Read Time:21 Minute


ഡോ പ്രസാദ് അലക്‌സ്

കോവിഡ്‌വൈറസ്(SARS Cov-2) മൃഗങ്ങളിൽ നിന്നാണ് മനുഷ്യനിലേക്കെത്തിയത്. ഇപ്പോൾ മനുഷ്യനിൽ നിന്ന് മൃഗങ്ങളിലെക്ക് പടർന്ന്,  ചില ചെറിയ മാറ്റങ്ങളോടെ തിരികെയെത്തുകയും ചെയ്തു. നെതർലാൻഡ്‌സ്, ഡെന്മാർക്ക് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും യു.എസ്.ലുമൊക്കെ രോമത്തിനായി വളർത്തുന്ന ഒരുതരം നീർനായയാണ് ‘മിങ്ക്’. വെള്ളത്തിലും കരയിലുമായി ജീവിക്കുന്നതാണ് അവയുടെ സ്വഭാവം. ഫാമുകളിൽ വളർത്തുന്ന ലക്ഷക്കണക്കിന് മിങ്കുകളെ കൊന്നൊടുക്കാൻ 2020 നവംബറിൽ ഡെന്മാർക്ക് ഗവണ്മെന്റ് തീരുമാനിച്ചു. കോവിഡ്-19 രോഗം ഇവയിലേക്ക് പടർന്നതാണ് കാരണം.  തൽക്കാലത്തേക്കെങ്കിലും ഡെന്മാർക്കിൽ ‘മിങ്ക്’ ഫാമിംഗ് പൂർണ്ണമായും ഇല്ലാതെയായി.

മൃഗങ്ങളിലേക്ക് മഹാമാരി പടരുന്നതിനെക്കുറിച്ച് വലിയ ആശങ്കയാണ് ഇതോടനുബന്ധിച്ചുയർന്നത്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ പ്രതികൂലമായി ബധിക്കുമോ, മൃഗങ്ങൾ വൈറസ് റിസർവോയറായി വർത്തിക്കുമോ, തിരികെ മനുഷ്യരിലേക്ക് രോഗം പടരുമോ, തുടങ്ങിയ കര്യങ്ങളാണ് ആശങ്ക ജനിപ്പിക്കുന്നത്.

നെതർലാൻഡ്‌സ്, ഡെന്മാർക്ക് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും യു.എസ്.ലുമൊക്കെ രോമത്തിനായി വളർത്തുന്ന ഒരുതരം നീർനായയാണ് ‘മിങ്ക്’

