ഐസക് ന്യൂട്ടൺ – ജെയിംസ് ഗ്ലീക് എഴുതിയ ജീവചരിത്രത്തിൽ നിന്ന് ഒരു ഏട്
-ഐസക് ന്യൂട്ടൺ
അയാൾ ജനിച്ചത് മന്ത്രവാദവും അജ്ഞേയതാ വാദവും നിറഞ്ഞ അന്ധകാരത്തിലാണ്. അയാൾക്ക് രക്ഷിതാക്കളോ സ്നേഹിതരോ കാമുകിമാരോ ഉണ്ടായിരുന്നില്ല. തന്റെ സമകാലികരായിരുന്ന മഹാന്മാരുമായി അയാൾ നിരന്തരം കലഹിച്ചു. ഭ്രാന്തിന്റെ വിഹ്വലയമായ കയത്തിലേക്ക് അയാളുടെ മനസ്സ് പലപ്പോഴും തെന്നി വീഴുന്നുണ്ടായിരുന്നു. വിചിത്രമാം വിധം സംശുദ്ധവും എന്നാൽ സംശയബദ്ധവുമായ ഒരു ജീവിതം അയാൾ നയിച്ചു.
എന്നാൽ, നമുക്ക് ഇന്ന് പരിചിതമായ ആധുനിക ലോകത്തിനു അടിത്തറയിട്ടത് അയാളാണ്. അയാൾക്ക് മുൻപോ അതിനു ശേഷമോ ആരും തന്നെ മനുഷ്യ വിജ്ഞാനത്തിന്റെ സത്ത ഇത്ര അഴത്തിൽ കണ്ടെത്തിയിട്ടില്ല. പ്രകാശത്തെയും ചലനത്തെയും സംബന്ധിക്കുന്ന പൗരാണികമായ ദാർശനിക പ്രശ്നങ്ങൾക്ക് അയാൾ ഉത്തരം നൽകി. ഗുരുത്വാകർഷണനിയമങ്ങൾ കണ്ടെത്തി. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനം നിർവചിക്കുന്നതിലൂടെ മനുഷ്യന് പ്രപഞ്ചത്തിലുള്ള സ്ഥാനം നിർണയിച്ചു. അറിവിന്റെ അടിസ്ഥാന ശിലകൾ പാകി. ഈ പ്രപഞ്ചത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ അയാൾ കണ്ടെത്തി. അവ അയാളുടെ പേരിൽ അറിയപ്പെടുന്ന നിയമങ്ങളായി മാറി.
ഏകാന്തതയായിരുന്നു അയാളുടെ പ്രതിഭയുടെ സത്ത. ആധുനിക ലോകത്തിന്റെ ചലനത്തെയും ഒഴുക്കിനെയും നിർണയിക്കാൻ കാൽക്കുലസ് അയാൾ കണ്ടെത്തിയിരുന്നു. എന്നാൽ, തന്റെ സ്വകാര്യമായ ഏകാന്തതയിൽ മഹത്തായ ഈ കണ്ടുപിടുത്തം അയാൾ ഒളിപ്പിച്ചു വച്ചു. പകരം സുദീർഘവും സർഗാത്മകവുമായ ജീവിതകാലത്തിൽ ആൽകെമി എന്ന രഹസ്യ ശാസ്ത്രത്തിന്റെ പിറകെ അയാൾ അലഞ്ഞു നടന്നു. പുറംലോകത്തെ വെളിച്ചത്തെയും വിമർശനത്തെയും വിവാദങ്ങളെയും അയാൾ ഭയന്നു. തന്റെ കണ്ടുപിടുത്തങ്ങളൊന്നും തന്നെ അയാൾ ജീവിത കാലത്തു പ്രസിദ്ധീകരിക്കുകയുണ്ടായില്ല. പ്രപഞ്ചത്തിന്റെ രഹസ്യാത്മകതയുടെ പൊരുൾ മനസ്സിലാക്കിയപ്പോഴും സ്വന്തം മനസ്സിന്റെ രഹസ്യാത്മകത അയാളെ ഭയത്തിലാഴ്ത്തിക്കൊണ്ടിരുന്നു.
സർ ഐസക് ന്യൂട്ടൺ – പ്രപഞ്ചനിയമങ്ങൾ കണ്ടെത്തിയയാൾ
“കടൽത്തീരത്തു കക്ക പെറുക്കുന്ന ഒരു കൊച്ചു കുട്ടിയാണ് ഞാൻ.” ന്യൂട്ടൺ പറഞ്ഞു. ഒരിക്കലും കുഞ്ഞായിരിക്കുമ്പോഴോ പിന്നീടോ ന്യൂട്ടൺ കടൽ തീരത്തു പോയിട്ടില്ല. കടലും ആകാശവുമെല്ലാം അദ്ദേഹത്തിന് ഗണിത സമീകരണങ്ങൾ മാത്രമായിരുന്നു.
