ഡോ.ടി.കെ. പ്രസാദ്
HOD,ജിയോളജി വിഭാഗം, ഗവ.കോളേജ്, കാര്യവട്ടം
മീര എസ്. മോഹൻ
ഗവേഷക, കേരള സര്‍വകലാശാല
[dropcap]കേ[/dropcap]രളം ഒരു പരിസ്ഥിതി ലോല പ്രദേശമായിരിക്കുന്നു. മലനാട്ടിൽ ചിലയിടങ്ങളിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലും, മൺസൂൺ കാറ്റ് ഉണ്ടാക്കുന്ന കൃഷിനാശവും തീരദേശത്ത് വല്ലപ്പോഴും ഉണ്ടാകുന്ന കടലാക്രമണവും ആയിരുന്നു നമുക്ക് ചിരപരിചിതമായ പ്രകൃതിക്ഷോഭങ്ങൾ. ഇപ്പോൾ ആ ചിന്താഗതിമാറിയിട്ടുണ്ട്. ആരും എവിടെയും സുരക്ഷിതരല്ല എന്നതാണ് കഴിഞ്ഞ രണ്ട് വർഷത്തെ പ്രളയാനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. മലനാടും ഇടനാടും തീരപ്രദേശവും എല്ലാം ഇത്രമേൽ ദുർബലമായിരുന്നോ എന്ന് ആശങ്കപ്പെടുത്തുന്നതാണ് യഥാർത്ഥ പ്രളയപാഠം.
കേരളത്തിന് തനതായ ഒരു ഭൂപ്രകൃതി വ്യവസ്ഥയുണ്ട്. ചെങ്കുത്തായ മലനാട്ടിൽ നിന്ന് കുത്തിയൊലിച്ചു വരുന്ന നീർച്ചാലുകൾ ചെങ്കൽ സമ്പുഷ്ടമായ ഇടനാടൻ കുന്നുകളുടെ താഴ് വാരങ്ങളിൽ വച്ചാണ് വലിയ പുഴകളായി മാറുന്നത്. പടിഞ്ഞാറൻ തീരസമതലത്തിലൂടെ പരന്നൊഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദീവ്യവസ്ഥയാണ് കേരള പരിസ്ഥിതിയുടെ അടിയാധാരം. മണ്ണും, ജലവും, ജൈവസമ്പത്തും തീർക്കുന്ന പാരസ്പര്യമാണ് നാളിതുവരെ കേരളത്തെ നിലനിര്‍ത്തിയത്. ജനങ്ങളുടെ വികസന സ്വപ്നങ്ങളും ജീവിത ശൈലിയും മാറി വന്നതോടെ മനുഷ്യ-പ്രകൃതി വിഭവങ്ങളുടെ പരസ്പര ബന്ധം അപകടകരമായ തലത്തിലേക്ക് മാറി.
നൂറ്റാണ്ടുകൾക്ക് മുന്നിലെ അവ്യക്തമായ പ്രളയ ഓർമ്മകൾ അയവിറക്കിയിരുന്ന കേരള സമൂഹത്തിന് ഇപ്പോൾ പ്രളയം എന്നത് ഭീതിജനകമായ ഒരു യാഥാർത്ഥ്യമായി അനുഭവവേദ്യമായിരിക്കുയാണ്. കഴിഞ്ഞ വർഷത്തെ പ്രളയം അപ്രതീക്ഷിതമായിരുന്നു. അതു നൽകിയ പാഠങ്ങൾ രക്ഷാ പ്രവർത്തനത്തിലും മുന്നൊരുക്കങ്ങളിലും സഹായിച്ചതുകൊണ്ടാണ് ഈ വർഷത്തെ പ്രളയത്തിൽ ആളപായം താരതമ്യേന കുറഞ്ഞത്. എന്നിരുന്നാലും നൂറിലധികം പേരുടെ ജീവനപഹരിച്ചാണ് ഈ വർഷത്തെ പ്രളയവും കടന്നുപോയത്. പ്രളയാനുഭവങ്ങളും ദുരന്തപാഠങ്ങളും രക്ഷാ പ്രവർത്തനത്തിനും പുനരധിവാസത്തിനും ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കാനുള്ള ഭരണ നിർവ്വഹണ സംവിധാനത്തെ ഏകോപിപ്പിക്കാൻ സഹായിച്ചു എന്നത് ഒരു വസ്തുതയാണ്. എന്നാൽ, എന്തുകൊണ്ടാണ് പ്രളയം എന്നും ദീർഘകാലാടിസ്ഥാനത്തിൽ എന്തു ചെയ്യണം എന്നുമുള്ള തലത്തിലേയ്ക്കുള്ള ഗൗരവപൂർവ്വമായ പൊതുബോധം ഉയർത്താൻ നാം ഇനിയും പ്രവർത്തിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ പ്രളയം താഴെപ്പറയുന്ന ഘടകങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു.
