Read Time:16 Minute

2021 ഫെബ്രുവരി 1-28 തിയ്യതികളിലായി ലൂക്ക സംഘടിപ്പിക്കുന്ന Science In India – ശാസ്ത്രം ഇന്ത്യയിൽ ക്യാമ്പയിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന ലേഖനപരമ്പര

കരിയമാണിക്യം ശ്രീനിവാസൻ കൃഷ്ണൻ തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലുള്ള വാത്രപ് എന്ന ഗ്രാമത്തിലാണ് ജനിച്ചത്. 1898-ൽ. അദ്ദേഹത്തിന്റെ പിതാവ് തമിഴിലും സംസ്‌കൃതത്തിലും അവഗാഹമുള്ള ഒരു പണ്ഡിതനായിരുന്നു. സ്വന്തം ഗ്രാമത്തിലും അടുത്തുള്ള ശ്രീവള്ളിപ്പുത്തൂർ പട്ടണത്തിലുമായാണ് കൃഷ്ണൻ തന്റെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ഹൈസ്‌കൂളിൽ അദ്ദേഹത്തെ ഏറെ സ്വാധീനിച്ച ഒരധ്യാപകനുണ്ടായിരുന്നു, ശ്രീ സുബ്രഹ്‌മണ്യയ്യർ. അദ്ദേഹത്തെക്കുറിച്ച് ശ്രീ കൃഷ്ണന്റെ സ്വന്തം വാക്കുകൾ വായിക്കൂ:

”ശാസ്ത്രത്തോടുള്ള എന്റെ ആദ്യ പ്രേമം ആരംഭിക്കുന്നത് ഹൈസ്‌കൂൾ വിദ്യാഭ്യാസകാലത്താണ്. എന്റെ അധ്യാപകൻ വിദഗ്ധപരിശീലനം ലഭിച്ച ശാസ്ത്രജ്ഞനൊന്നുമായിരുന്നില്ല. പക്ഷേ, വളരെ വ്യക്തമായും രസകരമായും ശാസ്ത്രകാര്യങ്ങൾ വിശദീകരിച്ചു തരാനുള്ള സവിശേഷമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം പഠിപ്പിച്ച പാഠങ്ങൾ ഞങ്ങളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുകയും കൂടുതൽ ശാസ്ത്രം പഠിക്കാനുള്ള താൽപര്യം ഉളവാക്കുകയും ചെയ്തിരുന്നു. വിഷയം ഫിസിക്‌സായാലും ജ്യോഗ്രഫിയായാലും കെമിസ്ട്രിയായാലും തികച്ചും സവിശേഷമായ രീതിയിലാണ് അദ്ദേഹം പഠിപ്പിച്ചിരുന്നത്. പാഠപുസ്തകഭാഗങ്ങൾ അതേപടി ആവർത്തിക്കുക എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ രീതി. അദ്ദേഹം ലളിതമായ നിരവധി പരീക്ഷണങ്ങൾ ചെയ്തു കാണിച്ചുതരികയും പുതിയ പരീക്ഷണങ്ങൾ ചെയ്യാൻ ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.”

ഒരിക്കൽ സ്‌കൂളിൽ വച്ച് കൃഷ്ണന് ആർക്കിമിഡീസിന്റെ തത്വം വിശദീകരിക്കാനാവശ്യപ്പെടുന്ന ഒരു ചോദ്യം കിട്ടി. അദ്ദേഹം ഉത്തരത്തോടൊപ്പം ഘനത്വം (Density) അളക്കാനുള്ള ഒരു ഉപകരണം ഉണ്ടാക്കി അതുകൂടി വച്ചു. പിന്നീടാണ്, അതേ ഉപകരണം വർഷങ്ങൾക്കു മുമ്പുതന്നെ കണ്ടുപിടിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടെന്നും നിക്കോളാസ് ഹൈഡ്രോമീറ്റർ എന്ന പേരിലാണ് അത് അറിയപ്പെടുന്നതെന്നും കൃഷ്ണന് മനസ്സിലായത്. അദ്ദേഹത്തിന്റെ സ്വതന്ത്രമായ ശാസ്ത്രഗവേഷണത്തിന്റെ ആദ്യാനുഭവമായിരുന്നിരിക്കാം ഇത്!

