Read Time:16 Minute

അറബിക്കടലിൽ രൂപപ്പെടുന്ന അതിശക്തമായ ചുഴലിക്കാറ്റുകൾ അഥവാ ട്രോപ്പിക്കൽ സൈക്ലോണുകൾ ചെറിയ നാശനഷ്ടമൊന്നുമല്ല ചുറ്റുമുള്ള തീരപ്രദേശങ്ങളിൽ ഉണ്ടാക്കുന്നത്. 2017 ഓഖി എന്ന അതിതീവ്ര ചുഴലിക്കാറ്റ് ഇന്ത്യയിലും ശ്രീലങ്കയിലുമായി 800 അധികം പേരുടെ ജീവൻ അപഹരിക്കുകയും 920 മില്യൺ ഡോളറിന്റെ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു. ഇന്ത്യൻ മഹാസമുദ്രത്തിലെ സൈക്ലോൺ സീസണുകളെ തെക്കുപടിഞ്ഞാറൻ മൺസൂൺന് മുൻപും ശേഷവും എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ കാലത്തെ അന്തരീക്ഷ സാഹചര്യങ്ങൾ ചുഴലിക്കാറ്റിന് അത്ര അനുകൂലമല്ലാത്തതിനാൽ സമയത്ത് ചുഴലിക്കാറ്റുകൾ സാധാരണമല്ല. മൺസൂണിന് ശേഷമുള്ള ഒക്ടോബർഡിസംബർ സീസണിലാണ് ഏറ്റവും കൂടുതൽ ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത്. ബംഗാൾ ഉൾക്കടലിനോട് താരതമ്യപ്പെടുത്തി നോക്കുമ്പോൾ അറബിക്കടലിൽ ഇവയുടെ എണ്ണം കുറവാണ്. എങ്കിലും അറബിക്കടലിന്റെ തീരത്തുള്ള ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, മറ്റു അറബ് രാജ്യങ്ങൾ എന്നിവയുടെ ജനസാന്ദ്രമായ തീരപ്രദേശങ്ങൾ പരിഗണിക്കുമ്പോൾ ഭൂഭാഗങ്ങളിൽ വലിയ നാശനഷ്ടങ്ങൾക്ക് കാരണമായേക്കാവുന്ന പ്രകൃതിദുരന്തമാണ് ചുഴലിക്കാറ്റുകൾ. അതിനാൽ തന്നെ അറബിക്കടലിൽ രൂപപ്പെടുന്ന അതിശക്ത ചുഴലിക്കാറ്റുകളുടെ വർദ്ധനവ് മേൽ പറഞ്ഞ രാജ്യങ്ങൾക്കെല്ലാം വലിയ ഭീഷണിയാണ്

അന്തരീക്ഷത്തിലും കടലിലും നിരവധി ഘടകങ്ങൾ അനുകൂലമാകുമ്പോൾ മാത്രമാണ് ചുഴലിക്കാറ്റ് എന്ന ലോ – പ്രഷർ സിസ്റ്റം (മധ്യഭാഗത്ത് ന്യൂനമർദ്ദം ഉള്ള സിസ്റ്റം) രൂപപ്പെടുന്നത്. അവയിൽ ചില ഘടകങ്ങളെയും ആഗോളതാപനം മൂലം അവയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ പറ്റിയുമാണ് ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

