ഇതിൽ ഇയോ അഗ്നിപർവതങ്ങളാൽ ഇപ്പോഴും സജീവമാണെന്നാണു കരുതുന്നത്. ബാക്കി മൂന്ന് ഉപഗ്രഹങ്ങളും മഞ്ഞിന്റെ ലോകങ്ങളാണ്. ഈ ഉപഗ്രഹങ്ങളെക്കുറിച്ചു പഠിക്കാനാണ് യൂറോപ്യൻ സ്പേസ് ഏജൻസി പ്രധാനമായും തങ്ങളുടെ ജ്യൂസ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.
2023 ഏപ്രിൽ 13നാണ് ഈ ദൗത്യത്തിന്റെ വിക്ഷേപണം. ഏരിയൻ 5 റോക്കറ്റിലേറി അന്ന് പുറപ്പെടുന്ന ജ്യൂസ് പെട്ടെന്നൊന്നും വ്യാഴത്തിൽ എത്തില്ല. നീണ്ട എട്ടു വർഷമെടുക്കും അതിന്. 2031ൽ വ്യാഴത്തിന്റെ അടുത്തെത്തുന്ന ജ്യൂസ് 2034 ഡിസംബറിൽ ഗാനിമേഡിന്റെ ഉപഗ്രഹമായി മാറുകയും ചെയ്യും.
2025 ആഗസ്റ്റിൽ ജ്യൂസ് ശുക്രന്റെ അരികിലൂടെയും കടന്നുപോകുന്നുണ്ട്. മൂന്നു തവണ (2024, 2026, 2029) ഭൂമിക്കരികിലൂടെ സഞ്ചരിച്ച് ഗ്രാവിറ്റി അസിസ്റ്റ് സങ്കേതത്തിലൂടെ വേഗതകൂട്ടിയാകും വ്യാഴത്തിലേക്കുള്ള യാത്ര പൂർത്തീകരിക്കുന്നത്.
2031 ജൂലൈയിൽ വ്യാഴത്തിനരികിൽ എത്തുന്ന ജ്യൂസ് വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾക്കരികിലൂടെ 35 ഫ്ലൈബൈകളാണ് ലക്ഷ്യമിടുന്നത്. ഈ സമയത്ത് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാവും ജ്യൂസിന്റെ ലക്ഷ്യം. ഇതിനായി പത്ത് ശാസ്ത്രീയോപകരണങ്ങളും ജ്യൂസിലുണ്ടാവും.
യൂറോപ്പയ്ക്കരികിലൂടെ രണ്ടു തവണ മാത്രമാവും ജ്യൂസ് കടന്നുപോവുക. ഗാനിമേഡിനരകിൽ 12 തവണയും കലിസ്റ്റോയുടെ അരികിലൂടെ 21 തവണയും ജ്യൂസ് സഞ്ചരിക്കും. കലിസ്റ്റോയുടെ ഉപരിതലത്തിന്റെ 200കിലോമീറ്റർ അകലെവരെ എത്തും ജ്യൂസ്. എന്നിരുന്നാലും പ്രധാന ലക്ഷ്യം ഗാനിമേഡ് തന്നെയാണ്. 2034 ഡിസംബറിൽ ഗാനിമേഡിനെ പരിക്രമണം ചെയ്യാൻ ആരംഭിക്കും ജ്യൂസ്. ചന്ദ്രൻ അല്ലാതെ സൗരയൂഥത്തിലെ മറ്റൊരു ഉപഗ്രഹത്തിനു ചുറ്റും പരിക്രമണം ചെയ്യുന്ന ആദ്യ ദൗത്യമാവും ജ്യൂസ് എന്നാണ് കരുതുന്നത്.
ഗാനിമേഡിനെക്കുറിച്ച് ഏറെ വിശദമായ പഠനമാകും ജ്യൂസ് നടത്തുക. ഐസു നിറഞ്ഞ പ്രതലത്തിനു താഴെ ദ്രവരൂപത്തിൽ ജലമുണ്ടാകാം എന്നു കരുതപ്പെടുന്നു. അതിനെക്കുറിച്ചടക്കം അനേകം വിവരങ്ങൾ ഒരു വ്യാഴവട്ടത്തിനപ്പുറം ജ്യൂസ് നമുക്ക് എത്തിച്ചുതരും എന്നു പ്രതീക്ഷിക്കാം.
