Read Time:11 Minute

കർഷകർ കീടങ്ങളോടും രോഗങ്ങളോടും പട പൊരുതിയാണ് ഭക്ഷ്യ ധാന്യങ്ങളും മറ്റ് കാർഷിക വസ്തുക്കളും ഉത്പാദിപ്പിക്കുന്നത്. വർദ്ധിച്ചു വരുന്ന ജനങ്ങൾക്ക് ഭക്ഷണത്തിനായും, മറ്റു അസംസ്‌കൃത വസ്തുക്കൾക്കായും തീവ്രകൃഷി രീതികൾ അവലംബിക്കുമ്പോൾ കീടനാശിനികൾ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നായി മാറുന്നു. മനുഷ്യൻ കൃഷി തുടരുന്ന കാലത്തോളം കീടങ്ങൾ ഉണ്ടാകും, കീടങ്ങളെ നേരിടാൻ കീടനാശിനികളും വേണ്ടി വരും. പരിപൂർണമായി കീടനാശിനി ഒഴിവാക്കിയുള്ള  ഒരു കൃഷി സമ്പ്രദായം ഇന്നത്തെ ജനങ്ങളുടെ വർദ്ദിച്ച ആവശ്യങ്ങൾ പരിഗണിച്ചാൽ സാധ്യമല്ല എന്ന് മനസ്സിലാകും. ‘കീടനാശിനി ഇല്ലാത്ത ലോകം’ പറ്റുമെങ്കിൽ നല്ലത് തന്നെ, പക്ഷേ, പ്രായോഗികതയും ആവശ്യങ്ങളും വെച്ച് നോക്കുമ്പോൾ  ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ അവ ഇല്ലാത്ത ഒരു കാർഷിക സംസ്കാരം സാധ്യമാകുമെന്ന് തോന്നുന്നില്ല. ഉദാഹരണത്തിന്,  അനാവശ്യമായ കീമോഫോബിയ പറഞ്ഞു ആളുകളെ ഭീതിയിലാക്കുന്നവർ കീടനാശിനികൾ കൈകാര്യം ചെയുന്ന  കർഷകരുടെയും കർഷക തൊഴിലാളികളുടെയും ആരോഗ്യത്തെപറ്റി  സംസാരിച്ചു കാണാറില്ല. അസംസ്കൃത ഭക്ഷ്യവസ്തുക്കൾ  വാങ്ങുന്ന ഒരു ഉപഭോക്താവിന് പലപ്പോഴും കാർഷിക വിളകൾ നന്നായി കഴുകിയെടുത്താൽ പോകുന്ന തരത്തിലുള്ള കീടനാശിനി അവഷിപ്തങ്ങളെ കാണുകയുള്ളൂ,  അത് കൊണ്ട് തന്നെ, അവരുടെ ആരോഗ്യത്തിന് വലിയ ഭീഷണി ഉണ്ടാകില്ല. എന്നാൽ കർഷകരുടെ കാര്യം അങ്ങിനെയല്ല.

കർഷകർ അവരുടെ തൊഴിലിന്റെ ഭാഗമായി പല രാസവസ്തുക്കളും നേരിട്ട് ശരീരത്തിലേക്ക് കൂടിയ അളവിൽ ദിവസവും സ്വീകരിക്കേണ്ടി വരുന്നു. കീടങ്ങളെ തുരത്താനുള്ള വ്യഗ്രതയിൽ സ്വന്തം ആരോഗ്യം അവഗണിച്ച്  കീടനാശിനികൾ ശരീരത്തിൽ പ്രവേശിക്കാനുള്ള സാഹചര്യമൊരുക്കുകയാണ്! കീടനാശിനികൾ ത്വക്ക് വഴിയും ശ്വാസകോശം വഴിയുമാണ് ശരീരത്തിൽ പ്രധാനമായും പ്രവേശിക്കുന്നത്. ഇതുകാരണമുള്ള നാഡീ സംബന്ധിയായ തകരാറുകൾ, ശ്വാസകോശ പ്രശ്നങ്ങൾ  എന്നിവ കർഷകരിൽ സർവ്വ സാധാരണമാണ്.

പ്രതിവർഷം, 30 കോടിയിലധികം കർഷകർക്ക് കീടനാശിനി വിഷബാധ അനുഭവപ്പെടുന്നു എന്നാണ് കണക്കുകൾ പറയുന്നത്. വിളനാശവും കടബാധ്യതയും മറ്റുമുള്ള  കാരണങ്ങളാൽ 1,50,000 പേർ ആത്മഹത്യയ്ക്ക് വേണ്ടി കീടനാശിനികൾ ഉപയോഗിക്കുന്നു എന്നത് ഇതിന്റെ തീവ്രത വ്യക്തമാക്കുന്നു.