മനുഷ്യൻ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങൾ കൊണ്ടുള്ള താപ വർധനവാണ് അറബിക്കടലിൽ ഈയിടെയായി വർധിച്ചു വരുന്ന അതിശക്തമായ ചുഴലിക്കാറ്റുകൾക്ക് പിന്നിൽ. അറബിക്കടലിലെ വർധിച്ചു വരുന്ന ചുഴലിക്കാറ്റുകളുടെ എണ്ണത്തെയും തീവ്രതയെയും സംബന്ധിച്ചുള്ള പഠനങ്ങൾ മുൻപും നടന്നിട്ടുണ്ടെങ്കിലും അവയിൽ മനുഷ്യന്റെ സ്വാധീനത്തെ ഉറപ്പിക്കുന്നത് അടുത്ത് പ്രസിദ്ധീകരിക്കപ്പെട്ട പഠനത്തിലാണ് (1). കാലാവസ്ഥ മോഡലുകളുടെ ശേഖരമായ CMIP6 ലെ  സമുദ്ര – അന്തരീക്ഷ ഡാറ്റാസെറ്റുകൾ ഉപയോഗിച്ചാണ് പഠനം നടത്തിയിട്ടുള്ളത്. അറബിക്കടലിൽ സമുദ്രോപരിതല ഊഷ്മാവ് കൂടുന്നതും സമുദ്രത്തിന്റെ ഉപരിതല ജലപാളികളിൽ (Upper Ocean) സംഭരിക്കപ്പെട്ടിട്ടുള്ള താപോർജ്ജത്തിന്റെ അനിയന്ത്രിതമായ വർദ്ധനവുമാണ് അതിശക്തമായ ചുഴലിക്കാറ്റുകളുടെ വർദ്ധനവിന് കാരണം. ചുഴലിക്കാറ്റുകൾ രൂപപ്പെടുത്താൻ സഹായകരമാവുന്ന സമുദ്രോപരിതലത്തിലെ താപോർജ്ജത്തിന്റെ അളവിനെ ട്രോപ്പിക്കൽ സൈക്ളോൺ ഹീറ്റ് പൊട്ടൻഷ്യൽ (TCHP) എന്നാണ് വിളിക്കുന്നത്. അതുപോലെ തന്നെ അന്തരീക്ഷത്തിലെ താപ-സംവഹന പ്രക്രിയയെ സൂചിപ്പിക്കാൻ മോയ്സ്റ്റ് സ്റ്റാറ്റിക് എനർജി (MSE) എന്ന ഇൻഡക്സ് ഉപയോഗിക്കുന്നു. പേര് സൂചിപ്പിയ്ക്കുന്ന പോലെ തന്നെ ഇത് അന്തരീക്ഷത്തിലെ താപത്തെയും ഈർപ്പത്തെയും ആശ്രയിച്ചിരിക്കുന്നു. തീവ്രമായ ചുഴലിക്കാറ്റുകൾ രൂപപ്പെടാനും അവയുടെ ശക്തി കുറയാതെ നിലനിർത്താനും സഹായിക്കുന്ന രണ്ടു ഘടകങ്ങളാണ് മുകളിൽ പറഞ്ഞവ. കടലിൽ അധികമായി ശേഖരിക്കപ്പെടുന്ന താപോർജ്ജം കൂടുതൽ നീരാവി ഭൗമോപരിതലത്തിലേക്ക് തള്ളാനും സമുദ്രത്തോട് ചേർന്ന് നിൽക്കുന്ന അന്തരീക്ഷ ഭാഗത്തെ വേഗത്തിൽ ചൂട് പിടിപ്പിക്കാനും തുടങ്ങുന്നു. ഈ പ്രക്രിയക്ക് ഒപ്പം അന്തരീക്ഷത്തിലെ താപസംവഹനവും വർധിക്കുന്നതുകൊണ്ട് അധികമായി സംഭരിക്കപ്പെട്ട നീരാവി മുകളിലേക്ക് (4-5 km; മധ്യ ട്രോപോസ്ഫിയറിലേക്ക്) ഉയർത്തപ്പെടുന്നു. ഈ മധ്യ-ട്രോപോസ്പിഫിയറിൽ കാണപ്പെടുന്ന ഈർപ്പം ചുഴലിക്കാറ്റിന്റെ രൂപീകരണത്തിന് വലിയ പങ്കു വഹിക്കുന്ന ഒരു ഘടകമാണ്. 

മേൽ പറഞ്ഞ CMIP6 കാലാവസ്ഥാ മോഡലുകളിൽ മനുഷ്യൻ പുറത്തുവിടുന്ന ഹരിതഗൃഹവാതകങ്ങൾ, അന്തരീക്ഷ പൊടിപടലങ്ങൾ എന്നിങ്ങനെ വ്യത്യസ്ത ഘടകങ്ങൾക്ക് നമ്മുടെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കാനാവും എന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന പലതരം ഡാറ്റ ലഭ്യമാണ്. കമ്പ്യൂട്ടർ സിമുലേഷനുകൾ വഴിയാണ് ഇത്തരം ഡാറ്റ നമുക്ക് ലഭിക്കുന്നത്. ഈ സിമുലേഷനുകളുടെ ഡാറ്റ പരസ്പരം താരതമ്യപ്പെടുത്തുന്നതിലൂടെ നമുക്ക് കാലാവസ്ഥാ വ്യതിയാനത്തിൽ വ്യത്യസ്ത ഘടകങ്ങളുടെ സ്വാധീനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. സിമുലേഷനുകളുടെ രൂപകല്പനയെയും ഉപയോഗത്തെയും സംബന്ധിച്ചുള്ള വിശദീകരണം ടേബിൾ 1 ൽ കൊടുത്തിരിക്കുന്നു.