കൃഷ്ണൻ ആദ്യം മധുരയിലെ അമേരിക്കൻ കോളേജിലും (1914-16) തുടർന്ന് മദ്രാസ് ക്രിസ്റ്റ്യൻ കോളേജിലുമായാണ് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ക്രിസ്ത്യൻ കോളേജിൽ വച്ച് മികച്ച ഭൗതികശാസ്ത്ര വിദ്യാർത്ഥിക്കുള്ള അബർദീൻ പുരസ്‌കാരം കരസ്ഥമാക്കുകയുണ്ടായി. അടുത്ത രണ്ടു വർഷക്കാലം കൃഷ്ണൻ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ കെമിസ്ട്രി ഡെമോൺസ്‌ട്രേറ്ററായി ജോലി ചെയ്തു. ഈ ജോലി നോക്കുന്ന കാലത്ത്, അദ്ദേഹം ഉച്ചഭക്ഷണത്തോടൊപ്പം അനൗപചാരികചർച്ചകൾ സംഘടിപ്പിക്കുക പതിവായിരുന്നു. ഈ സമയത്ത് വിദ്യാർത്ഥികൾക്ക് ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം തുടങ്ങി ഏതു വിഷയത്തെ സംബന്ധിച്ചും അവർക്കിഷ്ടമുള്ള ചോദ്യങ്ങൾ ചോദിക്കാമായിരുന്നു. കൃഷ്ണന്റെ ഈ ചർച്ചാവേളകൾ കോളേജിനകത്തും പുറത്തും പ്രസിദ്ധമായി. തൊട്ടടുത്തുള്ള കോളേജുകളിലെ വിദ്യാർത്ഥികൾപോലും ഇതിൽ പങ്കെടുക്കാനെത്തുമായിരുന്നു.

1920-ൽ കൃഷ്ണന്റെ പേർ കൊടൈക്കനാലിലെ സൗരഭൗതിക ഒബ്‌സർവേറ്ററിയിൽ ജോലിക്കായി ശുപാർശ ചെയ്യപ്പെട്ടു. പക്ഷേ എന്തോ കാരണവശാൽ അദ്ദേഹത്തിന് ആ ജോലി സ്വീകരിക്കാനായില്ല. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ആ ജോലി അദ്ദേഹത്തിന് കിട്ടാതിരുന്നത് ഭൗതിക ശാസ്ത്രത്തിന് വലിയ നേട്ടമായിത്തീർന്നു എന്നു കാണാം. കൃഷ്ണന്റെ മനസ്സു പൂർണമായും ശാസ്ത്രഗവേഷണരംഗത്തായിരുന്നു. 1920-ൽ അദ്ദേഹം കൽക്കത്തയിലെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് സയൻസിൽ MSc ക്കു രജിസ്റ്റർ ചെയ്തു. അക്കാലത്ത് സി.വി. രാമൻ അവിടെയാണ് പഠിപ്പിച്ചിരുന്നത്. ഫിസിക്‌സിൽ വേണ്ടത്ര അടിസ്ഥാനജ്ഞാനം കൈവരിച്ചതിനുശേഷം അദ്ദേഹം സി. വി. രാമനോടൊപ്പം മുഴുസമയഗവേഷണത്തിൽ മുഴുകി. എന്നും അതിരാവിലെ എണീറ്റ് ചെറിയൊരു നടത്തവും പച്ചവെള്ളത്തിൽ കുളിയും കഴിഞ്ഞ് 6 മണിയോടെ അദ്ദേഹം ലാബറട്ടറിയിലെത്തുമായിരുന്നു. പ്രകാശത്തിന്റെയും എക്‌സ്‌റേകളുടെയും ദ്രാവകങ്ങളിലെ തന്മാത്രീയ ചിതറൽ (Molecular Scattering of Light and X-rays in Liquids) ആയിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ വിഷയം. വാതകതന്മാത്രകൾ, പരലുകൾ (Crystals) എന്നിവയുടെ കാന്തിക അനൈസോട്രോപ്പിയും അദ്ദേഹത്തിന്റെ പഠനത്തിനു വിഷയീഭവിച്ചു. ശാസ്ത്രഗവേഷണത്തിൽമാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല കൃഷ്ണന്റെ താൽപര്യം. സാഹിത്യം, മതം, ദർശനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഒട്ടനവധി ഗ്രന്ഥങ്ങൾ അദ്ദേഹം വായിച്ചിരുന്നു.

