കേരളത്തിലെ ഒരു സാധാരണ ദിവസം നട്ടുച്ചയ്ക്ക് പുറത്തു ഇറങ്ങിയാൽ തന്നെ നമ്മൾ ചൂടിനേയും വെയിലിനെയും പറ്റി പരാതി പറയും. ഉയർന്ന താപനിലയും കണ്ണിലേക്ക് തുളച്ചു കയറുന്നത് പോലുള്ള തീക്ഷ്ണമായ സൂര്യൻറെ പ്രകാശവും നമ്മളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. എന്നാൽ ചുട്ടുപൊള്ളുന്ന വെയിലും പൊടിക്കാറ്റും അതിജീവിച്ച് മരുഭൂമിയിൽ തലയെടുപ്പോടെ നടന്നു നീങ്ങുന്ന ഒട്ടകങ്ങളെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
കാമേലിഡ് കുടുംബക്കാർ
ആർട്ടിയോഡാക്റ്റൈല (Artiodactyla) എന്നക്രമത്തിൽ പെടുന്ന സസ്തനികളാണ് കാമേലിഡുകൾ. കാമേലിഡ് കുടുംബത്തെ ഓൾസ് വേൾഡ് കാമേലിഡ്സ് എന്നും ന്യൂ വേൾഡ് കാമേലിഡ്സ് എന്നും രണ്ടായി തരം തിരിക്കാം. ഇതിൽ ഓൾഡ് വേൾഡ് കാമേലിഡ്സ് ഗണത്തിൽ പെടുന്നവയാണ് ഡ്രോമെഡറി ഒട്ടകങ്ങൾ (Dromedary camel), ഡൊമസ്റ്റിക് ബാക്ട്രിയൻ ഒട്ടകങ്ങൾ (Bactrian camel), വൈൽഡ് ബാക്ട്രിയൻ ഒട്ടകങ്ങൾ എന്നിവ.
ലോകത്തെ 90% ഒട്ടകങ്ങളും ഡ്രോമെഡറി ഇനത്തിൽ പെടുന്നവയാണ്. മനുഷ്യരോട് ഇണങ്ങി ജീവിക്കുന്ന ഇവർ ‘അറേബ്യൻ ഒട്ടകം’ എന്നും വിളിക്കപ്പെടുന്നു. ആഫ്രിക്ക, അറേബ്യ, ഓസ്ട്രേലിയ മുതലായ ഇടങ്ങളിലാണ് ഇവരെ കണ്ടു വരുന്നത്. ബാക്ട്രിയൻ ഒട്ടകങ്ങളെ മധ്യേഷ്യയിൽ കാണപ്പെടുന്നു. ഡ്രോമെഡറിക്ക് മുതുകത്ത് ഒരു ഹമ്പ് മാത്രവും ബാക്ട്രിയൻ വിഭാഗത്തിന് രണ്ടു ഹമ്പുകളും ആണുള്ളത്.ലോകത്തിലെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന എട്ടാമത്തെ വലിയ സസ്തനിയാണ് വൈൽഡ് ബാക്ട്രിയൻ ഒട്ടകങ്ങങ്ങൾ.
സൗത്ത് അമേരിക്കയിൽ കണ്ടുവരുന്ന ലാമ, ഗ്വാനക്കോ, അൽപാക്ക, വികുന എന്നിവയാണ് ന്യൂ വേൾഡ് കാമേലിഡുകൾ. ഇതിൽ ലാമയെയും അൽപാക്കയെയും ചരക്ക് എടുക്കാനും കമ്പിളി ഉത്പാദിപ്പിക്കാനും ഉപയോഗിക്കുന്നു. ഗ്വാനക്കോയും വികുനയും കാട്ടുമൃഗങ്ങളാണ്.
അനുകൂലനങ്ങൾ
ദിവസങ്ങളും മാസങ്ങളും പൊരിവെയിലത്ത് ചുടുമണലിലൂടെ നടക്കുന്ന ഒട്ടകങ്ങൾക്ക് ഈ വെയിലും ജലദൗർലഭ്യവും ഒന്നും ഒരു പ്രശ്നമല്ല. ഒട്ടകത്തിന്റെ ശരീരഘടനയിലും പ്രകൃതത്തിലുമുള്ള ചില പ്രത്യേകതകളാണ് അവയ്ക്ക് ഈ കഴിവ് നല്കുന്നത്. അവ എന്തൊക്കെയാണെന്നു നോക്കാം.
