സമൂലകങ്ങളുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചതും അതേസമയം അധികം പറഞ്ഞുകേൾക്കാത്തതുമായ കഥയാണ് ജെയിൻ മർസെറ്റ് എന്ന ബ്രിട്ടീഷ് വനിതയുടേത്. സർവ്വകലാശാല വിദ്യാഭ്യാസവും ഗവേഷണവുമെല്ലാം സ്ത്രീകൾക്ക് നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ സ്വന്തംബുദ്ധിയുടെ നിറവിൽ പുതിയ അറിവുകൾ തേടി ഇറങ്ങിത്തിരിച്ച അനേകം സ്ത്രീകളിൽ ഒരാൾ. ഹംഫ്രി ഡേവിയുടെ പ്രഭാഷണങ്ങളിൽനിന്നുമാണ് ഈ എഴുത്തുകാരി മൂലക ചരിത്രത്തിന്റെ ഭാഗമാകുന്നത്‌.

1769ൽ ജനിച്ച മർസെറ്റ് 1817 ൽ കോൺവെർസേഷൻസ് ഇൻ കെമിസ്ട്രി എന്ന ഗ്രന്ഥം രചിച്ചു. മൂലകമെന്ന വാക്കിന് തന്നെ അർഥം കണ്ടെത്താൻ ശാസ്ത്രജ്ഞർ പണിപ്പെട്ടുകൊണ്ടിരുന്ന സമയം ആയിരുന്നു  അത്. രസമൂലകങ്ങളെപ്പറ്റിയാണ് ഈ എഴുത്തുകാരി ആ പുസ്തകത്തിൽ പ്രതിപാദിച്ചത്. ഈ പുസ്തകത്തിൽനിന്നും ഊർജം ഉൾക്കൊണ്ടാണ് മൈക്കൽ ഫാരഡെ തന്റെ പരീക്ഷണങ്ങൾക്ക് പുതിയ മാനങ്ങൾ നൽകിയതത്രേ.  ഈ പുസ്തകത്തിൽ മാർസെറ്റ് രസമൂലകങ്ങളുടെ ഒരു ലിസ്റ്റ് തന്നെ കൊടുത്തിരുന്നു. ലാവോയ്‌സിയറിന്റെ ലിസ്റ്റുമായി അല്പം സാമ്യം ഉണ്ടായിരുന്നു എങ്കിലും മൂലക വർഗീകരണത്തിനു ശാസ്ത്രീയമായ മുഖം നൽകുകയാണ് അവർ ചെയ്തത്. മൂന്ന് വിഭാഗങ്ങളായാണ് മൂലകങ്ങളെ അവർ വർഗീകരിച്ചത്.

ഒന്നാമത്തെ വിഭാഗത്തിൽ  വൈദ്യുതി, താപം (ഹീറ്റ്  ഓഫ് കലോറിക് ), പ്രകാശം എന്നിവയെ ആണ് ഉൾപ്പെടുത്തിയിരുന്നത്. രണ്ടാം വിഭാഗത്തിൽ ഓക്സിജൻ, ക്ലോറിൻ,അയഡിൻ എന്നിവയും,മൂന്നാമത്തെവിഭാഗത്തിൽ ഓക്സിജനുമായിച്ചേർന്നു സംയുക്തം ഉണ്ടാക്കാൻ കഴിയുന്ന പദാർത്ഥങ്ങളും ആണ് ചേർത്തിട്ടുള്ളത്. മൂന്നാം  വിഭാഗത്തെ വീണ്ടും അഞ്ചു ഉപ വിഭാഗങ്ങൾ ആയും തരം തിരിച്ചിരിക്കുന്നു. താപവും, വൈദ്യുതിയും പ്രകാശവും എല്ലാം അന്ന് മൂലകങ്ങൾ ആയിട്ടാണ് മനസ്സിലാക്കപ്പെട്ടതു എന്നോർക്കുമ്പോൾ ഇന്ന് നമുക്ക് ആശ്ചര്യം തോന്നാം. മൂലകത്തെ നിർവചിക്കാനുള്ള  വലിയ ശ്രമത്തിന്റെ ഭാഗമായി വേണം നമുക്ക് ഇതിനെ വിലയിരുത്താൻ.