മൃഗങ്ങളിൽ വച്ച് വൈറസ്സിന് ജനിതക വ്യതിയാനങ്ങൾ വരാം. ഈ വ്യതിയാനങ്ങൾ വൈറസുകൾക്ക് കൂടുതൽ വ്യാപനശേഷി നല്കാൻ സധ്യതയേറെയാണ്. മനുഷ്യന് കൂടുതൽ മാരകമായേക്കുകയും ചെയ്യാം. ശാസ്ത്രഞ്ജരിൽ ആശങ്കയുളവാക്കുന്ന കാര്യമതാണ്. ഡെന്മാർക്കിൽ മനുഷ്യരിൽ നിന്ന് വൈറസ് മിങ്കുകളിൽ എത്തി; തിരികെ മനുഷ്യരിലേക്ക് പകരുകയും ചെയ്തു. ഇതിനിടയിൽ വൈറസ്സിന് ജനിതക വ്യതിയാനവും സംഭവിച്ചു. സാർസ് കോവ്-2 വൈറസ്  ആദ്യമായി മനുഷ്യരിലേക്ക് എത്തിയത് വവ്വാലുകളിൽ നിന്ന് പംഗോലിനുകളിൽ ആണെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. ചൈനയിലെ വുഹാനിൽ നടന്നതായി കരുതുന്ന പ്രസ്തുത സ്പീഷീസ് മാറ്റത്തിന് ശേഷം ആദ്യമായാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കോവിഡ് വൈറസ് പകരുന്നത്. പൂച്ചകളിലേക്കും പട്ടികളിലേക്കും മനുഷ്യരിൽ നിന്നീ വൈറസ് പകർന്ന സംഭവങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഇവയിൽ നിന്ന് മനുഷ്യരിലേക്ക് പകർന്ന സംഭവങ്ങൾ ഇതുവരെ ഉണ്ടായതായറിവില്ല. മിങ്കുകളിൽ നിന്നാണ് ആദ്യമായി വൈറസ് മടങ്ങിവരുന്നത് മിങ്കുകളിൽ വച്ച് ജനിതകവ്യതിയാനം വരികയും തിരികെ മനുഷ്യരിലേക്ക് എത്തുകയും ചെയ്ത വൈറസ്‌വകഭേദത്തിന് എന്തായാലും വ്യാപനശേഷി കൂടിയിട്ടില്ല. അവ കാരണം മനുഷ്യരിലുണ്ടായ രോഗത്തിന്റെ കാഠിന്യം വർദ്ധിച്ചതായും തെളിവുകൾ ഇല്ല. പക്ഷേ എല്ലായ്‌പോഴുമങ്ങനെ ആയിക്കൊള്ളണമെന്നില്ല. അതോടൊപ്പം തന്നെ ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ടായിരുന്നു. മനുഷ്യരിലേക്കെത്തിയ വകഭേദം പന്ത്രണ്ട് വ്യക്തികളിൽ നിന്ന് കണ്ടെത്തിയെന്ന് മത്രമല്ല, ലബോറട്ടറി പരീക്ഷണങ്ങളിൽ ആന്റിബോഡികളോട് പ്രതിരോധശേഷി പ്രദർശിപ്പിക്കയും ചെയ്തു. ഈ പ്രതിഭാസം കോവിഡ് വാക്‌സിനുകളുടെ ഫലപ്രാപ്തിയെ പ്രതികൂലമായി ബധിക്കാൻ സധ്യതയുള്ളതാണ്.

അതിനാൽ ഡെന്മാർക്കിലെ ആരോഗ്യവകുപ്പ് ഈ വകഭേദം പകരുന്നത് പൂർണ്ണമായും ഇല്ലാതെയാക്കാനാണ് പരിശ്രമിച്ചത്. ഡെന്മാർക്കിൽ വളർത്തിയിരുന്ന മിങ്കുകളെ മൊത്തം കൊന്നൊടുക്കിയതിന്റെ കാരണമതാണ്. ഫാമുകൾ നിലനിന്നിരുന്ന പ്രദേശങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തു. ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ ഡെന്മാർക്കിൽ നിന്നുള്ള സഞ്ചാരികൾക്ക് നിയന്ത്രണം ഏക്തപ്പെടുത്തി. ഇപ്പറഞ്ഞ വകഭേദത്തിന്റെ ഭീഷണി വാക്‌സിനുകളുടെ വികസനത്തെ പ്രതികൂലമായി ബധിക്കുമെന്ന് തീർച്ചപ്പെടുത്താനൊന്നുമാവില്ലെന്ന് ലോകാരോഗ്യ സംഘടനയും മറ്റ് രാജ്യങ്ങളിലെ പൊതുജനാരോഗ്യ ഏജൻസികളും ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു. ഒരു രീതിയിലും ബാധിക്കില്ലെന്ന് നൂറ്ശതമാനം ഉറപ്പിക്കാനുമാവില്ല. അതുപോലെതന്നെ മൃഗങ്ങളെ കൊന്നൊടുക്കിയ നടപടി ലോകാരോഗ്യ സംഘടന തള്ളിക്കളഞ്ഞുമില്ല.

