ഈനൂറ്റാണ്ടിലെ ഏറ്റവും പ്രധാന കണ്ടുപിടുത്തമായി മാറിയേക്കാവുന്ന ഒന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. സംഗതി സത്യമാണെങ്കിൽ വലിയ സംഭവമാണെന്നത് തീർച്ച, നോബെൽ പുരസ്കാരവും ഉറപ്പ്. പക്ഷേ സംഗതി സത്യമാകണമെന്നു മാത്രം.
വിഷയം അതിചാലകതയാണ്. പൊതുവേ താപനില കുറയുമ്പോൾ വസ്തുക്കളുടെ വൈദ്യുതരോധം (electrical resistance) കുറഞ്ഞു വരും. എന്നാൽ ചില വിശേഷപ്പെട്ട വസ്തുക്കളുടെ കാര്യത്തിൽ ഒരു പ്രത്യേക താപനിലയിൽ ഈ റെസിസ്റ്റൽസ് പൊടുന്നനേ ഇല്ലാതാകും. അത് ഒരു അവസ്ഥാന്തരത്തിലൂടെ (phase transition) കടന്നുപോകും. ഇതാണ് അതിചാലകത (super conductivity). താപനില ഉയർത്തിയാൽ അത് ഒരു സാധാരണ ചാലകമായി (normal conductor) മാറുകയും ചെയ്യും.
അതിചാലകത -കണ്ടെത്തലിന്റെ ചരിത്രം
1911-ൽ പ്രശസ്ത ഡച്ച് ശാസ്ത്രജ്ഞനായ കാമെർലിംഗ് ഓൺസിന്റെ ലബോറട്ടറിയിലാണ് ആദ്യമായി അതിചാലകത കണ്ടെത്തുന്നത്. മെർക്കുറിയിലായിരുന്നു ഈ പ്രഭാവം കണ്ടെത്തിയത്. കേവല പൂജ്യത്തിനോടടുത്ത താപനിലയിൽ (4 കെൽവിൻ) മെർക്കുറിയുടെ വൈദ്യുത രോധം ഇല്ലാതാകുന്നതായാണ് കണ്ടെത്തിയത്. അന്ന് ഭൂമിയിൽ മറ്റൊരിടത്തും ഇത്ര താഴ്ന്ന താപനില ഉണ്ടാക്കാൻ സാദ്ധ്യമല്ലായിരുന്നു. പിന്നീട് മറ്റു പല വസ്തുക്കളും ചാലഗത പ്രദർശിപ്പിക്കുന്നതായി കണ്ടെത്തി എന്നാൽ ഇതെല്ലാം വളരെ താഴ്ന്ന താപനിലകളിൽ മാത്രമാണ് സാധ്യമാകുന്നത്. സാമാന്യം ഉയർന്ന താപനിലകളിൽ അതിചാലകങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം ഏറെക്കാലമായി തുടരുന്നു. കാര്യത്തിൽ ഒരു കുതിച്ചുചാട്ടം ഉണ്ടായത് 1980കളിലാണ്.
ദ്രവരൂപത്തിലുള്ള നൈട്രജൻ ഉപയോഗിച്ച് 77 കെൽവിൻ താപനില സൃഷ്ടിക്കുക എളുപ്പമാണ്. ആ താപനിലയിൽ അല്ലെങ്കിൽ അതിനു മുകളിൽ അതിചാലകത പ്രദർശിപ്പിക്കുന്ന വസ്തുക്കളെ കണ്ടെത്തിയാൽ അത് വലിയ നേട്ടമാകും എന്നായിരുന്നു കണക്കുകൂട്ടൽ. 1986-ൽ അത്തരത്തിൽ ഒരു വസ്തു സൃഷ്ടിക്കപ്പെട്ടു. ഐ.ബി.എം. ഗവേഷണ ശാലയിലെ മുള്ളർ, ബെഡ്നോർസ് എന്നിവരാണ് ഒരുതരം സെറാമിക് വസ്തുവിൽ അതിചാലകത കണ്ടെത്തിയത്. അടുത്ത വർഷം തന്നെ അവർക്ക് ഇതിന്റെ പേരിൽ നൊബേൽ പുരസ്കാരവും നൽകി. തുടർന്ന് ഇന്ത്യയിൽ ഉൾപ്പെടെ ലോകമെമ്പാടും നൂറുകണക്കിന് ശാസ്ത്രജ്ഞർ ഇത്തരം അതിചാലക വസ്തുക്കളെ സംബന്ധിച്ച ഗവേഷണത്തിൽ ഏർപ്പെട്ടു വലിയ പ്രതീക്ഷകൾ ആയിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത് എന്നാൽ ഇത്തരം സെറാമിക് വസ്തുക്കളെ ദീർഘദൂരത്തിൽ വൈദ്യുതി കൊണ്ടുപോകാൻ കഴിയുന്ന കമ്പികൾ ആക്കി മാറ്റാൻ സാധ്യമായില്ല.
കൊറിയയിൽ നിന്നുള്ള വാർത്ത
ഇപ്പോൾ വന്നിരിക്കുന്ന വാർത്ത ദക്ഷിണ കൊറിയയിൽ നിന്നാണ്. സിയോളിലെ ക്വാണ്ടം എനർജി റിസെർച്ച് സെന്ററിലെ ലീ, കിം, ക്വോൻ (Sukbae Lee, Ji-Hoon Kim, Young-Wan Kwon) എന്നി ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലിന്റെ പിന്നിൽ. സാധാരണ താപനിലയേക്കാളും ഉയർന്ന ഏതാണ്ട് 127 ഡിഗ്രി സെൽഷ്യസിൽ (400 കെൽവിൻ) അതിചാലകത സാധ്യമാണെന്നാണ് ഇവർ പറഞ്ഞിരിക്കുന്നത്. വെള്ളം തിളയ്ക്കുന്ന താപനിലയെക്കാൾ ഉയർന്നതാണ് ഇത് ഓർക്കുക. മാത്രവുമല്ല സാധാരണ മർദ്ദത്തിൽ തന്നെ ഇത് സാധ്യമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഉയർന്ന മർദ്ദത്തിൽ ഇത്തരം പ്രതിഭാസം എളുപ്പത്തിൽ സാധ്യമാകുന്നു എന്നത് നേരത്തെ തന്നെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഇതു പരീക്ഷണശാലയിലെ സാധാരണ മർദ്ദത്തിലും താപനിലയിലും സാദ്ധ്യമാകുന്നുവെന്നതാണ് ഇതിനെ വലിയ വാർത്തയാക്കുന്നത്. LK 99 എന്നറിയപ്പെടുന്ന ലെഡ് അപ്പറ്റെറ്റ് എന്ന വസ്തുവിലാണ് ഇതു സാദ്ധ്യമാക്കിയിരിക്കുന്നത്.
വാർത്ത സത്യമാണെങ്കിൽ – സത്യമാണെങ്കിൽ മാത്രം – ഇതു ഈ നൂറ്റാണ്ടിലെ വലിയ കണ്ടുപിടുത്തമാകും , നോബെൽ പുരസ്കാരവും ഉറപ്പ്.
കൊറിയൻ ശാസ്ത്രസംഘം പങ്കിട്ട വീഡിയോ കാണാം
- The First Room-Temperature Ambient-Pressure Superconductor, https://arxiv.org/abs/2307.12008