പ്രൊഫ.കെ.രാമകൃഷ്ണപ്പിള്ള
അനാഥൻ അതികായനാവുന്നു
പാരീസിലെ ഒരു പള്ളിമുറ്റത്ത് മഞ്ഞുമൂടിയ ഒരു കൽപ്പടവിൽ കൈകാലിട്ടടിച്ച് കരഞ്ഞ ഒരനാഥ ശിശുവിനെ ഒരു മരപ്പണിക്കാരന്റെ ഭാര്യ എടുത്തുവളർത്തി. ആ അനാഥ ശിശുവാണ് ഗണിതശാസ്ത്രത്തിലെ ഒരു അതികായനായി വളർന്ന ദാലംബേർ. അദ്ദേഹവുമായി ഒന്നു സംസാരിക്കാൻവേണ്ടി മഹാനായ ഫ്രഡറിക് ചക്രവർത്തിക്ക് രാജ്യകാര്യങ്ങൾ മാറ്റിവച്ച് തന്റെ ഗ്രാമീണ വസതിയിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. റഷ്യൻ ചക്രവർത്തിനിയായ കാതറൈൻ ദ്വിതീയ അദ്ദേഹവുമായി ഒരു അഭിമുഖ സംഭാഷണത്തിന് ശ്രമിച്ച് പരാജയപ്പെട്ടു.
വിപ്ലവത്തിന്റെ പണിപ്പുരയിൽ
ബർണൗലിമാരും അവരുടെ ശിഷ്യസമൂഹവും ഗണിതശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒരു കാലഘട്ടത്തെപ്പറ്റിയാണ് നാം പറഞ്ഞുവരുന്നത്. ശാസ്ത്രഗവേഷണത്തിന്റെ ഈറ്റില്ലമായിരുന്ന പാരീസ് അന്ന് മറ്റൊരു മഹാവിപ്ലവത്തിന് തയ്യാറെടുക്കുകയായിരുന്നു. ലോകചരിത്രത്തെ തിരുത്തിക്കുറിച്ച ഫ്രഞ്ചുവിപ്ലവം പതുക്കെപ്പതുക്കെ രൂപംകൊള്ളുകയായിരുന്നു. ശാസ്ത്രരംഗത്തുണ്ടായ മഹത്തായ മുന്നേറ്റം ജനഹൃദയങ്ങളിൽ അടി സ്ഥാനപരമായ പരിവർത്തനങ്ങളുണ്ടാക്കി. അന്ധവിശ്വാസങ്ങൾ കത്തിയെരിഞ്ഞു. ചൂഷണത്തിന്റെ ഉപാധികൾക്കെതിരെ ഒടുങ്ങാത്ത പകയും വിദ്വേഷവും നീറിപ്പുകഞ്ഞു. ഫ്രഞ്ച് ജനതയുടെ ഈ വിപ്ലവാഭിലാഷത്തെ ഊതിക്കത്തിച്ചവരിൽ ഒന്നാം സ്ഥാനം വോൾട്ടയർക്കാണ്. അദ്ദേഹത്തിന്റെ വലംകയ്യായി പ്രവർത്തിച്ചിരുന്നവരിൽ ഒരാൾ ഫ്രഞ്ച് അക്കാദമിയുടെ സെക്രട്ടറിയും, പ്രഷ്യയിലെ മഹാനായ ഫ്രഡറിക് ചക്രവർത്തിയും റഷ്യയിലെ മഹതിയായ കാതറൈൻ ചക്രവർത്തിനിപോലും ആദരിച്ചാരാധിച്ചിരുന്ന ദാലംബേർ എന്ന ഗണിതശാസ്ത്രജ്ഞനായിരുന്നു. കലനശാസ്ത്രത്തിൽ അദ്ദേഹം വിപ്ലവം സൃഷ്ടിച്ചു. അതോടൊപ്പം മഹത്തായ ഒരു സാമൂഹ്യവിപ്ലവത്തിന് പശ്ചാത്തലമൊരുക്കുയും ചെയ്തു.