ഡെൻമാർക്കിൽ ലക്ഷക്കണക്കിന് മിങ്കുകളെ സുരക്ഷാകാരണങ്ങളാൽ കൊന്നൊടുക്കി
നേരത്തെ സൂചിപ്പിച്ചതുപോലെ പട്ടി, പൂച്ച, പന്നി, കുരങ്ങ്, കീരി, കടുവ, ചിലയിനം എലികൾ തുടങ്ങിയവയിലേക്ക് വൈറസ് പകരുന്നത് കണ്ടെത്തിയിട്ടുണ്ട്. പട്ടി, പൂച്ച, കടുവ തുടങ്ങിയവയിൽ കാര്യമായ ഒരു രോഗവും ഇത് മൂലമുണ്ടായിട്ടില്ല. ലബോറട്ടറി പരീക്ഷണങ്ങളിൽ മറ്റ് മൃഗങ്ങളിൽ ചില പ്രശ്‌നങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. പക്ഷേ യൂറോപ്പിലും അമേരിക്കയിലും മിങ്കുകൾ ധാരാളമായി രോഗം ബാധിച്ച് ചത്ത്‌പോയി. ഫാമുകളിൽ വളർത്തിയിരുന്നവയാണ് രോഗം മൂലം ചത്തുപോയതെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇടുങ്ങിയ കൂടുകളിൽ കൂട്ടത്തോടെ വളർത്തുന്നത് മൃഗങ്ങൾക്ക് ക്ലേശകരമായ കാര്യമാണ്. രോഗങ്ങൾക്ക് വിധേയപ്പെടാനത് കാരണവുമാവാം.

പൊതുജനാരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യമുണ്ട്. വൈറസ് ബാധ ഒരു ജീവിവർഗ്ഗത്തെ പ്രതികൂലമായി ബാധിക്കണമെന്നില്ല; എന്നാലും അവ വൈറസിന്റെ റിസർവോയറായി പ്രവർത്തിക്കാം. ഏതെങ്കിലുമൊരു ഘട്ടത്തിൽ മനുഷ്യരിലേക്ക് തിരികെ പകരുകയും ചെയ്യാം. മിങ്കുകളിൽ സംഭവിച്ചപോലെ മറ്റ് മൃഗങ്ങളിൽ വച്ചും വൈറസിന് ജനിതകവ്യതിയാനം സംഭവിക്കാൻ സാധ്യതയുണ്ട്. മിക്കവാറും വ്യതിയാനങ്ങൾ നിരുപദ്രവമാകും. പക്ഷേ മറ്റൊരിനം കൊറോണ വൈറസുമായി ഈ പ്രക്രീയയിൽ സംയോജിക്കാനും കൂടുതൽ അപകടകാരിയായി മാറാനും സധ്യതയുണ്ട്. അതുപോലെ തന്നെ കണക്കിലെടുക്കേണ്ട മറ്റൊരു കാര്യമുണ്ട്. സംരക്ഷിത പട്ടികയിൽ പെട്ട വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ വൈറസ് പ്രതികൂലമായി ബാധിക്കാവുന്നതാണ്. കാലവസ്ഥാവ്യതിയനത്തിന്റെ പശ്ചാത്തലത്തിലിത് പ്രസക്തമാണ്. സ്വഭവികമായ ആവാസകേന്ദ്രങ്ങളുടെ നഷ്ടവും ക്ലേശകരമാവുന്ന പരിതസ്ഥിതിയുമാണ്    പലപ്പോഴും വംശനാശഭീഷണിക്ക് കാരണമാവുന്നത്.  ഈ സഹചര്യങ്ങൾ രോഗം ബാധിക്കനുള്ള സധ്യതയും  വർദ്ധിപ്പിക്കുന്നു. പരിസ്ഥിതിസംരക്ഷകരും ശാസ്ത്രഞ്ജരും ഗൗരവമായി കാണുന്ന പ്രശ്‌നമാണിത്.

മുൻപറഞ്ഞ കാരണങ്ങളാൽ  മൃഗങ്ങളെ സംബന്ധിച്ച് നടത്തുന്ന കോവിഡ് പഠനങ്ങൾ പ്രധാനമാണ്. ഈ രംഗത്ത് ഗവേഷകർ സ്വീകരിക്കുന്ന ഒരു സമീപനം മൃഗങ്ങളുടെ ജിനോമുകളുടെ (സമ്പൂർണ്ണ ജനിതക ശ്രേണി) വിശകലനമാണ്. ആതിഥേയജീവികളിലെ ഒരുകൂട്ടം കോശസ്തരങ്ങളിൽ കാണുന്ന എ.സി.ഇ-2 സ്വീകരണികൾ (ACE2 Receptor- Angiotensin Converting Enzyme 2) വഴിയാണ് വൈറസ് കോശങ്ങളിൽ കയറുന്നത്.  ബാഹ്യാവരണത്തിലെ മുള്ളുപോലുള്ള ഭാഗങ്ങൾ (സ്‌പൈക്) ഉപയോഗിച്ചാണ് സ്വീകരണിയുമായി വൈറസ് ബന്ധം സ്ഥാപിക്കുന്നത്. എ.സി.ഇ-2 പ്രോട്ടീൻ നിർമാണകോഡ് വഹിക്കുന്ന ജനിതകശ്രേണി ഏതൊക്കെ മൃഗങ്ങളിലുണ്ടെന്ന് കണ്‌ടെണ്ടെത്തുകയാണ് ജീനോം വിശകലനത്തിന്റെ ഉദ്ദേശ്യം.
ഒരു ഗവേഷക സംഘം നാനൂറിലധികം മൃഗങ്ങളുടെ ജിനോമുകൾ വിശകലനം ചെയ്തു. കാലിഫോർണിയ സർവകലാശാലയിലെ ജോവന ഡമാസും മറ്റ് പല സ്ഥപനങ്ങളിലെ ശസ്ത്രജ്ഞരും ചേർന്നാണ് പഠനം നടത്തിയത്. മറ്റൊരു കൂട്ടം ഗവേഷകർ ആൾക്കുരങ്ങുകളിൽ പഠനം നടത്തി. മനുഷ്യരിൽ ശ്വാസകോശരോഗങ്ങളുണ്ടാക്കുന്ന വൈറസുകൾ ആൾക്കുരങ്ങുകളെയും ബാധിക്കാറുണ്ട്. മനുഷ്യരോട് വളരെയടുത്ത ജനിതകസാമ്യമുള്ള ചിമ്പാൻസിയുൾപ്പടെയുള്ള ആൾക്കുരങ്ങുകൾക്ക് കോവിഡ്ബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് അവയിലുള്ള പഠനത്തിന് പ്രാധാന്യം നൽകിയത്. പഠനത്തിൽ പങ്കാളിയായ കാൽഗറി സർവ്വകലാശാലയിലെ നരവംശശാസ്ത്രജ്ഞയായ അമാൻഡ മെലിൻ മറ്റ് കുരങ്ങു-അൾക്കുരങ്ങ് വർഗങ്ങളിലേക്കും (primates) പഠനം വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി പറഞ്ഞു. വ്യത്യസ്ത മൃഗങ്ങളിൽ നിന്ന് കണ്‌ടെത്തിയ എ.സി.ഇ-2 സ്വീകരണികൾ ചെറിയ വ്യത്യസ്തതകളുള്ളതാണ.് ഇവയൊക്കെ വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനുമായി എങ്ങനെയൊക്കെ പ്രതിപ്രവർത്തിപ്പിക്കുന്നുവെന്ന് കമ്പ്യൂട്ടർ സിമുലേഷൻ മുഖേന പഠിക്കുകയും ചെയ്തു. പഠനഫലങ്ങളുടെ സൂചനയനുസരിച്ച് ആൾക്കുരങ്ങുകളും ഓൾഡ് വേൾഡ് മങ്കീസ് എന്നറിയപ്പെടുന്ന കുരങ്ങ്‌വർഗങ്ങളും(primates including apes)കോവിഡ് വൈറസ് ബാധയ്ക്ക് വിധേയരാകാൻ സാധ്യത കൂടുതലാണ്. മുൻപറഞ്ഞ രണ്ട് പഠനങ്ങളുടെയും  പ്രീപ്രിന്റുകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ഗൊറില്ലകൾ

