Read Time:14 Minute


ഡോ. വി എൻ. ജയചന്ദ്രൻ

വൈവിധ്യമേറിയ ഒട്ടേറെ പരിപാടികളോടെയാണ് ഇത്തവണയും ശാസ്ത്രദിനം കടന്നുപോയത്.  ശാസ്ത്രനിരാസം ഇന്ത്യയിൽ ഏറ്റവും അപകടകരമായ ഘട്ടത്തിലെത്തിയിരിക്കുന്നു. സമൂഹത്തിന്റെ പൊതുബോധത്തിൽ ശാസ്ത്രാവബോധത്തിനുണ്ടാകുന്ന അസാധാരണമായ ഇടിവിന് ഭരണകൂടംതന്നെ കാർമ്മികത്വം വഹിക്കുന്ന സ്ഥിതിയാണ്. സ്വാഭാവികമായും, ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്നതിനുള്ള  അവസരമായിട്ടാണ്  ജനകീയശാസ്ത്രപ്രസ്ഥാനങ്ങളും മറ്റ് പുരോഗമനചിന്താഗതിക്കാരും ഫെബ്രുവരി 28 -ശാസ്ത്രദിനാചരണത്തെ ഏതാനും വർഷങ്ങളായി കണ്ടുവരുന്നത്. അത് അവശ്യവും അനിവാര്യവുമാണ്‌. ഫ്യുഡൽവിരുദ്ധ മുന്നേറ്റത്തിലും നവോത്ഥാനകാലത്തും അറിവിന്റെ നിർമ്മാണത്തിലും വ്യാപനത്തിലും  ജനാധിപത്യവൽക്കരണത്തിലും വലിയ വെല്ലുവിളികളും പീഡനങ്ങളും നേരിട്ടിരുന്നു.  നവലിബറൽകാലത്ത് ശാസ്ത്രീയചിന്തയുടെ വ്യാപനത്തിനെതിരെയുള്ള സുഘടിതമായ ആക്രമണത്തെ തിരിച്ചറിയുന്നതും അതിജീവിക്കുന്നതും കൂടുതൽ സങ്കീർണ്ണമായ പ്രക്രിയയാണ്. ഇത് ശാസ്ത്രാവബോധപ്രവർത്തനത്തിന്റെ രൂപത്തിലും ഭാവത്തിലും നിരന്തരമായ പുതുക്കൽ ആവശ്യപ്പെടുന്നു.

‘യാന്ത്രിക യുക്തിവാദികളെപ്പോലെ’  ശാസ്ത്രീയ വസ്തുതകളുടെ കേവലമായ വിവരണത്തിലൂടെ പരിഹരിക്കാൻ കഴിയുന്നതല്ല പ്രശ്നങ്ങൾ. ശാസ്ത്രവിരുദ്ധതയുടെ അപകടകരമായ അവസ്ഥ വിവരിക്കുന്നതോടൊപ്പം അതിന്റെ  അടിസ്ഥാനകാരണങ്ങൾകൂടി  അനാവരണം ചെയ്യാതെ നിവൃത്തിയില്ല. ഈ ജാഗ്രതയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ വ്യതിരിക്തതയും പ്രസക്തിയും. അതുകൊണ്ട്, ശാസ്ത്രാവബോധപ്രവർത്തനത്തിന്റെ ലക്‌ഷ്യം കേവലമായ കാഴ്ചയും അനുഭവവും നൽകുന്ന ‘അറിവിന്’ അപ്പുറം ആഴമേറിയ ‘തിരിച്ചറിവുകളിലേക്ക്’ എത്തിക്കുകയാണെന്ന് വരുന്നു. ഇതിനായുള്ള പ്രവർത്തനപദ്ധതികൾ പ്രയോഗത്തിന്റെ  വിവിധ തലങ്ങളിലെത്തുമ്പോൾ, പ്രകടമാകുന്ന ദൗർബല്യങ്ങളെ അതിജീവിക്കുക എന്നത് മർമ്മപ്രധാനമാണ്.

ചരിത്രപ്രാധാന്യമുള്ള പല ദിനങ്ങളും മാറ്റ് തെല്ലും കുറയാതെ കാലാനുസൃതമായ മാറ്റങ്ങളോടെ ആചരിച്ചുപോരുന്നുണ്ട്. എന്നാൽ, ദിനാചരണങ്ങളും ഒത്തുചേരലുകളുമൊക്കെ ചിലയിടങ്ങളിലെങ്കിലും വഴിപാടായി മാറുന്നുമുണ്ട്. ഇത് അചിരേണ സംഘാടകരിൽത്തന്നെ മടുപ്പുളവാക്കും. കൂടുതൽ വിശേഷപ്പെട്ടവരെയും പ്രശസ്തരെയും പങ്കെടുപ്പിച്ചും അല്പം ആർഭാടത്തോടെ സംഘടിപ്പിച്ചും ഈ കുറവ് നികത്തുന്ന രീതിയുമുണ്ട്. അതിനും ആയുസ്സുണ്ടാകില്ല. മാറുന്ന കാലത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ സമസ്യകളെ പരിപാടികളുടെ ഉൾക്കാമ്പിൽ കാലാനുസൃതമായി സന്നിവേശിപ്പിക്കുന്നതിൽ പലപ്പോഴും ദൗർബല്യം പ്രകടമാണ്. അതിനെ അതിജീവിച്ചാൽ, ഉന്മേഷദായകമായ ചിന്തകൾകൊണ്ട് ഒത്തുചേരലുകളും ദിനാചരണങ്ങളും ആവേശകരവും സൃഷ്ടിപരവുമാകും. ഉദാഹരണത്തിന്, പരിസ്ഥിതി ദിനാചരണരീതികൾ  ചിലയിടങ്ങളിലെങ്കിലും പതിറ്റാണ്ടുകളായി ഒരേ മാതൃകയിൽ അനുഷ്ടാനംപോലെ തുടരുകയാണ്; ഉള്ളടക്കത്തിലും രൂപത്തിലും. പരിസ്ഥിതിയെന്നാൽ വനം മാത്രമാണെന്നും, കുറെയേറെ സ്വാഭാവികവനം നശിച്ചാലും പ്രശ്നമില്ല, അത്രത്തോളമോ അതിലേറെയോ വെച്ചുപിടിപ്പിച്ചാൽ മതിയെന്നും, കാർബൺ മുഴുവൻ വലിച്ചെടുക്കുന്നതും ഓക്സിജൻ ആകെ നൽകുന്നതും മരങ്ങളാണെന്നുമൊക്കെയുള്ള ധാരണ കൈവിടാൻ ചില പരിസ്ഥിതി പ്രവർത്തകർതന്നെ തയ്യാറായിട്ടില്ല. എന്നാൽ, പരിസ്ഥിതി സംരക്ഷണത്തിനായി കേരളത്തിലുണ്ടായ ശ്രദ്ധേയമായ ചില മുന്നേറ്റങ്ങൾ ഫലത്തിൽ അപ്പാടെ പ്രതിലോമകരവും വികസനവിരുദ്ധവുമായിരുന്നുവെന്നു വിധിയെഴുതുന്ന അപകടകരമായ രീതിയും വളരുന്നുണ്ട്. ഈ പ്രവണതകളെല്ലാം  പലയിടങ്ങളിലെയും പരിസ്ഥിതിദിനാചരണങ്ങളുടെ കെട്ടിലും മട്ടിലും പ്രകടമാണുതാനും. ഇത്തരം ദൗർബല്യങ്ങൾ ശാസ്ത്രദിനാചരണത്തിലും ഇതര ശാസ്ത്രാവബോധപ്രവർത്തനങ്ങളിലും ഏറിയും കുറഞ്ഞും ദൃശ്യമാണ്.

കോവിഡ് കേവലം ജലദോഷം മാത്രമാണെന്ന് മുൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് പ്രഖ്യാപിച്ചത് അത്  മഹാമാരിയാണെന്നു ശാസ്ത്രലോകം തിരിച്ചറിഞ്ഞതിന് ശേഷമായിരുന്നു.  ജനങ്ങളും ഭരണകൂടങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകൾ ഏതൊക്കെയെന്നും എടുക്കേണ്ട നിയന്ത്രണങ്ങൾ എന്തൊക്കെയെന്നും  ലോകാരോഗ്യസംഘടനയും ഗവേഷണസ്ഥാപനങ്ങളും ഔദ്യോഗിക കാര്യാലയങ്ങളും അതിനോടകം കൃത്യമായി അറിയിച്ചുതുടങ്ങിയിരുന്നു. ബ്രസീൽ, ബ്രിട്ടൺ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെയും ഭരണനേതൃത്വങ്ങളിൽനിന്നു സമാനമായ പരാമർശങ്ങൾ ഉണ്ടായി. അതിനൊക്കെ വലിയ വിലയും കൊടുക്കേണ്ടിവന്നുവല്ലോ. മാനവരാശി നിലനിൽപ്പിനായി വഴിതേടുമ്പോൾ അതിന് നേതൃത്വം കൊടുക്കേണ്ട ഇടങ്ങളിൽനിന്നുണ്ടായ അശാസ്‍ത്രീയവും അപകടകരവുമായ ഈ പരാമർശങ്ങൾ ശാസ്ത്രലോകത്തെയും യുക്തിപൂർവ്വം ചുറ്റുപാടിനെ അറിയാൻ ശ്രമിക്കുന്ന ഇതര മനുഷ്യരെയും ഞെട്ടിച്ചു.  ഈ ദുരവസ്ഥയുടെ അടിസ്ഥാന കാരണങ്ങൾ മനസ്സിലാക്കാനും ജനങ്ങളെ ജാഗ്രതപ്പെടുത്താനും ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഫലത്തിൽ താഴെത്തട്ടിലേക്ക് പ്രചരണം എത്തുമ്പോൾ, പലപ്പോഴും അത് കേവലധാർമ്മിക വിശകലനത്തിന്റെയും ഉപരിപ്ലവരാഷ്ട്രീയ നിരീക്ഷണത്തിന്റെയും പരിധിക്കപ്പുറം പോകുന്നില്ല. ‘സമനില തെറ്റിയ ഭരണാധികാരികൾ’, ‘വിഡ്ഢികൾ’ ‘ യാഥാസ്ഥിതികർ’, ‘വംശീയ ഭീകരർ’ ‘ അന്ധവിശ്വാസികൾ’ എന്നൊക്കെയുള്ള സംബോധനകളിലും വിശദീകരണങ്ങളിലും ഒതുക്കും. അതുകൊണ്ടാണ് യൂ എസിൽ ട്രമ്പ് മാറി പ്രസിഡന്റായി ബൈഡൻ എത്തിയാൽ പ്രശ്‌നപരിഹാരമായെന്ന് നിരീക്ഷണമുണ്ടാകുന്നത്.

ഭരണനേതൃത്വത്തിലെത്തുന്ന വ്യക്തികളുടെ ചില ‘അപക്വവും’ ‘ഭ്രാന്തവുമായ’ നടപടികളാണ് പ്രശ്നമെന്ന്  വിലയിരുത്തുകകവഴി  ശാസ്ത്രവിരുദ്ധതയിലേക്ക് സമൂഹത്തെ നയിക്കുന്ന രാഷ്ട്രീയസമ്പദ്ഘടനാപരമായ പ്രശ്‌നങ്ങളെ തമസ്കരിക്കുകയാണ്. സത്യത്തിൽ ആത്യന്തികമായി പ്രശ്നപരിഹാരം തേടേണ്ടത് അവിടെയാണുതാനും.

ലോകത്തെ ഏറ്റവും മികച്ച പഠനഗവേഷണസ്ഥാപനങ്ങൾ പലതും അമേരിക്കയിലാണ്. കോവിഡ് കേവല ജലദോഷമല്ലെന്നും അപകടകാരിയാണെന്നും അതുപോലെ,  അതിന്റെ ജനിതകഘടനയുടെ പ്രത്യേകതയെന്തെന്നുമൊക്കെ ആദ്യമറിയുന്ന ഭരണാധികാരിയും അമേരിക്കൻ പ്രസിഡന്റല്ലാതെ മറ്റാരുമല്ല. എന്നാൽ, പരസ്യമായി ഇതൊക്കെ അംഗീകരിച്ചാൽ,  ലോകാരോഗ്യ സംഘടനയും മറ്റും നിർദ്ദേശിക്കുന്ന നിയന്ത്രണമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടിവരും. വ്യവസായശാലകളുടെ പ്രവർത്തനത്തിൽ നിയന്ത്രണങ്ങളും ചില അവസരങ്ങളിൽ അടച്ചിടലും വേണ്ടിവരും.  ഭരണകൂടത്തെ പരോക്ഷമായി നിയന്ത്രിക്കുന്ന മൂലധനശക്തികൾ അത് അനുവദിക്കില്ല. രണ്ട് മാർഗ്ഗങ്ങളേയുള്ളൂ. ഒന്നുകിൽ മനുഷ്യരാശിയുടെ നന്മക്കായി മൂലധനശക്തികളെ മറികടന്നു ശാസ്ത്രീയ മാർഗ്ഗങ്ങൾ അവലംബിക്കുക, അല്ലെങ്കിൽ മൂലധനത്തിനുവേണ്ടി ശാസ്ത്രസത്യങ്ങളെ തിരസ്ക്കരിച്ച് ‘കോവിഡ് ജലദോഷം പോലെ’ എന്ന് പ്രഖ്യാപിക്കുക. മഹാമാരിയുടെ  തീക്ഷ്ണതയിൽ ഡൽഹിയിലും മറ്റും അതിഥിതൊഴിലാളികൾ നരകയാതന അനുഭവിച്ചതും സമാനമായ നടപടിമൂലമായിരുന്നുവല്ലോ. എന്നാൽ, പാട്ടകൊട്ടിയും ചാണകസേവയിലും രോഗം മാറ്റാൻ ആഹ്വാനം ചെയ്യുന്ന ഭരണാധികാരികളുടെ ‘വിഡ്ഡിത്തത്തെ‘ പരിഹസിക്കുന്നതിൽ ശാസ്ത്രാവബോധ കാമ്പയിൻ ചില സമയങ്ങളിൽ ചുരുങ്ങിപ്പോകുന്നുണ്ട്. ഭരണാധികാരികൾ വിഡ്ഢികളാകുകയല്ല, മറിച്ച് വിഡ്‌ഢിവേഷം കെട്ടുകയാണ്. അല്ലെങ്കിൽ അത്തരം വേഷക്കാരെയാണ് മൂലധനവ്യവസ്ഥ ഈ കാലത്ത് ആവശ്യപ്പെടുന്നത്.

യുദ്ധത്തെ സംബന്ധിച്ചുള്ള മാധ്യമവിശകലനങ്ങളിലും ഇത്തരം ഉപരിപ്ലവചിന്തകൾക്ക് പ്രകടമായ മേൽക്കൈ ഉണ്ട്. യുദ്ധവിരുദ്ധപ്രചരണങ്ങൾ പലയിടങ്ങളിലും  ‘കേവലമായ ധാർമ്മിക ചിന്തകളിൽ’ ചുറ്റിത്തിരിയുന്നതിന്റെ കാരണം മറ്റൊന്നല്ല. ചില ഭരണാധികാരികളുടെ അച്ചടക്കമില്ലായ്മയും എടുത്തുചാട്ടങ്ങളും യുദ്ധക്കൊതിയും ഭ്രാന്തൻ മനസ്സുമൊക്കെയാണ് യുദ്ധങ്ങളിലേക്ക് നയിക്കുന്നതെന്ന് സെൻസേഷണലായി അവതരിപ്പിക്കുന്നതിലാണ് മുഖ്യധാരാമാധ്യമങ്ങളുടെ മത്സരം. അത്തരമൊരു പൊതുബോധനിർമ്മിതിയാണ് യഥാർത്ഥ യുദ്ധക്കൊതിയന്മാർ ആഗ്രഹിക്കുന്നതും. സാമ്പത്തികവും രാഷ്ട്രീയവുമായ അടിസ്ഥാനകാരണങ്ങൾ തിരസ്കരിക്കുപ്പെടും. ഫലത്തിൽ ഏറ്റവും അപകടകാരികളായ  സമാധാന-ഭഞ്ജകർ, നിഷ്കളങ്കരും ലോകസമാധാനത്തിന്റെ കാവൽക്കാരുമായി മാറും.

ഇതേവരെയുള്ള ശാസ്ത്രസാങ്കേതികനേട്ടങ്ങളെ മാനവരാശിക്കെതിരെതന്നെ പ്രകടമായി പ്രയോഗിക്കുന്ന പ്രക്രിയ കൂടിയാണ് യുദ്ധം. അതുകൊണ്ട്, ലോകസമാധാനപ്രസ്ഥാനത്തിന്റെ ഭാഗമായിനിന്നുകൊണ്ട് യുദ്ധത്തിന്റെ അടിസ്ഥാന രാഷ്ട്രീയ, സാമ്പത്തിക വിവക്ഷകളെ അനാവരണം ചെയ്യുകയെന്ന സവിശേഷമായ ഉത്തരവാദിത്വം ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾക്കുണ്ട്.

ഭരണഘടനാമൂല്യങ്ങളുടെ നിലനിൽപ്പിനായുള്ള ശാസ്ത്രാവബോധപ്രവർത്തനത്തിലും  ‘കേവല ധാർമ്മിക മൂല്യങ്ങളിൽ’ ഊന്നുന്ന രീതി പ്രകടമാണ്. അതിന്റെ ഫലമായി, ജനാധിപത്യ, മതേതരമൂല്യങ്ങളുടെ ഇടിവിനെ മതരാഷ്ട്രവൽക്കരണത്തിന്റെ പ്രത്യാഘാതമായിമാത്രം നിരീക്ഷിക്കും.  നവലിബറലിസത്തിന്റെ പ്രതിസന്ധിയും ഫാസിസ്റ്റ് പ്രവണതകളുടെ വൈവിധ്യവും വിശദീകരിക്കാൻ ‘മതരാഷ്ട്ര സിദ്ധാന്തത്തിന്റെയും’ ‘അന്ധവിശ്വാസ വ്യാപനത്തിന്റെയും’ ‘മനുസ്മൃതിയിലേക്കുള്ള തിരിച്ചുപോക്കിന്റെയും’ വ്യാഖ്യാനങ്ങൾ മാത്രം മതിയാകില്ല.

യഥാർത്ഥത്തിൽ ഫാസിസത്തിന് ജാതി, മത ഭേദങ്ങളില്ല. ഫാസിസം അവയെ ഉപയോഗപ്പെടുത്തുകമാത്രമാണ് ചെയ്യുന്നത്. നാളെ ‘മതേതരത്വ മുദ്രാവാക്യ’ മാണ് കൂടുതൽ സൗകര്യമെങ്കിൽ അതിനെ കവർന്നുപയോഗിക്കാൻ ഫാസിസം മടിക്കില്ല. അതിന് പറ്റിയ നേതാക്കളെ അത് അവതരിപ്പിക്കും. ജാതി, മത, ലിംഗ, വർഗ്ഗവിവേചനങ്ങൾക്ക് സ്ഥാനമില്ലാത്ത ‘സോഷ്യലിസം’ എന്ന മുദ്രാവാക്യത്തെയാണ് ഹിറ്റ്‌ലർ ആശ്രയിച്ചതെന്നതു ശ്രദ്ധേയമാണ്‌.



Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
100 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കുഞ്ഞുണ്ണി വർമ്മ നിര്യാതനായി
Next post ഒമിക്രോൺ വ്യാപനവും വൈറസ് ഘടനയും
Close