ചിത്രം : Matteo Farinella

ഒന്നാം ഉപവിഭാഗത്തിൽ ഹൈഡ്രജൻ കാണാം. രണ്ടാം ഉപവിഭാഗത്തിൽ ഓക്സിജനുമായിച്ചേർന്നു അമ്ലങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന പദാർത്ഥങ്ങളും. കാർബൺ, നൈട്രജൻ,സൾഫർ, ഫോസ്ഫറസ് , ക്ലോറിൻ ,ഫ്ലൂറിൻ എന്നിവ. മൂന്നാം ഉപവിഭാഗത്തിൽ ലോഹസ്വഭാവമുള്ളതും ക്ഷാര നിർമാണത്തിൽ പങ്കെടുക്കുന്നവയുമായ പദാർത്ഥങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നു. സോഡിയം, പൊട്ടാസ്യം അമോണിയം എന്നിവ ഇവിടെയാണ് വരുന്നത്. നാലാം ഉപവിഭാഗത്തിലാണ് ലോഹസ്വഭാവമുള്ള ഏർത് (earth) എന്ന പദാർത്ഥങ്ങൾ ഉണ്ടാക്കാൻ കഴിയുന്നവ. കാൽസ്യം, ബരൈറ്റ (ബേരിയം), മഗ്നീഷ്യ (മഗ്നീഷ്യം), സിലിക്കൺ, അലുമിനിയം, സിർക്കോണിയം എന്നിവ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രകൃതിദത്തമായി ലോഹസ്വഭാവമുള്ളതോ, തന്നിലെ ഓക്സിജൻ വിട്ടുകൊടുത്തു ലോഹമായി മാറാൻ കഴിയുന്നതു ആയ പദാർഥങ്ങളാണ് അഞ്ചാം ഉപവിഭാഗത്തിൽ. കോപ്പർ, സിൽവർ, ഗോൾഡ്, ഇരുമ്പ്, നിക്കൽ, സിങ്ക്, കോബാൾട്, ക്രോമിയം എന്നിവ ഇവിടെ കാണാം.

ആധുനിക രസതന്ത്രത്തിന്റെ പിതാവായ ലാവോയ്‌സിയറിന് ശേഷം മൂലങ്ങളെ കുറിച്ചുള്ള ആധികാരികപഠനം ഇതാണ്. എന്നാൽ മൂലകങ്ങളെക്കുറിച്ചുള്ള പാഠ്യഭാഗങ്ങളിൽ ജെയിൻ മർസെറ്റ് എന്ന ബ്രിട്ടീഷ് എഴുത്തുകാരിയുടെ നാമം സാധാരണ കാണാറില്ല എന്നത് ദൗർഭാഗ്യകരമാണ്. 1858 ൽ ആണ് മർസെറ്റ്‌ അന്തരിച്ചത്. കേവലം ഒരു വക്കീൽ മാത്രമായിരുന്ന ലാവോയ്സിയർ എന്ന ഫ്രഞ്ച്കാരൻ രസതന്ത്രത്തിന്റെ പിതാവായി മാറിയതും, ശാസ്ത്രകുതുകിയായ ഒരു എഴുത്തുകാരി മാത്രമായിരുന്ന മർസെറ്റ് മൂലകവർഗ്ഗീകരണത്തിനു ചുക്കാൻ പിടിക്കുന്നതുമെല്ലാം ശാസ്ത്രലോകത്തിനും, ശാസത്രസ്നേഹികൾക്കും എല്ലാം പ്രത്യേക അനുഭവം തന്നെ.



ഇന്ററാക്ടീവ് പിരിയോഡിക് ടേബിൾ

female engineer in space station

വനിതാ ശാസ്ത്രപ്രതിഭകളുടെ ചിത്രഗാലറി

200 വനിതാശാസ്ത്രജ്ഞർ – ലൂക്ക തയ്യാറാക്കിയ പ്രത്യേക ഇന്ററാക്ടീവ് പതിപ്പ് സ്വന്തമാക്കാം

Leave a Reply

Previous post പ്രഥമ കേരളശ്രീ പുരസ്കാരം എം പി പരമേശ്വരന് സമ്മാനിച്ചു
Next post 2023 മെയ് മാസത്തെ ആകാശം
Close