങ്ങ് – സമ്മര്‍ എന്‍സിഫാലിറ്റിസ് വൈറസ് ആണു് ടി.ബി.ഇ പരത്തുന്നതു്. മെനിഞ്ജൈറ്റിസ്, എന്‍സിഫാലിറ്റിസ്, മെനിഞ്ജോഎന്‍സിഫാലിറ്റിസ് തുടങ്ങിയ ലക്ഷണങ്ങള്‍ കാട്ടുന്ന ടി.ബി.ഇ 20% രോഗികളില്‍ സ്ഥിരമായ നാഡീവ്യൂഹ മാനസിക രോഗ പ്രത്യാഘാതങ്ങള്‍ക്ക് (Neuropsychiatric Sequelae) കാരണമായി തീരാം. വളര്‍ത്തുനായ്ക്കളുടെയും ആടുകളുടെയും ശരീരത്തിലുള്ള പെണ്‍വര്‍ഗ്ഗത്തില്‍ പെട്ട ചെള്ളുകളാണു് ഈ രോഗം പരത്തുന്ന പ്രധാന മാധ്യമം. എന്നാല്‍ ഇവ രണ്ടും Flaviviridae എന്ന ഫാമിലിയില്‍ പെടുന്ന വ്യത്യസ്തമായ വൈറസുകളാണെന്നു് പഠനത്തില്‍ കണ്ടെത്തി. സൈബീരിയന്‍ കൊക്കുകളുടെ ശരീരം ഇത്തരം വിവിധ വൈറസുകളോടു പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന നിരീക്ഷണവും ഇതിനിടയിലുണ്ടായി. അതായതു്, ഇവ ഈ വൈറസിന്റെ വാഹകരായി പ്രവര്‍ത്തിക്കുമെങ്കിലും ഇവയ്ക്ക് രോഗം ബാധിക്കില്ല.
അസുഖബാധിതരായ കുരങ്ങുകളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ മറ്റു ജീവികളെ കടിക്കുമ്പോഴാണു് കുരങ്ങുകള്‍ക്കിടയില്‍ മരണംവിതച്ച കെഎഫ്ഡി വൈറസ്, കുരങ്ങില്‍ നിന്നു് മറ്റുജീവിവര്‍ഗ്ഗങ്ങളിലേക്കു് പടരുന്നതു്. കുരങ്ങുകളെ കൂടാതെ മുള്ളന്‍പന്നി, അണ്ണാന്‍, ചുണ്ടെലി, തുടങ്ങിയ മൃഗങ്ങളെയും പിന്നെ മനുഷ്യരെയുമാണു്, ഈ വൈറസ് രോഗബാധിതരാക്കുക. ഇവ ഈപ്പറഞ്ഞ ഒരു മൃഗത്തില്‍ നിന്നും നേരിട്ടു മനുഷ്യരിലേക്കു പകരില്ല. എന്നാല്‍ ഈ രോഗംബാധിച്ചു ചത്തുവീണ കുരങ്ങുകളുടെ ശരീരത്തിലുള്ള പൂത അഥവാ ഈരു് (nymphs of ticks- ചെള്ളിന്റെ ജീവിതചക്രത്തിലെ വാലുമാക്രിക്കു സമാനമായ അവസ്ഥ) മനുഷ്യരെ കടിച്ചാല്‍ മനുഷ്യര്‍ക്കും ഈ രോഗം പിടിപെടാം. ഭാഗ്യവശാല്‍ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു് ഈ വൈറസ് പടരില്ല. രോഗം വ്യാപകമായി പടരാതെയിരിക്കുന്നതിനു കാരണം ഇതാണു്. അതായതു് വനവുമായി നിരന്തര സമ്പര്‍ക്കമുള്ള, അതില്‍ തന്നെ കുരങ്ങന്മാര്‍ ധാരാളമുള്ള ഇടങ്ങളില്‍ മാത്രമേ, കുരങ്ങന്റെ ശരീരത്തിലെ പൂതവഴി ഇതു മനുഷ്യരെ ബാധിക്കൂ.