- ഒട്ടകത്തിന്റെ മൂക്ക് അതിന് ഇഷ്‌ടാനുസരണം അടയ്ക്കാനും തുറക്കാനും കഴിയും. അതുകൊണ്ടുതന്നെ മണൽക്കാറ്റടിക്കുമ്പോൾ മണൽത്തരി ശ്വാസകോശത്തിൽ പ്രവേശിക്കുന്നില്ല. മൂക്കിൻ്റെ അകത്തുള്ള ഒരു ‘ശ്ലേഷ്‌മ പടലം ഉച്ഛ്വാസവായുവിലൂടെ ജലാംശം നഷ്‌ടപ്പെടുന്നത് തടയുന്നു.
- മരുഭൂമിയിലെ ജീവിതത്തിന് അനുയോജ്യമായ രീതിയിൽ രൂപകല്‌പന ചെയ്യപ്പെട്ടവയാണ് ഒട്ടകത്തിന്റെ കണ്ണുകൾ. കണ്ണുകൾക്ക് മൂന്ന് കൺപോളകൾ ഉണ്ട്. ആദ്യത്തേത് അർധസുതാര്യ പാളിയാണ്. ഇത് കണ്ണിനെ പൂർണമായി മൂടും. രണ്ടു നിര കൺപീലികളും മരുഭൂമിയിലെ കഠിനമായ അവസ്ഥയിലും മണലിലൂടെ സഞ്ചരിക്കുമ്പോഴും ഒട്ടകത്തിന്റെ കണ്ണിൽ പൊടിമണൽ കയറാതെ നോക്കുന്നു. അവയുടെ നീളമുള്ള കാലുകൾ നടക്കുമ്പോഴും നില്ക്കുമ്പോഴും മണലിൽ നിന്നുള്ള ചൂട് ശരീരത്തിൽ ഏല്ക്കുന്നത് കുറയ്ക്കും. കുളമ്പുകൾക്ക് സാമാന്യത്തിലധികം വിസ്തൃതിയുള്ളതിനാൽ ഒട്ടകങ്ങൾ യാതൊരു ബുദ്ധിമുട്ടും കൂടാതെ മണലിൽ ചുവടുറപ്പിക്കും.
- മനുഷ്യർ ഉൾപ്പെടെയുള്ള ഉഷ്‌ണരക്ത ജീവികൾക്ക് ശരീരതാപനില മാറ്റമില്ലാതെ നിയന്ത്രിച്ചു നിർത്തേണ്ടതുണ്ട്. അതിനായി പല മാർഗങ്ങളും ഇവർ ഉപയോഗിക്കും. തണുക്കുമ്പോൾ വിറയ്ക്കുകയും ചൂട് കൂടുമ്പോൾ വിയർക്കുകയും ചെയ്യുന്നത് ശരീര താപനിയന്ത്രണത്തിൻ്റെ ഭാഗമാണ്. വിയർക്കുമ്പോൾ നഷ്ടപ്പെടുന്നത് ശരീരത്തിലെ ജലാംശം ആണ്. വരണ്ട പ്രദേശത്തു ജീവിക്കുന്ന ഒട്ടകങ്ങളെ സംബന്ധിച്ചിടത്തോളം ഈ ജലനഷ്ടം വലിയ ബാധ്യതയാണ്. എന്നാൽ ഒട്ടകത്തിൻ്റെ ശരീരതാപനില മറ്റു ഉഷ്ണരക്തജീവികളെ പോലെ സ്‌ഥിരമല്ല. അന്തരീക്ഷ താപമനുസരിച്ച് 34 ഡിഗ്രി സെൽ ഷ്യസ് മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെ ഇത് മാറുന്നതാണ്. അതിനാൽ താപനിയന്ത്രണത്തിന് വളരെ കുറച്ചു ജലമേ ഒട്ടകത്തിന് ആവശ്യമായി വരുന്നുള്ളു. സമൃദ്ധമായ രോമങ്ങളും പുറത്തെ ചൂടിനെ തടുക്കുന്നതിന് സഹായിക്കുന്നു. ഒട്ടകത്തിന്റെ രക്തത്തിലെ ചുവന്ന രക്‌താണുവിന് മറ്റു സസ്‌തനികളിലൊന്നും കാണാത്ത കോശമർമം അഥവാ ന്യൂക്ലിയസ് ഉണ്ട്. ഈ പ്രത്യേകത ജലം സംരക്ഷിക്കാനുള്ള ഒരു അനുകൂലനം കൂടിയാണ്.