1928 ഒക്‌ടോബറിൽ ജർമൻകാരനായ അർണോൾഡ് സോമർഫെൽഡ്, കൽക്കത്താ സർവകലാശാലയിൽ ക്വാണ്ടം മെക്കാനിക്‌സ് സംബന്ധിയായ ഒരു പ്രഭാഷണ പരമ്പര നടത്തുകയുണ്ടായി. കൃഷ്ണൻ ഈ പ്രഭാഷണ പരമ്പര സൂക്ഷ്മമായി ശ്രദ്ധിക്കുകയും പഠിക്കുകയും അതൊരു ലഘുപുസ്തകരൂപത്തിൽ തയ്യാറാക്കുകയും ചെയ്തു. കൃഷ്ണന്റെ പാണ്ഡിത്യവും തനിമയും സോമർഫെൽഡിനെ അത്യധികം ആകർഷിച്ചു. പ്രസ്തുത പുസ്തകം ഇരുവരുടെയും പേരിൽ സംയുക്തമായി പ്രസിദ്ധീകരിക്കാൻപോലും അദ്ദേഹം സന്നദ്ധത പ്രകടിപ്പിക്കുകയുണ്ടായി. പക്ഷേ കൃഷ്ണൻ വിനയപൂർവം ആ നിർദേശം നിരാകരിച്ചു.

കെ.എസ്.കൃഷ്ണൻ, അർനോൾഡ് സൊമ്മർഫെൽഡ്, സി.വി.രാമൻ എന്നിവർ – 1928ലെ ഫോട്ടോ

സി. വി. രാമനുമായി സഹകരിച്ചുകൊണ്ട് കൃഷ്ണൻ നടത്തിയ ഗവേഷണപ്രവർത്തനങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നവയായിരുന്നു. രാമന്റെ നിർദേശമനുസരിച്ച് അദ്ദേഹം വ്യത്യസ്തങ്ങളായ മാധ്യമങ്ങളിൽ പ്രകാശം ചിതറുന്ന രീതി (Scattering of light) പരീക്ഷിച്ചുനോക്കുകയും അതിന്റെ സൈദ്ധാന്തിക അപഗ്രഥനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. രാമനെ നോബൽ സമ്മാനത്തിന് അർഹനാക്കിത്തീർത്ത ‘രാമൻ ഇഫക്ടിന്റെ’ കണ്ടുപിടുത്തത്തിൽ കൃഷ്ണൻ സുപ്രധാനമായ പങ്കുവഹിക്കുകയുണ്ടായി. രാമൻ തന്നെ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ‘രാമൻ ഇഫക്ടിന്റെ’ കണ്ടുപിടുത്തത്തിൽ സുപ്രധാനമായ പങ്കുവഹിച്ചെങ്കിലും ഡോ. കൃഷ്ണൻ ഈ വിഷയത്തിലുള്ള ഗവേഷണങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയുണ്ടായില്ല. കാന്തികത, താപചാലകത, തെർമിയോണിക്‌സ് എന്നീ മേഖലകളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. താപത്തിന്റെ സ്വാധീനംമൂലം പദാർത്ഥങ്ങളിൽനിന്നുള്ള ഇലക്‌ട്രോൺ വികിരണത്തെക്കുറിച്ചുള്ള പഠനമാണ് തെർമിയോണിക്‌സ്.

1928-ൽ കൃഷ്ണൻ ഡാക്കാ സർവകലാശാലയിലെ ഭൗതികശാസ്ത്രവിഭാഗത്തിൽ റീഡറായി ചുമതലയേറ്റു. പ്രസിദ്ധ ഭൗതികശാസ്ത്രജ്ഞനായ പ്രൊഫ. എസ്. എൻ. ബോസായിരുന്നു വകുപ്പുതലവൻ. അവിടത്തെ അനുകൂലാന്തരീക്ഷം അദ്ദേഹത്തിന് ഏറെ പ്രോത്സാഹജനകമായി. കൃഷ്ണൻ അത്യധികം ഉത്സാഹത്തോടെ ഗവേഷണത്തിൽ ഏർപ്പെട്ടു. ചിലവുകുറഞ്ഞ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് അദ്ദേഹം നടത്തിയിരുന്ന പരീക്ഷണങ്ങളെ ഒരു വിദേശസുഹൃത്ത് തമാശരൂപത്തിൽ വിശേഷിപ്പിച്ചിരുന്നത് ‘കൃഷ്ണന്റെ മെഴുകുനൂൽ പരീക്ഷണങ്ങൾ’ എന്നാണ്. ഡയാമാഗ്‌നറ്റിക്, പാരാമാഗ്‌നറ്റിക് ക്രിസ്റ്റലുകളുടെ കാന്തികസ്വഭാവത്തെക്കുറിച്ച് അദ്ദേഹം വിശദമായ ഗവേഷണങ്ങളിൽ ഏർപ്പെട്ടു. ഈ സംഭാവനകൾ മാനിച്ചുകൊണ്ട് മദിരാശി സർവകലാശാല അദ്ദേഹത്തിന് DSc ബിരുദം നൽകുകയുണ്ടായി.