സിമുലേഷൻപ്രത്യേകത 
Hist-GHG (GHG)മനുഷ്യൻ പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങൾ (CO2, CH4, N2O തുടങ്ങിയവ) മൂലം മാത്രം കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്നു. മനുഷ്യന്റെ പ്രവർത്തനം മൂലം അന്തരീക്ഷത്തിലെത്തുന്ന പൊടിപടലങ്ങൾ, ഭൂവിനിയോഗ രീതികളിലെ വ്യത്യാസം, മറ്റു നാച്ചുറൽ ആയി നടക്കുന്ന ഭൗമാന്തരീക്ഷ മാറ്റങ്ങൾ എന്നിവയെ പരിഗണിക്കുന്നില്ല.   
Hist-AER (AER)മനുഷ്യന്റെ പ്രവർത്തനഫലമായി അന്തരീക്ഷത്തിലെത്തുന്ന പൊടിപടലങ്ങളുടെ (സൾഫേറ്റ്, ബ്ലാക്ക് കാർബൺ, ഓർഗാനിക് കാർബൺ തുടങ്ങിയവ അടങ്ങിയ പൊടിപടലങ്ങൾ) സ്വാധീനം കൊണ്ട് മാത്രം അന്തരീക്ഷത്തിലും കടലിലും ഉണ്ടാകുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്നു. ഹരിതഗൃഹ വാതകങ്ങളെയും നാച്ചുറൽ ആയി നടക്കുന്ന മാറ്റങ്ങളെയും പരിഗണിക്കുന്നേയില്ല.
Hist-NAT (NAT)മനുഷ്യന്റെ ഒരു ഇടപെടലുകളും ഇല്ലാതെ പ്രകൃത്യാ തന്നെ നടക്കുന്ന പ്രതിഭാസങ്ങളുടെ (അഗ്നിപർവ്വത സ്ഫോടനങ്ങൾ,  ഭൂമിയുടെ കറക്കത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ തുടങ്ങിയവ) സ്വാധീനത്താൽ അന്തരീക്ഷത്തിനും കടലിനും ഉണ്ടാകുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്നു. ഹരിതഗൃഹ വാതകങ്ങളുടെയും പൊടിപടലങ്ങളുടെയും സ്വാധീനത്തെ പൂർണമായും അവഗണിക്കുന്നു. 
Historical (ALL)മുകളിൽ പറഞ്ഞ എല്ലാ ഘടകങ്ങളെയും പരിഗണിച്ചാൽ (എല്ലാത്തിന്റെയും സ്വാധീനം കൊണ്ട് ) അന്തരീക്ഷത്തിനും കടലിനും ഉണ്ടാകുന്ന മാറ്റങ്ങളെ കാണിക്കുന്നു. മുകളിൽ പറഞ്ഞ മൂന്ന് ഘടകങ്ങളുടെയും ആകെ തുകയായിട്ടാണ് ഈ സിമുലേഷനെ കണക്കാണുന്നത്.
ടേബിൾ 1 

ഡാറ്റ വിശകലനം ചെയ്തതിൽ നിന്നും ഹരിതഗൃഹ വാതകങ്ങളുടെ സ്വാധീനം കൊണ്ട് മാത്രമുള്ള കാലാവസ്ഥയിലെ മാറ്റങ്ങൾക്ക് സാമ്യം കാണിക്കും വിധമാണ് ഇന്ന് നമ്മുടെ അറബിക്കടലിലും തൊട്ടുമുകളിലുള്ള അന്തരീക്ഷത്തിലും ഉള്ള മാറ്റങ്ങൾ കാണപ്പെടുന്നത്. 

ചിത്രം 1. അറബിക്കടലിലെ ചുഴലിക്കാറ്റുകൾ ഓരോ 5 വർഷം കൂടുമ്പോഴും വരുന്ന വ്യത്യാസം. (a) & (b) സൂചിപ്പിക്കുന്നത് കൂടിവരുന്ന ചുഴലിക്കാറ്റുകളുടെയും അതിശക്തമായ ചുഴലിക്കാറ്റുകളുടെയും എണ്ണത്തെയാണ്. (c) സൂചിപ്പിക്കുന്നത് അതിശക്ത ചുഴലിക്കാറ്റിന്റെ തീവ്രത വർധിക്കുന്നതാണ്. 

