Read Time:9 Minute

Isaac Newton“മര്‍ത്യാ, മനുഷ്യരാശിക്കു ലഭിച്ച ഈ അമൂല്യ രത്നത്തെയോര്‍ത്ത് ആഹ്ലാദിക്കൂ…” മാനവരാശിയെ ഏറെ സ്വാധീനിച്ച ഒരു ശാസ്ത്രജ്ഞന്റെ കല്ലറയില്‍ കൊത്തിവെച്ചിട്ടുള്ള വാക്കുകളാണിവ. സര്‍ ഐസക് ന്യൂട്ടണ്‍ എന്ന ആ മനീഷിയുടെ ജന്മദിനമാണ് ഡിസംബ്ര‍ 25. ഗണിതജ്ഞന്‍, ജ്യോതിശാസ്ത്രജ്ഞന്‍, തത്വചിന്തകന്‍, ആല്‍കെമിസ്റ്റ് എന്നിങ്ങനെ അനവധി വിശേഷണങ്ങളുള്ള പ്രഗല്ഭനായ ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനായിയിരുന്നു സര്‍ ഐസക് ന്യൂട്ടന്‍ (1642 ഡിസംബര്‍ 25 – 1726 മാര്‍ച്ച് 20). ഗുരുത്വാകര്‍ഷണ നിയമത്തിന്റെ പിതാവ്, ചലന നിയമങ്ങളുടെ ഉപജ്ഞാതാവ് എന്നീ വിശേഷണങ്ങളും അദ്ദേഹത്തിനുണ്ട്.

ഇംഗ്ലണ്ടിലെ വുള്‍സ് തോര്‍പ്പില്‍ ഹന്നാ ഐസ്കൊഫിന്റെ യും ഐസക് ന്യൂട്ടന്റെയും പുത്രനായി ന്യൂട്ടണ്‍ ജനിച്ചു. ജനനത്തിന് രണ്ടുമാസം മുന്‍പ് പിതാവ് മരിച്ചു. ന്യൂട്ടണ് മൂന്ന് വയസ്സായപ്പോള്‍ അമ്മ പുനര്‍വിവാഹം കഴിച്ചു. അമ്മുമ്മയുടെ സംരക്ഷണയിലാണ് പിന്നീട് വളര്‍ന്നത്. പന്ത്രണ്ടാം വയസ്സിലാണ് സ്കൂളില്‍ ചേര്‍ന്നത്. പഠനത്തില്‍ അസാധാരണമികവൊന്നും പ്രദര്‍ശിപ്പിച്ചിരുന്നില്ല. എന്നാല്‍ യാന്ത്രികമോഡലുകള്‍ ഉണ്ടാക്കുന്നതില്‍ അക്കാലത്തും ന്യൂട്ടന്‍ താല്പര്യപ്പെട്ടിരുന്നു. സൺ ഡയല്‍, വാട്ടര്‍ക്ലോക്ക്, നാല്‍ചക്ര വാഹനം തുടങ്ങി അനവധി യാന്ത്രികമോഡലുകള്‍ സ്കൂള്‍ പഠനകാലത്ത് ഉണ്ടാക്കി. പതിനഞ്ചാമത്തെ വയസ്സില്‍ വീണ്ടും ന്യൂട്ടന് പഠനം നിര്‍ത്തിവയ്കേണ്ടിവന്നു. അമ്മയുടെ രണ്ടാം ഭര്‍ത്താവിന്റെ മരണത്തോടെ അവരുടെ കൃഷിയിടത്തില്‍ പോയി ജോലി ചെയ്യാന്‍ നിര്‍ബ്ബന്ധിതനായി. കൊച്ചു ബാലനിലുള്ള അസാധാരണത്വം ദര്‍ശിച്ച അമ്മാവന്‍ 1660 ല് അതായത് 18 വയസ്സില്‍ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ ചേര്‍ത്തു. അവിടെ അദ്ധ്യാപകനായിരുന്നു അമ്മാവന്‍. 1665 -ല്‍ അവിടെ നിന്നും ബിരുദം നേടി.
അവിടെനിന്ന് പ്രകാശത്തെ കുറിച്ച് കെപ്ലര്‍ എഴുതിയ പുസ്തകങ്ങളും ഡെസ്കാര്‍ട്ട്സ്സിന്റെ ‘ജ്യോമട്രി’യും വായിക്കാനിടയായി. ഇവ അദ്ദേഹത്തിന്റെ ചിന്തയെ മൗലികമായി സ്വാധീനിച്ചു.  ഗണിതത്തിലായിരുന്നു ന്യൂട്ടന്റെ ശ്രദ്ധേയമായ ആദ്യ സംഭാവന. ദ്വിപദനങ്ങളുടെ ഘാതങ്ങളെ വിപുലനം ചെയ്യാനുള്ള ഒരു പൊതുനിയമം – ബൈനോമിയല്‍ പ്രമേയം – അദ്ദേഹം വികസിപ്പിച്ചു.  കലനത്തിന്റെ പ്രാഥമിക ആശയങ്ങളും അദ്ദേഹം രൂപപ്പെടുത്തിയെടുത്തിരുന്നെങ്കിലും അത് പൂര്‍ണ്ണമായി വികസിപ്പിക്കുന്നതിനുമുന്‍പ് 1665 – ല്‍ ലണ്ടനില്‍ പ്ലേഗ് പിടിപെടുകയും അമ്മയുടെ കൃഷിയിടത്തിലേക്ക് മടങ്ങേണ്ടിവരുകയും ചെയ്തു.