അസുഖബാധിതരായ കുരങ്ങുകളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ മറ്റു ജീവികളെ കടിക്കുമ്പോഴാണു് കുരങ്ങുകള്‍ക്കിടയില്‍ മരണംവിതച്ച കെഎഫ്ഡി വൈറസ്, കുരങ്ങില്‍ നിന്നു് മറ്റുജീവിവര്‍ഗ്ഗങ്ങളിലേക്കു് പടരുന്നതു്. കുരങ്ങുകളെ കൂടാതെ മുള്ളന്‍പന്നി, അണ്ണാന്‍, ചുണ്ടെലി, തുടങ്ങിയ മൃഗങ്ങളെയും പിന്നെ മനുഷ്യരെയുമാണു്, ഈ വൈറസ് രോഗബാധിതരാക്കുക.
അമ്പതുകളുടെ ഒടുവില്‍ കണ്ടെത്തിയ രോഗത്തിനു് വാക്സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളും അക്കാലത്തുതന്നെയുണ്ടായി. എന്നാല്‍ വിചിത്രമായ കാര്യമാണു സംഭവിച്ചതു്. സലിം അലി, തന്റെ ഗവേഷണത്തിനായി യുഎസ് ആര്‍മിയുടെ മെഡിക്കല്‍ റിസര്‍ച്ച് യൂണിറ്റില്‍ നിന്നടക്കം ഫണ്ട് സ്വീകരിച്ചിരുന്നു. ഇതു വലിയ വിവാദമായി. നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പിറവികൊണ്ടു. സലിം അലിയും റിപ്ലിയും അമേരിക്കന്‍ ചാരന്മാരാണെന്ന ആരോപണമുയര്‍ന്നു. ഈ വിവാദത്തെ തുടര്‍ന്നു് പാരിസ്ഥിതിക ഗവേഷണങ്ങള്‍ക്കു് വിദേശഫണ്ട് സ്വീകരിക്കുന്നതില്‍ അന്നത്തെ നെഹൃ ഗവണ്‍മെന്റ് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കി. ഇതു് ശീതയുദ്ധകാലത്തെ ഇന്തോ-യുഎസ് ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നതിന്റെ തുടക്കമായി. ഈ വിവാദം മൂലം കെഎഫ്ഡിക്കു് പ്രതിരോധവാക്സിന്‍ കണ്ടെത്താന്‍ 90 കളുടെ അവസാനം വരെ കാത്തിരിക്കേണ്ടിവന്നു.
45 നാനോ മീറ്റര്‍ വ്യാസവും വര്‍ത്തുളാകൃതിയുമാണു് കെ എഫ് ഡി വൈറസിനുള്ളതു്. ഒറ്റപ്പിരിയന്‍ ആര്‍എന്‍എ ജിനോമാണു് വൈറസിന്റേതു്. (അതായതു് ഇരട്ടപ്പിരിയന്‍ ഡിഎന്‍എ ഇല്ല). ഇതാവട്ടെ, പോസിറ്റീവ് സെന്‍സ് ആണു്. അതായതു്, ഹോസ്റ്റിന്റെ കോശത്തില്‍ എത്തിയാല്‍ സ്വതവെ തന്നെ കോശവിഭജനം നടത്താനാവും. 1990കളില്‍ സൗദി അറേബ്യയില്‍ കണ്ടെത്തിയ അല്‍ഖുര്‍മ വൈറസിനു് കെഎഫ്ഡി വൈറസിനോടു് അടുത്ത ബന്ധമാണുള്ളതു്. സൗദി അറേബ്യയില്‍ ആകെ 24 കേസുകള്‍ മാത്രമേ ഈ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ഒട്ടകങ്ങളുടെയും ആടുകളുടെയും ശരീരത്തിലുള്ള ചെള്ളുകള്‍ വഴിയാണു് അല്‍ഖുര്‍മ വൈറസും മനുഷ്യരിലേക്കു പടരുന്നതു്. സൗദി അറേബ്യയില്‍ കണ്ടെത്തിയ അത്രയും കേസുകളും കശാപ്പുകാര്‍ക്കിടയിലായിരുന്നു. 1989ല്‍ ചീനയിലെ നാന്‍ജിയാങ്ങില്‍ പനി ബാധിച്ച ഒരാളുടെ ശരീരത്തില്‍ നിന്നു കണ്ടെടുത്ത വൈറസ് സ്ട്രെയിന്‍ 1957ല്‍ ഷിമോഗയില്‍ കണ്ടെത്തിയ സ്ട്രെയിനുമായി യാതൊരു വ്യത്യാസവുമില്ലാത്തതാണെന്നു് 2009ല്‍ നടത്തിയ ജീന്‍ സീക്വന്‍സ് പഠനം പുറത്തുവന്നിട്ടുണ്ടു്. എന്നാല്‍ ഈ പഠനം ഇപ്പോഴും തര്‍ക്കവിഷയമാണു്. കാരണം ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ വൈറസിന്റെ പല തലമുറകള്‍ പരിണമിച്ചിട്ടുണ്ടാവണം. ഇന്ത്യയില്‍ നിലവില്‍ ഇതേ സ്ട്രെയ്ൻ ഇല്ലതന്നെ. എന്നാല്‍ ഈ മേഖലയിലെ പക്ഷികളും മനുഷ്യരും കാലങ്ങളായി ഈ വൈറസിനോടു് സഹവസിക്കുന്നതായി പഠനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടു്. അതായതു്, ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന ഭൂഭാഗത്തു് എന്‍ഡെമിക് ആയ വൈറസ് ആവാം ഇതു്.
വര്‍ഷത്തില്‍ നൂറിനും അഞ്ഞൂറിനും ഇടയില്‍ മനുഷ്യര്‍ക്കു് ഈ രോഗം ബാധിക്കുന്നതായും അവരില്‍ 3% മുതല്‍ 5% വരെയാളുകള്‍ ഇതുമൂലം മരണമടയുന്നതായുമാണു് യുഎസിലെ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കു്. പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ നല്‍കുന്ന കണക്കനുസരിച്ചു് മരണനിരക്കു് 2-10% ആണു്. ശരീരത്തില്‍ കടന്ന് മൂന്നുമുതല്‍ എട്ടുദിവസം വരെയാണു് ഈ വൈറസിന്റെ പൊരുന്നക്കാലം (incubation period). അതു കഴിയുന്നതോടെ ദേഹമാസകലം കുളിരു്, പനി, തലവേദന എന്നീ പ്രാഥമികലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങും. തുടര്‍ന്നു് 3-4 ദിവസം കൂടി കഴിയുമ്പോള്‍ കടുത്ത പേശീവേദനയും ഛര്‍ദ്ദിയും, ദഹനവ്യവസ്ഥയിലെ (gastrointestinal) തകരാറുകള്‍, മൂക്കില്‍ നിന്നും തൊണ്ടക്കുഴയില്‍ നിന്നും മോണകളില്‍ നിന്നും വയറിനുള്ളില്‍ നിന്നും രക്തസ്രാവം എന്നിങ്ങനെ രോഗം വഷളാകാം. തീരെ താഴ്ന്ന രക്തസമ്മര്‍ദ്ദം, ശ്വേത രക്താണുക്കളുടെയും ചുവന്ന രക്താണുക്കളുടെയും പ്ലേറ്റ് ലെറ്റുകളുടെയും എണ്ണത്തിലെ കുറവു് എന്നിവയും ഉണ്ടാവും. ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാല്‍ മിക്ക രോഗികളും അസുഖത്തില്‍ നിന്നു കരകയറുമെങ്കിലും പൂര്‍ണ്ണമായും ആരോഗ്യം വീണ്ടെടുക്കാന്‍ മാസങ്ങള്‍ തന്നെ പിടിക്കും. ഈ കാലയളവില്‍ പേശീവേദനയും ശരീരത്തിനു് ബലക്കുറവും അനുഭവപ്പെടാം. ശാരീരികാദ്ധ്വാനം ആവശ്യമായ ജോലികള്‍ ചെയ്യാന്‍ ഇവര്‍ അശക്തരാകും. എന്നാല്‍ 10-20% രോഗികളില്‍ മൂന്നാമത്തെ ആഴ്ച വീണ്ടും പുതിയ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങും. പനി, ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍, കടുത്ത തലവേദന, മാനസിക ബുദ്ധിമുട്ടുകള്‍, കിടുകിടുപ്പ്, കാഴ്ചയില്‍ മങ്ങല്‍ തുടങ്ങിയവയാണു് ഈ ലക്ഷണങ്ങള്‍. നവംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണു് സാധാരണ, ഈ രോഗം പിടിപെടാറു്. പോളിമറൈസ്ഡ് ചെയ്ൻ റിയാക്ഷന്‍ (പിസിആര്‍) ഉപയോഗിച്ചുള്ള മോളിക്യുളാര്‍ ഡിറ്റക്ഷനിലൂടെയോ രക്തത്തില്‍ നിന്നു് വൈറസിനെ വേര്‍തിരിച്ചോ പ്രാരംഭകാലത്തുതന്നെ വൈറസ് ബാധ കണ്ടെത്താനാവും. എയ്ഡ്സും മറ്റും കണ്ടെത്താനുപയോഗിക്കുന്ന എലിസ ടെസ്റ്റും രോഗനിര്‍ണ്ണയത്തിനു് ഫലപ്രദമാണു്.
