

ഭൂമിക്കപ്പുറം ജീവന്റെ സാന്നിധ്യം തേടുന്ന മനുഷ്യന്റെ അന്വേഷണം നൂറ്റാണ്ടുകളായി തുടരുകയാണ്. 124 പ്രകാശവർഷം അകലെ, ചിങ്ങം(Leo) നക്ഷത്രരാശിയിൽ സ്ഥിതി ചെയ്യുന്ന K2-18b എന്ന ബഹിർഗ്രഹത്തെക്കുറിച്ചുള്ള (exoplanet) പുതിയ കണ്ടെത്തലുകൾ ശാസ്ത്രലോകത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST) ഉപയോഗിച്ച് നടത്തിയ നിരീക്ഷണങ്ങളിൽ, ഭൂമിയിൽ ജീവനുമായി ബന്ധപ്പെട്ട രാസസംയുക്തങ്ങൾ K2-18b-ന്റെ അന്തരീക്ഷത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ബഹിരാകാശ ജീവന്റെ തെളിവല്ലെങ്കിലും, ജ്യോതിർ ജീവശാസ്ത്രത്തിന്റെ (astrobiology) മേഖലയിൽ ഒരു നാഴികക്കല്ലാണ്.

ജീവന്റെ സൂചനകൾ
K2-18b ഒരു സൂപ്പർ-എർത്ത് ഗ്രഹമാണ്, ഭൂമിയെക്കാൾ 8.6 മടങ്ങ് ഭാരവും 2.6 മടങ്ങ് വലിപ്പവുമുണ്ട്. ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തിന്റെ (red dwarf) വാസയോഗ്യമായ മേഖലയിൽ (habitable zone) ഇത് സ്ഥിതി ചെയ്യുന്നു, അവിടെ ദ്രവജലം നിലനിൽക്കാൻ സാധ്യതയുണ്ട്. 2023-ൽ JWST-ന്റെ നിരീക്ഷണങ്ങളിൽ K2-18b-ന്റെ അന്തരീക്ഷത്തിൽ മീഥേൻ, കാർബൺ ഡൈ ഓക്സൈഡ് എന്നിവ കണ്ടെത്തിയിരുന്നു. ഇത് വാസയോഗ്യമായ മേഖലയിലുള്ള ഒരു ഗ്രഹത്തിൽ കാർബൺ അധിഷ്ഠിത തന്മാത്രകൾ കണ്ടെത്തിയ ആദ്യ സംഭവമായിരുന്നു.
എന്നാൽ, 2024-ലെ ഏറ്റവും പുതിയ കണ്ടെത്തലുകൾ ശ്രദ്ധേയമാണ്. കേംബ്രിജ് സർവകലാശാലയിലെ നിക്കു മധുസൂദന്റെ നേതൃത്വത്തിൽ, ശാസ്ത്രജ്ഞർ ഡൈമെഥൈൽ സൾഫൈഡ് (DMS), ഡൈമെഥൈൽ ഡൈസൾഫൈഡ് (DMDS) എന്നീ രാസവസ്തുക്കൾ K2-18b-ന്റെ അന്തരീക്ഷത്തിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്നു. ഭൂമിയിൽ, ഈ രാസവസ്തുക്കൾ ജീവജാലങ്ങളിൽ നിന്ന്, പ്രത്യേകിച്ച് സമുദ്രത്തിലെ ഫൈറ്റോപ്ലാങ്ക്ടണിൽ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ആസ്ട്രോഫിസിക്കൽ ജേർണൽ ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തൽ, ബഹിരാകാശ ജീവന്റെ ശക്തമായ സൂചനയായി വിലയിരുത്തപ്പെടുന്നു.

JWST-ന്റെ ട്രാൻസിറ്റ് രീതിയാണ് ഈ നിരീക്ഷണങ്ങൾക്ക് ഉപയോഗിച്ചത്. ഗ്രഹം നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുമ്പോൾ നക്ഷത്രപ്രകാശം ഗ്രഹത്തിന്റെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്നു. ഈ പ്രകാശത്തിന്റെ ചില തരംഗദൈർഘ്യങ്ങൾ അന്തരീക്ഷത്തിലെ തന്മാത്രകൾ ആഗിരണം ചെയ്യുന്നു, ഇത് ഒരു സ്പെക്ട്രൽ സിഗ്നേച്ചർ ഉണ്ടാക്കുന്നു. 2023-ൽ DMS-ന്റെ സൂചനകൾ ലഭിച്ചിരുന്നെങ്കിലും, 2024-ലെ JWST-ന്റെ മിഡ്-ഇൻഫ്രാറെഡ് ഉപകരണം ഉപയോഗിച്ചുള്ള നിരീക്ഷണങ്ങൾ DMS, DMDS എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
DMS, DMDS: എന്തുകൊണ്ട് പ്രധാനമാകുന്നു ?