- കേരളത്തിന്റെ തനത് ഭൂപ്രകൃതി വ്യവസ്ഥ
- മൺസൂൺ കാറ്റുകളുടെ സ്വഭാവം
- ആഗോള കാലാവസ്ഥയിലും സമുദ്രജല ഊഷ്മാവിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ.
- കേരളത്തിന്റെ നീരൊഴുക്ക് വ്യവസ്ഥയിൽ നാം നടത്തിയ ഇടപെടലുകളും, ജലസംഭരണ ശേഷിയിൽ വന്ന മാറ്റങ്ങളും
- ഭൂവിനിയോഗത്തിൽ വന്ന മാറ്റങ്ങൾ
- പ്രകൃതി വിഭവ ചൂഷണത്തിന്റെ പരിധി ലംഘിച്ചത്
ഈ ഘടകങ്ങൾ എല്ലാം തന്നെ അതീവ പ്രാധാന്യത്തോടെ വിശകലനം ചെയ്യപ്പെടണം. നദികളിലെ വെള്ളം ഓരങ്ങളിലേക്ക് പടരുന്ന ഉത്തരേന്ത്യൻ വെള്ളപ്പൊക്കമല്ല കേരളത്തിലെ പ്രളയാനുഭവം. നദികളും അണക്കെട്ടുകളും നിറയുന്നതാണ് തുടക്കം. സംഭരണ ശേഷിയിലും കൂടുതൽ മഴവെള്ളം നദീതടത്തിലെത്തുന്നതോടെ അവ കരകവിയാൻ നിർബന്ധിതമാകുന്നു. കവിഞ്ഞൊഴുകാൻ വേണ്ടത്ര ഇടമില്ല. അവിടെല്ലാം ഇപ്പോൾ ജനവാസ കേന്ദ്രങ്ങളാണ്.
നീരൊഴുക്ക്
പ്രളയം നിയന്ത്രിക്കുന്നതിൽ അണക്കെട്ടുകൾക്ക് വലിയ ഉത്തരവാദിത്തമാണുള്ളത്. കുത്തിയൊലിച്ചുവരുന്ന വെള്ളത്തെ തടഞ്ഞു നിർത്തുകയും സംഭരിച്ച് വച്ച് വൈദ്യുതോൽപ്പാദനം നടത്തുകയും ചെയ്യുന്നതു വഴി അണക്കെട്ടുകൾ കേരളത്തിലെ ഭൂപ്രകൃതി വ്യവസ്ഥയിൽ അതീവ ഗൗരവമായ ഒരു പങ്കാണ് വഹിച്ചുവരുന്നത്. സംഭരണശേഷിയിലും കൂടുതൽ ജലം വന്നു നിറയുന്നതോടെ ഷട്ടറുകൾ തുറന്നുവിടുകയല്ലാതെ വേറെ വഴിയില്ലാതാകുന്നു. നീരൊഴുക്ക് കുറഞ്ഞ അണക്കെട്ടുകളുടെ കീഴ് ഭാഗങ്ങളിലെ നദീതടങ്ങളെ സുരക്ഷിതമായി കണ്ട് കയ്യേറിയ ജനങ്ങൾ പ്രളയബാധിതരാകുന്നു.
