കൊച്ചി സർവകലാശാലയിൽ നിന്നും തത്സമയം
ഭോപ്പാലിൽ നിന്നും തത്സമയം
വൈകുന്നേരം 6 മുതൽ ഗ്രഹയോഗം തത്സമയം കാണാം. ലേയിൽ നിന്നും
2020 ഡിസംബർ 21-ന് സൗരയൂഥത്തിലെ യമണ്ടൻ ഗ്രഹങ്ങളായ വ്യാഴവും ശനിയും ഒരുമിച്ചു വരുന്നു. അന്ന് അവ തമ്മിലുള്ള കോണകലം 0.1 ഡിഗ്രിയായി കുറയും. നഗ്നനേത്രങ്ങൾ കൊണ്ട് നോക്കിയാൽ അവ പരസ്പരം പുണർന്നിരിക്കുന്നതു പോലെ കാണാൻ കഴിയും. എന്നാൽ യഥാർത്ഥത്തിൽ ഇവ തമ്മിലുള്ള അകലം ഏകദേശം 75 കോടി കിലോമീറ്ററായിരിക്കും.
വ്യാഴവും ശനിയും സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളാണ്. വ്യാഴം ഏകദേശം 12 വർഷം കൊണ്ടും ശനി ഏതാണ്ട് 30 വർഷം കൊണ്ടും സൂര്യനെ ചുറ്റിവരും. ഇതിനിടയിൽ ഏകദേശം 20 വർഷം കൂടുമ്പോൾ വ്യാഴം ശനിയെ മറികടക്കും. ആ സന്ദർഭത്തിൽ അവ തമ്മിൽ ആകാശത്ത് കോണളവിൽ ചെറിയ അകലമേ ഉണ്ടാകൂ. ഇത്തവണ ഈ രീതിയിലുള്ള ഗ്രഹയോഗം (Jupiter Saturn conjunction) നടക്കുന്നത് ഡിസംബർ 21-നാണ്. ഈ ഗ്രഹങ്ങൾ തമ്മിലുള്ള കോണീയ ദൂരം അന്ന് 0.1 ഡിഗ്രിയായി കുറയും. പൂർണ ചന്ദ്രന്റെ വ്യാസം ഉണ്ടാക്കുന്ന കോണളവിന്റെ അഞ്ചിലൊന്നു മാത്രമാണിത്. അകലം ഇത്ര കുറയുന്നത് അത്യപൂർവ്വമാണ്. ഇതിനു മുമ്പ് അവ ഇത്രമാത്രം അടുത്തു വന്നത് 1623-ലാണ്. ഈ ഡിസംബർ 21 കഴിഞ്ഞാൽ പിന്നെ ഇവ രണ്ടും അടുത്തു വരുന്നത് 2040 നവംബർ 5 – നായിരിക്കും. പക്ഷേ അന്നും ഇത്രയും അടുക്കില്ല. ഇത്തവണത്തെപ്പോലെ അടുപ്പം ഇനി വരുന്നത് 2080 മാർച്ച് 15 – നായിരിക്കും.
വിശദമായ വീഡിയോ കാണാം
ഡിസംബർ 21 – ന് വ്യാഴവും ശനിയും കാഴ്ചയിൽ അടുത്തടുത്ത് നിൽക്കുന്നുവെന്ന് തോന്നുമെങ്കിലും അവതമ്മിലുള്ള യഥാർത്ഥ ദൂരം വളരെയധികമായിരിക്കും. സൗരയൂഥത്തിലെ ദൂരങ്ങൾ സൂചിപ്പിക്കാൻ സൗകര്യ പ്രദമായ യൂണിറ്റ് അസ്ട്രോണമിക്കൽ യൂണിറ്റ് (AU) എന്നതാണ്. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ശരാശരി ദൂരമാണ് AU. ഇത് ഏകദേശം 15 കോടി കിലോമീറ്ററാണ്. ഡിസംബർ 21 – ന് വ്യാഴവും ശനിയും ഭൂമിയിൽ നിന്ന് യഥാക്രമം 6AU, 11 AU അകലത്തായിരിക്കും. ഇത്ര ദൂരത്താണെങ്കിലും വ്യാഴത്തെയും ശനിയെയും നഗ്നനേതങ്ങൾ കൊണ്ട് കാണാൻ കഴിയും. ചെറിയ ദൂരദർശിനികൾ കൊണ്ടു പോലും ശനിയുടെ ചുറ്റുമുള്ള മനോഹര വലയങ്ങളും വ്യാഴത്തെ ചുറ്റുന്ന ഇയോ, കലിസ്തോ, ഗാനിമീഡ്, യൂറോപ്പ എന്നീ ഉപഗ്രഹങ്ങളും ഒരുമിച്ചു കാണാൻ കഴിയും. സാമാന്യം നല്ല ദൂരദർശിനിയാണെങ്കിൽ വ്യാഴത്തിലെ മേഘങ്ങളിലെ ചുവന്ന വരകളും ദൃശ്യമാകും. ഇതെല്ലാം ടെലിസ്കോപ്പ് ഐപീസിലൂടെ (eye piece) ഒരുമിച്ചു കാണാൻ കഴിയും.
വ്യാഴം എന്നെങ്കിലും ശനിയുടെ നേരെ മുന്നിൽ വന്ന് ശനിയെ ഭൂമിയിൽ നിന്ന് മറയ്ക്കുമോ?