എന്നാല്‍ രോഗബാധയ്ക്കുള്ള സാധ്യത കൂടിയ ഇടങ്ങളില്‍ ഡോസേജ് വ്യത്യാസപ്പെടാം. ഉദാഹരണത്തിനു്, വയനാട്ടില്‍ ആരോഗ്യവകുപ്പു് നിലവില്‍ നിര്‍ദ്ദേശിക്കുന്നതു് അഞ്ചു ഡോസ് വാക്സിനേഷനാണു്. ആദ്യ ഡോസ് സ്വീകരിച്ചവരില്‍, വൈറസുമായി സമ്പര്‍ക്കമുണ്ടായാലും രോഗം വരാനുള്ള സാധ്യത 60% കണ്ടു കുറഞ്ഞിരിക്കും. മൂന്നാം ഡോസ് ആകുമ്പോഴേക്കും ഇതു് 80% പ്രതിരോധം നല്‍കും എന്നാണു് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നു് ഫീല്‍ഡ് സ്റ്റാഫിനു നല്‍കിയ പരിശീലനത്തില്‍ അറിയിച്ചതു്. ആദ്യ ഡോസ് എടുത്തു് ഒരുമാസത്തിനകമാണു് രണ്ടാം ഡോസ് സ്വീകരിക്കേണ്ടതു്. തുടര്‍ന്നു് ആറുമാസത്തിനും ഒന്‍പതുമാസത്തിനും ഇടയില്‍ മൂന്നാം ഡോസ്. ഒരു വര്‍ഷമാകുമ്പോൾ നാലാം ഡോസ്. പിന്നീടു് മൂന്നാംവര്‍ഷത്തില്‍ ബൂസ്റ്റര്‍ ഡോസ് എന്നിങ്ങനെയാണു് വാക്സിനേഷന്റെ ക്രമം നിര്‍ദ്ദേശിച്ചിരിക്കുന്നതു്. ഇങ്ങനെ നാലുവര്‍ഷംകൊണ്ടു് വാക്സിനേഷന്‍ പൂര്‍ത്തിയാവുമെങ്കിലും ഹൈ റിസ്ക്ക് ഏരിയകളിലെ കാടുമായി നിരന്തര സമ്പര്‍ക്കം ഉള്ളവര്‍ (ഉദാഹരണത്തിനു് വനംവകുപ്പു ജീവനക്കാര്‍) കാടുമായി സമ്പര്‍ക്കം തുടരുന്നിടത്തോളം കാലം വര്‍ഷം തോറും ബൂസ്റ്റര്‍ ഡോസ് എടുക്കണം എന്നും പറയുന്നു. (വയനാട്ടിലെ വാക്സിനേഷന്‍ ക്രമം സംബന്ധിച്ച വിവരങ്ങൾക്കു് കടപ്പാടു്: അജീഷ് കുമാര്‍) വാക്സിനേഷന്‍ തന്നെയും പരിപൂര്‍ണ്ണമായും ഫലപ്രദമാകണം എന്നില്ല. ഇതിനു് വേറൊരു കാരണംകൂടിയുണ്ടു്. നിത്യമദ്യപാനികൾക്കു് ഈ വാക്സിനേഷന്‍ കൊണ്ടു് ഗുണമില്ലെന്നാണു് ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തില്‍ നിന്നുണ്ടായ നിഗമനം. വയനാടിനെ സംബന്ധിച്ചു് ഇതും ഒരു വലിയ പ്രശ്നമാണു്. ഇവിടെ വ്യാജവാറ്റും മദ്യാസക്തിയും വ്യാപകമാണു്. മദ്യാസക്തിയിലാവട്ടെ, സ്ത്രീപുരുഷവ്യത്യാസവുമില്ല. അതുകൊണ്ടുതന്നെ സമ്പൂര്‍ണ്ണമായ ആരോഗ്യപരിപാലന ബോധവത്കരണ യജ്ഞത്തിലൂടെയും റെസ്പോണ്‍സിബിള്‍ ഡ്രിങ്കിങ് ശീലിപ്പിക്കുന്നതിലൂടെയും അല്ലാതെ ആദിവാസികളുടെ മദ്യാപനവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളില്‍ വലിയ മാറ്റമുണ്ടാക്കുക പ്രയാസമാണു്.