നദികളും അണക്കെട്ടുകളും തടയിണകളും നിറയുന്നതോടെ പെയ്ത്തു വെള്ളം ഒഴുകി പോകാനാകാതെ കെട്ടിക്കിടക്കുന്നതാണ് പ്രളയത്തെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം പെയ്ത്തു വെള്ളത്തിൽ മുങ്ങിപ്പോകുന്നു. തണ്ണീർതടങ്ങളും വയലേലകളും ചുരുങ്ങിയതോടെ ഇടനാടൻ ജനവാസകേന്ദ്രങ്ങൾ വെള്ളക്കെട്ടിലാകുന്നു. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ശക്തമായ മഴകൂടിയാവുമ്പോൾ അപകടം അതിരുവിടുന്നു.
അതിവര്‍ഷം ഒഡീഷയിൽ രൂപം പ്രാപിച്ച ന്യൂനമർദ്ദവും മൺസൂൺ കാറ്റും കഴിഞ്ഞവർഷത്തേക്കാൾ അതിതീവ്രവും അസാധാരണവുമായ മഴയ്ക്കു കാരണായിട്ടുണ്ട്. (പൊതുവിൽ മൺസൂൺ കാലഘട്ടങ്ങളിൽ രൂപം കൊള്ളുന്ന മഴ മേഘ പാളികളുടെ വിസ്തൃതി ഏതാനും മീറ്ററുകൾ ആണ്. ഈ വർഷം 3 മുതൽ 14 വരെ കിലോ മീറ്ററോളം വ്യാപിക്കുന്ന കട്ടികൂടിയ മേഘങ്ങൾ, കൂടുതൽ ജലസംവഹനശേഷിയുള്ളവയായതിനാൽ ഒരു മണിക്കൂറിൽ 10 സെന്റി. മുകളിൽ മഴ പെയ്യിക്കുകയും അത് മേഘ വിസ്‌ഫോടനമാവുകയും ചെയ്തു.) കഴിഞ്ഞ വർഷത്തേക്കാൾ വളരെക്കൂടുതൽ മഴ കേരളത്തിന് ലഭിക്കുകയുണ്ടായി. മഴ പെയ്ത്തിന്റെ വർദ്ധനവ് 20 സെന്റിമീറ്ററിനു മുകളിൽ അതിശക്തവും അതിതീവ്രവുമായി രേഖപ്പെടുത്തി. ഒരു മാസം കൊണ്ട് പെയ്‌തൊഴിയേണ്ട മഴ ഏതാനും ദിവസങ്ങളിലേക്ക് ചുരുങ്ങിയപ്പോൾ ഇടുക്കിയിലും മലപ്പുറത്തും കോഴിക്കോട്ടും വയനാട്ടിലും പ്രവചനാതീതമായ ദുരിതമാണ് സൃഷ്ടിക്കപ്പെട്ടത്. 13 ദിവസം കൊണ്ട് 598.6 എംഎം മഴ കേരളത്തിന്റെ മലയോര മണ്ണിലേക്ക് ആഴ്ന്നിറങ്ങി. മലയോര പ്രദേശങ്ങളിലെ മണ്ണിന്റെ നിലനിൽപ്പിനാധാരമായ നൈസർഗ്ഗിക മരങ്ങൾ നാണ്യ വിളകൾക്ക് വഴി മാറിയപ്പോൾ സ്വാഭാവികവനഭൂമി ക്ഷയിക്കപ്പെട്ടു. ഇടുക്കിയിൽ 20.12 % , വയനാട്ടിൽ 11% വനവിസ്തൃതി കുറഞ്ഞു. ആഴത്തിൽ വേരോടുന്ന മരങ്ങൾ പോയതോടെ മണ്ണുമായുള്ള ബന്ധം വിചേദിക്കപ്പെട്ടു. ഭൂ പ്രകൃതിയ്ക്കനുയോജ്യമായ തനത് സസ്യജാലങ്ങൾ ഇല്ലാതെ വരുമ്പോൾ മണ്ണിനെ പിടിച്ചുനിർത്താനുള്ള കഴിവ് ക്രമേണ ക്ഷയിക്കുകയും മലയിടിച്ചിൽ തുടർക്കഥ ആവുകയും ചെയ്യും. ഈ ദുരിത പെയ്ത്ത് വർഷം മുഴുവനായി ലഭിക്കേണ്ട മഴയിലും അധികമാണ്. ഭൂമിയില്‍ വന്ന മാറ്റം