കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 59ാം സംസ്ഥാന വാർഷികം ഡോ.ഗൌഹാർ റാസ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഉദ്ഘാടന പ്രസംഗത്തിന്റെ സംക്ഷിപ്തം
നമുക്ക് വേണ്ടത് ശാസ്ത്രബോധത്തിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ – പരിഷത്ത് ദേശീയ നേതൃത്വത്തിലേക്കുയരണം – ഡോ: ഗൗഹർ റാസ
ശാസ്ത്രജ്ഞനല്ലാത്ത ഒരു രാഷ്ട്രീയക്കാരനാണ് ശാസ്ത്രബോധം എന്ന മനോഹരവും പ്രൗഢവുമായ പദം നമുക്ക് സമ്മാനിച്ചത് എന്നും എന്നാൽ ഗണേശ ഭഗവാനാണ് പ്ലാസ്റ്റിക് സർജറിയുടെ ആദ്യ ഉദാഹരണമെന്നു പറയുന്ന ഒരു പ്രധാനമന്ത്രിയാണ് നമുക്കിന്നുള്ളത് എന്നും ശാസ്ത്രജ്ഞനും കവിയും ഡോക്യുമെൻ്ററി സംവിധായകനുമായ ഡോ : ഗൗഹർ റാസ കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ 59 ആം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ചൂണ്ടിക്കാട്ടി
പല രീതിയിൽ വളരെ ഭിന്നിപ്പിക്കപ്പെട്ടിരുന്ന ഒരു പ്രദേശമായിരുന്ന ഇന്ത്യയിൽ എല്ലാ മനുഷ്യരേയും ഒരുമിപ്പിച്ചിരുന്ന ഒന്നായിരുന്നു സ്വാതന്ത്ര്യസമര പ്രസ്ഥാനം. അതിനായി ഒരു വലിയ ഇന്ത്യൻ ഐഡൻ്റിറ്റി ആവശ്യമായിരുന്നു. ഇതോടൊപ്പം ആഗോള തലത്തിൽ സോവിയറ്റ് വിപ്ലവം ഉൾപ്പെടെയുള്ള ചലനങ്ങൾ ലോകത്തെ പ്രചോദിപ്പിക്കുകയും ചെയ്തു അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി സംസാരിക്കാൻ അത് ജനങ്ങളെ പ്രചോദിപ്പിച്ചു.
തുടർന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയും നമുക്ക് ഒരു ഭരണഘടന ഉണ്ടാവുകയും ചെയ്തു. എന്നാൽ ആ ഭരണഘടന അംഗീകരിച്ച് ഒപ്പു വച്ചവരിൽ എത്ര പേർ അതിൽ വിശ്വസിച്ചു എന്നത് ഒരു ചോദ്യമാണ്. പലരും അത് ചെയ്തിട്ടില്ല എന്നാണ് പറയേണ്ടി വരിക.
എന്നാൽ എന്തു കൊണ്ടാവും വളരെ ഗംഭീരമായ ഒരു ഭരണഘടന അത്തരക്കാർ അംഗീകരിക്കാൻ തയാറായത്? നെഹ്രുവിനെയും പട്ടേലിനേയും പോലുള്ള നേതാക്കന്മാർ നല്ല ഭാഷയിൽ അലമാരയിൽ സൂക്ഷിക്കാൻ ഒരു പുസ്തകം ഉണ്ടാക്കുമെന്നാവും. അല്ലെങ്കിൽ എന്തൊക്കെ എഴുതിപ്പിടിപ്പിച്ചാലും നിലനിൽക്കുന്ന അസമത്വത്തിൽ അധിഷ്ഠിതമായ ഒരു സമൂഹഘടനയിൽ ഒരു മാറ്റവും വരില്ല എന്നവർ ചിന്തിച്ചു കാണും.
