Read Time:5 Minute
ബോസ് എന്ന പേരുള്ള നിരവധി ശാസ്ത്രജ്ഞരെ ഇന്ത്യ ലോകത്തിനു നൽകിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രസിദ്ധരാണ് ജഗദീഷ് ചന്ദ്ര ബോസും സത്യേന്ദ്രനാഥ ബോസും. ഇരുവരും രണ്ടു കാലഘട്ടങ്ങളിൽ ബംഗാളിൽ നിന്ന് ഉയർന്നുവന്ന് ലോകപ്രശസ്തി നേടിയ ശാസ്ത്രജ്ഞർ.
ഏഷ്യയിൽ തന്നെ ആദ്യമായി ആധുനിക ശാസ്ത്ര ഗവേഷണത്തിന് തുടക്കമിട്ടവരിൽ ഒരാളായിരുന്നു ജഗദീഷ് ചന്ദ്രബോസ് എന്ന ജെ.സി. ബോസ്. ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ മുൻസിഗഞ്ചിൽ 1858 നവംബർ 30-നു ജനിച്ചു. സമ്പന്ന കുടുംബങ്ങളിൽ പിറന്നവർ ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന പതിവുണ്ടായിരുന്ന കാലത്ത് ബംഗാളി മീഡിയം സ്കൂളിൽ പഠിച്ചു. പിന്നീട് കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്സ് കോളേജിലും തുടർന്ന് ഇംഗ്ലണ്ടിലെ ലണ്ടൻ, കേംബ്രിഡ്ജ് സർവ്വകലാശാലകളിലും പഠിച്ചു. നോബെൽ പുരസ്കാര ജേതാവായ റാലേയുടെ ശിഷ്യനാകാനുള്ള അവസരവും ബോസിനു ലഭിച്ചു. പ്രഫുല്ലചന്ദറായിയും (പി.സി. റായി) അന്ന് ഇംഗ്ലണ്ടിൽ വിദ്യാർത്ഥിയായിരുന്നു. അവർ അവിടെ വെച്ച് ഉറ്റചങ്ങാതികളായി. പിന്നീട് ഇരുവരും ഇന്ത്യയിൽ തിരിച്ചെത്തി ഇവിടെ ആധുനിക ശാസ്ത്രഗവേഷണ പഠനങ്ങൾക്ക് നേതൃത്വം നൽകി.

വിദ്യുത്കാന്തിക തരംഗങ്ങളെ സംബന്ധിച്ച് ജയിംസ് ക്ലർക്ക് മാക്സ് വെൽ പ്രവചനം നടത്തിയതിനു ശേഷം അതിനെ സംബന്ധിച്ച് പലരും അക്കാലത്ത് ഗവേഷണം തുടങ്ങിയിരുന്നു. ബോസും ഇക്കാര്യത്തിൽ തത്പരനായി. തുടർന്ന് 1895 മേയ് മാസത്തിൽ ലോകത്താദ്യമായി മില്ലീമീറ്ററുകൾ മാത്രം തരംഗദൈർഘ്യമുള്ള വിദ്യുത് കാന്തി തരംഗങ്ങളെ സൃഷ്ടിച്ച് ചരിത്രത്തിൽ ഇടം നേടി. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ ലോകപ്രശസ്ത ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ ഇടം നേടി. അവ പരിഗണിച്ച് ലണ്ടൻ സർവ്വകലാശാല ഡോക്ടറേറ്റ് ബിരുദം (D.Sc.) നൽകി ആദരിച്ചു.

പിന്നീട് ഇത് വാർത്താവിനിമയ രംഗത്തും ശാസ്‌ത്ര ഗവേഷണ വ്യാവസായിക രംഗങ്ങളിലും വലിയ വിപ്ലവം സൃഷ്ടിച്ചു. എന്നാൽ ഇതിൽ ബൗദ്ധിക സ്വത്തവകാശം സ്ഥാപിച്ചെടുക്കാൻ ബോസിനു താത്പര്യമുണ്ടായില്ല. ശാസ്‌ത്രത്തിലെ കണ്ടുപിടുത്തങ്ങൾ എല്ലാവർക്കും ലഭിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. 1896-ൽ ഏകദേശം ഒരു മൈൽ ദൂരത്തേക്ക് സിഗ്നലുകൾ അയക്കാൻ ബോസിനു കഴിഞ്ഞു. അതിനു വേണ്ടി പലതരം ഉപകരണങ്ങളും ബോസ് കണ്ടെത്തി. ബോസിന്റെ രൂപകല്പന അനുസരിച്ചുള്ള ഉപകരണങ്ങൾ റേഡിയോ ടെലിസ്കോപ്പുകളിൽ പിന്നീട് പ്രാവർത്തികമാക്കിയിട്ടുണ്ട്.
സസ്യശാസ്ത്ര ഗവേഷണത്തിലും ജഗദീഷ് ചന്ദ്ര ബോസ് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ചെടികളുടെ വളർച്ച സൂക്ഷ്മമായി അളക്കാനുള്ള ക്രെസ്കോ ഗ്രാഫ് (crescograph) അദ്ദേഹത്തിന്റെ കണ്ടെത്തലാണ്. തൊട്ടാവാടിയെക്കുറിച്ചൊക്കെ ബോസ് ഏറെ പഠിച്ചിട്ടുണ്ട്. അദ്ദേഹം 1917-ൽ കൊൽക്കത്തയിൽ ആരംഭിച്ച ഗവേഷണ സ്ഥാപനം ബോസ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ പ്രസിദ്ധമാണ്. ഫിസിക്സ്, കെമിസ്ടി, സസ്യശാസ്‌ത്രം, മൈക്രോ ബയോളജി, ബയോ ഇൻഫൊർമാറ്റിക്സ് തുടങ്ങിയ മേഖലകളിൽ ഇവിടെ സജീവമായ ഗവേഷണം നടക്കുന്നു.
