മെയ് 18 അന്താരാഷ്ട്ര മ്യൂസിയം ദിനമാണ്. യുനെസ്കോ (UNESCO) യുമായി ഔപചാരിക ബന്ധമുള്ള സന്നദ്ധ സംഘടനയായ മ്യൂസിയങ്ങളുടെ അന്താരാഷ്ട്ര കൌൺസിലിന്റെ (International Council of Museums -ICOM) നേതൃത്വത്തിൽ ആചരിച്ചുവരുന്ന അന്താരാഷ്ട്ര മ്യൂസിയം ദിനത്തിന്റെ തുടക്കം 1977 ലാണ്.
മ്യൂസിയങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുകയെന്നതാണ് ദിനചാരണത്തിന്റെ പ്രധാന ലക്ഷ്യം. ഓരോ വർഷവും തെരഞ്ഞെടുക്കപ്പെട്ട ഒരു തീമിന് ചുറ്റുമായാണ് ആഘോഷപരിപാടികൾ നടത്തുന്നത്. ‘മ്യൂസിയങ്ങൾ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും വേണ്ടി’ (Museums for Education and Research) എന്നതാണ് ഈ വർഷത്തെ തീം. കേരളത്തിലെ മ്യൂസിയങ്ങളും മ്യൂസിയം ദിനം സമുചിതമായി ആഘോഷിക്കുന്നുണ്ട്. മ്യൂസിയങ്ങളുടെ സംക്ഷിപ്ത ചരിത്രവും അവയുടെ പ്രധാന്യവുമാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.
പേരും ചരിത്രവും
മൂസെയോൺ (mouseion) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് മ്യൂസിയം എന്ന വാക്കുണ്ടായത്. മ്യൂസുകളുടെ (Muses) ആസ്ഥാനം അല്ലെങ്കിൽ ക്ഷേത്രം എന്നാണ് ഈ വാക്കിന്റെ അർത്ഥം. കലകളുടേയും സാഹിത്യത്തിന്റേയും ശാസ്ത്രത്തിന്റേയും ഗ്രീക്ക് ദേവതകളാണ് മ്യൂസുകൾ. ബി.സി.ഇ മൂന്നാം നൂറ്റാണ്ടിലാണ് അലക്സാണ്ഡ്രിയ നഗരത്തിൽ ടോളമി സൊട്ടോർ (Ptolemy Sotor) മ്യൂസുകളുടെ ക്ഷേത്രം സ്ഥാപിച്ചത്. അതായിരിക്കാം ആദ്യത്തെ വ്യവസ്ഥാപിതമായ മ്യൂസിയമെന്ന് കരുതപ്പെടുന്നു. കലയുമായും പ്രകൃതിചരിത്രവുമായും (Natural History) ബന്ധപ്പെട്ട ഒട്ടേറെ വസ്തുക്കൾ അവിടെ ശേഖരിക്കപ്പെട്ടിരുന്നു. അതുപോലെ യൂക്ലിഡ് (Euclid) ഹെറാക്ളിറ്റസ് (Heraclitus) തുടങ്ങിയ മഹാപണ്ഡിതർ അവിടെ പ്രവർത്തിക്കുകയും ചെയ്തിരുന്നു. അക്കാലത്തെ ഏറ്റവും വലിയ ലൈബ്രറിയും അവിടെ തന്നെയായിരുന്നു. അതിനുപുറമേ ക്ലാസ്സ് മുറികൾ, പൂന്തോട്ടങ്ങൾ, ഗവേഷകർക്ക് താമസിക്കാനുള്ള ഡോർമിറ്ററികൾ തുടങ്ങിയവയും അതോടനുബന്ധിച്ചുണ്ടായിരുന്നു. ടോളമി ഫിലാഡെൽഫിയസിന്റെ (Ptolemy Philadelphius) (285–246 BCE) കീഴിലും ക്ഷേത്രം അഭിവൃദ്ധിപ്പെട്ടെങ്കിലും അലക്സാണ്ഡ്രിയയെ ചുട്ടുവെണ്ണീരാക്കിയ തീപ്പിടുത്തത്തിൽ അത് നശിച്ചുപോയിരിക്കാം എന്നാണ് അനുമാനിക്കപ്പെടുന്നത്.