ഓർഗനോഫോസ്ഫേറ്റ് , കാർബാമേറ്റ് ഗണത്തിൽ പെടുന്ന കീടനാശിനികൾ, നാഡീസംബന്ധമായ പ്രവർത്തനങ്ങൾക്ക് അനിവാര്യമായ അസറ്റൈൽ കോലിനെസ്റ്ററേസ്സ് (AChE) എന്ന എൻസൈമിന്റെ പ്രവർത്തനം തടയുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഗ്രാമീണ ജനസംഖ്യയുടെ 70% നേരിട്ടോ അല്ലാതെയോ കൃഷിയെ ആശ്രയിക്കുന്ന ഒരു കാർഷിക രാജ്യമായ ഇന്ത്യയിൽ, ഇത്തരമൊരു വിഷയത്തിന് കൂടുതൽ ഫലപ്രദമായ പരിഹാരങ്ങൾ ആവശ്യമാണന്നത് വ്യക്തമാണ്.

മുഖം മൂടി (മാസ്ക്), കൈയ്യുറകൾ, ബോഡിസൂട്ട് (Personal Protective Equipement,PPE kit) എന്നിവ പോലുള്ള നിലവിലുള്ള സംരക്ഷണ പരിഹാരങ്ങൾ ചൂടുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്യുന്ന കർഷകർക്ക് നല്ലൊരു ഓപ്ഷൻ അല്ല. ഓരോ തവണ കൃഷി ചെയ്യാൻ ഇറങ്ങുമ്പോഴും ശരീരമാസകലം  തേച്ചു പിടിപ്പിക്കുന്നതിന്റെ അപ്രായോഗികത കാരണം പിന്നീട് രംഗപ്രവേശം ചെയ്ത സ്കിൻ ബാരിയർ ക്രീമുകൾ പോലുള്ള സംവിധാനങ്ങൾ  കർഷകരെ മടുപ്പിച്ചു. മാത്രവുമല്ല, അവ കീടനാശിനികളെ ഫലപ്രദമായി നിഷ്ക്രിയമാക്കുന്നതിൽ(Neutralize) പരാജയപ്പെടുകയും ചെയ്യുന്നു. ചില  മെറ്റൽ നാനോ പാർട്ടിക്കിൾ  അടിസ്ഥാനത്തിലുള്ള പരിഹാരങ്ങൾ പിന്നീട് വന്നുവെങ്കിൽ പോലും, ഇതിന്റെ ഉപയോഗം മൂലം ഉണ്ടായേക്കാവുന്ന പാർശ്വ ഫലങ്ങൾ ഇതിന്റെ സ്വീകാര്യതയെ ബാധിച്ചു.  ചുരുക്കത്തിൽ, നിലവിലുള്ള ഒരു സാങ്കേതികവിദ്യയും കർഷകരിൽ  കീടനാശിനികൾ കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് സമഗ്ര പരിഹാരം നൽകാൻ പര്യാപ്തമല്ല.

കീടനാശിനികൾ മൂലമുണ്ടാകുന്ന വിഷബാധ തടയാൻ കീടനാശിനികളെ ഹൈഡ്രോലൈസ് ചെയ്യാൻ കഴിയുന്ന പുതിയ കണ്ടെത്തൽ കടപ്പാട് : nature

പുതിയൊരു പ്രായോഗിക പരിഹാരം!

മേൽപ്പറഞ്ഞ പരിമിതികൾ പരിഹരിക്കുന്നതിനായി  ലേഖകൻ  അടങ്ങുന്ന ഇൻസ്റ്റമിലെ (DBT-InStem) ശാസ്ത്രസംഘത്തിന്  കർഷകർക്കും കാർഷിക തൊഴിലാളികൾക്കുമായി പ്രായോഗികവും വളരെ ഫലപ്രദവുമായ ഒരു പരിഹാരം അവതരിപ്പിക്കാൻ സാധിച്ചിരിക്കയാണ്.  അതാണ് “കിസാൻ കവച്”. ഈയിടെ ‘നേച്ചർ കമ്മ്യൂണിക്കേഷൻ’ എന്ന ജേർണലിൽ ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരുന്നു.

