ഡോ. പി. മുഹമ്മദ് ഷാഫി
രസതന്ത്ര അധ്യാപകൻ
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് ക്രിപ്‌റ്റോണിനെ പരിചയപ്പെടാം.
അലസ വാതകങ്ങൾ എന്നും അപൂർവ വാതകങ്ങൾ എന്നും വിളിക്കപ്പെടുന്ന പതിനെട്ടാം ഗ്രൂപ്പിലെ അംഗമാണ് ക്രിപ്റ്റോൺ. അറ്റോമിക സംഘ്യ 36.
കണ്ടെത്തൽ
അലസ വാതകങ്ങളുടെ മേഖലയിൽ നടത്തിയ വിലയേറിയ സംഭാവനകൾക്ക് 1904 ൽ രസതന്ത്ര നോബൽ സമ്മാനം നേടിയ വില്യം റാംസെയാണ് (William Ramsay) കണ്ടുപിടുത്തക്കാരിൽ ഒരാൾ . അദ്ദേഹത്തിന്റെ സഹപ്രവർത്തകനും ഇതേ മേഖലയിൽ മികച്ച സംഭാവനകളും നടത്തിയിട്ടുള്ള ട്രാവേർസ് (Morris William Travers) ആണ് രണ്ടാമൻ. അപൂർവ വാതകങ്ങളിലുള്ള ഗവേഷണത്തിൽ അത്യധികം മുഴുകിയിരുന്നതിനാൽ ‘അപൂർവ വാതക ട്രാവേർസ് ‘ എന്ന് ശാസ്ത്രലോകത്തുള്ളവർ ഇദ്ദേഹത്തെ വിളിച്ചിരുന്നത്രെ. ബാങ്കളൂരിലെ Indian institute of Science ന്റെ സ്ഥാപക ഡയറക്ടറും ട്രാവേർസ് ആണ്.
മറ്റൊരു അലസവാതകമായ ആർഗൺ കണ്ടുപിടിച്ച റാംസെ തന്റെ സഹപ്രവർത്തകനായിരുന്ന ട്രാവേഴ്സുമൊത്തു ആർഗൺ വാതകത്തിൽ ഒളിഞ്ഞിരിക്കാനിടയുള്ള മറ്റേതെങ്കിലും മൂലകമുണ്ടോ എന്ന അന്വേഷണവുമായി മുന്നോട്ടുപോയി .ആർഗൺ വാതകത്തെ ദ്രവീകരിച്ചശേഷം ശ്രദ്ധാപൂർവം ബാഷ്പീകരിക്കാൻ അവർ അനുവദിച്ചു .ബാഷ്പീകരണത്തെ തുടർന്ന് ഏറ്റവും അവസാനം ശേഷിക്കുന്ന ഭാഗത്തിൽ ആർഗണിനെക്കാൾ തിളനിലയും (Boiling point) സാന്ദ്രതയും (Density) കൂടുതലുള്ള ഒരു മൂലകം ഉണ്ടായിരിക്കാമെന്ന അവരുടെ ഊഹം ശരിയാണെന്നു ബാക്കിയായ വാതകത്തിന്റെ സ്പെക്ട്രം പരിശോധിച്ചപ്പോൾ ബോധ്യപ്പെടുകയും ചെയ്തു. ആർഗണിൽ ഒളിച്ചിരുന്ന മൂലകത്തിനു അവർ ക്രിപ്റ്റോൺ എന്ന് പേരുംകൊടുത്തു (Kryptos = Hidden).
[box type=”success” align=”” class=”” width=””]നിറമോ മണമോ ഇല്ലാത്ത 25 CC ക്രിപ്റ്റോൺ വാതകമാണ് ഈ പരീക്ഷണത്തിൽ അവർക്കു വേർതിരിച്ചു എടുക്കാനായത്.1898 ൽ ആണ് ഈ നേട്ടം കൈവരിച്ചത്. [/box]
അന്തരീക്ഷത്തിൽ 1.14ppm മാത്രമുള്ള ക്രിപ്റ്റോണിന് വായുവിനേക്കാൾ മൂന്നുമടങ്ങോളം സാന്ദ്രതയുണ്ട് . പ്രകൃതിദത്തമായ ക്രിപ്റ്റോണിൽ 78,80,82,83,84,86 എന്നീ മാസ്സുകളുള്ള ആറു ഐസോടോപ്പുകളാണുള്ളത്. ഇവയിൽ മാസ് 84 ഉള്ള ഐസോടോപ്പാണ് ഏറ്റവും കൂടുതലുള്ളത് – 57%. കൂടാതെ യൂറേനിയത്തിന്റെ ഫിഷൻ, മറ്റുചില ന്യൂക്ലിയർ പ്രവർത്തനങ്ങൾ എന്നിവകൊണ്ട് അനേകം റേഡിയോ ആക്റ്റീവ് ആയ ഐസോടോപ്പുകളും ഉണ്ടാകുന്നുണ്ട് .