പതിനഞ്ചാം നൂറ്റാണ്ടിലാണ് മ്യൂസിയം എന്ന വാക്ക് ആദ്യമായി യൂറോപ്പിൽ ഉപയോഗിക്കപ്പെടുന്നത്. യൂറോപ്പിലെ ധനികർ അവരുടെ പ്രൌഢി വിളംബരം ചെയ്യാൻ തങ്ങളുടെ യാത്രകൾക്കിടയിൽ ശേഖരിച്ച പലതരം വസ്തുക്കളും വീടുകളിൽ സൂക്ഷിച്ചു തുടങ്ങിയ കാലമായിരുന്നു അത്. അത്തരം സ്വകാര്യ ശേഖരങ്ങൾ ‘കൌതുകങ്ങളുടെ അലമാര’ (Cabinets of curiosities) എന്നാണ് അറിയപ്പെട്ടത്. ഇറ്റലിയിലെ ഫ്ലോറെൻസിൽ ജീവിച്ചിരുന്ന ലോറെൻസൊ ദി മാഗ്നിഫിസെന്റിന്റെ (Lorenzo the Magnificent: (1449-1492) കൊട്ടാരത്തിലുണ്ടായിരുന്ന പ്രശസ്തമായ സ്വകാര്യ ശേഖരത്തെ വിശേഷിപ്പിക്കാനാണ് ആദ്യമായി മ്യൂസിയം എന്ന വാക്കുപയോഗിച്ചത്. എന്നാൽ ഇംഗ്ലീഷ് ഭാഷയിൽ 1615 ൽ മാത്രമാണ് മ്യൂസിയം എന്ന വാക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
ആധുനിക മ്യൂസിയങ്ങൾ
ആധുനിക മ്യൂസിയങ്ങളുടെ ചരിത്രം തുടങ്ങുന്നത് പ്രത്യേക ഉദ്ദേശ്യത്തോടെ ശേഖരിക്കപ്പെട്ട വസ്തുക്കൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചുതുടങ്ങിയതോടെയാണ്. ആദ്യത്തെ അത്തരം മ്യൂസിയം ഏതായിരുന്നു എന്നതിനെക്കുറിച്ച് ചരിത്രരേഖകളൊന്നും ലഭ്യമല്ല. 1523-1583 കാലഘട്ടത്തിൽ യൂറോപ്പിലെ ഗ്രിമാനി കുടുംബം തങ്ങളുടെ സ്വകാര്യ ശേഖരം വെനീസ് സർക്കാറിന് കൈമാറിയിരുന്നു. ഈ ശേഖരത്തിൽ നിന്നായിരുന്നു പൊതുജനങ്ങൾക്കായുള്ള യൂറോപ്പിലെ ആദ്യത്തെ മ്യൂസിയങ്ങളിലൊന്നിന്റെ തുടക്കം. അതിന് ശേഷം പല സ്വകാര്യ ശേഖരങ്ങളും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടോടെ യൂറോപ്പിൽ മ്യൂസിയങ്ങൾ സാർവത്രികമായി.
മ്യൂസിയങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ അവ വിഷയാധിഷ്ഠിതമാകാനും തുടങ്ങി. കല (Art), പ്രകൃതിചരിത്രം (Natural History), ഭൌമശാസ്ത്രം (Geoscience), ചരിത്രം (History), നരവംശശാസ്ത്രം (Anthropology) തുടങ്ങിയവ ഉദാഹരണങ്ങൾ. ലണ്ടനിലെ ലോകപ്രശസ്തമായ ബ്രിട്ടീഷ് മ്യൂസിയം സ്ഥാപിക്കപ്പെട്ടത് 1759 ലാണ്.