അങ്ങനെയൊരു സാദ്ധ്യതയെക്കുറിച്ച് ശാസ്‌ത്രജ്ഞർ അന്വേഷിച്ചിട്ടുണ്ട്. അങ്ങനെ ഒരു സംഭവം വിദൂര ഭാവിയിൽ ഉണ്ടാകും. പക്ഷേ, ഒരു ചെറിയ പ്രശ്നമുണ്ട്. കുറച്ചു കാത്തിരിക്കേണ്ടിവരും. 7541 ജൂൺ 17-നാണ് അത് സംഭവിക്കാൻ പോകുന്നത്. (ടൈപ്പ് ചെയ്തപ്പോൾ തെറ്റിയിട്ടൊന്നുമില്ല 7541 ജൂൺ 17 തന്ന!)
ഗ്രഹയോഗത്തിലെ 20 വർഷ ഇടവേള എങ്ങനെ വിശദീകരിക്കും.
ആദ്യം ഏകദേശ കണക്കുകൾ വെച്ച് എളുപ്പം വിശദീകരിക്കാം. ഭൂമിയും വ്യാഴവും ശനിയും സൂര്യനെ ചുറ്റുന്നത് ഏതാണ്ട് ഒരേ തലത്തിൽ തന്നെയാണ്. വ്യാഴം ഒരു തവണ സൂര്യനെ ചുറ്റിവരാൻ 12 വർഷമെടുക്കും. അതായത് ഒരു വർഷം കൊണ്ട് 360/12 = 30 ഡിഗ്രി തിരിയും. ശനിയുടെ പരിക്രമണകാലം 30 വർഷമാണ്. അപ്പോൾ ഒരു വർഷം കൊണ്ട് 360/30 = 12 ഡിഗ്രി തിരിയും. അങ്ങനെയെങ്കിൽ വ്യാഴവും ശനിയും തമ്മിലുള്ള കോണളവ് വർഷം തോറും 30 – 12 = 18 ഡിഗ്രി വ്യത്യാസപ്പെടും. അപ്പോൾ 360 ഡിഗ്രി വ്യത്യാസം വരാൻ 360/18 = 20 വർഷം എടുക്കും. ഇനി കുറച്ചു കൂടി കൃത്യം കണക്കുകൾ എടുത്താൽ വ്യാഴത്തിന്റെ പരിക്രമണകാലം 11.86 വർഷം. ശനിയുടേത് 29.46 വർഷം. ഗ്രഹയോഗങ്ങളുടെ ഇടവേള 19.86 വർഷം.
ഒരേ വർഷം തന്നെ ശനി – വ്യാഴം ഗ്രഹയോഗം ഒന്നിലധികം നടക്കുക എന്നത് സാദ്ധ്യമാണോ?
അതും അപൂർവ്വമായി സംഭവിക്കാം. സൂര്യനു ചുറ്റും ഭൂമിയും വ്യാഴവും ശനിയും വ്യത്യസ്ത വേഗത്തിൽ തിരിഞ്ഞു കൊണ്ടിരിക്കുകയാണല്ലോ? അപ്പോൾ ഇതിനും സാദ്ധ്യതയുണ്ട്. 1980 ഡിസംബർ 31 – ന് വ്യാഴം ശനിയെ മറി കടന്നിരുന്നു. എന്നാൽ പ്രധാനമായും ഭൂമിയുടെ സ്ഥാനാന്തരം കാരണം 1981 മാർച്ച് 4-ന് വ്യാഴം ശനിയെ എതിർ ദിശയിൽ മറികടക്കുന്നതായി കാണപ്പെട്ടു. മാസങ്ങൾക്കകം ജൂലൈ 24 – ന് വ്യാഴം വീണ്ടും ശനിയുടെ അടുത്തു കൂടി കടന്നുപോയി.
ഈ ഗ്രഹയോഗം മൂലം ഭൂമിയിൽ പ്രത്യേകിച്ച് എന്തെങ്കിലും സംഭവിക്കുമോ?
നമ്മളൊക്കെ അതു കാണാൻ ആകാശത്തേക്കു താത്പര്യപൂർവം നോക്കും എന്നതൊഴികെ മറ്റൊന്നും ഇക്കാരണത്താൽ സംഭവിക്കില്ല. വ്യാഴവും ശനിയും ഒരേദിശയിൽ വരുമെങ്കിലും ഗുരുത്വബലത്തിൽ കാര്യമായ വ്യത്യാസം വരില്ല. വ്യാഴവും ശനിയും ഭീമൻ ഗ്രഹങ്ങളാണെങ്കിലും സൂര്യനുമായി താരതമ്യം ചെയ്യുമ്പോൾ നിസ്സാരമാരാണ്. ഇവരിൽ കേമനായ വ്യാഴത്തിന്റെ മാസ്സ് സൂര്യന്റെ മാസ്സിന്റെ ആയിരത്തി ഒന്നിൽ താഴെയാണ്. ദൂരരമാണെങ്കിൽ സൂര്യനെ അപേക്ഷിച്ച് വളരെ കൂടുതലും. അതിനാൽ സൂര്യൻ ചെലുത്തുന്നതിന്റെ 36000-ൽ ഒരുഭാഗം ഗുരുത്വബലം (gravitational force) മാത്രമാണ് വ്യാഴം പ്രയോഗിക്കുന്നത്. ശനിയുടേത് ഇതിലും വളരെ കുറവായിരിക്കും. ഗുരുത്വബലമല്ലാതെ കാര്യമായ മറ്റൊരു ബലവും ഈ ഗ്രഹങ്ങൾ ഭൂമിയിൽ പ്രയോഗിക്കുന്നില്ല.
LUCA LIVE – ഗ്രഹയോഗത്തെക്കുറിച്ച് പ്രൊഫ.പി.എസ്.ശോഭൻ സംസാരിക്കുന്നു