ലിങ്കൺഷെയറിലെ ഒരു ചെറിയ കർഷക ഭവനത്തിലാണ് ന്യൂട്ടന്റെ ജനനം. ജനനത്തിനു മുൻപേ മരിച്ചുപോയ അച്ഛൻ കുറച്ചു ആടും ബാർലിയും ഫർണിച്ചറും മാത്രമേ മകന് ബാക്കി വച്ചുള്ളു. പ്രപഞ്ചത്തിന്റെ വിദൂര കോണുകളിലേക്കു സാങ്കല്പിക സഞ്ചാരം നടത്തിയ ന്യൂട്ടൺ തന്റെ ജന്മദേശത്തു നിന്ന് 150 കിലോമീറ്ററകലെ ലണ്ടനപ്പുറം മറ്റെവിടേക്കും ജീവിതകാലത്തു സഞ്ചരിച്ചിട്ടില്ല.
84 ആം വയസ്സിൽ മരിക്കുമ്പോഴേക്കും ന്യൂട്ടൺ ഏറെ സമ്പന്നനായി കഴിഞ്ഞിരുന്നു. അതേവരെ ഒരു മഹാനും ലഭിക്കാത്തത്ര ഉജ്ജ്വലമായ ശവസംസ്കാര ചടങ്ങാണ് ഉണ്ടായത്. ഈ ചടങ്ങിന് സാക്ഷ്യം വഹിച്ച വോൾട്ടയർ ഫ്രഞ്ച് ചിന്തയുടെയും ഇംഗ്ലീഷ് ശാസ്ത്രത്തിന്റെയും വൈവിധ്യം കണ്ടു വിസ്മയിച്ചു.
പ്രപഞ്ചത്തെക്കുറിച്ചും മനുഷ്യ സ്വഭാവത്തെക്കുറിച്ചും സാമ്പത്തിക ചക്രങ്ങളെക്കുറിച്ചുമുള്ള സങ്കല്പനങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തിയാണ് ന്യൂട്ടൺ മണ്മറഞ്ഞത്. പ്രപഞ്ച രഹസ്യങ്ങൾ പരിഹരിക്കാൻ കഴിയും എന്ന ഔദ്ധത്യം അയാളിലൂടെ മനുഷ്യനിൽ നാമ്പിടുകയായിരുന്നു.
പിടികൊടുക്കാത്ത പ്രൊഫസർ, ദൈവശാസ്ത്രജ്ഞൻ, ആൽകെമിസ്റ്റ്
ദശലക്ഷത്തിലേറെ വാക്കുകൾ അദ്ദേഹം രചിച്ചു. ഒന്നുപോലും പ്രകാശിതമായില്ല. ഉറക്കമോ ഭക്ഷണമോ ഇല്ലാതെ തനിക്കു വേണ്ടി മാത്രമുള്ള രചനകൾ. ഗണിതത്തിന്റെ മൂർത്തമായ ഭാഷ മാത്രമേ അദ്ദേഹത്തിന് മനസ്സിലാവൂ. സ്നേഹമോ ഭയമോ മാനുഷികം എന്ന് നാം കരുതുന്ന അമൂർത്ത മാനസിക വ്യാപാരങ്ങൾ അദ്ദേഹത്തിന് അജ്ഞാതമായി തുടർന്നു. എന്നാൽ ദ്രവ്യവും സ്ഥലവും ദൈവത്തിൽ നിന്ന് വിഭിന്നമായി ന്യൂട്ടൺ കണ്ടില്ല. അദ്ദേഹത്തിന്റെ പ്രകൃതി ദർശനങ്ങളിൽ ഒക്കൾട്ട് ചിന്തയും മിസ്റ്ററിയും നിറഞ്ഞു നിന്നു. എന്നാൽ chaos കാണാതിരുന്നുമില്ല. അദ്ദേഹം ഒരു ന്യൂട്ടോണിയൻ ആയിരുന്നില്ല.
“ശാസ്ത്രത്തിന്റെ ബാല്യത്തിൽ ജീവിച്ച ന്യൂട്ടൺ എത്ര ഭാഗ്യവാൻ ആയിരുന്നു.” ഐൻസ്റ്റൈൻ പറഞ്ഞു: “പ്രകൃതി അദ്ദേഹത്തിന് ഒരു തുറന്ന പുസ്തകം ആയിരുന്നു. നമുക്ക് മുന്നിൽ ശക്തിയോടെ, ഉറപ്പോടെ, ന്യൂട്ടൺ തനിച്ചു നിൽക്കുന്നു.”