നവംബര്‍ 2012 ലാണു് ആദ്യമായി കുരങ്ങുപനി വയനാട്ടില്‍ കണ്ടെത്തുന്നതു്. അന്നുതന്നെ വാക്സിനേഷനായുള്ള നടപടികള്‍ക്കു് സംസ്ഥാനസര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നുവെങ്കില്‍ ഇപ്പോഴുണ്ടായ ഈ മരണങ്ങള്‍ ഒഴിവാക്കാമായിരുന്നു. അക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ എന്നുതന്നെ പറയാവുന്ന അമാന്തമുണ്ടായി. ഈയടുത്തു് കുരങ്ങുപനി ബാധിച്ചു മരിച്ച ഏഴുപേരില്‍ ഒരാള്‍ ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ (എന്‍ആര്‍എച്ച്എം) കീഴിലെ ആശ പ്രവര്‍ത്തകയായി സേവനം അനുഷ്ഠിച്ചിരുന്ന കെ സുലേഖയാണു്. അതില്‍ നിന്നു് ആരോഗ്യമേഖലയിലെ സ്റ്റാഫിനടക്കം ഇതിന്റെ വാക്സിനേഷന്‍ നല്‍കിയിട്ടില്ല എന്നു വ്യക്തം.
നവംബര്‍ 2012 ലാണു് ആദ്യമായി കുരങ്ങുപനി വയനാട്ടില്‍ കണ്ടെത്തുന്നതു്. അന്നുതന്നെ വാക്സിനേഷനായുള്ള നടപടികള്‍ക്കു് സംസ്ഥാനസര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നുവെങ്കില്‍ ഇപ്പോഴുണ്ടായ ഈ മരണങ്ങള്‍ ഒഴിവാക്കാമായിരുന്നു. അക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ എന്നുതന്നെ പറയാവുന്ന അമാന്തമുണ്ടായി. ഈയടുത്തു് കുരങ്ങുപനി ബാധിച്ചു മരിച്ച ഏഴുപേരില്‍ ഒരാള്‍ ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ (എന്‍ആര്‍എച്ച്എം) കീഴിലെ ആശ പ്രവര്‍ത്തകയായി സേവനം അനുഷ്ഠിച്ചിരുന്ന കെ സുലേഖ (41)യാണു്. അതില്‍ നിന്നു് ആരോഗ്യമേഖലയിലെ സ്റ്റാഫിനടക്കം ഇതിന്റെ വാക്സിനേഷന്‍ നല്‍കിയിട്ടില്ല എന്നു വ്യക്തം. പല പ്രാവശ്യം പനി വന്നും പോയുമിരുന്ന സുലേഖയ്ക്കു് ശരിയായ പരിചരണം പോലും നല്‍കാന്‍ ആരോഗ്യവകുപ്പിനായില്ല. ഭര്‍ത്താവു് ഉപേക്ഷിച്ചതിനെ തുടര്‍ന്നു്, മകനു് ഒന്നര വയസ്സു പ്രായമുള്ളപ്പോള്‍ മുതല്‍ (ആ കുട്ടി ഇന്നു് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണു്) ഒറ്റയ്ക്ക് ജീവിച്ചു് വിഷമതകളോടു പടവെട്ടിവന്ന ആ സന്നദ്ധസേവികയ്ക്കു വേണ്ടിപ്പോലും ഒരുതുള്ളിക്കണ്ണീര്‍ ഒഴുക്കാന്‍ സര്‍ക്കാരിനാവുന്നില്ല. വനംവകുപ്പില്‍ വാച്ചറായ കുഞ്ഞന്‍ ആണു് മരിച്ച ആദിവാസികളില്‍ ഒരാള്‍. വനംവകുപ്പു് ജീവനക്കാരോളം ഈ അസുഖം ബാധിക്കാന്‍ ഇടയുള്ള വേറാരുമില്ലെന്നിരിക്കെ അവര്‍ക്കും വാക്സിനേഷന്‍ നല്‍കിയിരുന്നില്ല എന്നു് ഇതു തെളിയിക്കുന്നു.