വനഭൂമി-വനേതര ആവശ്യങ്ങൾക്കും, അശാസ്ത്രീയ കൃഷിരീതികൾക്കുമായി മാറ്റപ്പെട്ടപ്പോൾ മണ്ണിന്റെയും സ്വാഭാവിക ഭൂവിനിയോഗത്തിന്റേയും ഘടന തന്നെ മാറ്റപ്പെട്ടു. നിലവിലെ പ്രകൃതിയുടെ താളത്തിനും സന്തുലനത്തിനും ഇത് ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. കവളപ്പാറയിലെ അവശേഷിച്ച തുരുത്ത് പ്രകൃതിയുടെ ചൂണ്ടുപ്പലകയാണ്. മഴപ്പെയ്ത്തിനാൽ രൂപപ്പെടുന്ന നീർച്ചാലുകൾക്ക് വഴി നിഷേധിക്കപ്പെടുമ്പോൾ കൂടുതൽ വെള്ളം മണ്ണിലേക്ക് ഊർന്നിറങ്ങും. മേൽമണ്ണിനെയും പാറയേയും ബന്ധിപ്പിക്കുന്ന പൂരിതമായ ക്ലേഭാഗം ഒഴുകി മാറ്റപ്പെടുന്നതോടെ മേൽ മണ്ണ് ഇടിഞ്ഞു താഴുന്നു. വയനാട്ടിലും നിലമ്പൂരിലും സോയിൽ പൈപ്പിംഗ് പ്രതിഭാസമാണ് വ്യാപകമായ മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും ഇടയാക്കിയത്. പലയിടത്തും മലയുടെ ഭാഗമൊന്നാകെ അടർന്ന് താഴ് വരകളിലേക്ക് പതിച്ചു. കഴിഞ്ഞ വർഷത്തെ പ്രളയാനന്തരഓർമ്മകൾ അവശേഷിപ്പിച്ച ഭാഗിക ഉരുൾപ്പൊട്ടലുകളും, മണ്ണിന്റൈ ഘടനാവ്യത്യാസങ്ങളും ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ജല മാനേജ്‌മെന്റിന്റെ അഭാവം വ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. നീർച്ചാലുകൾ കൈവഴികളിലായി വന്നുചേരുന്നിടത്തൊക്കെ ഇന്നു കെട്ടിടങ്ങളാണ്. കവളപ്പാറയിൽ 5 കിലോമീറ്റർ ചുറ്റളവിൽ 27 ക്വാറികൾ ഉണ്ട്. പശ്ചിമഘട്ടത്തിൽ 7157.6 ഹെക്ടർ പ്രദേശം ക്വാറിയാണ് ഇന്ന്. 96% ക്വാറികളും നീർച്ചാലിന്റെ 500 കിലോമീറ്റർ ചുറ്റളവിനുള്ളിൽ. 2000 ക്വാറികളോളം റിസർവ്വ് വനത്തിനുള്ളിൽ . പശ്ചിമഘട്ടത്തിലെ പാറമടകൾ സൃഷ്ടിക്കുന്ന സ്‌ഫോടനങ്ങൾ വലിയ ആഘാതം ചരിവിന്റെ നിലനില്പ്പിലുണ്ടാക്കുന്നുണ്ട്. പാറമടകൾ പ്രവർത്തിക്കുന്ന മലയിടുക്കുകളുടെ മറുവശം മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. മൈനിംഗ് ആന്റ് ജിയോളജിക്കൽ വകുപ്പ് 750 കരിങ്കൽ ക്വാറികൾക്കാണ് പ്രവർത്താനുമതി നൽകിയിട്ടുള്ളത്. ആ സ്ഥാനത്ത് 5924 ക്വാറികൾ പ്രവർത്തിക്കുന്നു. ഭൂമിയുടെ ഉള്ളിൽ നിന്നും രൂപം കൊള്ളുന്ന പ്രകൃതി പ്രതിഭാസങ്ങളിൽ നിന്നും വിഭിന്നമാണ് ഉരുൾപ്പൊട്ടൽ. ഇതിനെ സ്വാധീനിക്കുന്ന നിരവധിയായ ഘടകങ്ങളുണ്ട്. ഭൂമിയുടെ ചരിവും, ഭൂവിനിയോഗത്തിൽ വരുന്ന വ്യത്യാസങ്ങളും, മഴയും, മണ്ണിന്റെയും പാറയുടേയും സന്തുലനവും ,നീരുറവകളുടെ സ്വാധീനവും, മനുഷ്യ ഇടപെടലുകളുമൊക്കെ പ്രത്യക്ഷമായും പരോക്ഷമായും ഉരുൾപ്പൊട്ടലിന്റെ ആവിർഭാവത്തിനിടയാക്കുന്നുണ്ട്. പെട്ടെന്നുണ്ടാകുന്ന പ്രകൃതിക്ഷോഭമായതിനാൽ തന്നെ മുൻകൂട്ടിയുള്ള നിർണ്ണയത്തിന് പലപ്പോഴും പരിമിതികളുണ്ട്. വനാന്തർഭാഗത്ത് സ്വാഭാവികമായുണ്ടാകുന്ന മലയിടിച്ചിലിനേക്കാളും ആഘാതമേറിയതാണ് മനുഷ്യനിർമ്മിത ഉരുൾപ്പൊട്ടലുകൾ. പരിസ്ഥിതിലോല പരിസരങ്ങളും ഭൂമിയുടെ ചരിവും, മണ്ണിനെ പൂരിതമാക്കാനുള്ള ജലത്തിന്റെ തോതും, ലഭിക്കുന്ന മഴയും കണക്കിലെടുത്താണ് നിലവിലെ സാധ്യമായ ഉരുൾപ്പൊട്ടൽ പ്രവചനങ്ങളൊക്കെയും, ചെറുതും വലുതുമായ 65 ഉരുൾപ്പൊട്ടലുകൾക്ക് ഈ വർഷം കേരളം നേർസാക്ഷിയായി 250ൽ കൂടുതൽ ചരിവുള്ള സ്ഥലങ്ങളിൽ നിർമ്മാണം പൂർണ്ണമായും നിരോധിക്കണമെന്ന് സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് പഠന റിപ്പോർട്ട് മുന്നോട്ടു വയ്ക്കുന്നുണ്ട്. [box type=”note” align=”” class=”” width=””]കേരളത്തിൽ പ്രാദേശിക ഭൂപ്രകൃതിയ്ക്കനുസൃതമായ നിർമ്മാണ പ്രവർത്തനമല്ല നിലനിൽക്കുന്നത്. തീരപ്രദേശങ്ങൾക്കും മലയോര മേഖലകൾക്കും ഒരേ നിർമ്മാണച്ചട്ടമാണ് നിലവിലുള്ളത്. യൂറോപ്യൻ മാതൃകയിൽ മണ്ണിന്റെ ഘടനാപരമായ വ്യത്യാസങ്ങൾ പരിഗണിച്ചുകൊണ്ടുള്ള നിർമ്മാണ ഘട്ടങ്ങൾക്ക് ഇനി നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായിട്ടുണ്ട്.[/box] റിയൽ എസ്റ്റേറ്റ് ലോബികൾ പണിതുയർത്തുന്ന കെട്ടിടങ്ങളുടെ അസംസ്‌കൃതവസ്തുവായി ഈ പാറകൾ മാറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കേരളത്തിൽ 64 ലക്ഷം പണിതുയർത്തിയ കെട്ടിടങ്ങൾ ഉപയോഗമില്ലാതെ അടച്ചുപൂട്ടി കിടക്കുന്നുണ്ട് എന്ന യാഥാർത്ഥ്യം കൂടി ഇതിനൊടൊപ്പം ചേർത്തു വായിക്കേണ്ടതായിട്ടുണ്ട്. മനുഷ്യ അത്യാർത്തിയ്ക്കും, അമിത ചൂഷണത്തിനുമായി ലോബികൾക്ക് പശ്ചിമ ഘട്ടത്തെ വിട്ടുകൊടുക്കണമോ എന്നു ചിന്തിക്കേണ്ട കാലമാണിത്. അനിയന്ത്രിതമായി ടിപ്പർ ലോറികളും, ജെ.സി.