- ബ്രഹ്മപുരത്തുള്ള മുഴുവൻ മാലിന്യവും യുദ്ധകാല അടിസ്ഥാനത്തിൽ മാറ്റുക
- മറ്റു നഗരങ്ങളിൽ നിന്ന് മാലിന്യം ബ്രഹ്മപുരത്ത് കൊണ്ടു വരുന്നത് നിർത്തലാക്കുക
- ഗാർഹികജൈവ മാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിക്കുക
- ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകുക
- അജൈവ ഖരമാലിന്യ ശേഖരണത്തിനു എല്ലാ ഡിവിഷനുകളിലും ഹരിത കർമ്മസേനയെ സജ്ജമാക്കുക
- പ്രാദേശികമായ ചെറുകിടമാലിന്യസംസ്കരണ സംവിധാനങ്ങൾ സജ്ജമാക്കുക
- അന്തിമമായി അവശേഷിക്കുന്ന അവശിഷ്ടങ്ങളിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിച്ച് മാലിന്യ സംസ്ക്കരണത്തെ സമ്പൂർണ്ണമാക്കുക
ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം തുടച്ചയായി നാല് ദിവസം കത്തി. തീയണഞ്ഞെങ്കിലും നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാപിച്ച പുക അടങ്ങിയിട്ടില്ല. പ്രദേശവാസികളോട് വീടിനു പുറത്തിറങ്ങാതിരിക്കാൻ ഭരണകൂടം അഭ്യർത്ഥിച്ചിരിക്കുന്നതും വിദ്യാലയങ്ങൾക്ക് അവധി നൽകിയതും പ്രശ്നത്തിന്റെ ഗുരുതര സ്വഭാവം വ്യക്തമാക്കുന്നു. ഇതിനിടെ കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യ കൂമ്പാരത്തിനും തീപിടിച്ചു. വേനൽ കടുക്കുമ്പോൾ ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിന് തീപിടിക്കുന്നത് ഒരു പുതിയ കാര്യമല്ല. കൊച്ചി കോർപ്പറേഷൻ, വിവിധ സർക്കാർവകുപ്പുകൾ, ജില്ലാ ഭരണകൂടം ഇവരെല്ലാം ഈ പ്രശ്നത്തിന് ഉത്തരം പറയാൻ ബാധ്യസ്ഥരാണ്.
ചിട്ടയായി വേർതിരിക്കാത്ത ജൈവ-അജൈവ മാലിന്യങ്ങളാണ് കൊച്ചിയിൽ നിന്നും സമീപ നഗരസഭകളിൽ നിന്നും ബ്രഹ്മപുരത്തെത്തുന്നത്. ജൈവമാലിന്യം അന്നന്നു തന്നെ സംസ്കരിക്കാതെ പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങളോടൊപ്പം കുന്നുകൂടുന്നു. പ്ലാസ്റ്റിക് കഴുകി വൃത്തിയാക്കി ഉണക്കിയ ശേഷമേ ശേഖരിക്കാവൂ എന്ന നിബന്ധനയുണ്ടെങ്കിലും അത് പാലിക്കുന്നില്ല.ഭക്ഷ്യാവശിഷ്ടങ്ങളടക്കമാണ്ണ് പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിൽ എത്തുന്നത്. ജൈവവാശിഷടങ്ങളിൽ നിന്നുത്പ്പാദിപ്പിക്കപ്പെടുന്ന മീഥേൻ വാതകം ഉയർന്ന അന്തരീക്ഷോഷ്മാവിൽ കത്തുന്നതിൽ നിന്ന് ഇത്തരം വലിയ തീപിടുത്തങ്ങളുണ്ടാകാൻ സാദ്ധ്യതയുണ്ട്. മറ്റെന്തെങ്കിലും കാരണങ്ങൾ ഇപ്പോഴത്തെ പ്രത്യേക പ്രശ്നത്തിന്റെ പിന്നിലുണ്ടോ എന്ന് വിശദമായ പഠനത്തിലേ മനസ്സിലാക്കാൻ കഴിയൂ.