DMS, DMDS എന്നിവ ജൈവസൂചകങ്ങൾ (biosignatures) ആയി കണക്കാക്കപ്പെടുന്നു, കാരണം ഭൂമിയിൽ ഇവ ജീവജാലങ്ങളിൽ നിന്ന് മാത്രമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഉദാഹരണത്തിന്, DMS സമുദ്രത്തിലെ ഫൈറ്റോപ്ലാങ്ക്ടണിന്റെ ജീവിതചക്രത്തിന്റെ ഭാഗമായി പുറന്തള്ളപ്പെടുന്നു, മേഘനിർമാണത്തിനും സഹായിക്കുന്നു. ഈ തന്മാത്രകൾ ജൈവേതര പ്രക്രിയകളിൽ നിന്ന് ഗണ്യമായ അളവിൽ ഉത്പാദിപ്പിക്കപ്പെടുന്നില്ല എന്നതാണ് K2-18b-ലെ അവയുടെ സാന്നിധ്യം ആവേശകരമാക്കുന്നത്. എന്നിരുന്നാലും, ഇവയുടെ സാന്നിധ്യം ജീവന്റെ ഉറപ്പായ തെളിവല്ല. കഴിഞ്ഞ വർഷം ഒരു ധൂമകേതുവിൽ DMS-ന്റെ അംശങ്ങൾ കണ്ടെത്തിയിരുന്നു, ഇത് ബഹിരാകാശത്തെ രാസപ്രവർത്തനങ്ങൾ വഴി ഇവ ഉണ്ടാകാമെന്ന് സൂചിപ്പിക്കുന്നു. ഇത് DMS-ന്റെ ജൈവസൂചക പദവിയെ ചോദ്യം ചെയ്യുന്നു.


