Read Time:14 Minute


പി.കെ.ബാലകൃഷ്ണൻ

ജെയിംസ് വെബ്ബ്ബ് പുറത്തുവിട്ട ചിത്രങ്ങൾ

കഴിഞ്ഞ ദിവസം നാസ (NASA) യുടെ ജയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ്പ്  ഭൂമിയിൽ നിന്ന് 7600 പ്രകാശവർഷം (സെക്കന്റിൽ 3 ലക്ഷം കിലോമീറ്റർ എന്ന നിലയിൽ പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരത്തെയാണ് ഒരു പ്രകാശ വർഷം എന്നു പറയുന്നത്) അകലത്തിൽ നക്ഷത്രങ്ങൾ രൂപം കൊള്ളുന്ന NGC 3324 എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള മേഖലയുടെ ചിത്രങ്ങൾ ലഭ്യമാക്കുകയുണ്ടായി. ഈ മേഖല കരീന (Carina Nebula) എന്ന നക്ഷത്രക്കൂട്ടത്തിന്റെ അഗ്രഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. നക്ഷത്രങ്ങളുടെ പിറവി സംബന്ധിച്ച് ഇന്നേവരെ കാണാൻ കഴിയാതിരുന്ന മേഖലകളുടെ ചിത്രമാണ് ഇൻഫ്രാറെഡ് ക്യാമറകൾ ഉപയോഗിച്ച് പകർത്തിയത്. ഇവിടെ ഏതാണ്ട് 7 പ്രകാശവർഷം വരെ ഉയരത്തിൽ പർവത ശിഖരങ്ങൾക്ക് സമാനമായ അഗ്രങ്ങളോടു കൂടി സ്ഥിതി ചെയ്യുന്ന വാതക ഗർത്തങ്ങളുടെയും, SMACS 0723 എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള നക്ഷത്രവ്യൂഹ ഗണത്തിന്റെയും ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിട്ടുള്ളത്.

ജെയിൻ റിഗ്ബി എന്ന ശാസ്ത്രപോരാളി

പ്രപഞ്ചോൽപ്പത്തിയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കുവേണ്ടി NASA യുടെ നേതൃത്വത്തിൽ യൂറോപ്യൻ സ്പെയിസ് ഏജൻസി (ESA), കാനഡിയൻ സ്പെയിസ് ഏജൻസി (CSA) എന്നിവരുടെ പങ്കാളിത്തത്തിൽ നടക്കുന്ന ഒരു പദ്ധതിയാണ് ജെയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ്പ്. അമേരിക്കയിലെ മേരിലാൻഡിലെ ഗോദാർദ് സ്പെയിസ് ഫ്ലൈറ്റ് സെന്ററിൽ 1000 കോടി ഡോളർ ചെലവുള്ള ഈ പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്ന ശാസ്ത്രസംഘത്തിന് നേതൃത്വം നൽകുന്നവരിൽ ഒരാൾ ഡോ. ജെയിൻ റിഗ്ബി (Dr. Jane Rigby) എന്ന ശാസ്ത്രജ്ഞയാണ്.

ഡോ. ജെയിൻ റിഗ്ബി (Dr. Jane Rigby)

സ്കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ ആസ്ട്രോ ഫിസിക്സിൽ തല്പരയായിരുന്ന റിഗ്ബി പെൻസിൽവാനിയ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിലും, അസ്ട്രോണമിയിലും ബിരുദം നേടുകയും തുടർന്ന് അരിസോണ സർവകലാശാലയിൽ നിന്ന് അസ്ട്രോണമിയിൽ ബിരുദാനന്തരബിരുദവും ഡോക്റ്ററേറ്റും നേടുകയും ചെയ്തു. പിന്നീട് കാർണീഗി ഒബ്സർവേറ്ററിയിൽ പോസ്റ്റ് ഡോക്റ്ററൽ ഫെലോഷിപ്പ് നേടുകയും അതിനു ശേഷം 2010 ൽ ഗോദാർദ് ബഹിരാകാശ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡെപ്യൂട്ടി പ്രോജക്റ്റ് സയന്റിസ്റ്റായി നിയമിതയാവുകയും ചെയ്തു.

ശാസ്ത്ര രംഗത്തെ അസാധാരണ നേട്ടങ്ങൾക്കുള്ള റോബർട്ട് . എച്ച്. ഗോദാർദ് അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും ബഹുമതികളും ലഭിച്ചിട്ടുള്ള അവരെ 2021 ലെ ലോകത്തെ ശ്രദ്ധേയരായ 10 പ്രതിഭകളിൽ ഒരാളായി ബ്രിട്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന നേച്ചർ മാസിക തെരഞ്ഞെടുക്കുകയുമുണ്ടായി.