1881 ൽ ആരംഭിച്ച പ്രകൃതിചരിത്ര മ്യൂസിയം (Natural History Museum) ഇതിന്റെ ഭാഗമാണ്. അധികം കഴിയുന്നതിന് മുൻപ് ഇന്ത്യയിലും ആരംഭിച്ചു ഒരു മ്യൂസിയം: 1784 ൽ കൽക്കത്തയിൽ സ്ഥാപിക്കപ്പെട്ട ഇന്ത്യൻ മ്യൂസിയം. അമേരിക്കയിലെ സ്മിത്ത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ ആരംഭിക്കുന്നത് 1846 ലാണ്. ഇതോടനുബന്ധിച്ച് തന്നെയാണ് ദേശീയ പ്രകൃതിചരിത്ര മ്യൂസിയവുമുള്ളത്. ഫ്രാൻസിലെ ലൂവെ മ്യൂസിയമാണ് (the Louvre) ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം. അത് സ്ഥാപിക്കപ്പെട്ടത് 1793 ലും. ഇരുപതാം നൂറ്റാണ്ടിൽ ലോകത്തെമ്പാടും മ്യൂസിയങ്ങളുടെ എണ്ണം പെരുകിയതോടെ അവയെ ഒരു കുടയ്ക്ക് കീഴിൽ കൊണ്ടുവരണമെന്ന ചിന്തയും പ്രബലപ്പെട്ടു. അങ്ങനെയാണ് 1946 ൽ മ്യൂസിയങ്ങളുടെ അന്താരാഷ്ട്ര കൌൺസിൽ തുടങ്ങുന്നത്. മ്യൂസിയം മേഖലയിൽ ഏറ്റവും ഒടുവിലായി വികസിച്ചുവന്ന രണ്ട് പുതിയ ആശയങ്ങളാണ് വെർച്ച്വൽ മ്യൂസിയങ്ങളും (virtual museums) ഇക്കോമ്യൂസിയങ്ങളും (ecomuseums). ഇക്കോ മ്യൂസിയങ്ങൾ ഒരു പ്രത്യേക കെട്ടിടത്തിലൊതുങ്ങുന്നതല്ല, മറിച്ച് മൊത്തം സമൂഹത്തെ (community) ഉൾക്കൊള്ളുന്നതാണ്. 1971 ൽ ഹ്യൂഗ്സ് ഡി വാരിൻ ( Hugues de Varine) എന്ന ആളാണ് ഈ ആശയം വികസിപ്പിച്ചെടുത്തത്.
ഫ്രാൻസിൽ ആരംഭിച്ച ഈ ആശയം ഇപ്പോൾ യൂറോപ്പിലും കാനഡയിലും മറ്റു പല വികസിത രാഷ്ട്രങ്ങളിലും പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. നമ്മുടെ പൈതൃക സമ്പത്ത് (heritage) സുസ്ഥിരമായരീതിയിൽ പരിസ്ഥിതിയോടിണങ്ങി സംരക്ഷിക്കുകയാണ് ഇക്കോമ്യൂസിയങ്ങളുടെ ലക്ഷ്യം. സൈബർ ലോകത്തിലെ മ്യൂസിയങ്ങളാണ് വെർച്ച്വൽ മ്യൂസിയങ്ങൾ. ഒരു യഥാർത്ഥ മ്യൂസിയത്തിന്റെ അനുഭവം നൽകുന്നവയാണ് മിക്ക വെർച്ച്വൽ മ്യൂസിയങ്ങളും.
ചലച്ചിത്ര ലോകത്തെ മ്യൂസിയങ്ങൾ
മ്യൂസിയങ്ങളിൽ ചിത്രീകരിച്ച അനവധി ചലച്ചിത്രങ്ങളുണ്ട്. ദി നൈറ്റ് അറ്റ് ദി മ്യൂസിയം (Night at the Museum) മാമത്ത് (Mammoth), ദി റെലിക്ക് (The Relic) തുടങ്ങിയവ ഉദാഹരണങ്ങൾ. അവയിൽ ഏറ്റവും പ്രശസ്തമായത് ദി നൈറ്റ് അറ്റ് ദി മ്യൂസിയമാണ്. 2006 ലാണ് ഇതിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.