ഡോ.മെലിനും സഹപ്രവർത്തകരും യു. സ്.- ലെയും മറ്റ് ചില രാജ്യങ്ങളിലേയും വന്യമൃഗസങ്കേതങ്ങൾ മൃഗശാലകൾ തുടങ്ങിയവയുടെ കാര്യാധികാരികളുമായി ആശയവിനിമയം നടത്തി. മുൻകരുതൽ നടപടികളുടെ ആവശ്യകത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതുകൊണ്ട് യു.എസിലും പല യൂറോപ്യൻ രാജ്യങ്ങളിലും മനുഷ്യരും ഈ മൃഗങ്ങളും തമ്മിൽ ഇടപഴകാൻ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉഗാണ്ടയിലെ കിബാലെയിലെ ചിമ്പാൻസി പ്രൊജക്ടിൽ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ചിമ്പാൻസികളെക്കുറിച്ച് പഠിക്കുന്ന ടഫ്ട് സർവകലാശാലയിലെ സ്‌റിൻ മച്ചാന്ദ ഇത്തരം മുൻകരുതലുകളുടെ  ആവശ്യകതക്ക് അടിവരയിടുന്നു. മനുഷ്യരിലെ സാധാരണ ജലദോഷം പോലും ചിമ്പാൻസികൾക്ക് മാരകമാവാം. കൊറോണ വൈറസുകളുടെ മറ്റിനങ്ങൾ ഇവയെ മുൻകാലങ്ങളിൽ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. കിബാലെപാർക്കിൽ സാധാരണ മനുഷ്യരും ചിമ്പാൻസികളും തമ്മിൽ 24 അടി അകലമാണ് നിബന്ധന. മുൻകരുതലിന്റെ ഭാഗമായി അത് 30 അടിയായി വർദ്ധിപ്പിച്ചു. അതുപോലെ സങ്കേതത്തിലെ ജീവനക്കാർ വീടുകളിൽ പോയിവരുന്ന സമ്പ്രദായം തൽക്കാലത്തേക്ക് നിർത്തി, അവിടെത്തന്നെ താമസിക്കാൻ ഏർപ്പാടാക്കി. ഫീൽഡ് സന്ദർശനത്തിന്റെ സമയദൈർഘ്യം കുറച്ചു. ഉഗാണ്ടാഗവൺമെന്റിന്റെ നിർദ്ദേശ പ്രകാരമാണ് നടപടികൾ സ്വീകരിച്ചത്.

വിസ്‌കോൺസിൻ  സർവ്വകലാശാലയിലെ മൃഗചികിത്സാശാസ്ത്രജ്ഞനും(veterinary scientist) കിബാലെ എക്കോ ഹെൽത്ത് പ്രൊജക്ട് തലവനുമായ ടോണിഗോൾഡ്ബർഗ് പ്രശ്‌നം ഗൗരവതരമാണെന്ന് അഭിപ്രായപ്പെടുന്നു. ചിമ്പാൻസികളിലെ ശ്വാസകോശരോഗത്തെക്കുറിച്ച് പഠിക്കുന്ന ആളാണ് ഡോ ഗോൾഡ്ബർഗ്. ചിമ്പാൻസികളുടെ സംഖ്യ വൻതോതിൽ കുറയുന്നതിന് ശ്വാസകോശ രോഗങ്ങൾ ഇടയാക്കിയത് അദ്ദേഹം ഉദാഹരിക്കുന്നു. 2013-ലെ ഇത്തരമൊരു രോഗബാധയ്ക്ക് കാരണം മനുഷ്യരിൽ കാണുന്ന റൈനോ വൈറസ് സി  ആയിരുന്നു. മനുഷ്യരിലിത് സാധാരണ ജലദോഷപ്പനിക്ക് കാരണമാകുമെന്നേയുള്ളൂ. 2013-ൽ ആദ്യമായാണ് ഈ വൈറസ് ചിമ്പാൻസികളിൽ കാണപ്പെട്ടത്. കോവിഡ് 19-ന് കാരണമായ കൊറോണ വൈറസ് ഇത്തരം വന്യജീവിസങ്കേതങ്ങളിൽ എത്തുകയും അവിടെ നിന്ന് തിരിച്ച് മനുഷ്യരിലേക്ക് മടങ്ങിവരുകയും ചെയ്യുന്നത് നിശ്ചയമായും ഒഴിവാക്കണമെന്ന് ഡോ. ഗോൾഡ്ബർഗ് ശക്തമായി അഭിപ്രായപ്പെടുന്നു. കൊറോണ വൈറസ് മറ്റ് മൃഗങ്ങളിലേക്ക് പടരുന്നുണ്‌ടോ എന്നറിയാൻ വിവിധ ഗവേഷക ഗ്രൂപ്പുകൾ പലയിടങ്ങളിൽ അന്വേഷണം നടത്തുന്നുണ്ട. കടൽ ജീവികളായ തിമിംഗലം മുതൽ ചെറിയ എലികളിൽ വരെ ഇത്തരം നിരീക്ഷണം നീളുന്നു.

ടെക്‌സാസ് സർവ്വകലാശാലയിലെ ഡോ.കെയ്റ്റ് മുൻപറഞ്ഞ പോലെയുള്ള മറ്റൊരു പ്രൊജക്ട് കോ-ഓഡിനേറ്റ് ചെയ്യുന്നു. ഇതുവരെ 252 വന്യജീവി സാമ്പിളുകളിൽ പരിശോധന നടത്തി. അമേരിക്കയിലെ വിവിധയിനം വവ്വാലുകളുൾപ്പെടെ 22 ജീവിവർഗ്ഗങ്ങളെയാണ് പരിശോധിച്ചത്. കോവിഡ് വൈറസ് ഇവയിലേക്ക് പകർന്നിട്ടില്ലെന്നാണ് തെളിവുകൾ നൽകുന്ന സൂചന. അതുപോലെ തന്നെ 538 ഇനം വളർത്ത് മൃഗങ്ങളേയും ജീവികളെയും പരിശോധിച്ചുണ്ട. ഒന്നിലും സജീവ വൈറസ്ബാധ ഉള്ളതായി കണ്ടില്ല. ആന്റിബോഡികൾക്കായുള്ള രക്തപരിശോധനയും നടത്തിയിരുന്നു. ചില സാമ്പിളുകളിൽ മനുഷ്യരിലെപ്പോലെ ആന്റിബോഡി സാന്നിധ്യം കണ്‌ടെത്തി. അതുകൊണ്ട് ഇവയെ വൈറസ് ബാധിച്ചിട്ടുണ്ടാകാം. പക്ഷേ രോഗബാധയുണ്ടാവുകയോ മറ്റുള്ളവയിലേക്ക് പകരുകയോ ചെയ്തിട്ടില്ല എന്നാണ് നിഗമനം.

 

