അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ ഗവേഷണ താല്പര്യമുള്ള കേരളത്തിലെ വിദ്യാർത്ഥികൾക്ക് അതിനാവശ്യമായ പരിശീലനം കൊടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന Kerala Theoretical Physics Initiative (KTPI)– ന്റെ കോർടീം അംഗമായ ഡോ. രതുൽ നാഥ് രവീന്ദ്രൻ (Postdoctoral Fellow, IACS, Kolkata)– മായി ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം ശ്രുതി കെ.എസ് നടത്തിയ സംഭാഷണം.
കേരളത്തിൽ നിലവിൽ ശാസ്ത്ര പ്രചാരണ രംഗത്തും ശാസ്ത്ര വിദ്യാഭ്യാസ രംഗത്തും ഒട്ടേറെ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ Association of Physics Teachers (APT) ഒക്കെ അക്കാദമിക തലത്തിൽ തന്നെ പ്രവർത്തിക്കുന്നവയാണ്. ഇത്തരമൊരു സാഹചര്യത്തിൽ Kerala Theoretical Physics Initiative (KTPI) പോലൊരു സംഘടനയുടെ ആവശ്യകത എന്താണ്?
അക്കാദമിക തലത്തിൽ റിസർച്ചിന് താല്പര്യമുള്ള കേരളത്തിലെ വിദ്യാർത്ഥികൾക്ക് അതിനാവശ്യമായ പരിശീലനം കൊടുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിന് പര്യാപ്തമായ നിലയിൽ ഗവേഷണ പരിചയം ഉള്ള ആളുകളാണ് KTPI യുടെ ടീമിൽ ഉള്ളത്. മാത്രമല്ല, നമ്മൾ വിദ്യാർത്ഥികൾക്കാണ് അധ്യാപകരേക്കാൾ മുൻഗണന കൊടുക്കുന്നത്. ഇങ്ങനെ ഒരു ഉദ്ദേശ്യത്തോടെ മാത്രം പ്രവർത്തിക്കുന്ന മറ്റൊരു സംഘടന കേരളത്തിലില്ല.
റിസർച്ചിന് പ്രാപ്തരാകാൻ അടിസ്ഥാനപരമായി ആവശ്യം വരുന്ന കാര്യങ്ങളാണ് നിലവിൽ നമ്മൾ നടത്തുന്ന വെബിനാറുകളിൽ പോലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. APT പ്രധാനമായും അധ്യാപകരുടെ കൂട്ടായ്മയാണ്. അതിൽ റിസർച്ചിന് താല്പര്യമുള്ളവരും ഇല്ലാത്തവരും ഉണ്ട്. അക്കാദമിക തലത്തിൽ ഒട്ടേറെ കാര്യങ്ങൾ അവർ ചെയ്യുന്നുമുണ്ട്. എന്നാൽ നമ്മൾ കുറച്ചു കൂടി സ്പെസിഫിക് ആണ്. റിസർച്ച് ചെയ്യാൻ ആവശ്യമായ ഒരു സമീപനം വിദ്യാർഥികളിലേക്കെത്തിക്കുക എന്നതാണ് KTPI യുടെ താല്പര്യം.
അടിസ്ഥാനശാസ്ത്രത്തിലെ ഗവേഷണത്തിന് ഇന്നും വളരെയധികം പ്രാധാന്യമുണ്ട്. ഇന്നത്തെ സയൻസ് ആണ് നാളെ ടെക്നോളജി ആവുന്നത്. എന്നാൽ കേരളത്തെ സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയിൽ സയൻസ് ഐച്ഛികവിഷയമായി പഠിക്കുന്നവരുടെയും ഗവേഷണത്തിലേക്ക് പോകുന്നവരുടെയും എണ്ണം മറ്റ് പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കുറവാണ്; പ്രത്യേകിച്ച് തിയററ്റിക്കൽ മേഖലയിൽ. ഇതിനൊരു പ്രധാന കാരണം കേരളത്തിൽ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെ എണ്ണത്തിലുള്ള കുറവ് തന്നെയാണ്. അതിനാൽ തന്നെ ഗവേഷണ സമൂഹത്തോട് ഇടപഴകാൻ വേണ്ടത്ര അവസരങ്ങൾ കേരളത്തിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് വിദ്യാർത്ഥികളെ ഗവേഷണത്തിനാവശ്യമായ സമീപനരീതിയിലേക്ക് നയിക്കുക എന്ന കാഴ്ചപ്പാട് പ്രസക്തമാകുന്നത്.