അവിടെവെച്ചാണ് അദ്ദേഹം തന്റെ ഗുരുത്വാകര്‍ഷണ നിയമത്തിന് രൂപം നല്‍കുന്നത്. ആ കൃഷിയിടവുമായി ബന്ധപ്പെടുത്തിയാണ് ആപ്പിള്‍ അദ്ദേഹത്തിന്റെ തലയില്‍ ആപ്പിള്‍ വീണ കഥ പ്രചരിച്ചത്. ആപ്പിളിനെ താഴേക്ക് വീഴാന്‍ സഹായിക്കുന്ന ബലം തന്നെയാണോ ചന്ദ്രനെ അതിന്റെ സഞ്ചാരപഥത്തില്‍ പിടിച്ച് നിര്‍ത്തുന്നത് എന്ന ആലോചനയാണ് സത്യത്തില്‍ അദ്ദേഹത്തിനുണ്ടായത്. കാരണം, അന്ന് വരെ നിലനിന്നിരുന്ന അരിസ്റ്റോട്ടിലിന്റെ കനത്ത വാദങ്ങള്‍ക്ക് എതിരായിരുന്നു അത്. പ്രപഞ്ചത്തിലെ വസ്തുക്കളെല്ലാം രണ്ട് തരം നിയമങ്ങള്‍ അനുസരിക്കുന്നതായി അരിസ്റ്റോട്ടില്‍ പ്രവചിച്ചിരുന്നു. ഭൂമിയിലെ വസ്തുക്കള്‍ ഒരുതരം നിയമങ്ങളും ആകാശത്തിലെ ഗോളങ്ങള്‍ മറ്റൊരുതരം നിയമങ്ങളും അനുസരിക്കുന്നു എന്നായിരുന്നു അത്. ആകാശത്തും ഭൂമിയിലും ഒരേ നിയമം അനുസരിക്കപ്പെടുന്നു എന്നു ന്യൂട്ടന്‍ ചിന്തിച്ചപ്പോള്‍ അത് ഒരു പുതിയ ആശയവിപ്ലവത്തിന്റെ തുടക്കമായിരുന്നു. എന്നാല്‍ ചന്ദ്രന്റെ സഞ്ചാരപഥത്തെക്കുറിച്ച് പഠിച്ചപ്പോള്‍ അത് ന്യൂട്ടന്റെ കണക്കുകൂട്ടലില്‍നിന്നും അല്പം വ്യത്യാസമായിരുന്നു. അതിനാല്‍ ന്യൂട്ടന്‍ ഭാഗികമായി വികസിപ്പിച്ചെടുത്ത തന്റെ ഗുരുത്വാകര്‍ഷണ നിയമം തല്‍ക്കാലം മാറ്റിവച്ചു.

പ്രകാശത്തിന്റെ ഘടനയെക്കുറിച്ചും ഇക്കാലത്ത് അദ്ദേഹം ധാരാളം പഠനങ്ങള്‍ നടത്തി. നിറങ്ങളെക്കുറിച്ച് ബോയല്‍ എഴുതിയ പുസ്തകങ്ങളും കെപ്ലരുടെ എഴുത്തുകളും ന്യൂട്ടനെ വല്ലാതെ സ്വാധീനിച്ചു. ഒരു പ്രിസത്തിലൂടെ പ്രകാശകിരണം കടത്തിവിടുമ്പോള്‍ പ്രിസം നിറങ്ങള്‍ ഉല്പാദിപ്പിക്കുന്നതായി ബോയല്‍ പ്രസ്താവിച്ചത് ന്യൂട്ടന് സ്വീകാര്യമായില്ല. അദ്ദേഹം പരീക്ഷണങ്ങളിലൂടെ അത് തെറ്റാണെന്ന് തെളിയിച്ചു. മറ്റൊരു പ്രിസം തിരിച്ചുവച്ച് ആദ്യത്തെ പ്രിസത്തില്‍നിന്നുത്ഭവിക്കുന്ന നിറങ്ങളെ വീണ്ടും കൂട്ടിയോജിപ്പിച്ച് ആദ്യത്തെ പ്രകാശംതന്നെ സൃഷ്ടിച്ചു. പ്രിസം കൊണ്ടുള്ള പരീക്ഷണങ്ങള്‍ ന്യൂട്ടന് വലിയ പ്രസിദ്ധി നേടിക്കൊടുത്തു.