ബികളും പശ്ചിമഘട്ടത്തിൽ വരും കാലങ്ങളിൽ ഇടതടവില്ലാതെ പ്രവർത്തിച്ചാൽ ഭാവി തലമുറയ്ക്കുള്ള പ്രകൃതി വിഭവങ്ങളുടെ കരുതലും കേരളത്തിന്റെ നിലനിൽപ്പും അപകടത്തിലാകുമെന്നത് വിസ്മരിക്കരുത്. നീർച്ചാലുകൾ തടസ്സപ്പെടുത്തുന്ന അശാസ്ത്രീയമായ കെട്ടിടങ്ങളുടെ വളർച്ച ഭൂഘടന പരിശോധിക്കാതെയുള്ള നിർമ്മാണച്ചട്ടങ്ങൾ എന്നിവ സ്വാഭാവിക പരിസ്ഥിതിയ്ക്കുമേലുള്ള കൈകടത്തൽ കൂടിയാണ്. ലോബികളുടെ ചൂഷണമനോഭാവം നിരാലംബരായ മനുഷ്യരുടെ ജീവനേയും അവരുടെ മണ്ണിനോടുള്ള വിശ്വാസത്തേയും ഒരു രാത്രി കൊണ്ട് തകർത്തെറിഞ്ഞു. പശ്ചിമഘട്ടത്തിന്റെ മലയോരങ്ങളിൽ ലഭിക്കുന്ന മഴ, വയലും കണ്ടൽക്കാടുകളും ചതുപ്പു നിലങ്ങളും സംഭരിച്ചു നിർത്തുന്നുണ്ട്. നഗരവത്കരണത്തിന്റെ ഭാഗമായി ഈ പ്രദേശങ്ങൾ വൻതോതിൽ നികത്തപ്പെട്ടപ്പോൾ അവയ്ക്ക് മുകളിലേക്ക് ജലം പരന്നൊഴുകി. നഗരപ്രദേശങ്ങളിലെ പ്രളയാധിക്യം കൂടുന്നതിന് ഇതു കാരണമായിട്ടുണ്ട്. ചാലിയാറും ഭാരതപ്പുഴയും മാനന്തവാടിപ്പുഴയും നൂൽപ്പുഴയും പനമരം പുഴയും ഉൾപ്പടെ നിരവധി പുഴകൾ കരകവിഞ്ഞൊഴുകി. കാലാവസ്ഥാവ്യതിയാനം ആഗോള കാലാവസ്ഥാവ്യതിയാനങ്ങളെക്കൂടി ഇതിനൊപ്പം നാം ചേർത്തു വായിക്കേണ്ടതായിട്ടുണ്ട്. ദക്ഷിണേന്ത്യൻ മൺസൂണിന്റെ അളവിലും, ദിശയിലുമുള്ള മാറ്റം, ആഗോളതാപനം, മലീനീകരണത്തിന്റെ ഫലമായുള്ള ധൂളി പാളികൾ, ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ (എൽ നിനോ സതേൺ ഓഷ്യൻ) എയ്‌റോ സോളുകളുടെ സ്വാധീനം, എന്നിവ ഈ പ്രകൃതി ദുരന്തത്തിന്റെ ആഘാതത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. [box type=”warning” align=”” class=”” width=””]ഇന്ത്യൻ മെട്രോളജിക്കൽ വകുപ്പ് (2015) പ്രകാരം ഇന്ത്യൻ മഹാസമുദ്രത്തിന്റെ താപനില ഒരു നൂറ്റാണ്ടിനിടയിൽ 1.2 ഡിഗ്രി ഉയർന്നിട്ടുണ്ട്.[/box] പരിസ്ഥിതി ബോധത്തെ മണ്ണിട്ടുമൂടുമ്പോൾ, അതിജീവനം സാധ്യമല്ലാത്ത നാളുകൾ സംജാതമാകും. പ്രളയ പുനർനിർമ്മാണത്തിന് പരിസ്ഥിതി മാനദണ്ഡമാകേണ്ടതായുണ്ട്. പരിസ്ഥിതി ലോല പ്രദേശമായി മാറ്റപ്പെട്ട കേരളത്തിന്റെ നിലനിൽപ്പിനനുസൃതമായിട്ടായിരിക്കണം ഇനിയുള്ള പ്രവർത്തന പരിപാടികളും രൂപവത്ക്കരിക്കപെടേണ്ടത്. പാരിസ്ഥിതിക