മക്കളെ പോറ്റുന്ന ആണ്‍പാറ്റകള്‍

വിജയകുമാർ ബ്ലാത്തൂർ

സ്വന്തം കുഞ്ഞിനെ കൊല്ലുന്ന അച്ഛന്മാർ ജീവ വർഗത്തിൽ പല വിഭാഗങ്ങളിലും ഉണ്ട്. അമ്മമാരും കുറവല്ല. പരിണാമപരമായ പല സിദ്ധാന്തങ്ങളും ഈ സ്വഭാവത്തെക്കുറിച്ച് ഉണ്ട്. പക്ഷെ കുഞ്ഞിൻ്റെ പൂർണ ഉത്തരവാദിത്വം അച്ഛന് മാത്രമായി – കൈയൊഴിയുന്ന ജീവികളുണ്ട്. നമ്മുടെ നാട്ടിലും ഇവർ ഉണ്ട്. ഭീമൻ ജലപ്രാണികൾ.

രണ്ടര ഇഞ്ച് മുതൽ മൂന്ന് ഇഞ്ച് വരെ നീളമുള്ള ഇവ വെള്ളത്തിൽ മുങ്ങി ജീവിക്കുന്ന ജലപ്പാറ്റയാണ്. Kirkaldyia deyrolli (Heteroptera: Belostomatidae) എന്ന ഇനം പെൺപ്രാണികൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഇലകളിലോ ചെടിക്കമ്പിലോ ഒക്കെ കെട്ട് കണക്കിന് മുട്ടയിട്ട് സ്ഥലം വിടും. പിന്നീടുള്ള ഉത്തരവാദിത്വം ആൺ പാറ്റക്കാണ് ‘മുട്ടകൾ ഇടക്കിടെ നനച്ച് കൊടുത്തില്ലെങ്കിൽ അവ വരണ്ട് ഉണങ്ങി നശിച്ച് പോകും. അവ വിരിയുകയില്ല. അത് കൊണ്ട് പുതുതായി തേച്ച സിമൻറ് ചുമർ ഇടക്കിടെ ഉടമ നനക്കും പോലേ വെള്ളം തെറിപ്പിച്ച് നനച്ചു കൊണ്ടേ ഇരിക്കും. ചിലപ്പോൾ പെൺ പ്രാണി തന്നെ മുട്ടകൾ തിന്നാൻ തിരിച്ച് വരും – അവയിൽ നിന്ന് സംരക്ഷിക്കുന്നത് കൂടാതെ Tetramorium tsushimae പോലുള്ള ചില ഇനം ഉറുമ്പുകളുടെ ആക്രമണം തടയേണ്ടതും ആൺപ്രാണിയാണ്.

മുട്ടകൾ വിരിഞ്ഞ് പ്രാണികളാകും വരെ ഒരു ആശ്വാസവുമില്ല!

Lethocerus indicus എന്ന ഇനത്തിലെ പെൺപാറ്റകൾ മക്കൾ സ്നേഹികളായ ആൺപാറ്റകളോടേ ഇണ ചേരാൻ കൂടുതൽ താത്പര്യം കാണിക്കുകയുള്ളു. മുട്ട ഇടുന്നത് ആണ് പാറ്റയുടെ നട്ടപ്പുറത്താണ്. പുറത്ത് ഒട്ടിച്ച് വെച്ച നൂറു കണക്കിന് മുട്ടകളുമായാണ് മുട്ട വിരിയും വരെ ആ സാധുവിൻ്റെ ശിഷ്ടജീവിതം – ഇടക്കിടെ മുട്ടകൾ വെള്ളത്തിൽ ചെറുതായി മുങ്ങി നനച്ച് ഉണങ്ങാതെ സൂക്ഷിക്കണം.