വ്യക്തി ജീവിതത്തിൽ ഏറെ സവിശേഷതകളുള്ള ഒരു വ്യക്തിയാണ് ഡോ. ജെയിൻ റിഗ്ബി. 2000 ൽ ഒരു വിദ്യാർത്ഥി ആയിരുന്നപ്പോൾ അവർ സ്വയം ഒരു ലസ്ബിയനാണെന്നു വെളിപ്പെടുത്തുകയുണ്ടായി. ഇത്തരം വെളിപ്പെടുത്തലുകൾക്ക് നിയമ പരിരക്ഷയില്ലാതിരുന്ന ഒരു കാലമായിരുന്നു അത്. തുടർന്ന് ലസ്ബിയൻ അവകാശങ്ങൾക്കു വേണ്ടി പൊരുതുന്ന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനും അവർ സന്നദ്ധയായി. അസ്ട്രോണമിയിൽ എൽ.ജി.ബി.ടി. അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന കമ്മിറ്റി ഫോർ സെക്ഷ്വൽ ഓറിയന്റേഷൻ ഏന്റ് ജന്റർ മൈനോറിറ്റീസ് ഇൻ അസ്ട്രോണമി (SGMA) എന്ന സംഘടനയിലെ അംഗം കൂടിയാണ് ഡോ. ജെയിൻ റിഗ്ബി.

നാൻസി റോമനോടൊപ്പം (Nancy Grace Roman) ജെയിൻ റിഗ്ബി കടപ്പാട് NASA

ജെയിംസ് വെബ്ബ്ബ് ടെലസ്കോപ്പിന്റെ സവിശേഷതകൾ

ഇപ്പോൾ ജയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അവർ സയന്റിഫിക് അമേരിക്കൻ മാസികയ്ക്ക് നൽകിയ ഒരഭിമുഖത്തിൽ വെബ്ബ് ടെലിസ്കോപ്പിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി.

2021 ക്രിസ്മസ് ദിനത്തിലാണ് ജയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ്പ് ബഹിരാകാശത്തേക്ക് വിക്ഷേപിക്കപ്പെട്ടത്. അന്നു മുതൽ ഇന്നു വരെയുള്ള ടെലിസ്കോപ്പിന്റെ പ്രവർത്തനങ്ങളുടെ ഓരോ നിമിഷവും ഏറെ വിലപ്പെട്ടതായിരുന്നു. പ്രപഞ്ചത്തിലെ ആദ്യ നക്ഷത്രവ്യൂഹങ്ങളെക്കുറിച്ചുള്ള കണ്ടുപിടുത്തങ്ങൾക്കുള്ള ഒരു തയ്യാറെടുപ്പായിരുന്നു ടെലിസ്കോപ്പിന്റെ വിക്ഷേപണത്തിലൂടെ നടന്നത്. വിക്ഷേപണ ദിനം തൊട്ട് ഇന്ന് വരെ വിശ്രമരഹിതമായി പ്രവർത്തിച്ചു കൊണ്ടിരുന്ന ശാസ്ത്രജ്ഞ സംഘത്തിന്റെ ഒപ്പം  ഡോ. ജെയിൻ റിഗ്ബിയുമുണ്ട്.

ബഹിരാകാശത്തിന്റെ ആഴങ്ങളിലേക്ക് പ്രവേശിച്ച് ഒട്ടനവധി അറിവുകൾ ഭൂമിയിൽ നമുക്ക് ലഭ്യമാക്കുമെന്നതാണ് ജയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ്പ് ദൗത്യത്തിന്റെ സവിശേഷത. ഇന്നേവരെ നിർമിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും വലിപ്പമുള്ളതും കാര്യക്ഷമതയുള്ളതുമായ ഈ സ്പേസ് ടെലിസ്ക്കോപ്പ് 2040 കൾ വരെ പ്രവർത്തനക്ഷമമായി നിലക്കൊള്ളുമെന്നാണ് റിഗ്ബി അവകാശപ്പെടുന്നത്. നിലവിലുള്ള എല്ലാ പ്രപഞ്ച നിരീക്ഷണ സംവിധാനങ്ങളെക്കാളും കാര്യക്ഷമതയുള്ളതാണ് ജയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ്പ് എന്നാണ് ഡോ. ജെയിൻ റിഗ്ബി സയന്റിഫിക് അമേരിക്കനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുള്ളത്.

