Read Time:4 Minute

പ്രൊഫ. കെ.ആര്‍.ജനാര്‍ദ്ധനന്‍

ജോൺ ടിൻഡാൽ (John Tyndall 1820-1893)

ഏതെങ്കിലും മാധ്യമത്തിൽ, നഗ്ന നേത്രങ്ങൾ ക്ക് കാണാൻ കഴിയാത്ത അതിസൂക്ഷ്മ കണികകളാണ് കൊളോയ്ഡുകൾ. ഈ കണികകൾ സാധാരണ തന്മാത്രകളെ/ അയോണുകളെ അപേക്ഷിച്ച് വലുതും എന്നാൽ ഫിൽറ്റർ പേപ്പറിലൂടെ അരിച്ചെടുക്കാൻ കഴിയാത്തവയുമാണ്. കൊളോയിഡിയ കണികകളുടെ വലുപ്പം 0.001 മില്ലിമീറ്റർ മുതൽ 0.00001മില്ലീമീറ്റർ വരെ ആണ്.കൊളോയ്ഡുകൾക്ക് ഉദാഹരണം : റബ്ബർ കണികകളുടെ ജലത്തിലെ കൊളോയ്ഡാണ് റബ്ബർ പാൽ, സ്റ്റാർച്ച് കാണികളുടെ ജലത്തിലെ കൊളോയ്ഡാണ് കഞ്ഞി വെള്ളം. പാൽ ലാക്ടോസ്, പ്രൊട്ടീൻ, കൊഴുപ്പ് തുടങ്ങിയവയുടെ ജലത്തിലെ കൊളോയ്ഡാണ്. കാർബൺ തരികളുടെയും മറ്റു കണികളുടെയും വായുവിലുള്ള കൊളോയ്ഡാണ് പുക.

ടിൻഡൽ പ്രഭാവം മൂലമുണ്ടാകുന്ന പ്രകാശത്തിന്റെ നാടകൾ കടപ്പാട് വിക്കിപീഡിയ

കൊളോയ്ഡാവസ്ഥയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പഠനങ്ങൾ നടത്തിയ ഐറിഷ് ഭൗതികജ്ഞനാണ്  ജോൺ ടിൻഡാൽ. ടിൻഡാൽ പ്രഭാവം (Tyndall effect) എന്നറിയപ്പെടുന്ന, കൊളോയ്ഡുകളുടെ ഒരു മുഖ്യ ഗുണധർമം അദ്ദേഹം കണ്ടുപിടിച്ചു. കൊളോയിഡിയ കണങ്ങളാൽ പ്രകാശം പ്രകീർണനം ചെയ്യപ്പെടുന്ന-ചിതറപ്പെടുന്ന(Scattering) പ്രഭാവമാണിത്. ഇരുട്ട് നിറഞ്ഞ മുറിയിലേക്ക് ഏതെങ്കിലും ഒരു ചെറു സുഷിരത്തിലൂടെ സൂര്യപ്രകാശം കടന്നു വരികയാണെങ്കിൽ ഒരു നീണ്ട വടി പോലെ കാണപ്പെടുന്ന പ്രകാശ ബീമിൽ  പൊടിപടലങ്ങൾ നൃത്തം വയ്ക്കുന്നത് കണ്ടിട്ടുണ്ടല്ലോ? ഇതിന് കാരണം ടിൻഡാൽ പ്രഭാവം ആണ്. സാധാരണ വെളിച്ചത്തിൽ  ഇങ്ങനെ കാണില്ല. ഒരു പാത്രത്തിൽ കൊളോയ്ഡിയ ലായനി എടുത്ത് അതിലൂടെ ശക്തിയേറിയ പ്രകാശ കിരണങ്ങൾ പായിച്ച്, ചിതറപ്പെട്ട പ്രകാശരശ്മികളെ ഒരു അൾട്രാ മൈക്രോസ്ക്കോപ്പ് വഴി ടിൻഡാൽ നിരീക്ഷിച്ചു. പ്രകീർണനം മൂലം കണികകൾ ഓടി കളിക്കുന്നത് അദ്ദേഹം ദർശിച്ചു.

ടിൻഡാൽ പ്രഭാവം (Tyndall effect)

ജർമൻ യൂണിവേഴ്സിറ്റികളിൽ നിന്നാണ് ടിൻഡാൽ ഡോക്ട്റേറ് ബിരുദം നേടിയത്. കൊളോയ്ഡീയ അവസ്ഥ കുടാതെ പ്രകാശ ശാസ്ത്രത്തിലും ഹിമാനികളിലും മറ്റു രംഗങ്ങളിലും അദ്ദേഹം പഠനങ്ങൾ നടത്തി. 1854 ൽ ലണ്ടൻ റോയൽ ഇൻസ്റ്റിറ്റൂഷനിൽ ഫിസിക്സ് പ്രൊഫസർ ആയി നിയമിതനായി.മൈക്കിൾ ഫാരഡേയുടെ കീഴിൽ ഗവേഷണം തുടർന്നു. 1853 ൽ റോയൽ സൊസൈറ്റിയുടെ ഗോൾഡ് മെഡലിന് ജീവശാസ്ത്രത്തിൽ ചാൾസ് ഡാർവിനും ഭൗതിക ശാസ്ത്രത്തിൽ ജോൺ ടിൻഡാലും  തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ റോയൽ സൊസൈറ്റിയിലെ ചില സഹപ്രവർത്തകർ ടിൻഡാളിനെ തെരഞ്ഞെടുത്തതിൽ എതിർപ്പ് രേഖപ്പെടുത്തി. അദ്ദേഹം നടത്തിയ ഗവേഷണങ്ങൾ ജർമനിയിൽ മറ്റു ചില ശാസ്ത്രജ്ഞരോടൊപ്പം നടത്തിയതാണെന്നും ഒറിജിനൽ വർക് അല്ലെന്നും ആരോപിക്കപ്പെട്ടു. ദുഃഖിതനായ ടിൻഡാൽ ഫാരഡെയുടെ ഉപദേശം തേടി. വിവാദവിഷയമായ ഒരു ബഹുമതിയും സ്വീകരിക്കാതിരിക്കുകയാണ് നല്ലതെന്ന് ഫാരഡേ പറഞ്ഞു. അതനുസരിച്ച് ടിൻഡാൽ ഗോൾഡ് മെഡൽ നിരസിച്ചു.

ടിൻഡാലിന്റെ അന്ത്യം ദാരുണമായിരുന്നു. ഉറക്കമരുന്ന് കഴിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. ഒരു ദിവസം ഭാര്യ അബദ്ധത്തിൽ കൂടിയ ഡോസ്സിൽ മരുന്ന് നല്കി കഴിച്ച്  അധികം താമസിയാതെ ടിൻഡാലിന് അസ്വസ്ഥത തുടങ്ങി.”പ്രിയേ നീ നിന്റെ പതിയെ കൊലപ്പെടുത്തി “ഇതായിരുന്നു ടിൻഡലിന്റെ അവസാന വാക്കുകൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് വൈറസിന്റെ എണ്ണവും രോഗവ്യാപനവും
Next post Wood Wide Web
Close