K2-18b: ഒരു ഹൈഷെൻ ഗ്രഹമോ?
എക്സോ പ്ലാനെറ്റുകളിൽ ജീവനെ തേടുന്നവർ പ്രചാരത്തിലാക്കിയ ഒരു പുതിയ പദമാണ് ഹൈഷെൻ (hycean). Hydrogen, Ocean എന്നീ വാക്കുകളിൽ നിന്ന് കഷണങ്ങൾ മുറിച്ചെടുത്ത് ഒട്ടിച്ചുണ്ടാക്കിയ ഒരു വാക്കാണ് hycean. ഉപരിതലത്തിൽ ദ്രാവക രൂപത്തിലുള്ള ജലവും അന്തരീക്ഷത്തിൽ ഹൈഡ്രജനും സമൃദ്ധമായി ഉള്ള എക്സോപ്ലാനെറ്റുകളെ സൂചിപ്പിക്കാനാണ് ഈ വാക്ക് ഉപയോഗിക്കാറ്. സൈദ്ധാന്തികമായി നോക്കിയാൽ ബാക്ടീരിയ പോലുള്ള ജീവനെ പിന്തുണയ്ക്കാൻ കഴിയുന്നവയാണിവ. K2-18b ഒരു ഹൈഷെൻ (hycean) ഗ്രഹമാണെന്ന് കരുതുന്നു. ഈ ഗ്രഹത്തിന്റെ വലിപ്പവും ഭാരവും ഒരു കട്ടിയുള്ള അന്തരീക്ഷവും ഒരു ആഗോള സമുദ്രവും ഉണ്ടായിരിക്കാമെന്ന് സൂചിപ്പിക്കുന്നു. JWST-യുടെ മുൻ നിരീക്ഷണങ്ങൾ ദ്രവജലത്തിന് അനുകൂലമായ സാഹചര്യങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ, K2-18b-ന്റെ യഥാർത്ഥ സ്വഭാവം അവ്യക്തമാണ്. ചില മോഡലുകൾ ഇതിനെ പാറക്കല്ലിന്റെ കാമ്പുള്ള വാതക ഗ്രഹമായി കണക്കാക്കുന്നു, മറ്റുള്ളവ ഒരു സമുദ്രലോകമായി വിലയിരുത്തുന്നു. ഈ അനിശ്ചിതത്വങ്ങൾ ഗ്രഹത്തിന്റെ വാസയോഗ്യതയെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളെ സങ്കീർണമാക്കുന്നു.
ജീവന്റെ സാന്നിധ്യം ഉറപ്പിക്കാൻ കടമ്പകളേറെ…
DMS, DMDS എന്നിവയുടെ കണ്ടെത്തൽ നിരീക്ഷണപക്ഷപാതങ്ങൾ (Observational biases) അല്ലെങ്കിൽ അജ്ഞാതമായ രാസപ്രക്രിയകൾ മൂലമാകാമെന്ന് വിമർശകർ വാദിക്കുന്നു. ഈ തന്മാത്രകളുടെ സ്പെക്ട്രൽ സിഗ്നേച്ചറുകൾ മറ്റു സംയുക്തങ്ങളാൽ അനുകരിക്കപ്പെടാം അല്ലെങ്കിൽ JWST-ന്റെ ഉപകരണ പരിമിതികളാൽ സ്വാധീനിക്കപ്പെടാം. കൂടാതെ, കണ്ടെത്തലിന്റെ സ്ഥിതിവിവരക്കണക്ക് (statistical significance) “ഫൈവ് സിഗ്മ” എന്ന ശാസ്ത്രീയ മാനദണ്ഡത്തിന് താഴെയാണ്, ഇത് വിശ്വാസ്യതയെക്കുറിച്ച് ആശങ്ക ഉയർത്തുന്നു.
ഇതു സംബന്ധിച്ച വാർത്തകൾ പത്രമാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് അന്യഗ്രഹജീവനെക്കുറിച്ചുള്ള അമിതപ്രതീക്ഷ നൽകിയാണ്. എന്നാൽ അന്യഗ്രഹജീവനെക്കുറിച്ചുള്ള അമിത പ്രതീക്ഷ വേണ്ടതില്ല. യഥാർത്ഥ നേട്ടം, JWST യിലൂടെ ജീവന്റെ സാധ്യതയിലേക്ക് നയിക്കുന്ന സങ്കീർണ തന്മാത്രകളെ കണ്ടെത്തി എന്നത് മാത്രമാണ്. K2-18b-യുടെ ഹൈഡ്രജൻ സമ്പുഷ്ട അന്തരീക്ഷവും വലിയ വലിപ്പവും ജീവന് അനുയോജ്യമല്ലാത്ത ഉയർന്ന മർദ്ദ സാഹചര്യങ്ങൾ സൃഷ്ടിക്കാമെന്നും ചില ഗവേഷകർ സൂചിപ്പിച്ചിട്ടുണ്ട്.
K2-18b-ന്റെ കണ്ടെത്തലുകൾ Observational astrobiology എന്ന പുതിയ യുഗത്തിന്റെ തുടക്കമാണ്. ദൂരഗ്രഹങ്ങളുടെ അന്തരീക്ഷം വിശകലനം ചെയ്യുന്നതിൽ JWST-ന്റെ കൃത്യത ഈ മേഖലയിൽ വലിയ പ്രതീക്ഷ നൽകുന്നതാണ്. SETI-യുടെ റേഡിയോ സിഗ്നലുകൾ മുതൽ ചൊവ്വയിലെ സൂക്ഷ്മജീവി ഫോസിലുകൾ വരെയുള്ള അന്വേഷണങ്ങളുടെ തുടർച്ചയാണ് ഈ ശ്രമങ്ങൾ.
ഇനി എന്ത്?
DMS, DMDS എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ, ശാസ്ത്രജ്ഞർ JWST-ലൂടെ അധിക നിരീക്ഷണങ്ങൾക്ക് തയ്യാറെടുക്കുകയാണ്. ഇതിലൂടെ K2-18b-ന്റെ അന്തരീക്ഷവും ഉപരിതല സാഹചര്യങ്ങളും കൃത്യമായി മനസ്സിലാക്കാനാകും. ജൈവേതര പ്രക്രിയകൾ ഈ തന്മാത്രകൾ ഉത്പാദിപ്പിക്കുമോ എന്നും സൈദ്ധാന്തിക ഗവേഷണങ്ങൾ പരിശോധിക്കും.
K2-18b-ന്റെ കണ്ടെത്തലുകൾ ‘നമ്മൾ തനിച്ചാണോ?’ എന്ന ചോദ്യത്തിലേക്ക് ശാസ്ത്രലോകത്തിന്റെയും പൊതുജനങ്ങളുടെയും ശ്രദ്ധ തിരിച്ചിരിക്കുന്നു. ഇത് ജീവന്റെ തെളിവ് നൽകിയില്ലെങ്കിലും, ആധുനിക ബഹിരാകാശ ദൂരദർശിനികളുടെ ശക്തിയും ജ്യോതിശാസ്ത്രത്തിന്റെ പുരോഗതിയും എടുത്തുകാണിക്കുന്നു. മധുസൂദൻ പറഞ്ഞതുപോലെ, “ജീവന്റെ നിയമങ്ങൾ സാർവത്രികമായി ബാധകമാണോ എന്നാണ് ഈ മേഖലയിൽ നാം പരിശോധിക്കുന്നത്.”
K2-18b-ൽ DMS, DMDS എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയത് അന്യഗ്രഹജീവന്റെ അന്വേഷണത്തിൽ ഒരു സുപ്രധാന നേട്ടമാണ്. ജീവന്റെ തെളിവ് ലഭിച്ചാലും ഇല്ലെങ്കിലും, വിദൂരഗ്രഹങ്ങളുടെ അന്തരീക്ഷം വിശകലനം ചെയ്യാനുള്ള നമ്മുടെ ശേഷി മുമ്പന്നത്തേക്കാളും വർധിച്ചിട്ടുണ്ട്. ജീവനെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ തന്നെ പുനർനിർവചിക്കാൻ ആകുന്ന തെളിവുകൾ വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
റഫറൻസുകൾ
- K2-18b: Astronomers claim strongest evidence of alien life yet.” New Scientist, April 16, 2025.
- “Signs of life on a distant planet? Not so fast, say these astronomers.” Nature, April 17, 2025.
- Madhusudhan, N. et al. Astrophysical Journal Letters, 983, L40 (2025). >>>
അനുബന്ധ വായനയ്ക്ക്