എന്തെല്ലാമാണ് നിരീക്ഷിക്കേണ്ടത്, ആരെല്ലാമാണ് നിരീക്ഷണ ഫലങ്ങൾ ഉപയോഗിക്കേണ്ടത് എന്നൊന്നും നിയന്ത്രിക്കപ്പെടാതെയുള്ള ഒരു പഠന പ്രവർത്തനമാണ് വെബ്ബ് ടെലിസ്കോപ്പ് ഉപയോഗിച്ച് നടത്തുന്നത് എന്നാണവർ അവകാശപ്പെടുന്നത്. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും ലഭ്യമാകുന്ന ആയിരക്കണക്കിന് നിർദ്ദേശങ്ങളെ പരിശോധിച്ച് മുൻഗണനാക്രമം നിശ്ചയിക്കാൻ 200 പേരടങ്ങിയ ഒരു വിദഗ്ധസംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ പരിഗണിക്കുന്നതിൽ സുഹൃദ് രാഷ്ട്രങ്ങളിൽ നിന്നു ലഭിച്ചിട്ടുള്ളവയെന്നോ, അല്ലാത്തവയെന്നോ ഒന്നും തന്നെയുള്ള വേർതിരിവുകളുമുണ്ടാവില്ലത്രെ. കോവിഡ് – 19ന്റെ പശ്ചാത്തലത്തിൽ വിദഗ്‌ധ സംഘത്തിന്റെ പ്രവർത്തനങ്ങൾ ഓൺലൈനായാണ് നടക്കുന്നത്. ഏറ്റവും നല്ല ആശയങ്ങൾ ലഭ്യമാക്കാനുള്ള ഒരു തുറന്ന മത്സരത്തിനുള്ള അവസരമാണ് ഇതിലൂടെ സംജാതമാക്കിയിട്ടുള്ളത്.

വെബ്ബ് ടെലിസ്കോപ്പ് ഉപയോഗിച്ച് ആകാശത്തിന്റെ മൂന്നിലൊന്ന് പ്രദേശത്ത് എവിടേയ്ക്ക് വേണമെങ്കിലും ഒരു ദിവസത്തെ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. ഇത്തരത്തിൽ മൂന്നിലൊന്ന് ഭാഗത്തേക്ക് നിരീക്ഷണം പരിമിതപ്പെടാൻ കാരണം ടെലിസ്കോപ്പിലേക്ക് സൂര്യനിൽ നിന്നോ ചന്ദ്രനിൽ നിന്നോ ഭൂമിയിൽ നിന്നോ ഉള്ള പ്രകാശത്തെ തടയുന്നതിനായി ഷീൽഡുകൾ സ്ഥാപിച്ചിട്ടുള്ളതാണ്. ഈ വിധത്തിലുള്ള ഒരു ക്രമീകരണത്തിലൂടെ ഒരു വർഷം കൊണ്ട് ആകാശത്തിന്റെ 100 ശതമാനവും നിരീക്ഷണ വിധേയമാക്കാൻ കഴിയും. ഒരു പ്രത്യേക നിരീക്ഷണത്തിന് എത്ര ദിവസം ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും ഈ ക്രമീകരണം വഴി കണക്കാക്കാൻ സാധിക്കും. അതു പ്രകാരം നമ്മുടെ സൗരയൂഥത്തിന്റെ പ്രതലത്തെ നിരീക്ഷണ വിധേയമാക്കാൻ 60 ദിവസങ്ങൾ ലഭ്യമാകും. പ്രതലത്തിന് പുറത്ത് സൗരയൂഥത്തിന്റെ ഉത്തരധ്രുവത്തിലും, ദക്ഷിണ ധ്രുവത്തിലും ലക്ഷ്യമിടുന്നവയെല്ലാം വർഷം മുഴുവനും നിരീക്ഷണ വിധേയമാക്കാനും കഴിയും. ഇവയ്ക്കു പുറമെ മറ്റുചില നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെയോ, ചില നക്ഷത്ര സ്ഫോടനങ്ങളെയോ പ്രത്യേകമായി നിരീക്ഷിക്കേണ്ടി വന്നാൽ അതിനും സാധിക്കും.

ഒരിക്കലും വെബ്ബ് ടെലിസ്കോപ്പ് പ്രവർത്തനരഹിതമായി നിൽക്കുകയില്ല. നിരീക്ഷണങ്ങളുടെ മൂന്നിലൊന്ന് സമയം വിവരങ്ങൾ ഭൂമിയിൽ ലഭ്യമാക്കാൻ വേണ്ടിവരും. സെക്കൻഡിൽ 30 മെഗാ ബിറ്റ്സ് എന്ന നിരക്കിലാണ് ഡാറ്റാ ലഭ്യത. വെബ്ബ് ഉപകരണങ്ങളിൽ 57 മെഗാ പിക്സൽ മെമ്മറിയാണുള്ളത്. ഓരോ നിരീക്ഷണത്തിനും മതിയായ സമയം അതായത് ഒരു മാസമെങ്കിലും ലഭ്യമാകും.

