ഡോ. സീന ടി.എക്സ്.
അസിസ്റ്റന്റ് പ്രൊഫസര്‍, കേരള വെറ്റിനറി & അനിമല്‍ സയന്സ് യൂണിവേഴ്സിറ്റി, പൂക്കോട്
വനപ്രദേശങ്ങളിലും വന്യജീവികൾ ഇറങ്ങുന്ന നാട്ടിൻ പുറങ്ങളിലും കണ്ടുവരുന്ന ജന്തുജന്യരോഗമാണ് കൈസനുർ ഫോറസ്റ്റ് ഡിസീസ് (kyasanur forest disease) അഥവാ കുരങ്ങുപനി.
വനപ്രദേശങ്ങളിലും വന്യജീവികൾ ഇറങ്ങുന്ന നാട്ടിൻ പുറങ്ങളിലും കണ്ടുവരുന്ന ജന്തുജന്യരോഗമാണ് കൈസനുർ ഫോറസ്റ്റ് ഡിസീസ് (kyasanur forest disease) അഥവാ കുരങ്ങുപനി. അതുകൊണ്ടു തന്നെ കാടുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ചെയ്യുന്നവരും കാടതിർത്തിയിൽ താമസിക്കുന്നവരും മൃഗശാലയിലുള്ളവരും കർശനമായ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയേണ്ടതില്ലല്ലോ?
കുരങ്ങുകളിൽ നിന്നു മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമായതിനാൽ ഇതിനെതിരെ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത വളരെ കൂടുതലാണ്.
കുരങ്ങു പനിയുണ്ടാകാനുള്ള കാരണങ്ങൾ?
കുരങ്ങുകളിൽ വൈറൽ പനിയുണ്ടാക്കുന്ന ‘ഫ്ലേവി വൈറിഡേ'(Flaviviridae,) കുടുംബത്തിൽപ്പെട്ട ആർബോ വൈറസ് (കൈസനുർ ഫോറസ്റ്റ് ഡിസീസ് വൈറസ് – KFDV) ആണ് മനുഷ്യരിലും കുരങ്ങുപനിക്കു കാരണമാകുന്നത്.
കുരങ്ങുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതെങ്ങനെ?
കുരങ്ങുകളുടെ ശരീരത്തിൽ കാണപ്പെടുന്ന ഹീമോഫൈസാലിസ് സ്പിനിഗേറ (Haemaphysalis spinigera) എന്നയിനം പട്ടുണ്ണികളാണ് രോഗം പരത്തുന്നത്.
വൈറസ് പനി ബാധിച്ച കുരങ്ങുകളുടെ ശരീരത്തിലുള്ള പട്ടുണ്ണികൾ മനുഷ്യനെ കടിക്കുമ്പോഴാണ് രോഗകാരിയായ വൈറസ് മനുഷ്യനിലെത്തുന്നത്. പട്ടുണ്ണികളുടെ വളർച്ചയിലെ നിംഫ് ഘട്ടത്തിലുള്ള പട്ടുണ്ണികളാണ് രോഗം പകർത്തുന്നത്. കൂടാതെ വൈറസ് ബാധയുള്ള കുരങ്ങുകൾ, ചെറിയ സസ്തനികൾ, ചിലയിനം പക്ഷികൾ എന്നിവരിൽ നിന്നും, രോഗവാഹകരായ കുരങ്ങുകളുമായുള്ള സമ്പർക്കത്തിലൂടെയും കുരങ്ങുപനി മനുഷ്യനിലേക്ക് പകരുന്നു. ഈ രോഗം ബാധിച്ച കുരങ്ങുകളിൽ 20% വും ചാകാനാണ് സാധ്യത. രോഗം ബാധിച്ച് ചത്ത കുരങ്ങിന്റെ ശരീരത്തിൽ നിന്നും ഈ പട്ടുണ്ണികൾ പുറത്തു വരുകയും സമീപത്തുകൂടെ കടന്നുപോകുന്ന മൃഗങ്ങളുടെയും മനുഷ്യരുടേയും ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു.
സാധാരണയായി മനുഷ്യനിൽ നിന്നു മറ്റു മനുഷ്യരിലേക്ക് രോഗം പകരാറില്ല. നവംബർ മുതൽ മെയ് വരെയുള്ള വരണ്ട കാലാവസ്ഥത്തിൽ രോഗം വരാറുണ്ടെങ്കിലും ജനുവരി മുതൽ ഏപ്രിൽ വരെയാണ് രോഗ സാധ്യത കൂടുതൽ.
മനുഷ്യനിൽ കുരങ്ങു പനിയുടെ ലക്ഷണങ്ങൾ
മനുഷ്യരിൽ രണ്ടു ഘട്ടമായിട്ടാണ് രോഗബാധ കാണപ്പെടുന്നത്.
1. കടുത്ത പനി, കുളിര്, ക്ഷീണം, ഛർദ്ദി, മനംപുരട്ടൽ, അതിസാരം, ശരീരം വേദന (പ്രത്യേകിച്ചും കഴുത്തിലും ശരീരത്തിന്റെ പുറകു ഭാഗത്തും) എന്നിവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. സമയോചിതമായി ചികിൽസിച്ചാൽ ഒന്നു രണ്ടാഴ്ചയ്ക്കുള്ളിൽ രോഗം ഭേദമാകും. എന്നാൽ 20 % വരെയുള്ള രോഗബാധിതരിൽ രോഗത്തിന്റെ രണ്ടാം ഘട്ടവും കാണാറുണ്ട്. 104° F വരെ ഉയരുന്ന പനി ചിലപ്പോൾ 15-20 ദിവസം വരെ നീണ്ടു നിൽക്കുന്നു. നാസാരന്ധ്രം, തൊണ്ട, മോണകൾ എന്നിവിടങ്ങളിൽ നിന്നും ദഹനേന്ദ്രിയ വ്യവസ്ഥയിലെ ആന്തരീകാവയവങ്ങളിൽ നിന്നും രക്തസ്രാവവും, നാഡീ രോഗലക്ഷണങ്ങളും, മാനസിക വിഭ്രാന്തിയും രോഗികൾ പ്രകടിപ്പിക്കാറുണ്ട്.
2. രോഗത്തിന്റെ രണ്ടാം ഘട്ടത്തിൽ അതായത് പനി തുടങ്ങി ഏകദേശം എട്ടു ദിവസം കഴിഞ്ഞുള്ള ദിവസങ്ങളിൽ അതിശക്തമായ തലവേദന, തളർച്ച, മസ്തിഷ്കജ്വരം, കാഴ്ചത്തകരാറുകൾ, തുടങ്ങിയ ലക്ഷണങ്ങൾ കാണാം.
ശ്വസന വ്യവസ്ഥയെ ബാധിച്ചാൽ, നിർത്താതെയുള്ള ചുമ, രക്തമയമുള്ള കഫം തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
കുരങ്ങുപനിക്കുള്ള ചികിൽസ
കുരങ്ങുപനിക്കെതിരെയുളള കൃത്യമായ മരുന്നുകൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. രോഗലക്ഷണമനുസരിച്ചുള്ള ചികിൽസയാണ് നൽകുന്നത്. നിർജ്ജലീകരണം തടയുന്നതിന് ഇലക്ട്രോലൈറ്റുകൾ, ദ്രാവകങ്ങൾ, ബി കോംപ്ലക്സ് ജീവകങ്ങൾ തുടങ്ങിയവ നൽകാം.
രോഗനിർണ്ണയം നടത്തുന്നതെങ്ങനെ?
രോഗലക്ഷണങ്ങളിൽ നിന്നും രോഗം നിർണ്ണയിക്കാം. കുരങ്ങുകൾ ചത്തതോ , മനുഷ്യരിലെ പനിമരണങ്ങളോ സംഭവിച്ചിട്ടുള്ള സ്ഥലങ്ങളിൽ കുരങ്ങുപനി സംശയിക്കാം.
പോളിമറൈസ് ചെയിൻ റിയാക്ഷൻ (PCR), എൻസൈം ലിങ്ക്ഡ് ഇമ്മ്യൂണോ സോർബന്റ് അസ്സെ (ELISA) തുടങ്ങിയ മോളികുലാർ സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗാണുക്കളെ കണ്ടുപിടിക്കാം.
കുരങ്ങുപനി തടയുന്നതിനുള്ള മാർഗ്ഗങ്ങൾ
- മനുഷ്യരിലെ രോഗബാധ ആദ്യഘട്ടത്തിൽത്തന്നെ തിരിച്ചറിയുകയും, പരിശോധന നടത്തി സ്ഥിരീകരിക്കുകയും അടിയന്തിര ശുശ്രൂഷ ലഭ്യമാക്കുകയും ചെയ്യുക.
- അസാധാരണമായി കുരങ്ങുകൾ മരണപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൃഗസംരക്ഷണ വകുപ്പ്, വനം വന്യജീവി വിഭാഗം തുടങ്ങിയ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.
- വനപ്രദേശത്ത് ഗാമ – ഹെക്സാ ക്ലോറോസൈക്ലോ ഹെയ്സെൻ എന്ന മരുന്ന് തളിക്കാം.
- കഴുത്തും, കാലുകളും ഉൾപ്പെടെ ശരീരം മുഴുവനുമായി പൊതിയുന്ന വസ്ത്രങ്ങൾ ധരിക്കണം. വസ്ത്രത്തിന് പുറമെയുള്ള ശരീര ഭാഗങ്ങളിൽ ഈ മരുന്ന് പുരട്ടണം.