ഒരു സ്പീഷീസിൽ നിന്ന് മറ്റൊന്നിലേക്ക് വൈറസ് കടക്കുന്നത് അപൂർവമായി സംഭവിക്കുന്ന കാര്യമാണ്. പക്ഷേ മനുഷ്യരാശി നേരിട്ടിട്ടുള്ള മഹാമാരികൾ മിക്കവാറും എല്ലതുമിങ്ങനെ സംഭവിച്ചതാണ്. വന്യജീവികളുടെ ആവാസവ്യവസ്ഥ ചുരുങ്ങുമ്പോഴും അവയുടെ നിലനില്പ് സമ്മർദ്ദത്തിലാകുമ്പോഴും സ്പീഷീസ് ചാട്ടത്തിനുള്ള സാദ്ധ്യത വർദ്ധിക്കുന്നു. അത്‌പോലെ മൃഗങ്ങളെ വൻ കൂട്ടങ്ങളായി കൂടുകളിലടച്ച് വളർത്തുന്ന ഫാമുകളിൽ വൈറസ് പടരാനും സ്പീഷീസ് ചാട്ടം നടത്താനും സംഭാവ്യതയേറുന്നു. സമകാലികസാഹചര്യങ്ങൾ ഇക്കാര്യങ്ങൾക്കൊക്കെ അനുകൂലമാണ്. യഥാർത്തത്തിൽ മനുഷ്യർ മൃഗങ്ങളുമായി ഇടപഴകാൻ തുടങ്ങിയ കാലം മുതൽ ഇത്തരം സംഭവങ്ങൾ നമ്മുടെ പരിണാമചരിത്രത്തിലുണ്ട്. മനുഷ്യജീനോമിൽ അതിന്റെ മുദ്രകൾ നാമിന്നു കാണുന്നു. മുൻകരുതലുകളും നടപടികളും അതുകൊണ്ടനിവാര്യമാണ്. ഡെന്മാർക്കിലെ മിങ്കുകൾ മാത്രമാണ് നാളിതുവരെ മൃഗങ്ങളിൽ കോവിഡ്-19 രോഗം ബാധിച്ചതിന് ഉദാഹരണം. തന്നെയുമല്ല അവയുടെ ശരീരത്തിൽ വച്ച്  വൈറസിന് ജനിതക വ്യതിയാനം വരികയും മനുഷ്യരിലേക്ക് തിരിച്ചെത്തുകയും ചെയ്തു. വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ആരോഗ്യ പ്രശ്‌നമാണ് ഇതെന്ന് സാരം. നമ്മുടെ നാട്ടിൽ ഈവിഷയത്തിൽ ഗൌരവമായ പഠനമോ സർവേയോ അലോചനയോ നടക്കുന്നതായി അറിവില്ല. കോവിഡ് നിയന്ത്രണങ്ങൾക്ക് അയവുവന്നതോടെ വന്യജീവി സങ്കേതങ്ങളും പാർ ക്കുകളുമൊക്കെ സന്ദർശകർക്കായി തുറന്നിട്ടുണ്ട്. മൂന്നറിലെ ഇരവികുളം നാഷണൽ പാർക്കിൽ വരയാടുകളുമായി സന്ദർശകർ അടുത്തിടപഴകുന്ന വാർത്തകൾ ധാരാളമായി വരുന്നു. വരയാടിനെ കെട്ടിപ്പിടിച്ചെടുക്കുന്ന സെൽഫികൾ സമൂഹമാധ്യമങ്ങളിൽ കറങ്ങുന്നുണ്ട്. ഇരവികുളത്തെ മാത്രം കഥയല്ലിത്. മനുഷ്യനിൽ കുഴപ്പങ്ങളുണ്ടാക്കാത്ത വൈറസുകൾ മൃഗങ്ങളിൽ പ്രശ്‌നമാകാം, നേരേമറിച്ചും.  കോവിഡിന്റെ മാത്രം പ്രശ്‌നമല്ലിതൊന്നും. കാര്യഗൌരവത്തോടെ പ്രശ്‌നത്തെ സമീപിച്ചില്ലെങ്കിൽ ഭാവിയിൽ നാം വലിയ വിലകൊടുക്കേണ്ടി വന്നേക്കാം.


അധികവായനയ്ക്ക്

  1. SARS-CoV-2 mink-associated variant strain – Denmark, Disease Outbreak News, 6 November 2020, WHO,
  2. What’s the science behind mink and coronavirus? By Helen Briggs, BBC Environment correspondent,
  3. Primatologists work to keep great apes safe from coronavirus, By Ann GibbonsMay. 1, 2020,
  4. Melin, A.D., Janiak, M.C., Marrone, F. et al. Comparative ACE2 variation and primate COVID-19 risk. Commun Biol 3, 641 (2020). https://doi.org/10.1038/s42003-020-01370-w
  5. Joana Damas, Graham M. Hughes et. al., Broad host range of SARS-CoV-2 predicted by comparative and structural analysis of ACE2 in vertebrates, Proceedings of the National Academy of Sciences Sep 2020, 117 (36) 22311-22322; DOI: 10.1073/pnas.2010146117
  6. Gibson, W. T., Evans, D. M., An, J. & Jones, S. J. M. ACE 2 coding variants: A potential X-linked risk factor for COVID-19 disease. Preprint at https://doi.org/10.1101/2020.04.05.026633 (2020).
  7. C. Shan et al., Infection with novel coronavirus (SARS-CoV-2) causes pneumonia in the Rhesus macaques. Cell Res. 30, 670–677 (2020).
  8. COVID-19 and Animals What you need to know about COVID-19 and Pets and Other Animals, The Ohio State University updates on COVID-19. (updated 8/18/2020) The Ohio State University, Veterinary College https://vet.osu.edu/about-us/news/covid-19-and-animals

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഐസക് ന്യൂട്ടൺ  – ജെയിംസ് ഗ്ലീക് എഴുതിയ ജീവചരിത്രത്തിൽ നിന്ന് ഒരു ഏട് 
Next post നൊച്ചാടിന്റെ കോവിഡ് അനുഭവം, കേരളത്തിന്റെയും
Close