ചില പെൺ പ്രാണികൾ – മക്കളോട് നല്ല ശ്രദ്ധ കാണിക്കുന്ന തൻ്റെ ഇണയല്ലാത്ത നല്ല ആണ്‍പ്രാണികളെ കണ്ടാൽ അതിൻ്റെ പുറത്തുള്ള മുട്ടകൾ തട്ടിക്കളഞ്ഞ് ഇണ ചേരാൻ പ്രേരിപ്പിക്കും. എൻ്റെ കുഞ്ഞുങ്ങൾ ബാക്കിയാകട്ടെ എന്ന സ്വാർത്ഥത. Appasus major , Appasus japonicus എന്നീ ഇനങ്ങളിൽ നടത്തിയ പഠനങ്ങൾ പുതിയ പുതിയ വിവരങ്ങളും നൽകുന്നുണ്ട്. ആൺ പാറ്റയുടെ പുറത്ത് പെൺപ്പാറ്റ ഇട്ട് ഒട്ടിച്ച് വെച്ച മുട്ടക്കൂട് കാലാവസ്ഥക്കനുസരിച്ച് ഒരാഴ്ച മുതൽ ഒരു മാസം വരെ വിരിയാൻ സമയം എടുക്കും. കൃത്യമായ ഇടവേളയിൽ മുട്ട നനച്ച് പൊന്നുപോലെ സൂക്ഷിക്കലാണ് അച്ഛൻ്റെ ഏക പണി. സഞ്ചാരം , ഇര തേടൽ ഇണചേരൽ ഒക്കെ പ്രതിസന്ധിയിൽ ആകും. ചിലരുടെ പുറത്ത് ഒന്നിലധികം പെൺ പ്രാണികൾ മുട്ടയിട്ട് കൂട്ടിയിട്ടും ഉണ്ടാകും. മുട്ടകൾ വിരിഞ്ഞാൽ മാത്രമോ ആൺ പ്രാണി വീണ്ടും ഇണചേരാൻ തുടങ്ങും. അത് വരെ മുങ്ങാനും പറക്കാനും പറ്റാത്ത ജീവിതം.

2016 മുതൽ പ്രചരിച്ച ഒരു പരോപദ്രവ കിംവദന്തിയായിരുന്നു.  ഇന്ത്യയിൽ കണ്ടെത്തിയ മാരകമായ ഒരു പ്രാണി പരത്തുന്ന വൈറസ് രോഗംമൂലം കൈപ്പത്തിയിൽ ദ്വാരമുള്ള ചിത്രവും പുറത്ത് മുള്ളുകൾ അടുക്കി വെച്ചതു പോലുള്ള ഒരു പ്രാണിയും. ശുദ്ധ മണ്ടത്തരം ആളുകളെ ഭയപ്പെടുത്താൻ ഉദ്ദേശിച്ച്  ഉണ്ടാക്കിയ ഹോക്സ്. പക്ഷെ പലരും അത് വിശ്വസിച്ചു. മുട്ടയും പുറത്ത് വെച്ച് നിൽക്കുന്ന നമ്മുടെ ജല പ്രാണി അത്തരത്തിൽ ഒരു പ്രശ്നവും ഇല്ലാത്ത ജീവിയാണ്. അങ്ങിനെ ഒരു വൈറസും ഇല്ല – കൈയും കാലും ദ്വാരം വീഴുന്ന രോഗവും ഇല്ല. അതിനെ വെറും കൈ കൊണ്ട് പിടിച്ചാൽ മിനിട്ടുകൾക്കകം മാരകമായ ഒരു വൈറസ് ശരീരത്തിൽ കയറും – കൈപ്പടം മുഴുവൻ ദ്വാരങ്ങൾ വീഴും – രക്തത്തിലൂടെ രോഗാണു ശരീരം മുഴുവൻ പരക്കും – ഞെട്ടിപ്പിക്കുന്ന പലതരം ചിത്രവും കൂടെ വെച്ചാണ് ആ ഹോക്സ് പ്രചരിച്ചത്. trypophobia എന്ന ഭയാവസ്ഥ ചിലരിൽ ദ്വാരങ്ങൾ ഉള്ള ശരീരഭാഗം കണ്ടാൽ ഉണ്ടാകും. വാക്സ് ഉപയോഗിച്ച് മനപ്പൂർവ്വം ഇത്തരം ചിത്രങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ഇവിടെ കാണാം ( https://www.snopes.com/fact-check/new-killer-insect/)

ഭീമൻ ജലപ്രാണികളുടെ പ്രത്യേകതകളേക്കുറിച്ചും ഭക്ഷ്യപദാർത്ഥം എന്ന നിലയിലുള്ള ലോകപ്രിയതയെക്കുറിച്ചും മുന്നെ എഴുതിയത് ഇവിടെ വായിക്കാം.

ദേശീയ ശാസ്ത്രദിനാഘോഷത്തിന്റെ ഭാഗമായി #കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു  ക്യാമ്പയിന്‍ ലേഖനം


അധികവായനയ്ക്ക്

  1. ncbi.nlm.nih.gov
  2. researchgate.net
  3. nopes.com/fact-check/new-killer-insect/

Leave a Reply