ഒരനാഥശിശു
1717 നവംബർ 16-ാം തീയതി രാവിലെ പാരീസിലെ സേംഗ്ഴാംഗ്ലാണ് പള്ളിയുടെ നടയിൽ ഏതാനും മണിക്കൂറുകൾ മാത്രം പ്രായം തോന്നിക്കുന്ന ഒരു പിഞ്ചുകുഞ്ഞ് കൈകാലിട്ടടിച്ച് ഉച്ചത്തിൽ കരഞ്ഞു കൊണ്ട് കിടന്നിരുന്നു. മരംകോച്ചുന്ന തണുപ്പത്ത് മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ആ അനാഥശിശുവിനെ ജനാലകളിൽ കണ്ണാടിച്ചില്ലുകൾ പിടിപ്പിക്കുക തൊഴിലാക്കിയിരുന്ന റൂസ്സോ എന്ന മരപ്പണിക്കാരന്റെ ഭാര്യ യാദൃച്ഛികമായി കണ്ട് എടുത്തുകൊണ്ടുപോയി വാത്സല്യപൂർവം വളർത്തി. പെറ്റമ്മയാൽ ഉപേക്ഷിക്കപ്പെട്ട ഈ അനാഥക്കുട്ടിയാണ് പിൽക്കാലത്ത് ഴാംഗ് ലെ റോൻ ദാലംബേർ (jean Le Rond d’Alembert 1717-1783) എന്ന പേരിൽ പ്രശസ്തിയാർജിച്ച ഗണിതശാസ്ത്രജ്ഞൻ. ഫെഡറിക് ചക്രവർത്തി ദാലംബേറുമായി ഒന്നു സംസാരിക്കാൻ വേണ്ടി രാജ്യകാര്യങ്ങൾ മാറ്റിവച്ച് തന്റെ ഗ്രാമീണ വസതിയിൽ കാത്തിരുന്നു എന്നും റഷ്യൻ ചക്രവർത്തിനിയായ കാതറൈൻ ദ്വിതീയ ദാലംബേറുമായി ഒരഭിമുഖ സംഭാഷണത്തിന് ശ്രമിച്ച് പരാജയപ്പെട്ടു എന്നും പറഞ്ഞാൽ അദ്ദേഹത്തിന് നേടുവാൻ കഴിഞ്ഞ പ്രശസ്തിയും പ്രാവീണ്യവും എത്രമാത്രമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ആരുടെ മകൻ
കന്യാമഠത്തിൽ നിന്ന് തിരികെപ്പോയി, ബുദ്ധിജീവികൾക്ക് ആതിഥ്യം നൽകാനായി ഒരു സ്വകാര്യ വിശ്രമമന്ദിരം നടത്തിപ്പോന്ന മദാം ദിതെൻസ് എന്ന മധ്യവയസ്കയായ സുന്ദരിക്ക് ഷെവലിയർ ദേസ്തൂഷ് കാനൂൻ എന്ന പട്ടാള ഉദ്യോഗസ്ഥനിൽ ജനിച്ച അവിഹിത സന്തതിയായിരുന്നു പള്ളിമുറ്റത്ത് പ്രത്യക്ഷപ്പെട്ട ആ പിഞ്ചുകുഞ്ഞ്. പത്തുമാസം ചുമന്ന് നൊന്തുപെറ്റ ആ പിഞ്ചോമനയെപ്പറ്റി ആ സ്ത്രീ പിന്നീ ടൊരിക്കലും ചിന്തിക്കുകപോലും ചെയ്തതായി അറിവില്ല. പക്ഷേ, പിതാവായ ദെസ്തുഷ് തന്റെ പിതൃത്വം വെളിപ്പെടുത്താൻ തയ്യാറായില്ലെങ്കിലും ആ കുട്ടിയെ വളർത്തുന്നതിനും വിദ്യാഭ്യാസം ചെയ്യിക്കുന്നതിനും ആവശ്യമായിവന്ന ചെലവുകളെല്ലാം ഒരു ധർമിഷ്ഠന്റെ മുഖംമൂടിയണിഞ്ഞുകൊണ്ട് വഹിക്കുകയുണ്ടായി. ദാലംബേറാകട്ടെ തന്റെ വളർത്തമ്മയെ അമ്മയായി അംഗീകരിക്കുകയും അവരുടെ മരണംവരെ അവരോടൊത്ത് താമസിച്ച് അവർക്ക് ആവശ്യമായ എല്ലാ ശുശ്രൂഷകളും നൽകി കൃതാർഥത നേടുകയും ചെയ്തു.
മതവും നിയമവും കണക്കും
ഷെവലിയർ ദെഷ് നിർലോഭമായി ധനസഹായം ചെയ്തുകൊണ്ട് ദാലംബേറിന്റെ ആഗമനം ആ സാധുകുടുംബത്തിന് ഒരനുഗ്രഹമായാണ് കലാശിച്ചത്. ദാലംബേ റിനെ ഏറ്റവും മെച്ചപ്പെട്ട സ്കൂളുകളിൽ ചേർത്ത് പഠിപ്പിക്കുവാൻ ദെസ്തുഷ് നിഷ്കർഷിച്ചു. അന്നത്തെ പതിവനുസരിച്ച് ദൈവശാസ്ത്രത്തിൽ ഉന്നതപഠനം നടത്താനാണ് ആ ബാലൻ ആദ്യം നിയോഗിക്കപ്പെ ട്ടത്. പക്ഷേ, അവൻ ആ വിഷയത്തിൽ ഒട്ടും തന്നെ താൽപര്യം കാണിച്ചില്ല. അതിനാൽ പിന്നീട് ദാലംബേർ നിയമപഠനത്തിനായി നിയോഗിക്കപ്പെട്ടു. രണ്ടുവർഷത്തെ നിയമ പഠനത്തിനുശേഷം 1738 -ൽ ദാലംബേർ അഭിഭാഷകനായി. പക്ഷേ, ഒറ്റക്കേസു പോലും അദ്ദേഹം വാദിക്കുകയുണ്ടായില്ല. അടുത്ത വർഷം വൈദ്യശാസ്ത്രപഠനത്തി നായി ഒരു ശ്രമം നടത്തി. അതിലും അദ്ദേഹം ഉറച്ചുനിന്നില്ല. അങ്ങനെ കഴിയുമ്പോഴാണ് ന്യൂട്ടൻ, ലീബ്നിസ്, ബർണൗലി തുടങ്ങിയ ശാസ്ത്രജ്ഞന്മാരുടെ ലേഖനങ്ങളുമായി അദ്ദേഹം പരിചയപ്പെട്ടത്. തന്റെ അഭിരുചിക്കൊത്ത മണ്ഡലം ഗണിതശാസ്ത്രമാണെന്ന് ദാലംബേറിന് ബോധ്യമായി. ആ മഹാസമുദ്രത്തിലേക്ക് അദ്ദേഹം സ്വയം കുതിച്ചുചാടി. ഗണിതശാസ്ത്രത്തിന്റെ വിവിധ അനുപയോഗമേഖലകളിലൂടെ ആ പ്രതിഭാധനൻ നീന്തിത്തുടിച്ചു.
എത്രയെത്ര കണ്ടുപിടുത്തങ്ങൾ
1739-ൽ തന്നെ സയൻസ് അക്കാദമിയിൽ അദ്ദേഹം തന്റെ ആദ്യത്തെ പ്രബന്ധം അ വതരിപ്പിച്ച് അഭിനന്ദനം നേടി. 1741 ആയ പ്പോഴേക്കും ദാലംബേർ അറിയപ്പെടുന്ന ഒരു ഗണിതശാസ്ത്രജ്ഞനായി മാറിക്കഴിഞ്ഞിരുന്നു. 1743-ൽ ന്യൂട്ടന്റെ മൂന്നാം ചലന നിയമം വിപുലീകരിച്ചുകൊണ്ടും നിശ്ചല വസ്തുക്കൾക്കും ചലനാവസ്ഥയിലുള്ള വസ്തുക്കൾക്കും ഈ നിയമം ഒരുപോലെ ബാധകമാണെന്ന് തെളിയിച്ചുകൊണ്ടുമുള്ള ചലനത്തെപ്പറ്റിയുള്ള പ്രശസ്തമായ പ്രബന്ധം അദ്ദേഹം പ്രസിദ്ധീകരിച്ചു. ‘ദാലംബേർ – നിയമം’ എന്ന് പിൽക്കാലത്ത് പ്രസിദ്ധമായിത്തീർന്ന സിദ്ധാന്തം ഈ ലേഖനത്തി ലാണ് അദ്ദേഹം അവതരിപ്പിച്ചത്. ഗണിത ശാസ്ത്ര പ്രബന്ധങ്ങളുടെ ഒരു പ്രവാഹം തന്നെ ഇതിനെത്തുടർന്നുണ്ടായി. 1747-ൽ – ഭാഗിക അവകലനത്തെപ്പറ്റി അദ്ദേഹം പ്രസിദ്ധീകരിച്ച പ്രബന്ധം ബർലിൻ അക്കാദമിയുടെ സമ്മാനം നേടി. 1747-ൽ തന്നെ ചലിക്കുന്ന ചരടുകളെപ്പറ്റിയുള്ള പഠനത്തിന് കലനശാസ്ത്രം എത് ഉപകാരപ്രദമാണെന്ന് കാണിച്ചുകൊണ്ട് അദ്ദേഹം പ്രസി ദ്ധീകരിച്ച ലേഖനം നിരവധി ഗവേഷകരെ – ആ രംഗത്തേക്ക് ആകർഷിച്ചു. 1749-ൽ ഏതു വസ്തതുകൊണ്ടുണ്ടാക്കിയതാണെങ്കിലും ഒരു നിശ്ചിത രൂപത്താടുകൂടിയ വസ്തുവിന്റെ ചലനം ചില പൊതുനിയമങ്ങൾ അനുസരിക്കുന്നു എന്നദ്ദേഹം തെളിയിച്ചു. ആ വർഷം തന്നെ ഭൂമിയുടെ സഞ്ചാരപഥ ത്തിൽ വരുന്ന ചില മാറ്റങ്ങൾ അദ്ദേഹം വിശദീകരിച്ചു. 1752-ൽ “ദാലംബേർ പാരഡോക്സ്'(D’Alembert’s paradox) പോലെയുള്ള അമ്പരപ്പിക്കുന്ന നൂതനാശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രബന്ധം അദ്ദേഹം പ്രസിദ്ധീകരിച്ചതോടെ എല്ലാ പണ്ഡിതസദസ്സുകളും അദ്ദേഹവുമായി ബന്ധപ്പെടാൻ അഹമഹമികയാ മുന്നോട്ടു വന്നുതുടങ്ങി. സുന്ദരനും വാചാലനുമായിരുന്ന ദാലംബേർ അക്കാദമി സമ്മേളനങ്ങളിലെ ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒരു പ്രശസ്താതിഥിയായി മാറി. 1746-ൽ ഡെന്നീസ് ദിദറോയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരണമാരംഭിച്ചിരുന്ന സർവവിജ്ഞാനകോശവുമായി ഇതിനകം തന്നെ അദ്ദേഹം ബന്ധപ്പെട്ടു കഴിഞ്ഞിരുന്നു. ശാസ്ത്രലേഖനങ്ങൾ പരിശോധിച്ച് അംഗീകരിക്കാനുള്ള പൂർണ ചുമതല 1752 ആയപ്പോഴേക്കും ദാലംബേറിൽ നിക്ഷിപ്തമായി. 1754-ൽ അദ്ദേഹം ഫ്രഞ്ച് സയൻസ് അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതിലെ ഏറ്റവും ആദരണീയനായ അംഗമായി ഉയരാൻ അദ്ദേഹത്തിന് അധികകാലം കാത്തി – രിക്കേണ്ടിവന്നില്ല.