ഭൗതിക ഗുണങ്ങൾ :
Atomic Number: | 36 | Density: | 0.003733 grams per cubic centimeter |
Atomic Weight: | 83.798 | Phase at Room Temperature: | Gas |
Melting Point: | 115.79 K (-157.36°C or -251.25°F) | Element Classification: | Non-metal |
Boiling Point: | 119.93 K (-153.22°C or -243.80°F) |
ഹീലിയം ഒഴികെ പതിനെട്ടാം ഗ്രൂപ്പിലുള്ള എല്ലാ മൂലകങ്ങളുടെ ആറ്റങ്ങളിലും ഏറ്റവും പുറമെയുള്ള ഷെല്ലിൽ എട്ട് ഇലെക്ട്രോണുകളാണുള്ളത്. ഇത് വളരെ സ്ഥിരതയുള്ള ഒരു അവസ്ഥ ആയതിനാലാണ് ഈ ഗ്രൂപ്പിലെ മൂലകങ്ങൾ രാസികമായി ‘അലസത‘ പ്രകടിപ്പിക്കുന്നത്. അതിനാൽ, 1898ൽ കണ്ടുപിടിക്കപ്പെട്ടെങ്കിലും, 1960 കളിൽ മാത്രമാണ് ആദ്യത്തെ ക്രിപ്റ്റോൺ സംയുക്തമായ ക്രിപ്റ്റോൺ ഡൈഫ്ലൂറൈഡ് (KrF2)നിർമിക്കാനായത്.
ക്രിപ്റ്റോൺ ഡൈഫ്ലൂറൈഡ് എളുപ്പത്തിൽ ബാഷ്പീകരിക്കുന്ന ഒരു ഖരപദാർത്ഥമാണ്. അന്തരീക്ഷ താപനിലയിൽ അത് സാവധാനം വിഘടനത്തിനു വിധേയമാകുകയും ചെയ്യും . ഈ സംയുക്തമുപയോഗിച്ചു ക്രിപ്റ്റോൺ അടങ്ങിയ മറ്റുചില പദാർത്ഥങ്ങളും നിർമിക്കാൻ പിൽക്കാലത്തു കഴിഞ്ഞിട്ടുണ്ട് . ഈ സംയുക്തങ്ങളിൽ ക്രിപ്റ്റോണിന് 0,2 എന്നീ ഓക്സീകരണാവസ്ഥകളാണുള്ളത്.
ഫോട്ടോഗ്രാഫി ഫ്ലാഷ് ലൈറ്റ് , ചിലയിനം ഫ്ലൂറസെന്റ് വിളക്കുകൾ എന്നിവയിൽ ക്രിപ്റ്റോൺ ഉപയോഗിക്കുന്നു . വാതക സിലിണ്ടറുകളിലെ ലീക്ക് കണ്ടുപിടിക്കുന്നതിനായി റേഡിയോ ആക്റ്റീവ് ആയ Kr-85 പ്രയോജനപ്പെടുത്താറുണ്ട് . Kr-86ൻറെ ഇലക്ട്രോണിക് സ്പെക്ട്രത്തിൽ വളരെ നേർത്ത ,ഓറഞ്ച് –ചുവപ്പ് നിറത്തിലുള്ള ഒരു രേഖയുണ്ട് (sharp line). ഇതിന്റെ ശൂന്യതയിലുള്ള തരംഗ ദൈർഘ്യത്തിന്റെ 1,650,763.73 മടങ്ങാണ് 1963 മുതൽ 1983 വരെ ഒരു മീറ്ററിന്റെ നീളമായി സ്വീകരിച്ചിരുന്നത് .( 1983 മുതൽ 1/299,792,458 സെക്കൻഡിൽ പ്രകാശം ശൂന്യതയിൽ സഞ്ചരിക്കുന്ന ദൂരമാണ് ഒരു മീറ്റർ ആയി കണക്കാക്കുന്നത്.)