മറ്റൊരു തരത്തിൽ പറഞ്ഞാൽ, സയൻസ് വിഷയങ്ങൾ, പ്രത്യേകിച്ച് ഫിസിക്സ് ഒരു റിസർച്ച് ഓറിയന്റഡ് സബ്ജക്ടാണ്. അതുകൊണ്ടു തന്നെ അത് പഠിക്കുമ്പോൾ മനസ്സിലാക്കലുകൾ ആവശ്യമാണ്. എന്നാൽ പൊതുവേ ഇത്തരത്തിൽ ഒരു സമീപനം നമ്മുടെ സംസ്ഥാനത്ത് കാണാറില്ല. ഫിസിക്സിന്റെ പ്രോബ്ലം സോൾവിങ് അപ്രോച്ച് നമ്മുടെ വിദ്യാർഥികൾക്ക് കിട്ടിയിട്ടില്ല. പലപ്പോഴും വിവരം (Information) നേടൽ മാത്രമായി പഠനം മാറുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് ഒരു Research Oriented Learning Experience കൊടുക്കണമെന്ന് തോന്നിയത്. അടിസ്ഥാനശാസ്ത്രത്തിലെ ഗവേഷകരുടെ എണ്ണവും നിലവാരവും കൺസിസ്റ്റന്റായി ഉയർത്തിക്കൊണ്ടു വരിക എന്ന ദൗത്യമാണ് നമുക്ക് മുന്നിലുള്ളത്.
KTPI എന്ന ആശയത്തിലേക്ക് എങ്ങനെയാണ് എത്തിച്ചേർന്നത്?
പ്രശസ്ത ശാസ്ത്രജ്ഞനായ താണു പത്മനാഭന്റെ അനുസ്മരണവേളയിൽ അദ്ദേഹത്തെ ഏറെ സ്വാധീനിച്ച Trivandrum Science Society യെപ്പറ്റി ഞങ്ങൾ ചർച്ച ചെയ്തിരുന്നു. അത്തരം ചർച്ചകളിലൂടെയാണ് KTPI എന്ന ആശയം ഉരുത്തിരിഞ്ഞു വന്നത്. MSc തലത്തിൽ പ്രൊജെക്ടുകൾ നൽകിക്കൊണ്ട് ഈ initiative-നെ കേരളത്തിലെ വിദ്യാർഥികളിലേക്ക് എത്തിക്കാം എന്ന ചിന്ത ആദ്യം നമ്മളോട് പങ്കു വെക്കുന്നത് ജ്യോതിശാസ്ത്രജ്ഞനായ ഡോ. ജോ ജേക്കബ് ആണ്. പ്രൊജക്ടുകളിലൂടെ അവരുടെ നിലവാരവും കഴിവുകളും (skill) മനസ്സിലാക്കാനും എത്രത്തോളം ട്രെയിനിങ്ങും സപ്പോർട്ടും അവർക്ക് നൽകേണ്ടതുണ്ട് എന്നു വിലയിരുത്താനും നമുക്ക് കഴിയും.
പ്രൊജെക്ടുകളെ ഒരു മാർഗമായെടുത്തുകൊണ്ട് കേരളത്തിലെ വിദ്യാർത്ഥികളെ മനസ്സിലാക്കുകയാണ് നമ്മുടെ ലക്‌ഷ്യം. അത്തരത്തിലാണ് KTPI ART (Active Research Training) പ്രോഗ്രാമുകൾ സജ്ജീകരിച്ചിരിക്കുന്നത്. നിലവിൽ ART രണ്ടാം ബാച്ചിന്റെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇതിലൂടെ കടന്നുപോകുന്ന വിദ്യാർത്ഥികളുടെ ഫീഡ്ബാക്ക് അനുസരിച്ച് പ്രവർത്തനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം എന്നാണ് പ്രതീക്ഷിക്കുന്നത്.
ART നെ പറ്റി കുറച്ചു കൂടി വിവരങ്ങൾ ആയാലോ?
കേരളത്തിലെ ഒന്നാം വർഷ MSc ഫിസിക്സ് വിദ്യാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ART ൽ നേരിട്ട് പങ്കെടുക്കാനാവുക. ഒരു MSc പ്രൊജക്റ്റ് ചെയ്യാനാവശ്യമായ പിന്തുണ നൽകുക എന്നതിലുപരി ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങളിലേക്ക് എത്തിച്ചേരാനാവശ്യമായ ട്രെയിനിങ് അവർക്ക് കൊടുക്കുക എന്നതാണ് ART ന്റെ പ്രധാന ലക്‌ഷ്യം. ഒപ്പം പ്രോജക്ട് ട്രെയിനിങ്ങിലൂടെ വിദ്യാർഥികൾക്ക് റിസർച്ചിന്റെ ഫൺ അനുഭവിക്കാനും കഴിയും.