സ്വതന്ത ചിന്തകൻ
സ്വത്രന്ത ചിന്തകനായിരുന്ന ദാലംബർ ഈ കാലംകൊണ്ട് ക്രിസ്തുമതത്തിന്റെയും രാജഭരണത്തിന്റെയും കടുത്ത വിമർശകനായി മാറിക്കഴിഞ്ഞിരുന്നു. ക്രിസ്തുമതത്തിന്റെ സ്ഥാനത്ത് ശാസ്ത്രാധിഷ്ഠിതമായ ഒരു പുതിയ സംസ്കാരം ജന്മമെടുക്കുമെന്ന് അദ്ദേഹം വാദിച്ചു. വോൾട്ടയറുടെ സുഹൃത്തായിരുന്ന അദ്ദേഹം 1756-ൽ വോൾട്ടയറുമൊത്ത് ജനീവയിലേക്കു പോയി. ആ കാലത്ത് സർവവിജ്ഞാനകോശത്തിനു വേണ്ടി അദ്ദേഹമെഴുതിയ ചില ലേഖനങ്ങൾ കടുത്ത വിമർശനത്തിനുപാതമായി. താൻ പുരോഗമന ചിന്തകന്മാരെന്ന് കരുതിയിരുന്നവർ പോലും എതിർചേരിയിൽ അണിനിരന്നപ്പോൾ ദാലംബേർ വിശ്വവിജ്ഞാനകോശത്തിന്റെ എഡിറ്റർ സ്ഥാനം രാജിവച്ചു. സ്വാതന്ത്യം, സത്യം, ദാരിദ്ര്യം — തുടങ്ങിയവയെപ്പറ്റി എഴുതുന്ന ലേഖകന്മാരുമായി താദാത്മ്യം പ്രാപിക്കാൻ അദ്ദേഹം ശ്രമിച്ചു. 1772-ൽ ദാലംബേർ ഫ്രഞ്ച് അക്കാദമിയുടെ സ്ഥിരം സെക്രട്ടറിയായി ഉയർന്നു. കഴിവുള്ള ശാസ്ത്രകാരന്മാരെ തെരഞ്ഞുപിടിച്ച് പ്രോത്സാഹിപ്പിക്കുവാൻ അദ്ദേഹം ഈ സ്ഥാനം ഉപയോഗപ്പെടുത്തി. അക്കാദമി അംഗങ്ങളെ പൊതുജനങ്ങളുമായി പരിചയപ്പെടുത്തുവാനും അക്കാദമിക്ക് ഒരു ജനകീയ സ്വഭാവം കൈവരുത്തുവാനും അദ്ദേഹം പരമാവധി ശ്രമിച്ചു.
ചക്രവർത്തിനിയുടെ പ്രലോഭനങ്ങൾ പോലും
1752 മുതൽ തന്നെ മഹാനായ ഫെഡറിക് ചക്രവർത്തി ദാലംബേറിനോട് ബർലിൻ അക്കാദമിയുടെ അധ്യക്ഷപദമേറ്റെടുക്കാൻ അപേക്ഷിച്ചുകൊണ്ടിരുന്നു. 1755-ൽ അദ്ദേഹം റൈൻ നദീതീരത്തുള്ള തന്റെ ഗ്രാമീണ സുഖവാസകേന്ദ്രത്തിൽ വച്ച് ദാലംബറിനെ രാജകീയ ബഹുമതികളോടെ സ്വീകരിച്ച് സംസാരിച്ചു. പക്ഷേ, ബർലിനിലേക്ക് ചെല്ലുവാനുള്ള ക്ഷണം അദ്ദേഹം നിരസിക്കുകയാണ് ചെയ്തത്. ഫ്രഡറിക് ചക്രവർത്തിയുടെ മഹാമനസ്കതയേയും ശാസ്ത്രപക്ഷപാതത്തേയും അദ്ദേഹം ബഹുമാനിച്ചു. രാജഭരണത്തിന്റെ ഒരു ഭാഗവുമായി സ്വയം ബന്ധപ്പെടാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. പാരീസിലെ സാമൂഹ്യജീവിതവുമായി അകന്നുനിൽക്കാൻ അദ്ദേഹം തയ്യാറില്ലായിരുന്നു.