പൂതാടി, ചെതലയം എന്നീ പിഎച്ച്സികളുടെ പരിധിയിലാണു് രേഖപ്പെടുത്തിയ മരണങ്ങളത്രയും. അഞ്ചുപേര്‍ കോഴിക്കോടു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചും രണ്ടുപേര്‍ കോഴിക്കോടു് മെഡിക്കല്‍ കോളേജിലേക്കുള്ള വഴി മദ്ധ്യേയുമാണു് മരിച്ചതു്. വാസ്തവത്തില്‍ ഈ രോഗം ബാധിച്ചവരെ വയനാട്ടില്‍ നിന്നു് ചുരമിറക്കി കോഴിക്കോടു കൊണ്ടുവരേണ്ട ആവശ്യമില്ലെന്നതു വേറെ കാര്യം. പ്രത്യേകമായ ആരോഗ്യരക്ഷാസംവിധാനങ്ങള്‍ വയനാട്ടില്‍ തന്നെ ഒരുക്കുകയാണു് അഭികാമ്യം. പ്രത്യേകിച്ചു്, രോഗം വഷളാകുന്ന സ്ഥിതിയില്‍ യാത്രയല്ല, വിശ്രമവും സൂക്ഷ്മപരിചരണവുമാണു് ആവശ്യം.
2015 മാര്‍ച്ച് 17ലെ ദ ഹിന്ദു ദിനപത്രത്തില്‍ കണ്ട കണക്കുപ്രകാരം വയനാട്ടില്‍ 127 പേര്‍ക്കു് ഈ രോഗം ബാധിച്ചതായി സംശയിക്കുന്നു. 20 പേര്‍ നിലവില്‍ ചികിത്സയിലാണു്. വയനാട്ടിലെ 13 ആദിവാസി കോളനികളിലും രോഗം കണ്ടെത്തിയിട്ടുണ്ടു്. വാക്സിനേഷനായി 8000 ആംപ്യൂളുകള്‍ എത്തിച്ചിട്ടുണ്ടെന്നും 979 പേരെ വാക്സിനേറ്റ് ചെയ്തതായുമാണു് ആരോഗ്യവകുപ്പു് അവകാശപ്പെടുന്നതു്. രോഗബാധിതര്‍ക്കു പതിനായിരം രൂപ വീതവും മരിച്ചവരുടെ ബന്ധുക്കള്‍ക്കു് രണ്ടുലക്ഷം രൂപവീതവും ധനസഹായവും ആദിവാസി കോളനികള്‍ക്കു് സൗജന്യ റേഷനും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടു്. എന്നാല്‍ ഇതേവരെ, ഇവിടെ ഒരുതരത്തിലുള്ള സഹായവും എത്തിയിട്ടില്ലെന്നു് സ്ഥലം സന്ദര്‍ശിച്ച പത്രപ്രവര്‍ത്തകയായ ഷാഹിന റിപ്പോര്‍ട്ട് ചെയ്യുന്നു. കാരണം ലളിതം. പനി ബാധിച്ചതായി സംശയിക്കുന്നവരില്‍ 112 പേരും ആദിവാസികളാണു്. ഷാഹിന നല്‍കുന്ന കണക്കുപ്രകാരം പനി സ്ഥിരീകരിക്കപ്പെട്ട 48ല്‍ 43പേരും ആദിവാസികള്‍. ബത്തേരിയിലെ ചിയെമ്പം കോളനിയില്‍ 73 പേര്‍ക്കാണു പനി. കാട്ടുനായ്ക്കര്‍ കോളനിയില്‍ പനിയൊഴിഞ്ഞ ഒരു വീടുപോലും ഇല്ല. ഇതാണു് അവസ്ഥ. ഇവര്‍ കേരള രാഷ്ട്രീയത്തിലെ വോട്ടുബാങ്കുകളോ സമ്മര്‍ദ്ദ ഗ്രൂപ്പോ അല്ല എന്നതാണ് ഇവരുടെ ദുര്യോഗം.