1933-ൽ കൃഷ്ണൻ തന്റെ പ്രവർത്തനം കൽക്കത്തയിലേക്ക് മാറ്റി. അന്ന് ഇന്ത്യയുടെ ശാസ്ത്രതലസ്ഥാനമായിരുന്നു കൽക്കത്ത. അവിടെ അദ്ദേഹം ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസിൽ ഭൗതികശാസ്ത്ര പ്രൊഫസറായി ചുമതലയേറ്റു. നേരത്തെ മഹേന്ദ്രലാൽ സിർക്കാർ ആയിരുന്നു ആ സ്ഥാനത്ത്. പ്രകാശത്തിന്റെ ചിതറൽ (Light scattering), കാന്തികമാപനം എന്നീ വിഷയങ്ങൾ സംബന്ധിച്ച് അദ്ദേഹം നടത്തിയ ഗവേഷണങ്ങൾ അത്യന്തം മഹത്തരമായി കണക്കാക്കപ്പെടുന്നു. ഇവ പരിഗണിച്ച് 1940ൽ അദ്ദേഹത്തെ ലണ്ടനിലെ റോയൽ സൊസൈറ്റി ഫെലോഷിപ്പ് നൽകി ബഹുമാനിക്കുകയുണ്ടായി. അന്ന് അദ്ദേഹത്തിന് 42 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നോർക്കുക!

1941 ഡിസംബറിൽ ജപ്പാനുമായുള്ള യുദ്ധം ആരംഭിച്ചതോടെ കൽക്കത്തയിൽ സാധാരണ ജനജീവിതം താറുമാറായി. ഗവേഷണസ്ഥാപനങ്ങൾ പൂട്ടിയിടുന്ന സ്ഥിതി വരുമെന്നുപോലും സംശയമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കൃഷ്ണൻ അലഹബാദ് സർവകലാശാലയിൽ പ്രൊഫസർ സ്ഥാനം സ്വീകരിച്ച് അങ്ങോട്ട് മാറി. ഇവിടെ ഒട്ടേറെ സമയം ഭരണകാര്യങ്ങൾക്കായി ചെലവഴിക്കേണ്ടിയിരുന്നതുകൊണ്ട് അദ്ദേഹത്തിന് പരീക്ഷണങ്ങൾക്ക് വേണ്ടത്ര സമയം ലഭിച്ചിരുന്നില്ല. പക്ഷേ അദ്ദേഹം സൈദ്ധാന്തികശാസ്ത്രത്തിലും അതീവതൽപരനായിരുന്നു. ഇക്കാലത്താണ് അദ്ദേഹം ലോഹങ്ങളുടെയും ലോഹസങ്കരങ്ങളുടെയും പ്രതിരോധാത്മകത സംബന്ധിച്ചുള്ള സൂത്രവാക്യം വികസിപ്പിച്ചെടുക്കാനുള്ള യത്‌നത്തിൽ മുഴുകിയത്.

1946-ൽ അദ്ദേഹത്തിന് നൈറ്റ് (Knight) പദവി ലഭിച്ചു. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് തൊട്ടുമുമ്പായി അദ്ദേഹം ഡൽഹിയിലെ നാഷണൽ ഫിസിക്കൽ ലാബറട്ടറിയുടെ ഡയറക്ടർ പദവി ഏറ്റെടുക്കാൻ ക്ഷണിക്കപ്പെട്ടു. 1940 കളുടെ അന്ത്യത്തിലും 50 കളുടെ തുടക്കത്തിലുമായി അദ്ദേഹം CSIR, UGC, അണുശക്തികമ്മീഷൻ തുടങ്ങി നിരവധി സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയുണ്ടായി. 1954-ൽ ഭാരതസർക്കാർ അദ്ദേഹത്തെ പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. 1957-ൽ പ്രഥമ ശാന്തിസ്വരൂപ് ഭട്‌നഗർ അവാർഡിനും അദ്ദേഹം അർഹനായി.