Theoretical സബ്ജെക്റ്റുകളിൽ വിദഗ്ധരായ researchers നമ്മുടെ കൂടെയുണ്ട്. അതിനാൽ തന്നെ വിദ്യാർഥികൾക്ക് കൂടുതൽ പരിഗണന വേണ്ടി വരുന്ന മേഖലകളിൽ കൃത്യമായ training കൊടുക്കാൻ നമുക്ക് സാധിക്കും. ഇതിന് വേണ്ടി വെബിനാറുകളും മറ്റും നടത്താറുണ്ട്. ART ന്റെ ഭാഗമല്ലാതെയും വിദ്യാർത്ഥികൾക്ക് ഇത്തരം study materials ഉപയോഗിക്കാവുന്നതാണ്.
കേരളത്തിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് കൊണ്ട് പ്രവർത്തിക്കുമ്പോൾ പ്രത്യേകമായി നേരിടണം എന്ന് തോന്നിയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടോ?
നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൊതുവേ Exam Oriented ആയ പഠനസമീപനമാണ് ഉള്ളത്. പക്ഷേ സത്യത്തിൽ നമുക്കാവശ്യം Problem Oriented Approach ആണ്. അതിന് concepts കൃത്യമായി വിനിമയം ചെയ്യപ്പെടേണ്ടതുണ്ട്. മാത്രമല്ല, ഒരു വിഷയം പഠിക്കുമ്പോൾ ലഭിക്കേണ്ടതായ സ്കില്ലുകളും ഡെവലപ്പ് ആവേണ്ടതുണ്ട്. നിലവിലെ സാഹചര്യം പരിശോധിക്കുകയാണെങ്കിൽ കേരളത്തിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റികളുടെ റിസർച്ച് ഇൻഡക്സ് പൊതുവെ കുറവാണ്. അതിനാൽ തന്നെ ഒരു റിസർച്ച് ബേസ്ഡ് ആയ അന്തരീക്ഷം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നില്ല. ഇത് അഡ്രസ്സ് ചെയ്യപ്പെടേണ്ട ഒരു പ്രശ്നമാണെന്ന് തോന്നിയിട്ടുണ്ട്
മറ്റൊരു പ്രശ്‍നം, കേരളത്തിൽ ഗവേഷണസ്ഥാപനങ്ങളുടെ എണ്ണത്തിലുള്ള കുറവ് തന്നെയാണ്. ഉള്ള സ്ഥാപനങ്ങൾ തന്നെ അങ്ങിങ്ങായി ചിന്നിച്ചിതറിയാണ് കിടക്കുന്നത്. അതുകൊണ്ടു തന്നെ നമ്മുടെ സംസ്ഥാനത്ത് ശാസ്ത്ര മേഖലയിൽ ഒരു Center of Excellence എങ്കിലും ആവശ്യമാണ്. ഒരു Inter University Center പോലെ പ്രവർത്തിച്ചു കൊണ്ട്, വിവിധ യൂണിവേഴ്സിറ്റികളെ പരസ്പരം ബന്ധിപ്പിക്കാനും റിസർച്ചിൽ ഫോക്കസ് ചെയ്തുകൊണ്ടുള്ള പഠനാനുഭവം വിദ്യാർത്ഥികൾക്ക് നൽകാനും ഇത്തരം സെന്ററുകൾക്ക് സാധിക്കണം.
MSc തലത്തിലും മറ്റുമുള്ള അക്കാദമിക പ്രൊജക്ടുകളുടെ പുതുമയും നിലവാരവും പലപ്പോഴും കുറയുന്നതും ഒരു പ്രശ്നമാണ്. അവിടെയാണ് ART വ്യത്യസ്തമാവുന്നത്. ART ന്റെ ഒന്നാമത്തെ എഡിഷനിൽ നിന്ന് റിസർച്ച് പേപ്പറുകൾ വന്നിട്ടുണ്ട്.
മൂന്നാമത്തെ എഡിഷൻ ആകുമ്പോഴേക്കും IUCAA (Inter University Centre for Astronomy and Astrophysics) യുടെ തൊടുപുഴ ന്യൂമാൻ കോളേജിലുള്ള ICARD (IUCAA Centre for Astronomy Research and Development ) മായി ART നെ ബന്ധിപ്പിക്കാൻ നമുക്ക് സാധിച്ചു. മുന്നോട്ടുള്ള ART ന്റെ പ്രയാണത്തിൽ അത് വളരെ ഗുണം ചെയ്യും.
നിലവിലെ പ്രവർത്തനങ്ങൾ കോളേജ് വിദ്യാർത്ഥികൾക്കിടയിലാണല്ലോ. സ്കൂൾ വിദ്യാർഥികളിലേക്ക് കൂടി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ആലോചിക്കുന്നുണ്ടോ?