689px-NewtonsTelescopeReplica
ന്യൂട്ടന്റെ ടെലസ്കോപ്പ്

ന്യൂട്ടന്‍ തന്റെ 29 മത്തെ വയസ്സില്‍ കേംബ്രിഡ്ജില്‍ ലൂക്കേഷ്യന്‍ പ്രൊഫസര്‍ ഓഫ് മാത്തമാറ്റിക്സ് ആയി. ഇതിന്റെയൊക്കെ പരിസമാപ്തിയായി 1668ല്‍ പ്രതിഫലന ടെലസ്കോപ്പ് നിര്‍മിച്ചു. ന്യൂട്ടന്റെ പ്രശസ്തി ഉയര്‍ന്നതോടെ 1672ല്‍ റോയല്‍ സൊസൈറ്റി അദ്ദേഹത്തെ പ്രഭാഷണത്തിന് ക്ഷണിച്ചു. 1672 മുതല്‍ 1676 വരെ റോയല്‍ സൊസൈറ്റിക്ക് അയച്ച് കൊടുത്ത പ്രഭാഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും എല്ലാം സംഗ്രഹമാണ് അദ്ദേഹം 1704ല്‍ പ്രസിദ്ധീകരിച്ച ‘ഓപ്റ്റിക്സ്’ എന്ന പുസ്തകം.

1680-ഓടെയാണ് പ്രിന്‍സിപ്പിയ എഴുതാനുള്ള സാഹചര്യം ന്യൂട്ടന് ഉണ്ടായത്. 1687ല്‍ പ്രസിദ്ധീകരിക്കപ്പെട്ട “ഫിലോസോഫിയ നാച്ചുറാലി പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക” എന്നു മുഴുവന്‍ പേരും “പ്രിന്‍സിപ്പിയ” എന്ന ചുരുക്ക് പേരും ഉള്ള ന്യൂട്ടന്റെ ഗ്രന്ഥം “പ്രകൃതിയുടെ തത്ത്വശാസ്ത്രത്തിന്റെ ഗണിതശാസ്ത്രനിയമങ്ങള്‍“ എന്നു ഭാഷാന്തരണം ചെയ്യാം. ഭൗതിക വിജ്ഞാനം ഉള്ളിടത്തോളംകാലം പഠിക്കാതിരിക്കാന്‍ കഴിയാത്തതാണ് പ്രിന്‍സിപ്പിയയുടെ ഉള്ളടക്കം.

1689ല്‍ ബ്രിട്ടിഷ് പാര്‍ലമെന്‍റില്‍ തെരഞ്ഞെടുക്കപ്പെട്ട് പിന്നീട് തിരിച്ച് വന്നതോടെ അദ്ദേഹം രോഗശയ്യയിലായി. അവസാന കാലത്ത് ഈയത്തില്‍നിന്നും രസത്തില്‍ നിന്നും സ്വര്‍ണ്ണമുണ്ടാക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുകയും വര്‍ഷങ്ങളോളം അതിന് ചെലവഴിക്കുകയുമുണ്ടായി. 1725 മുതല്‍ തികച്ചും രോഗഗ്രസ്തനായ ന്യൂട്ടന്‍ തന്റെ 85-ആം വയസ്സില്‍; 1727 മാര്‍ച്ച് 20ന്‌ ഇഹലോകവാസം വെടിഞ്ഞു.

[divider]

കടപ്പാട് : വിക്കിപീഡിയ, ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ

Happy
Happy
59 %
Sad
Sad
8 %
Excited
Excited
9 %
Sleepy
Sleepy
4 %
Angry
Angry
11 %
Surprise
Surprise
8 %

One thought on “ഐസക് ന്യൂട്ടണ്‍

Leave a Reply

Previous post ചൊവ്വയും മീഥൈനും പിന്നെ ജീവനും
Next post സൂര്യൻ
Close