ജനനത്തിനു മുൻപേ അച്ഛൻ മരിച്ചു. മൂന്നാം വയസ്സിൽ ‘അമ്മ വേറെ വിവാഹം കഴിച്ചു. അന്ന് മുതൽ മുത്തശ്ശിയുടെ കൂടെയായി താമസം. ചുറ്റുപാടും യുദ്ധത്തിന്റെ അലയടികൾ ഉയരുന്നുണ്ടായിരുന്നു. ഐസക്കിന്റെ ആറാം വയസ്സിൽ ചാൾസ് സ്റ്റുവർട്ട് രാജാവ് ശിരച്ഛേദം ചെയ്യപ്പെട്ടു. ചെറിയ ക്ലാസ്സുകളിൽ ഗണിതവും ബൈബിളുമായിരുന്നു പഠന വിഷയങ്ങൾ. ബാല്യത്തിന്റെ ഏകാന്തതയിൽ തന്നെ തനിച്ചാക്കിയ അമ്മയുടെ മരണം കൊച്ചു ന്യൂട്ടൺ സ്വപ്നം കണ്ടു. ഈ തെറ്റിൽ പശ്ചാത്തപിച്ചു മനസ്സ് ഉരുകുകയും ചെയ്തു. എഴുത്തോ അച്ചടിയോ പ്രചാരത്തിൽ ആയിട്ടില്ലാത്ത കാലമാണ്. താൻ താമസിക്കുന്ന തട്ടിന്പുറത്തെ തറയിലും മേൽക്കൂരയിലുമാണ് ന്യൂട്ടൺ തന്റെ ആദ്യകാല ജ്യാമിതീയ രൂപങ്ങൾ വരച്ചു വച്ചത്. പിന്നീട് ചെറിയ നോട്ട്ബുക്കുകളിൽ ആയി എഴുത്തു. 42 ചെറിയ നോട്ട്ബുക്കുകളിൽ 2400 വിഷയങ്ങൾ ക്രമീകരിച്ചുള്ള കുറിപ്പുകൾ. ടൈക്കോ, ഗലീലിയോ, കെപ്ലർ, കോപ്പർനിക്കസ് ….
1659 ൽ പതിനാറാം വയസ്സിൽ ‘അമ്മ ഐസക്കിനെ ഗ്രാമത്തിലേക്ക് വിളിച്ചു. ഒരു കർഷകനാവാൻ. തന്റെ ജീവിത ലക്‌ഷ്യം എന്തെന്ന് ഐസക്കിന് അന്ന് തീർച്ചയുണ്ടായിരുന്നില്ല. എന്തായാലും ഒരു ആട്ടിടയൻ ആവുകയല്ല തന്റെ ഉദ്ദേശ്യം എന്ന് ഉറപ്പായിരുന്നു…
എന്തായാലും കുട്ടിയുടെ പഠന കൗതുകം പരിഗണിച്ചു കേംബ്രിഡ്ജ് സർവകലാശാലയിലെ ട്രിനിറ്റി കോളേജിൽ പഠിക്കാനയക്കാൻ തീരുമാനിക്കുകയായിരുന്നു ..
അന്ന് മൂന്ന് തരം വിദ്യാർത്ഥികളാണ് കേംബ്രിഡ്ജിൽ ഉണ്ടായിരുന്നത്. ഉയർന്ന മേശയിൽ ഭക്ഷണം കഴിക്കുകയും മെച്ചപ്പെട്ട വസ്ത്രങ്ങൾ കഴിക്കുകയും പരീക്ഷയില്ലാതെ വിജയിക്കുകയും ചെയ്യുന്ന നോബിൾ മെൻ, പണം നൽകി പഠിക്കുന്ന പെൻഷനേഴ്‌സ്, മറ്റു കുട്ടികൾക്ക് വേണ്ടി പണിയെടുത്തു അവരുടെ ബാക്കി വരുന്ന ഭക്ഷണം കഴിക്കുന്ന സിസാർ . ഐസക് ട്രിനിറ്റി കോളേജിൽ ചേരുന്നത് ഒരു സബ് സിസാർ ആയിട്ടാണ്.
ഐസക് സ്വന്തമായി ഒരു രഹസ്യ ഭാഷ ഉണ്ടാക്കി. തന്റെ ചിന്തകളും സ്വപ്നങ്ങളും അതിൽ കുറിച്ച് വച്ചു . …
അരിസ്റ്റോട്ടിലിയൻ ജ്ഞാനത്തിന്റെയും ജ്ഞാന സിദ്ധാന്തത്തിന്റെയും തടവറയിലായിരുന്നു ലോകമപ്പോൾ. ഭൂകേന്ദ്രീകൃതമായ ഈ പ്രപഞ്ച സങ്കല്പത്തെ പള്ളിയും അംഗീകരിച്ചു. ട്രിനിറ്റി കോളേജ് ലൈബ്രറിയിൽ 3000 പുസ്തകങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഒരു അദ്ധ്യാപകന് ഒപ്പം മാത്രമേ വിദ്യാർത്ഥികൾക്ക് അതിനുള്ളിലേക്ക് പ്രവേശനമുള്ളൂ. റെനേ ഡെകർത്തേയും ഗലീലിയോയും ന്യൂട്ടണെ ഗാഢമായി സ്വാധീനിച്ചു.
അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തങ്ങളെ മറികടക്കാൻ അരിസ്റ്റോട്ടിലിന്റെ ചിന്ത തന്നെ ന്യൂട്ടൺ ഉപയോഗിച്ചു:
“പ്ലേറ്റോ എന്റെ സുഹൃത്താണ്. എന്നാൽ സത്യം അതിനേക്കാൾ ഉത്തമ സുഹൃത്തും.”
ഗണിതം ഏറ്റവും ഉന്നതമായ ശാസ്ത്രമായി കരുതപ്പെട്ടിരുന്നു. എന്നാൽ അക്കാലമായപ്പോഴേക്കും ഗ്രീക്ക് ഗണിത ശാസ്ത്രജ്ഞന്മാർ അപ്രത്യക്ഷമാവുകയും ഇസ്ലാമിക് ഗണിത ശാസ്ത്രജ്ഞർ വളർന്നു വരികയും ആൾജിബ്രക്ക് അടിസ്ഥാനമിടുകയും ചെയ്തു.
1665 ൽ ലണ്ടനിൽ പ്ലേഗ് ബാധ പൊട്ടിപ്പുറപ്പെട്ടു. തിരിച്ചു ഗ്രാമത്തിലെ വീട്ടിലെത്തിയ ന്യൂട്ടൺ തന്റെ സ്വകാര്യതയിൽ പഠനം തുടർന്നു .
“നിശ്ശബ്ദതയുടെയും ധ്യാനത്തിന്റെയും സന്തതിയാണ് സത്യം.” ന്യൂട്ടൺ വിശ്വസിച്ചു.
യൂക്ലിഡ്, അരിസ്റ്റോട്ടിൽ, ഡെകർത്തേ … ഇവരാരും തന്നെ അനന്തതയെ സ്പർശിക്കാൻ ധൈര്യം കാണിച്ചില്ല. ന്യൂട്ടൻ ആകട്ടെ മടിച്ചു മടിച്ചാണെങ്കിലും അനന്തതയുടെ ഗണിതം പരിശോധിച്ചു നോക്കി. ..അങ്ങനെ സ്ഥലത്തിന് മാനങ്ങളും അളവുമുണ്ടായി …ചലനം ജ്യാമിതിക്കു വിധേയമായി ..
1666 ആ വര്‍ഷം ആയിരക്കണക്കിന് ആളുകൾ പ്ളേഗ് ബാധിച്ചും തീ പിടിച്ചും മരിച്ചു. പുതിയ രാജാവ് തലസ്ഥാനത്ത് നിന്നും ഒളിച്ചോടി. 24 ആം വയസ്സിൽ ഒരു വിദൂര ഗ്രാമത്തിൽ തന്റെ സ്വകാര്യതയിൽ എല്ലാ വസ്തുക്കളെയും ഒരു രൂപരേഖയുടെയും പ്രക്രിയയുടെയും മാറ്റത്തിന്റെയും ഭാഗമായി കണ്ട ന്യൂട്ടൻ തന്റെ എഴുത്തു തുടർന്നു.
ശാസ്ത്ര വിപ്ലവത്തിന്റെ ഏറ്റവും ഉന്നതമായ ശൃംഗത്തിലാണ് ന്യൂട്ടൺ നിൽക്കുന്നത് എന്ന് ചരിത്രകാരന്മാർ പറയുന്നു.
കോപ്പർനിക്കസ്, കെപ്ലർ, ഗലീലിയോ, ന്യൂട്ടൺ …
1687ൽ ഇരുപതു വർഷത്തിന് ശേഷമാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്..അതോടെ 2000 വർഷത്തെ അരിസ്റ്റോട്ടിലിയൻ പ്രപഞ്ച വിജ്ഞാനം കടപുഴകി വീണു …
( ന്യൂട്ടന്റെ ജീവിതത്തെക്കുറിച്ചു കൂടുതൽ അറിയാൻ ഏറെ സഹായകരമാണ് ജെയിംസ് ഗ്ളീക്കിന്റെ ഈ പുസ്തകം (Isaac Newton – James Gleick). ആ പുസ്തകം വായിക്കാൻ പ്രേരിപ്പിക്കുക എന്നത് മാത്രമാണ് ഈ പുനരാഖ്യാനത്തിന്റെ ലക്ഷ്യം.) പുനരാഖ്യാനം: ജി സാജൻ