‘ഹമ്പ’ന്മാർ
ഒട്ടകത്തിന്റെ പുറത്തുള്ള മുഴ ശ്രദ്ധിക്കാത്തവരായി ആരും ഉണ്ടാവില്ല. ഈ മുഴയെ ‘ഹമ്പ്’ എന്ന് വിളിക്കുന്നു. ഈ ഹമ്പുകളുടെ ഉള്ളിൽ ഒട്ടകങ്ങൾ കൊഴുപ്പ് സംഭരിച്ചു വെക്കുന്നു. 25 കിലോഗ്രാം വരെ കൊഴുപ്പ് ഈ ഹമ്പുകളിൽ ശേഖരിച്ചു വെക്കാൻ കഴിയും. ഒരു മരുപ്പച്ചയിൽ നിന്ന് മറ്റൊന്നിലേക്കുള്ള ബുദ്ധിമുട്ടേറിയ യാത്രയിൽ ഒട്ടകങ്ങൾ ഈ കൊഴുപ്പ് ഉപയോഗിച്ച് കോശങ്ങളിൽ ജലം നിർമിക്കുകയും ചെയ്യുന്നു.
ഒട്ടകവും ഒട്ടകപ്പക്ഷിയും
ഭൂമിയിൽ ജീവിച്ചിരിക്കുന്നവയിൽ വച്ച് ഏറ്റവും വലിയ പക്ഷിയായ ഒട്ടകപ്പക്ഷിയും ഒട്ടകങ്ങളും തമ്മിൽ എന്താണ് ബന്ധം എന്ന് ഓർത്തിട്ടുണ്ടോ? പക്ഷിവർഗത്തിൽ പെടുന്ന ഒട്ടകപ്പക്ഷിയും സസ്തനി ആയ ഒട്ടകവും തമ്മിൽ കാഴ്ചയിൽ ഉള്ള സാമ്യം മാത്രമാണ് ഒട്ടകപ്പക്ഷി എന്ന പേരിനു കാരണം.
നീളമുള്ള കഴുത്തും, വലിയ കണ്ണുകളും, നീണ്ട കൺപീലികളും ഇവയ്ക്ക് ഒട്ടകത്തിന്റെ രൂപസാദൃശ്യം നല്കുന്നു. മാത്രമല്ല വലിയ ശരീരം വച്ച് ഒട്ടകത്തെപ്പോലെ ആടിയുലഞ്ഞുള്ള നടപ്പും ആ പേരിനെ അന്വർത്ഥമാക്കുന്നു. ഒട്ടകത്തെപ്പോലെ ഉയർന്ന താപ നിലയെ നേരിടാനും രണ്ടാഴ്ചയോളം വെള്ളമില്ലാതെ ജീവിക്കാനും ഇവർക്ക് കഴിയും. ചിറകുകൾ ഉണ്ടെങ്കിലും ഈ പക്ഷികൾക്ക് അതുവച്ച് പറക്കാൻ സാധിക്കില്ല. പകരം ഓടുമ്പോൾ ശരീരം ബാലൻസ് ചെയ്യാൻ ഇവ സഹായിക്കുന്നു.
2024 അന്താരാഷ്ട്ര കാമേലിഡ് വർഷമായി യു.എൻ. അസംബ്ലി പ്രഖ്യാപിച്ചിരി ക്കുകയാണ്. വളരെ പ്രതികൂലമായ ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനത്തിനുള്ള പ്രധാന ഉപാധിയാണ് ഒട്ടകങ്ങൾ. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മുഖ്യഘടകം എന്നതിന് പുറമെ മാംസം, പാൽ,ജൈവവളം മുതലായ ഉത്പന്നങ്ങളുടെ ഉറവിടം കൂടിയാണിവ. എല്ലാ അംഗരാജ്യങ്ങളുടെ ഇടയിലും ഒട്ടകങ്ങളുടെ സാമ്പത്തിക- സാംസ്‌കാരിക പ്രാധാന്യത്തെപ്പറ്റി അവബോധം വളർത്തുക, ഈ സസ്‌തനികളിൽ നിന്നും ലഭിക്കുന്ന ഭക്ഷ്യയോഗ്യമായ ഉത്പന്നങ്ങൾ ഭക്ഷ്യ അരക്ഷിതാവസ്ഥയും പോഷകാഹാരക്കുറവും പരിഹരിക്കാൻ ഉപയോഗിക്കുക എന്നിവയാണ് അന്താരാഷ്ട്ര ഒട്ടകവർഷത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.
മലയാളത്തിലെ ആദ്യ ഓൺലൈൻ ഡിജിറ്റൽ കലണ്ടർ – ശാസ്ത്രദിനങ്ങളും ശാസ്ത്രപരിപാടികളും അറിയാനുള്ള ലൂക്കയുടെ കലണ്ടർ വെബ്സൈറ്റ് സന്ദർശിക്കാം