തുടർന്ന് 2009 ലും 2014 ലും രണ്ടാം ഭാഗവും മൂന്നാം ഭാഗവും പുറത്തിറങ്ങി. ക്രൊയേഷ്യക്കാരനായ മിലൻ ട്രെഞ്ച് (Milan Trenc) 1993 ൽ അതേ പേരിൽ പ്രസിദ്ധീകരിച്ച ചിത്രകഥയെ ആസ്പദമാക്കിയാണ് ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളത്. ന്യൂയോർക്ക് നഗരത്തിലുള്ള അമേരിക്കൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലാണ് കഥ നടക്കുന്നത്. മ്യൂസിയത്തിൽ സൂക്ഷിച്ച മൃഗങ്ങൾക്ക് രാത്രികാലത്ത് ജീവൻ വെക്കുന്നതും തുടർന്നുണ്ടാകുന്ന കോലാഹലങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
മ്യൂസിയങ്ങളുടെ പ്രാധാന്യം
ആളുകളെ രസിപ്പിക്കുന്ന കേവലം പ്രദർശനശാലകൾ മാത്രമല്ല ഇന്ന് മ്യൂസിയങ്ങൾ. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മ്യൂസിയങ്ങൾ പ്രധാനപ്പെട്ട വിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറിത്തുടങ്ങി. അതോടെ പല മ്യൂസിയങ്ങളിലേയും ശേഖരങ്ങൾ രണ്ടായി വേർതിരിക്കപ്പെട്ടു: പ്രദർശന ശേഖരവും പഠനശേഖരവും. പൊതുജനവിദ്യാഭ്യാസം, ഗവേഷണം എന്നീ രണ്ട് വ്യത്യസ്ത ഉദ്ദേശ്യങ്ങളോടെ മ്യൂസിയങ്ങൾ ക്രമീകരിക്കണമെന്ന നിർദ്ദേശം ആദ്യമായി മുൻപോട്ട് വെച്ചത് ബ്രിട്ടീഷ് മ്യൂസിയം ഡയറക്ടറായിരുന്ന സർ വില്ല്യം ഹെൻറി ഫ്ലവറാണ് (Sir William Henry Flower- 1831-1899). ചാൾസ് ഡാർവിന്റെ ഒറിജിൻ ഓഫ് സ്പീഷീസ് പ്രസിദ്ധീകരിച്ചതോടെ പ്രകൃതിചരിത്ര മ്യൂസിയങ്ങൾ അഭൂതപൂർവ്വമായ മാറ്റങ്ങൾക്ക് വിധേയമായി. ഇന്ന് ജീവശാസ്ത്ര പഠനങ്ങളുടെ സുപ്രധാന കേന്ദ്രങ്ങളാണ് പ്രകൃതിചരിത്ര മ്യൂസിയങ്ങൾ. പ്രത്യേകിച്ചും വർഗ്ഗീകരണ ശാസ്ത്രത്തിന്റേയും (taxonomy) പരിണാമശാസ്ത്രത്തിന്റേയും (evolution), ജൈവ സംരക്ഷണ ശാസ്ത്രത്തിന്റേയും (conservation biology). ജീവശാസ്ത്രത്തിന് പുറമെ ചരിത്രം, ഭൂഗർഭശാസ്ത്രം (Geology), കലകൾ, സംസ്കാരം (Culture) നരവംശശാസ്ത്രം (Anthropology) തുടങ്ങി വിവിധമേഖലകളിലെ പഠന-ഗവേഷണകേന്ദ്രങ്ങളായി മാറിയിരിക്കയാണ് മ്യൂസിയങ്ങൾ. അതോടൊപ്പം മ്യൂസിയങ്ങളുടെ നിർവ്വചനവും മാറിയിട്ടുണ്ട്. മ്യൂസിയങ്ങളുടെ അന്താരാഷ്ട്ര കൌൺസിൽ മുൻപോട്ടുവെച്ച നിർവ്വചനം ഇങ്ങനെയാണ്:
“A museum is a non-profit, permanent institution in the service of society and its development, open to the public, which acquires, conserves, researches, communicates and exhibits the tangible and intangible heritage of humanity and its environment for the purposes of education, study and enjoyment.”
അധികവായനയ്ക്ക്
- Simmons JE (2017). History of Museums. Encyclopedia of Library and Information Sciences, Fourth Edition. Taylor & Francis. Pp 1812-1823.