JWST യുടെ പ്രൈമറി മിററിനു ഹബിൾ ടെലിസ്കോപ്പിന്റേതിനേക്കാൾ മൂന്നു മടങ്ങു വലിപ്പമുണ്ട് | ചിത്രത്തിന് നാസയോട് കടപ്പാട്
നിരീക്ഷണ രീതികൾ പലതും ഹബിൾ ടെലിസ്ക്കോപ്പിന്റെതിന് സമാനമാണെങ്കിലും മറ്റുപലതും വ്യത്യസ്ഥവുമാണ്. ഉദാഹരണത്തിന് ഹബിൾ ടെലിസ്കോപ്പ് നിരീക്ഷണ സമയത്തിന്റെ പകുതിയും ഭൂമി ഉൾപ്പെടെയുള്ള ആകാശമാണ് നിരീക്ഷിക്കുന്നതെങ്കിൽ ആകാശത്തിന്റെ അഗാധതയിൽ പ്രവർത്തിക്കുന്ന വെബ്ബ് ടെലിസ്കോപ്പിന് ഈ പരിമിതിയില്ല.

മറ്റൊരു പ്രധാന വ്യത്യാസം ജെയിംസ് വെബ്ബ് ടെലിസ്കോപ്പിനുള്ളത് അതിന്റെ സംവേഗ ശക്തിസ്വരൂപണ(momentum build up) വുമായി ബന്ധപ്പെട്ടതാണ്. വെബിന്റെ സൗര കവചങ്ങളിൽ(Solar shields) ഫോട്ടോണുകൾ പതിച്ചുണ്ടാവുന്ന ചുഴറ്റലുകളെ(torques) ക്രമീകരിച്ച് ഇല്ലാതാക്കി വേണം നിർദ്ദിഷ്ട ലക്ഷ്യത്തിലേക്ക് ടെലിസ്കോപ്പിനെ സജ്‌ജീകരികരിച്ച് നിർത്താൻ. വെബിന്റെ പ്രതികരണ ചക്രങ്ങളെ തിരിച്ചു കൊണ്ടാണ് ചുഴറ്റലുകളെ ക്രമീകരിച്ച് ഇല്ലാതാക്കുന്നത്. എന്നാൽ അതിവേഗത്തിലുള്ള ചക്രങ്ങളുടെ ഭ്രമണത്തെ നിയന്ത്രിക്കുകയും വേണം. ഇത് സാധ്യമാക്കുന്നതിന് വെബ്ബ് ടെലിസ്കോപ്പിൽ കരുതിയിട്ടുള്ള പ്രൊപ്പല്ലന്റ് കത്തിച്ച് മർദ്ദം സൃഷ്ടിക്കേണ്ടിവരും. ഹബിൾ ടെലിസ്കോപ്പിൽ ഈ ഒരു പ്രവർത്തനം ഭൂമിയുടെ കാന്തികവലയത്തിന്റെ സഹായത്താൽ പ്രൊപ്പല്ലന്റ് ഉപയോഗിക്കാതെയാണ് നടത്തുന്നത്. എന്നാൽ വെബ്ബ് ടെലിസ്കോപ്പിൽ ഇത് സാധ്യമല്ല. അതുകൊണ്ടാണ് ജെയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ്പിന്റെ പ്രവർത്തനം2040 കൾ വരെയെന്ന നിലയിൽ പരിമിതപ്പെടുമെന്ന് പറയുന്നത്. കരുതി വെച്ച പ്രൊപ്പല്ലന്റ്2040 കളോടെ തീരുകയും ജയിംസ് വെബ്ബ് ടെലിസ്കോപ്പിന്റെ പ്രവർത്തനം അതോടെ നിശ്ചലമാകാനും സാധ്യതയുണ്ടെന്നാണ് ഇപ്പോൾ കരുതുന്നത്.


അധിക വായനയ്ക്ക്,

  1. https://www.nasa.gov/image-feature/goddard/2022/nasa-s-webb-reveals-cosmic-cliffs-glittering-landscape-of-star-birth
  2. https://www.scientificamerican.com/article/meet-the-woman-who-makes-the-james-webb-space-telescope-work/
  3. https://aas.org/comms/sgma/sgma-interviews-jane-rigby

ജെയിംസ് വെബ്ബ്ബ് ചിത്രങ്ങൾ നമ്മോട് പറയുന്നതെന്ത് ? – LUCA TALK കാണാം

Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post രണ്ടായിരം കിലോ ‘റോ കൊക്കെയ്‌നിൽ’ നിന്നുമെത്ര കിലോ കൊക്കെയ്‌ൻ നിർമ്മിക്കാം?
Next post ജീനോം എഡിറ്റഡ് വിളകളും ഭദ്രയുടെ സംശയങ്ങളും
Close