അത്തരക്കാർക്കിടയിൽ വേറിട്ടു നിന്നിരുന്ന രാഷ്ട്രീയനേതാക്കന്മാർ ഉണ്ടായിരുന്നു. നെഹ്രു തൻ്റെ പുസ്തകത്തിൽ, ശാസ്ത്രബോധത്തിനെപ്പറ്റിയും മാറ്റങ്ങളെ സ്വാംശീകരിക്കേണ്ടതിൻ്റെ ആവശ്യകതയേയും പറ്റി എഴുതി. അത് അദ്ദേഹം വളരെ കാര്യമാത്രപ്രസക്തമായാണ് എഴുതിയത്. ഒരു ശാസ്ത്രജ്ഞനിൽ നിന്നല്ല ഈ വാക്കുകൾ വന്നതെന്ന് നമ്മൾ മനസ്സിലാക്കണം. തുടർന്ന് രൂപീകൃതമായ ഏറ്റവും പ്രസക്തമായ ഒരു നയരേഖയായിരുന്നു 1958 ലെ “Scientific Policy Resolution“.അത് സൃഷ്ടിക്കാൻ കാരണമായത് ഭട്നാഗർ, ഭാഭ എന്നിവരെ പോലുള്ള ശാസ്ത്രജ്ഞന്മാരാണ്. എന്നാൽ അതിന് ദിശാബോധം നൽകിയത് നെഹ്രുവാണ്. ഇത്തരത്തിലൊരു നയരേഖ ലോകചരിത്രത്തിൽ തന്നെ വളരെ മൗലികമാണ്. മറ്റൊരു നയരേഖ ചർച്ച ചെയ്യുന്നതു പോലെയും പാർലമെൻ്റിൽ ഇത് ചർച്ച ചെയ്യുകയും അതിനെതിരേ നിശിതമായ വിമർശനം ഉണ്ടാവുകയും ചെയ്തു. അപ്പോൾ നെഹ്രു എഴുനേറ്റ് അതിലെ ഓരോ വാക്കും പ്രസക്തമാണെന്ന് വാദിക്കുകയാണ് ചെയ്തത്. ഇത്തരത്തിലൊന്ന് എന്തു കൊണ്ട് നേരത്തേ കൊണ്ടു വന്നില്ല എന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ചോദിച്ചത്. അത്തരത്തിലുള്ള ഒരു സമവായം ആയിരുന്നു ശാസ്ത്രബോധത്തിനെ പറ്റി അന്നുയർന്നു വന്നത്.
25000 കോടിയിലേറേ ടേൺ ഓവർ ഉള്ള 10 ലധികം വൻകിട ശാസ്ത്രസ്ഥാപനങ്ങൾ ആദ്യ കാലങ്ങളിൽ രൂപീകരിക്കപ്പെട്ടു. എന്നാൽ ഇന്ന് എന്താണ് സംഭവിക്കുന്നത് അശാസ്ത്രീയമായ നിലപാടുകൾ മുന്നോട്ടൂ വയ്ക്കുന്ന ഒരു പ്രധാനമന്ത്രിയും മറ്റ് പ്രാദേശിക ഭരണകൂടങ്ങളും നമുക്കു ചുറ്റുമുണ്ട്. ഇത്തരം വാക്കുകൾ ഇന്നത്തെ ശാസ്ത്രനയങ്ങളിൽ പ്രതിഫലിക്കപ്പെടും. ഇന്ത്യയൊട്ടാകെ വ്യാപിച്ചിരിക്കുന്ന, ശാസ്ത്രബോധത്തിനെതിരെയുള്ള കടുത്ത ആക്രമണമാണ് ഇന്നിൻ്റെ വാസ്തവം. ഇതിൽ കേരളം ഒരു അപവാദമാണ് എന്ന് പറയാം. ശാസ്ത്രബോധത്തിനെതിരെ നടക്കുന്ന ഈ ആക്രമണം ശാസ്ത്രജ്ഞരാൽ മാത്രം തടുക്കാൻ കഴിയില്ല. ഇവിടെ ജനകീയമായ ഒരു പ്രതിരോധമാണ് ആവശ്യം. പരിഷത്ത് ഈ പ്രതിരോധം ശക്തിപ്പെടുത്തണം. ദേശീയ തലത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പരിഷത്ത് നേതൃത്വം കൊടുക്കണം. യുവതയെ ആകർഷിക്കാൻ പരിഷത്തിന് കഴിയണം.
പരിഷത്ത് 80 ലും 90 ലും ഏറ്റെടുത്ത് ഇന്ത്യയൊട്ടാകെ നടത്തിയ പ്രവർത്തനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത് എന്നും അതു കൊണ്ടു തന്നെ ഇപ്പോൾ ശാസ്ത്രസാഹിത്യപരിഷത്ത് കേരളത്തിൽ മാത്രം ഒതുങ്ങാതെ ഇന്ത്യയൊട്ടാകെ ശാസ്ത്രബോധ പ്രചാരണത്തിൻ്റെ നേതൃത്വം ഏറ്റെടുക്കണം എന്ന് ഡോ റാസ ആഹ്വാനം ചെയ്തു,
ഭാരത് ഗ്യാൻ വിഗ്യാൻ യാത്ര പോലൊരു വലിയ ശാസ്ത്ര പ്രോജക്ട് മറ്റൊരു സംഘടന ഏറ്റെടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. വളരെ ചുരുക്കം വ്യക്തികളിൽ തുടങ്ങിയ ഒരു പ്രസ്ഥാനമാണ് ദേശീയ സാക്ഷരതാ പ്രസ്ഥാനം. അതിനേയും ഒരു മഹാപ്രസ്ഥാനമാക്കി മാറ്റിയത് ശാസ്ത്രസാഹിത്യപരിഷത്ത് ആയിരുന്നു. കൊറോണ സമയത്ത് ജനങ്ങൾ അശാസ്ത്രീയതയെ എതിർത്തതായാണ് എൻ്റെ ഗവേഷണത്തിൽ മനസ്സിലായത്. ജനങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു.