Read Time:1 Minute
നിരവധി ശാസ്ത്ര ഗ്രന്ഥങ്ങൾ ഉൾപ്പെടെയുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങൾ രചിച്ച കെ.ടി. രവിവർമ്മ എന്ന ‘കുഞ്ഞുണ്ണി വർമ്മ’ (85) നിര്യാതനായി. മുംബൈയിൽ എസ്.ഐ..ഇ.എസ്. കോളേജിൽ സുവോളജി വിഭാഗം മേധാവിയായി വിരമിച്ച ഇദ്ദേഹം തൃപ്പൂണിത്തുറ സ്വദേശിയാണ്. പരിണാമം എങ്ങിനെ, പരിണാമം എന്നാൽ, മനുഷ്യപരിണാമം, മനുഷ്യവൈവിധ്യം എന്നീ ഗ്രന്ഥങ്ങൾ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചു. പരിണാമം എന്നാൽ, സൃഷ്‌ടിവാദം എന്നീ കൃതികൾക്ക് കേരള ശാസ്‌ത്രസാങ്കേതിക വകുപ്പിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്.
ചരിത്ര വിഷങ്ങളിൽ അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങൾ കെ.ടി. രവിവർമ്മ എന്ന പേരിലാണ്. മരുമക്കത്തായത്തെ കുറിച്ചുള്ള പഠനം പഴന്തമിഴ് പഠനത്തിൽ എത്തിച്ചു. ആര്യന്മാരുടെ ഉത്ഭവം, ഋഗ്വേദം മുതൽ ഓണപ്പാട്ടു വരെ, മരുമക്കത്തായം, പണ്ടത്തെ മലയാളം, പരശുരാമൻ ഒരു പഠനം, ജ്ഞാനേശ്വരി, തൃപ്പൂണിത്തുറ വിജ്ഞാനം തുടങ്ങിയവയാണു മറ്റു കൃതികൾ. 1999ൽ രവിവർമ്മ ജീവചരിത്രത്തിന്റെ വിവർത്തനത്തിനും 2005ൽ മരുമക്കത്തായം എന്ന കൃതിക്കും കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
സി.എം. മുരളീധരൻ : മലയാള വൈജ്ഞാനികസാഹിത്യത്തിന് മികച്ച ഒരുപിടി ഗ്രന്ഥങ്ങള്‍ സമ്മാനിച്ച പ്രതിഭ ഓര്‍മയായി. കുഞ്ഞുണ്ണിവര്‍മ എന്ന പേരിലാണ് ചിലര്‍ക്ക് അദ്ദേഹത്തെ പരിചയം. മറ്റുചിലര്‍ക്കാകട്ടെ കെ ടി രവിവര്‍മ എന്നും. ഈ രണ്ടപേരുകളിലും പരിചിതമല്ലാത്തവര്‍ക്ക് കെ ടി രാമവര്‍മയുടെ സഹോദരന്‍ എന്നു പറഞ്ഞാല്‍ ധാരാളമായി. വളരെ പ്രശസ്തമായ ‘കാളപ്പോരിന്റെ നാട്ടില്‍’ ഉള്‍പ്പെടെ മറ്റനേകം ഗ്രന്ഥങ്ങള്‍ കൈരളിക്ക് സമ്മാനിച്ച കെ ടി രാമവര്‍മയുടെ സഹോദരന്‍.

പരിണാമത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാനാഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും കുഞ്ഞുണ്ണിവര്‍മയെ കണ്ടെത്താതെ പറ്റില്ല. പരിണാമത്തെത്തെക്കുറിച്ച് മലയാളത്തില്‍ ആധികാരികമായ പുസ്തകങ്ങള്‍ കുഞ്ഞുണ്ണി വര്‍മയിലൂടെയാണ് പുറത്തു വന്നത്. ‘പരിണാമം എന്നാല്‍’, ‘പരിണാമം എങ്ങനെ’, ‘സൃഷ്ടിവാദം’ തുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം വളരെ ശാസ്ത്രീയമായ രീതിയില്‍ വിഷയത്തെ സമീപിക്കുന്നു. അതേ അവസരത്തില്‍ തന്നെ വിഷയത്തില്‍ താല്‍പ്പര്യമുള്ള സാധാരണക്കാരനായ ഒരു വായനക്കാരനും വായിച്ചു മുന്നേറാനാവുന്ന ശൈലി അത് പിന്തുടരുന്നു. ഇവയുടെയൊക്കെ നിരവധി പതിപ്പുകള്‍ ഇറങ്ങി. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ അവാര്‍ഡുകളും ഈ പുസ്തകങ്ങളെ തേടിയെത്തി. ആ പുസ്തകങ്ങളുടെ പ്രാധാന്യത്തെപ്പറ്റി പി ജി എവിടെയോ എഴുതിയിട്ടുണ്ട്.