എന്നിട്ടും നമ്മുടെ ഗൂഢാലോചനക്കാര്‍ക്കും വാക്സിന്‍ വിരോധികള്‍ക്കും അന്വേഷിക്കേണ്ടതു്, ഈ രോഗവും മരുന്നുകമ്പനികളുമായുള്ള ബന്ധമാണു്. അതിവിപ്ലവകാരികള്‍ എല്ലാക്കാലവും അങ്ങനെയാണു്. എന്തിലും ഏതിലും വിദേശബന്ധവും ഗൂഢാലോചനയും ചാരവൃത്തിയും ആരോപിക്കാന്‍ അവര്‍ക്കു് നൂറുനാവാണു്. കുരങ്ങുപനി എന്നുകേട്ടപ്പോഴെ അതിന്റെ വാക്സിന്‍ എത്തിയെന്നാണു് കുറ്റാരോപണം. ഇതു് എഴുതുന്ന നേരത്തു് ആ ഗൂഗിള്‍ എടുത്തുവച്ചു് ഒന്നു തെരഞ്ഞുകൂടെ, ഈ ഗൂഢാലോചനക്കാര്‍ക്കു്? എത്രെയെത്ര പഠനങ്ങള്‍ വിരല്‍ത്തുമ്പില്‍ കിട്ടും? ങേ ഹേ… അതൊക്കെ വായിച്ചു വിശ്വസിക്കുന്നവര്‍ ശാസ്ത്രത്തില്‍ അന്ധമായി വിശ്വസിക്കുന്നവരാകുന്നു. ശാസ്ത്രം തന്നെ അന്ധവിശ്വാസമാകുന്നു. കാരണം ശാസ്ത്രം ശാശ്വതമല്ല…എന്നെല്ലാം ഇവര്‍ വാദിച്ച് കളയും. പക്ഷേ അതിനിടെ വാക്സിന്‍ ലഭിക്കാതെ പാവപ്പെട്ട ആദിവാസികള്‍ മരണമടയുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാര്‍ രക്ഷപ്പെടുകയും ചെയ്യുന്നു.
അവലംബം
- Scientists or Spies? Ecology in a Climate of Cold War Suspicion – Michael Lewis, EPW, Vol 37, No: 24 (June 15, 2002)
- http://www.cdc.gov/vhf/kyasanur/index.html
- http://www.phac-aspc.gc.ca/lab-bio/res/psds-ftss/kyasanur-eng.php
- https://www.facebook.com/shahinanafeesa/posts/10204990118650291
- http://en.wikipedia.org/wiki/Kyasanur_forest_disease
- http://en.wikipedia.org/wiki/Tick-borne_encephalitis
- http://en.wikipedia.org/wiki/Alkhurma_virus
- http://en.wikipedia.org/wiki/RNA_virus
ശാസ്ത്രഗതി മാസിക ഈ ലേഖനം മെയ് ലക്കത്തിൽ പുന:പ്രസിദ്ധീകരിക്കുന്നു…….
.