സിലൈൽ പ്രാലിഡോക്സൈം,(Silyl Pralidoxime) എന്ന രാസ തന്മാത്ര വികസിപ്പിച്ചതിന് ശേഷം, സെല്ലുലോസ് ഫാബ്രിക്കുമായി അതിനെ രാസപരിചരണം നടത്തിയാൽ “കിസാൻ കവച് ” അഥവാ “ഓക്സൈം -ഫാബ്രിക്” തയ്യാറായി. കീടനാശിനികൾ ശരീരത്തിൽ പ്രവേശിക്കന്നതിന് മുമ്പ് കിസാൻ കവച് കീടനാശിനികളെ നിർവീര്യമാക്കുന്നു . ബോഡിസൂട്ട് ആയിട്ടും  മാസ്ക് ആയിട്ടും തയ്പ്പിക്കാവുന്ന ഈ ഫാബ്രിക്, സ്കിൻ വഴിയും ശ്വാസകോശം വഴിയുമുള്ള കീടനാശിനികളുടെ കടന്നുവരവ് തടയുന്നു.  നിലവിലുള്ള പരിഹാരങ്ങളെ അപേക്ഷിച്ച്, ഓക്സൈം-ഫാബ്രിക്കിനുള്ള പ്രത്യേകതകൾ താഴെ പറയുന്നവയാണ്:

  1. ഇത് വീണ്ടും വീണ്ടും കഴുകി ഉപയോഗിക്കാൻ പറ്റുന്നതാണ്. കുറഞ്ഞത് 100 തവണയെങ്കിലും അലക്കി ഉപയോഗിക്കാം.
  2. ഇത് കുറഞ്ഞ ചെലവിൽ കിട്ടുന്നതിനാൽ, ന്യൂന വരുമാനമുള്ള കർഷകർക്ക് എളുപ്പത്തിൽ ആശ്രയിക്കാവുന്നതാണ്.

ഓക്സൈം-ഫാബ്രിക്, കീടനാശിനികളുടെ ദോഷകരമായ ഫലങ്ങളിൽ നിന്നു സംരക്ഷണം നൽകുന്നതോടൊപ്പം, കാർഷിക തൊഴിലാളികളുടെ കായിക ക്ഷമത നിലനിർത്തുന്നതിന്  സഹായിക്കുന്നു.  ആരോഗ്യമേഖലയിൽ ചെലവ് കുറയ്ക്കാനും  ഇത് കാരണമാകുന്നു. ഫാബ്രിക് രൂപകൽപ്പന വ്യവസായികമായി ഉപയോഗിക്കാൻ കഴിയും, വിപുലമായി ഉപയോഗിക്കാനുള്ള സാധ്യതയും ഉണ്ട്. കീടനാശിനി പ്രതിരോധം നൽകുന്നതിലൂടെ, തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും വർദ്ധിപ്പിക്കാനും, ജീവിത നിലവാരം മെച്ചപ്പെടുത്താനും ഈ സാങ്കേതികവിദ്യ ഉതകുമെന്ന്  പ്രതീക്ഷയുണ്ട്.

കിസാൻ ‘കവച്’ തുണിയുമായി ബെംഗളൂരു ഐബ്രിക് ഇൻസ്റ്റെമിലെ ഗവേഷകസംഘം

ബെംഗളൂരു ആസ്ഥാനമായ Institute for Cell Biology and Regenerative  Medicine (InStem) എന്ന സ്ഥാപനത്തിലെ  ബയോടെക്‌നോളജി വിഭാഗം ഗവേഷകരാണ് ‘കിസാൻ കവച്’ എന്നു പേരിട്ട കണ്ടുപിടുത്തത്തിന് പിന്നിൽ.  ഇൻസ്റ്റെമിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രവീൺ കുമാർ വെമുലയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ച ഗവേഷണ പഠനത്തിന്റെ തലവൻ. സാധാരണ വസ്ത്രം പോലെ ഉപയോഗിക്കാവുന്ന കിസാൻ കവച്’ ചുരുങ്ങിയ ചെലവിൽ കർഷകർക്ക് ലഭ്യമാക്കാനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.


  1. Mohan, M.K., Thorat, K., Puthiyapurayil, T.P. et al. Oxime-functionalized anti-insecticide fabric reduces insecticide exposure through dermal and nasal routes, and prevents insecticide-induced neuromuscular-dysfunction and mortality. Nat Commun 15, 4844 (2024). https://doi.org/10.1038/s41467-024-49167-3
  2. Rahmani, F. 2024. Malayali scientists innovate ‘Kisan Kavach’ fabric to shield farmers from pesticides., Matrhrubhumi, 05- July >>>

മറ്റു ലൂക്ക ലേഖനങ്ങൾ

Happy
Happy
56 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
11 %

Leave a Reply

Previous post COSMIC ALCHEMY- LUCA TALK
Next post കേരളത്തിലെ നദികളുടെ ജല ഗുണനിലവാരം
Close