കുഞ്ഞുണ്ണി വര്‍മയെ നേരിട്ട് പരിചയപ്പെട്ടിട്ടില്ല. ഞങ്ങളുടെയെല്ലാം സഹപ്രവര്‍ത്തകനും മാര്‍ഗദര്‍ശിയുമായിരുന്ന പ്രൊഫ എം ശിവശങ്കരന്റെ (പ്രിയപ്പെട്ട എം എസ് ) അടുത്ത സുഹൃത്തായിരുന്നു കുഞ്ഞുണ്ണിവര്‍മ. ഇടയ്ക്കിടെ രണ്ടുപേരും ഒത്തുകൂടും. ഘോരഘോരം ചര്‍ച്ചകളില്‍ മുഴുകും. എം എസ് നു വേണ്ട ജീവശാസ്ത്ര പുസ്തകങ്ങളൊക്കെ ബോംബെയില്‍ നിന്ന് എത്തിച്ചുകൊടുക്കുന്നത് അദ്ദേഹമായിരുന്നു. എം എസുമൊരുമിച്ച് അദ്ദേഹം എഴുതിയ ‘മനുഷ്യപരിണാമം’,’ ജീന്‍ മുതല്‍ ജീനോം വരെ’ എന്നീ പുസ്തകങ്ങളും ശ്രദ്ധേയമായവയാണ്.
തൃപ്പൂണിത്തുറയിലായിരുന്നു കുഞ്ഞുണ്ണിവര്‍മയുടെ ജനനം. പിന്നീട് താമസം തൃശൂരിലേക്ക് മാറി. തൃശൂര്‍ സെന്റ് തോമസ് കോളെജ്, മദ്രാസ് കൃസ്ത്യന്‍ കോളെജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം മുംബെയില്‍ വച്ചാണ് ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയത്. അവിടത്തന്നെ ഒരു കോളെജില്‍ അധ്യാപകനുമായി. അങ്ങനെ മുംബെ നിവാസിയുമായി മാറി.
2009 ല്‍ പരിഷത്തിന്റെ പ്രസിദ്ധീകരണ സമിതിയുടെ ചുമതലക്കാരനെന്ന നിലയില്‍ ‘പരിണാമം എന്നാല്‍’, ‘പരിണാമം എങ്ങനെ’ എന്നീ രണ്ട് പുസ്തകങ്ങളുടെയും പുനഃപ്രസിദ്ധീകരണത്തിന് കാരണക്കാരനാവാനും പുതിയ പതിപ്പിന്റെ രൂപകല്‍പ്പനയില്‍ ഉടനീളം ഇടപെടാനായതും എന്റെ ഭാഗ്യം. പുതിയ കാലത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ചിത്രങ്ങളെല്ലാം മാറ്റി ചെയ്തു. മാറ്ററില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വേണോ എന്ന് പരിശോധിക്കണം. ഗ്രന്ഥകാരനെ ബന്ധപ്പെടാനായി എം എസ് നോട് ചോദിച്ചു. അപ്പോള്‍ എം എസ് പറഞ്ഞു പുള്ളി ഇപ്പോള്‍ ആ മേഖലയൊക്കെ വിട്ടിരിക്കയാണ്. നരവംശശാസ്ത്രം,ചരിത്രം ഇതൊക്കെയാണ് ഇപ്പോഴത്തെ മേഖലകള്‍. എനിക്ക് അത്ഭുതമാണ് തോന്നിയത്. ശരിയായിരുന്നു അദ്ദേഹം ജീവശാസ്ത്രമേഖലയില്‍ നിന്ന് പുതിയ മേഖലകളിലേക്ക് കടന്നിരുന്നു. അവിടെയും അദ്ദേഹം തന്നെ അടയാളപ്പെടുത്തി. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ നോക്കൂ. ‘പണ്ടത്തെ മലയാളക്കര’, ‘മഹാബലി എന്ന മിത്തും ഓണത്തിന്റെ ചരിത്രവും’, ‘പരശുരാമന്‍ ഒരു പഠനം’, ‘മരുമക്കത്തായം -ലക്ഷദ്വീപും തെക്കന്‍ സമ്പ്രദായങ്ങളും’, ‘മരുമക്കത്തായം- ഗോത്രമരുമക്കത്തായവും വടക്കന്‍ സമ്പ്രദായങ്ങളും’, ‘രാജാ രവിവര്‍മ’, ‘തൃപ്പൂണിത്തുറ വിജ്ഞാനം’, ‘ജ്ഞാനേശ്വരി’. കേരള ചരിത്രത്തെ നരവംശശാസ്ത്രത്തിലൂടെ സമീപിക്കുന്നതാണ് ‘പണ്ടത്തെ മലയാളക്കര’ എന്ന പുസ്തകം. ഒരു മനുഷ്യനെങ്ങനെയാണ് ഇത്രയും വ്യത്യസ്തമായ വിഷയങ്ങളില്‍ പുസ്തകങ്ങള്‍ എഴുതാന്‍ കഴിയുന്നത്? അതും ആധികാരികമായ പുസ്തകങ്ങള്‍. അത്ഭുതം തന്നെ.
ശാസ്ത്രവും ശാസ്ത്രബോധവും അടിത്തറയാക്കിയ ജീവിതദര്‍ശനം ഉയര്‍ത്തിപ്പിടിക്കുകയും താന്‍ അന്വേഷിച്ചു മനസ്സിലാക്കിയ അറിവിന്റെ വിസ്മയങ്ങള്‍ മലയാളത്തിന് പകര്‍ന്നുനല്‍കുകയും ചെയ്ത അദ്ദേഹത്തിന്റെ വേര്‍പാട് തീര്‍ച്ചയായും ഒരു തീരാനഷ്ടം തന്നെയാണ്. അറിവിനെതിരെ ഇരുട്ടിന്റെ ശക്തികള്‍ ശക്തി പ്രാപിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. (സി.എം.മുരളീധരൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്)