നേരത്തേ പറഞ്ഞത് പോലെ അടിസ്ഥാന ശാസ്ത്രഗവേഷണത്തിൽ കേരളത്തിൽ നിന്ന് പ്രാതിനിധ്യം നിലവിൽ കുറവാണ്. പ്ലസ് വൺ, പ്ലസ് ടു കാലഘട്ടത്തിൽ വിദ്യാർത്ഥികളിൽ ഉണ്ടാവുന്ന ആശയക്കുഴപ്പങ്ങൾ ഇതിനൊരു കാരണമാണ്. Trend അനുസരിച്ച് കൂടുതൽ പേരും Engineering / Medicine തിരഞ്ഞെടുക്കുന്നു. ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നത് കൊണ്ട് തന്നെ നമ്മൾ സ്കൂൾ വിദ്യാർഥികളിലേക്ക് കൂടുതൽ ഫോക്കസ് ചെയ്യേണ്ടതുണ്ട്. ചെറുപ്പത്തിൽ പങ്കെടുത്ത ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവങ്ങളും സയൻസ് പാർക്കുകളിൽ നടക്കുന്ന ക്യാമ്പുകളുമൊക്കെ ശാസ്ത്രഗവേഷണം തിരഞ്ഞെടുക്കാൻ ഞങ്ങളിൽ പലരെയും പ്രേരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ, പ്രാദേശിക സയൻസ് സെന്ററുകളുടെ സഹകരണത്തോടെ കുട്ടികളിൽ ഗവേഷണാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയുള്ള, ക്യാമ്പുകളും ശില്പശാലകളും ആലോചനയിലുണ്ട്.
KTPI യുടെ പ്രവർത്തന ഘടന എങ്ങനെയാണ്?
മൂന്ന് തരത്തിലാണ് ആളുകൾ KTPI യുമായി ബന്ധപ്പെട്ടിരിക്കുന്നത്. അതിലൊന്ന് നമ്മുടെ കോർകമ്മിറ്റി ആണ്. ആശയങ്ങളും ചിന്തകളും പരസ്പരം പങ്കു വെക്കുന്ന, ചർച്ച ചെയ്യുന്ന ഒരു ഗ്രൂപ് ആണത്. ഏതൊക്കെ വിഷയവുമായി ബന്ധപ്പെട്ടാണ് പരിപാടികൾ നടത്തേണ്ടത് എന്ന് തീരുമാനിക്കുന്നതും അത് കൃത്യമായി പ്ലാൻ ചെയ്ത നടപ്പിലാക്കുന്നതും കോർ കമ്മിറ്റി ആണ്. പിന്നെ നമ്മുടെ കൂടെയുള്ളത് ART ന്റെ ഭാഗമായുള്ള മെന്റേഴ്സും വിദ്യാര്ഥികളുമാണ്. ART നെ മുന്നോട്ട് കൊണ്ടുപോകുന്നതും വിജയിപ്പിക്കുന്നതും അവരാണ്. നമ്മുടെ കമ്മ്യൂണിറ്റി ഗ്രൂപുകളിൽ മെംബേർസ് ആയിട്ടുള്ള ആളുകളാണ് അടുത്തത്. നമ്മുടെ എല്ലാ പരിപാടികളും ഇവരിലേക്ക് യഥാസമയം എത്തിക്കാറുണ്ട്.
ഭാവിയിലെ പ്രവർത്തനങ്ങൾ…
പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് തീർച്ചയായും കണ്ടെത്തേണ്ടതുണ്ട്. മാത്രമല്ല, ഒരു സംഘടന എന്ന നിലയിൽ ഔപചാരികതയും ഒരു പരിധി വരെ ആവശ്യമാണ്. അതുകൊണ്ട് തന്നെ KTPI യെ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതിനെ പറ്റി ആലോചനകളുണ്ട്. ഒരു സൊസൈറ്റി എന്ന ഔദ്യോഗിക മുഖത്തേക്ക് എത്തിപ്പെടുമ്പോൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളും കുറവല്ല. ഒഫിഷ്യൽ ആയ കാര്യങ്ങൾക്കു വേണ്ടി കൂടുതൽ സമയവും ചിലവഴിക്കേണ്ടതായും വന്നേക്കാം. പ്രവർത്തങ്ങളിലേക്ക് വരുമ്പോൾ, നിലവിൽ KTPI യുടെ ഗുണഭോക്താക്കളായിട്ടുള്ള വിദ്യാർത്ഥികളുടെ ഫീഡ്ബാക്ക് അനുസരിച്ച് ഇനിയുള്ള പരിപാടികൾ ആസൂത്രണം ചെയ്യാം എന്ന് കരുതുന്നു.