ദുരന്തം സൃഷ്ടിച്ച കണ്ണീർ കടൽ പുനർവിചിന്തനത്തിന്റെ ആത്മബോധമാകണം. പ്രകൃതിദുരന്തങ്ങളുടെ തനിയാവർത്തനങ്ങൾ ക്ഷണിച്ചുവരുത്താതിരിക്കാനും മണ്ണറിഞ്ഞ കർമ്മപരിപാടികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടണം. സ്വാഭാവിക നീർച്ചാലുകൾക്ക് വഴിയൊരുക്കേണ്ടതായിട്ടുണ്ട്. പഴുതടച്ച നിയമനിർമ്മാണം സാധ്യമാകണം. പ്രകൃതിയ്ക്കുമേലുള്ള അനധികൃത അധിനിവേശങ്ങൾ ഒഴിവാക്കപ്പെടണം. ചരിവു ഭൂമി സംരക്ഷിക്കുവാൻ തനതു സസ്യയിനങ്ങൾ വച്ചുപിടിപ്പിച്ച് പ്രകൃതിയോട് കരുണകാണിക്കേണ്ടതായിട്ടുണ്ട്. നിർമ്മാണ പദ്ധതികളും, നിലം നികത്തലും പുനപരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ട്. നിർമ്മാണാനുമതികൾക്ക് സാമൂഹിക- പാരിസ്ഥിതിക ഓഡിറ്റിംഗ് നിർബന്ധമാക്കണം. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ പുനഃസ്ഥാപിക്കേണ്ടതായിട്ടുണ്ട്. ഉരുൾപ്പൊട്ടലുകൾ ക്ഷണിച്ചു വരുത്തുന്ന ക്വാറി പ്രവർത്തനം പാരിസ്ഥിതിക ലോല മേഖലകളിൽ നിന്നും കൃത്യമായി ഒഴിവാക്കപ്പെടണം. നമുക്ക് റോഡും വീടും സൗകര്യങ്ങളും എല്ലാം വേണം. പ്രാദേശീകമായ നിർമ്മാണ സാമഗ്രികൾ എന്ന നിലയിൽ ചെങ്കല്ലും,കരിങ്കല്ലും, ആറ്റുമണലും നിയന്ത്രിതമായി ഖനനം ചെയ്യാവുന്നതാണ്. എന്നാൽ എവിടെ ചെയ്യാം ,എവിടെ പാടില്ല എന്നതു ശാസ്ത്രീയ പഠനത്തിലൂടെ കണ്ടെത്തുകയും അത് ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് നടപ്പിലാക്കുകയും ചെയ്യണം. ജലസംരക്ഷണവും ജലമാനേജ്‌മെന്റും നീർ സംരക്ഷണവും സാമൂഹിക പ്രതിബദ്ധമായ ഉത്തരവാദിത്വമായി നാം ഏറ്റെടുക്കേണ്ടതുണ്ട്. സർക്കാർ സംവിധാനങ്ങളേയും സ്വയം സഹായ സംഘങ്ങളേയും, പഞ്ചായത്തുകളേയും കൈകോർത്തുകൊണ്ട് കർമ്മപരിപാടികൾ ഒരുക്കണം. കാലാവസ്ഥ വ്യതിയാനത്തിന്റെ തീവ്രതയും ആവൃത്തിയും ആഗോളതലത്തിൽ വർദ്ധിക്കുമ്പോൾ ഭൂവിനിയോഗത്തിന്റെ സ്വഭാവത്തിൽ, പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിന്റെ തോതിൽ വികസന സങ്കല്പങ്ങളിൽ, പരിസ്ഥിതി മലീനികരണ വിഷയങ്ങളിൽ എല്ലാം കേരള ജനത കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായിട്ടുണ്ട്. Related