എന്നാൽ ബർലിൻ അക്കാദമി വളർത്തിക്കൊണ്ടുവരുവാനുള്ള നിർദേശങ്ങൾ നൽകിയും മഹാന്മാരായ ശാസ്ത്രകാരന്മാരെ അക്കാദമിയിൽ ചേരാൻ പരിപ്പിച്ചും അദ്ദേഹം ചക്രവർത്തിയെ സഹായിക്കുകയുണ്ടായി. 1762-ൽ റഷ്യൻ ചക്രവർത്തിനിയായ കാതറൈൻ ദ്വിതീയയുടെ ദൂതന്മാർ ആരെയും ആകർഷിക്കാൻ പോരുന്ന വാഗ്ദാനങ്ങളും പ്രലോഭനങ്ങളു മായി ദാലംബേറിനെ സമീപിച്ചു. അവയൊന്നും മഹാനായ ആ തത്വചിന്തകനെ ആ കർഷിക്കാൻ ഉതകുന്നവയല്ലെന്ന് മനസ്സിലാ ക്കുവാൻ അധികകാലം വേണ്ടിവന്നില്ല. അദ്ദേഹം തന്റെ ശാസ്ത്രഗവേഷണങ്ങളിൽ വ്യാപൃതനായി പാരീസിൽതന്നെ കഴിഞ്ഞു. ഈ കാലത്താണ് സംഗീതശാസ്ത്രത്തിൽ ഉപരിഗവേഷണം നടത്താൻ കലനശാസ്ത്രം എത്ര ഉപയുക്തമാണെന്ന് തെളിയിക്കുന്ന ലേഖനങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചത്.
പ്രേമവും മരണവും
1765-ൽ ദാലംബേറിന്റെ വളർത്തമ്മ മരിച്ചു. താൻ അന്നോളം കഴിഞ്ഞുകൂടിയ കൊച്ചു വീട്ടിൽനിന്ന് താമസം മാറ്റുവാൻ അദ്ദേഹം ഒട്ടും ഇഷ്ടപ്പെട്ടില്ല. എങ്കിലും വഷളായിക്കൊണ്ടിരുന്ന ആരോഗ്യനില കാരണം ജൂലീദ് ലെസ്പിനാസി എന്ന യുവതിയായ “ആതിഥേയ’യുടെ ഭവനത്തിലേക്ക് അദ്ദേഹം താമസം മാറ്റി. അവളുമായി അദ്ദേഹം പ്രേമ ബന്ധത്തിലായി എന്നതായിരുന്നു ഈ മാറ്റത്തിനു കാരണം. 1776-ൽ ആ സ്ത്രീ മരിച്ചു. അതോടെ അക്കാദമിയുടെ സെക്രട്ടറിയുടെ ഔദ്യോഗിക വസതിയിലേക്ക് അദ്ദേഹം താമസം മാറ്റി. 1783 ഒക്ടോബർ 29-ാം തീയതി നിരവധി ആരാധകരുടെ പരിചര്യകൾ സ്വീകരിച്ചുകൊണ്ട് ആ ഏകാന്തപഥികൻ അന്ത്യശ്വാസം വലിച്ചു.അവിവാഹിതനായിരുന്ന അദ്ദേഹത്തിന് സമ്പാദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഗണിതശാസ്ത്രത്തിലെ അതികായൻ
വോൾട്ടയർ കഴിഞ്ഞാൽ അടുത്ത സ്ഥാനമാണ് അന്നത്തെ ഫ്രാൻസിൽ ദാലംബേറിനുണ്ടായിരുന്നത്. ഗണിതശാസ്ത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ അമൂല്യങ്ങളായിരുന്നു. പക്ഷേ, ഗണിതശാസ്ത്രജ്ഞരെ കണ്ടുപിടിച്ച് പ്രാത്സാഹിപ്പിച്ച് ഉയർത്തിക്കൊണ്ടുവരുന്നതിൽ അദ്ദേഹം നൽകിയ സേവനം അതിലും അമൂല്യമത്രേ. തത്വചിന്തകനായ ഈ മഹാൻ അനാഥനായി ജനിച്ചു. മരിക്കുമ്പോഴും അദ്ദേഹത്തിനു സ്വന്തമെന്നു പറയാൻ ഏതാനും ഉടുവസ്ത്രങ്ങളും ചില പുസ്കങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. ആർക്കും കീഴ്വഴങ്ങാത്ത ആ ദൃഢചിത്തൻ ആരേയും സഹായിക്കാൻ എപ്പോഴും സന്നദ്ധനായിരുന്നു. സ്വന്തം അഭിപ്രായങ്ങളോട് സത്യസന്ധത കാണിച്ച അദ്ദേഹം ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള അസാധാരണ വ്യക്തികളിൽ ഒരാളത്രേ.