ഉപകരണങ്ങൾ
ജാനസ് എന്ന ഒപ്റ്റിക്കൽ ക്യാമറ സിസ്റ്റം, മാജിസ് എന്ന ഇൻഫ്രാറെഡിലും ദൃശ്യപ്രകാശത്തിലും പ്രവർത്തിക്കുന്ന സ്പെക്ട്രോമീറ്റർ, യുവിഎസ് എന്ന അൾട്രാവൈലറ്റ് ഇമേജിങ് സ്പെക്ട്രോഗ്രാഫ്, സബ് മില്ലിമീറ്റർ വേവ് ഇൻസ്ട്രുമെന്റ്, റഡാർ സൗണ്ടർ, ഗാല എന്ന ലേസർ അൾട്ടിമീറ്റർ, 3ജിഎം എന്ന റേഡിയോ സയൻസ് എക്സ്പിരിമെന്റ്, ജെ-മാഗ് എന്ന മാഗ്നറ്റോമീറ്റർ, പെപ് എന്ന പാർട്ടിക്കിൾ എൻവിറോൺമെന്റ് പാക്കേജ്, റേഡിയോ ആന്റ് പ്ലാസ്മ വേവ് ഇൻസ്ട്രുമെന്റ് എന്നിങ്ങനെയുള്ള പത്ത് പ്രധാന ഉപകരണങ്ങളാണ് ജ്യൂസിലുള്ളത്. ഇതുകൂടാതെ പ്ലാനറ്ററി റേഡിയോ ഇന്റർഫെറോമീറ്റർ ആന്റ് ഡോപ്ലർ എക്പിരിമെന്റ് എന്നൊരു പരീക്ഷണദൗത്യവും ജ്യൂസ് നടത്തുന്നുണ്ട്.
വളരെ സങ്കീർണ്ണമായ ഉപകരണങ്ങളും സംവിധാനങ്ങളുമാണ് പേടകത്തിലുള്ളത്. വളരെ ഉയർന്ന റേഡിയേഷൻ ഉള്ള ഇടമാണ് വ്യാഴപരിസരം. അത്രയും തീവ്രമായ റേഡിയേഷൻ സൂര്യനൊഴിച്ചുനിർത്തിയാൽ സൗരയൂഥത്തിൽ മറ്റൊരിടത്തും ഇല്ല. സയൻസ് ഉപകരണങ്ങളെ ഈ അതിതീവ്ര റേഡിയേഷനിൽനിന്ന് സംരക്ഷിക്കുന്നതിനായി പ്രത്യേക ഷീൽഡുകളാണ് ജ്യൂസിലുള്ളത്.
വ്യാഴവും ഭൂമിയും തമ്മിൽ വലിയ ദൂരമുണ്ട്. അതിനാൽത്തന്നെ ജ്യൂസിന് ഭൂമിയുമായി ആശയവിനിമയം നടത്തണമെങ്കിൽ വലിയ ആന്റിനയുടെ ആവശ്യമുണ്ട്. രണ്ടര മീറ്റർ വലിപ്പമുള്ള പ്രത്യേക ആന്റിനയാണ് ഇതിനായി ജ്യൂസിലുള്ളത്. ഊർജ്ജാവശ്യത്തിനായി സൂര്യപ്രകാശത്തെത്തന്നെ ആശ്രയിക്കുകയാണ് ജ്യൂസ്. പക്ഷേ ഭൂമിയിൽ കിട്ടുന്ന സൂര്യപ്രകാശത്തിന്റെ 25 ഇരട്ടി കുറവു പ്രകാശമേ വ്യാഴത്തിലെത്തൂ.. 85 ചതുരശ്രമീറ്റർ വിസ്താരമുള്ള വലിയ സോളാർ പാനലുകളാണ് അതിനാൽത്തന്നെ ജ്യൂസിലുള്ളത്.
ചൊവ്വ കഴിഞ്ഞാൽ നാം ഏറ്റവും കൂടുതൽ ദൗത്യങ്ങൾ നടത്തിയിട്ടുള്ളത് വ്യാഴത്തിലേക്കാവും. 1995ൽ വിക്ഷേപിച്ച ഗലീലിയോ 2003വരെ വ്യാഴത്തിനൊപ്പമുണ്ടായിരുന്നു. അതിനു മുൻപ് പയനിയറും വോയജറും കസിനി ഹൈജൻസും വ്യാഴത്തിനരികിൽക്കൂടി കടന്നുപോയിരുന്നു. ഗലീലിയോക്ക് ശേഷം ന്യൂ ഹൊറൈസൻസും വ്യാഴത്തിനരികിലൂടെ ഫ്ലൈബൈ നടത്തി. ജൂനോ പേടകമാണ് ഇപ്പോഴും വ്യാഴത്തിനു ചുറ്റും കറങ്ങി പഠനം നടത്തുന്ന പേടകം.
ജ്യൂസ് എത്തുന്ന അതേ കാലയളവിൽ യൂറോപ്പ ക്ലിപ്പർ എന്ന നാസ ദൗത്യവും വ്യാഴത്തിലെത്തുന്നുണ്ട്.