- ബാഹ്യ പരാദങ്ങളെ നശിപ്പിക്കുന്ന മരുന്നുകൾ (ഇൻസെക്റ്റിസൈഡ് ) കുരങ്ങു ചത്തു കിടന്ന സ്ഥലങ്ങളിലും, 100 മീറ്റർ ചുറ്റളവിലും തളിക്കേണ്ടതാണ്. കൂടാതെ അതിന്റെ അടുത്തായി സ്ഥിരമായി ആളുകൾ സഞ്ചരിക്കുന്ന വഴികളിലും മരുന്ന് തളിക്കണം.
- പൈറത്രോയിഡ് (Pyretroids) തുടങ്ങിയ ബാഹ്യ പരാദനാശിനികൾ വനത്തിനടുത്ത് മേയാൻ വിടുന്ന പശുക്കൾ ,ആടുകൾ തുടങ്ങിയ വളർത്തുമൃഗങ്ങളുടെ ശരീരത്തിൽ പുരട്ടുന്നത് വഴി നാട്ടിൻ പുറത്തേക്ക് രോഗം പകരുന്നത് തടയാം.
- വനമേഖലയ്ക്കു ചുറ്റും കരിയിലകൾ കത്തിക്കുന്നതും, അതിർത്തി തിരിക്കുന്നതും രോഗബാധ തടയാൻ സഹായിക്കും.
കുരങ്ങുപനി തടയാനുള്ള മുൻകരുതലുകൾ
- വനമേഖലയുടെ സമീപവാസികളെയും, കുരങ്ങ് തുടങ്ങിയ വന്യ ജീവികളെ കൈകാര്യം ചെയ്യുന്ന എല്ലാവരെയും കുരങ്ങുപനിയെക്കുറിച്ച് ബോധവൽക്കരിക്കുക.
- കുരങ്ങു ചത്ത വനമേഖലകളിൽ നിന്ന് അകലം പാലിക്കുക.
- വനത്തിൽ പോകുമ്പോൾ ശരീരം മുഴുവൻ മൂടുന്ന കട്ടിയുള്ള വസ്ത്രം ധരിക്കുക
- കാലുകളിലൂടെ പട്ടുണ്ണി കയറാത്ത വിധം ഗൺ ബൂട്ട് ധരിക്കുക
- പട്ടുണ്ണി ബാധ തടയുന്ന ലേപനങ്ങൾ ശരീരത്തിൽ പുരട്ടുക
- വനത്തിൽ പോയിവന്നാൽ വസ്ത്രത്തിൽ പട്ടുണ്ണിയില്ലെന്ന് ഉറപ്പാക്കുക .വസ്ത്രങ്ങളും ശരീരവും ചൂടുവെള്ളത്തിൽ സോപ്പു പയോഗിച്ച് കഴുകിയതിനു ശേഷം ഭവനത്തിൽ പ്രവേശിക്കുക.
- പട്ടുണ്ണി കടിയേറ്റഭാഗവും കൈകളും സോപ്പുപയോഗിച്ച് കഴുകുക.
- മനുഷ്യനിലെ കടുത്ത പനിമൂലമുള്ള മരണങ്ങൾ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുക.
- പ്രതിരോധ വാക്‌സിൻ യഥാസമയം ഉപയോഗിക്കുക. ആദ്യത്തെ കുത്തിവയ്പ് 7 മുതൽ 65 വയസ്സുവരെ പ്രായമുള്ളവർക്ക് നൽകുന്നു. പിന്നീട് 6-9 മാസങ്ങൾക്കു ശേഷം രണ്ടാമത്തെ കുത്തിവയ്പ്പും നൽകണം. ആദ്യത്തെ ഡോസിൽ 62.4% പ്രതിരോധശേഷിയും രണ്ടാമത്തേതിൽ 82.9% പ്രതിരോധശേഷിയും മാത്രമേ കൈവരിക്കുന്നുള്ളൂ. ആയതിനാൽ 5 വർഷം വരെ എല്ലാ വർഷവും ബൂസ്റ്റർ ഡോസ് നൽകേണ്ടതാണ്.
വനനശീകരണവും വനപ്രദേശങ്ങൾ കൈയ്യേറി ഉപയോഗിക്കുന്നതുമെല്ലാം കൈസനുർ ഫോറസ്റ്റ് ഡിസീസ് അഥവാ കുരങ്ങുപനി വ്യാപനത്തിന് കാരണമാകുന്നുണ്ട്. ആയതിനാൽ മേൽ വിവരിച്ച മുൻകരുതലും, പ്രതിരോധ – നിയന്ത്രണ മാർഗങ്ങളും പാലിക്കുന്നത് വഴി കുരങ്ങുപനിയെ ഫലപ്രദമായി പ്രതിരോധിക്കാം.