മഹാപണ്ഡിതനായിരുന്ന അദ്ദേഹം മാനവമൂല്യങ്ങളിലും നീതിയിലും ഉറച്ചുവിശ്വസിച്ചിരുന്നു. സംസ്‌കൃതം, തമിഴ് സാഹിത്യം, കർണ്ണാടക സംഗീതം എന്നിവ അദ്ദേഹത്തിന് ഏറെ പ്രിയംകരമായിരുന്നു. അദ്ദേഹത്തിന്റെ നർമബോധം ഏറെ പ്രശസ്തമായിരുന്നു. താൻ കാണുമ്പോഴൊക്കെ കൃഷ്ണന് ഓരോ പുതിയ കഥ പങ്കിടാനുണ്ടായിരുന്നു എന്ന് പണ്ഡിറ്റ് നെഹ്‌റു പറയുകയുണ്ടായി. പതിവായി ടെന്നീസ് കളിക്കുമായിരുന്ന അദ്ദേഹത്തിന് ക്രിക്കറ്റിലും ഏറെ താൽപര്യമായിരുന്നു. ശാസ്ത്രത്തിന്റെ നശീകരണശക്തിയെക്കുറിച്ച് ഏറെ അസ്വസ്ഥനായിരുന്ന അദ്ദേഹം സമാധാനപ്രസ്ഥാനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു.

നാഷണൽ ഫിസിക്കൽ ലാബറട്ടറിയുടെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്ന കാലത്ത് ഒരിക്കൽ ഒരു കോൺട്രാക്ടർ പ്രവേശനകവാടത്തിനടുത്തു നിന്നിരുന്ന രണ്ട് ‘പ്രശ്‌ന’മരങ്ങൾ വെട്ടിക്കളയാൻ തീരുമാനിച്ചു. ഇതറിഞ്ഞ കൃഷ്ണൻ അദ്ദേഹത്തോട് ചോദിച്ചു : ‘താങ്കൾ എന്തിനാണ് ആ മരങ്ങൾ വെട്ടിക്കളയുന്നത്?’ കോൺട്രാക്ടർ പറഞ്ഞു: ‘സർ അത് ഈ സ്ഥലത്തിന്റെ സിമ്മട്രിയെ (സമമിതി) ബാധിക്കുമെന്ന് തോന്നിയതുകൊണ്ടാണ്’. കൃഷ്ണന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘അങ്ങനെയല്ലാതെയും നിങ്ങൾക്ക് സിമ്മട്രിയുണ്ടാക്കാം. ഒരു മരം കൂടി വച്ചു പിടിപ്പിച്ചാൽ മതി’. കൃഷ്ണന്റെ ആഴമേറിയ സൗന്ദര്യബോധത്തിനും പ്രകൃതിസ്‌നേഹത്തിനും ഉദാഹരണമായിരുന്നു ഈ സംഭവം. 1961 ജൂൺ 13 ന് ഭാര്യയും രണ്ട് ആൺമക്കളും നാലു പെൺമക്കളുമടങ്ങുന്ന കുടുംബത്തേയും അനേകം സഹപ്രവർത്തകരെയും രാഷ്ട്രത്തെയാകമാനവും ദുഃഖത്തിലാഴ്ത്തിക്കൊണ്ട് പ്രൊഫ. കൃഷ്ണൻ അന്തരിച്ചു.


ഇന്ത്യൻ നാഷണൽ സയൻസ് ആക്കാദമിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ചേർന്ന് പ്രസിദ്ധീകരിച്ച അരവിന്ദ് ഗുപ്ത രചിച്ച അഗ്നിസ്ഫുലംഗങ്ങൾ – മുൻപെ നടന്ന ഭാരതീയ ശാസ്ത്രപ്രതിഭകൾ പുസ്തകത്തിൽ നിന്നും. വിവ. കെ.കെ.കൃഷ്ണകുമാർ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ജോസഫ് ലിസ്റ്ററും രോഗാണുസിദ്ധാന്തവും
Next post യു.എ.ഇ.യുടെ ചൊവ്വാദൗത്യം-ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ
Close