ഈ സാഹചര്യത്തിൽ ബ്രഹ്മപുരത്തുള്ള മുഴുവൻ മാലിന്യവും യുദ്ധകാല അടിസ്ഥാനത്തിൽ അവിടെ നിന്ന് നീക്കം ചെയ്യുകയും മറ്റു നഗരങ്ങളിൽ നിന്ന് മാലിന്യം ബ്രഹ്മപുരത്ത് കൊണ്ടു വരുന്നത് നിർത്തലാക്കുകയും വേണം. മാലിന്യങ്ങൾ കൂട്ടിക്കുഴയ്ക്കാതെ ഉറവിടത്തിൽ വച്ച് തന്നെ വേർതിരിക്കുകയും ഗാർഹികജൈവ മാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും വേണം. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം കർശ്ശനമായി തടയുകയും നിരോധിച്ചിട്ടില്ലാത്ത പ്ലാസ്റ്റിക് കഴുകി ഉണക്കിയത് മാത്രമേ ശേഖരിക്കുന്നുള്ളൂ എന്നുറപ്പാക്കുകയും വേണം. അജൈവ ഖരമാലിന്യ ശേഖരണത്തിനു എല്ലാ ഡിവിഷനുകളിലും ഹരിത കർമ്മസേനയെ സജ്ജമാക്കുകയുംപ്രാദേശികമായ ചെറുകിടമാലിന്യസംസ്കരണ സംവിധാനങ്ങളുടെ സാധ്യത പരിശോധിക്കുകയും വേണം. ഇവയെല്ലാം ചെയ്താലും അന്തിമമായി അവശേഷിക്കുന്ന അവശിഷ്ടങ്ങളിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിച്ച് മാലിന്യ സംസ്ക്കരണത്തെ സമ്പൂർണ്ണമാക്കുന്നതിനുള്ള സാധ്യതകളും ആരായാവുന്നതാണ്. പ്ലാസ്റ്റിക്ക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് നേരിട്ട് പോകാതെ മറ്റ് രാസവ്യവസായങ്ങൾക്കുള്ള അസംസ്കൃത വസ്തുവായി ഉപയോഗിക്കാൻ കഴിയണം. ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന വേസ്റ്റ് ടു എനർജി പദ്ധതി സമീപകാലത്തൊന്നും സാധ്യമല്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ മാലിന്യം സൂക്ഷിച്ചു വയ്ക്കാതിരിക്കുകയും പ്ലാസ്റ്റിക് ദുരുപയോഗം,വേർതിരിക്കാതെ വേസ്റ്റ് കൈമാറൽ, വലിച്ചെറിയൽ തുടങ്ങിയവക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുകയും വേണം.മാലിന്യപരിപാലനനിയമങ്ങൾ പാലിക്കാനും വിവാഹാഘോഷങ്ങൾ പോലെ വലിയ തോതിൽ ജൈവമാലിന്യം ഉത്പ്പാദിപ്പിക്കുന്ന പ്രവർത്തനങ്ങൾ പൂർണ്ണമായും ഹരിത ചട്ടം പാലിച്ചുകൊണ്ടാവാനും പൊതുസമൂഹത്തിന് ബാധ്യതയുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന ജനബോധനപരിപാടികൾ തുടങ്ങ ണം.ഇവയെല്ലാം ഫലപ്രദമായി നടപ്പാക്കുന്നതിന് സമഗ്രമായ പദ്ധതിയുണ്ടായി ജനകീയമായി മുഴുവൻ ജനങ്ങളേയും അണിനിരത്തി നടത്തുന്ന പദ്ധതി ആസൂത്രണം ചെയ്യണമെന്നും കേരള ശാസ്ത്രസാഹിത്യപരിഷത്ത് ആവശ്യപ്പെടുന്നു.
എന്തുകൊണ്ട് മാലിന്യത്തിൽനിന്ന് ഊർജം പദ്ധതി കേരളത്തിൽ പ്രായോഗികമല്ല
എന്തുകൊണ്ട് മാലിന്യത്തിൽനിന്ന് ഊർജം പദ്ധതി കേരളത്തിൽ പ്രായോഗികമല്ല – പ്രൊഫ.പി.കെ.രവീന്ദ്രൻ സംസാരിക്കുന്നു