ചിത്രം 1 ൽ സൂചിപ്പിച്ചിരിക്കുന്ന പോലെ അറബിക്കടലിലെ ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും കാര്യമായ രീതിയിൽ തന്നെ വർധിക്കുകയും 2015-2020 കാലയളവിൽ 4 അതിശക്തമായ ചുഴലിക്കാറ്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. അറബിക്കടലിന്റെ ഉപരിതലത്തിൽ മാത്രമല്ല താഴേക്കും താപനില വർദ്ധനവ് അനുഭവപ്പെടുകയും അറബിക്കടലിൽ കണ്ടു വരുന്ന താരതമ്യേന ചൂട് കൂടിയ ഭാഗത്തിന്റെ (അറേബ്യൻ സീ വാം-പൂൾ എന്ന പ്രതിഭാസം) വിസ്താരം കൂടി വരികയും ചെയ്യുന്നു (ചിത്രം 2A).

ചിത്രം 2 . (a) സൂചിപ്പിക്കുന്നത് ഇന്ത്യൻ മഹാ സമുദ്രത്തിന്റെ മുകളിൽ ഉപരിതല കൂടുന്നതിന്റെ തോത് ആണ് (മോഡലുകളിൽ). അതിൽ തന്നെ 28C ഐസോതേർമുകൾക്ക് ഓരോ പത്തുവർഷം കൂടുമ്പോൾ വരുന്ന സ്ഥാന മാറ്റവും കാണാം. അറബിക്കടലിനു മുകളിലെ ശരാശരി ഊഷ്മാവ് കൂടി വരുന്നതാണ് (b) യിൽ നിന്നും മനസ്സിലാവുന്നത്. വ്യത്യസ്ത സിമുലേഷനുകളിൽ അറബിക്കടലിനു മുകളിലെ ഊഷ്മാവ് കൂടുന്നതിന്റെ ശരാശരി തോതാണ് (c) യിൽ കൊടുത്തിരിക്കുന്നത് . 

ഇതും ശക്തമായ  അന്തരീക്ഷ താപ – സംവഹനത്തിനും വലിയ മഴമേഘങ്ങളുടെ (cumulonimbus clouds) രൂപീകരണത്തിനും കളമൊരുക്കുന്നു. 1981-2020 കാലയളവിൽ ഘട്ടം ഘട്ടമായി അറബിക്കടലിന്റെ സമുദ്രോപരിതല ഊഷ്മാവ് കൂടിക്കൂടി വരുന്നത് (ചിത്രം 2B) അതിശക്തമായ ചുഴലിക്കാറ്റുകൾക്ക് ജന്മം നൽകാൻ അറബിക്കടലിനെ പ്രാപ്തമാക്കുന്നു. സമുദ്രോപരിതല ഊഷ്മാവ് കൂടുന്നതിന്റെ തോത് മോഡലുകൾ എത്ര കൃത്യമായി കാണിക്കുന്നു എന്നും അതിൽ ഹരിതഗൃഹ വാതകങ്ങൾ വഹിക്കുന്ന പങ്ക് 90% നും മുകളിലാണെന്നും ചിത്രം 2C യിൽ നിന്നും മനസ്സിലാക്കാം. വ്യാവസായിക വിപ്ലവത്തിന് മുൻപ്, മനുഷ്യന്റെ അധികമായ കൈകടത്തലുകൾ ഇല്ലാത്ത സമയത്ത്, എങ്ങനെയായിരുന്നോ കാലാവസ്ഥ സ്വാഭാവികമായ മാറ്റങ്ങൾക്ക് വിധേയമായിരുന്നത്, അതുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ ഇന്ന് കാണുന്ന മാറ്റങ്ങൾ വളരെ വലുതും അവഗണിക്കാനാകാത്തതുമാണ്. ചിത്രം 3 ൽ ഇപ്പറഞ്ഞ മാറ്റങ്ങളുടെ ലളിതമായ വിശദീകരണം കൊടുത്തിരിക്കുന്നു. 

ചിത്രം 3. ഹരിതഗൃഹ പ്രഭാവം മൂലം അന്തരീക്ഷത്തിലും കടലിലും നടക്കുന്ന മാറ്റങ്ങളെ ലളിതമായി ചിത്രീകരിച്ചിരിക്കുന്നു. 

മാറ്റങ്ങൾ ഒന്നും കേവലം അറബിക്കടലിനു ചുറ്റുമുള്ള രാജ്യങ്ങളുടെ കാർബൺ ബഹിർഗമനം കൊണ്ട് മാത്രം ഉണ്ടാകുന്നതല്ല. മറിച്ച് ലോകത്തിലെ മുഴുവൻ രാജ്യങ്ങളും പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങളുടെ ബാക്കിപത്രമാണ്. അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളുടെ കൂടി സംഭാവനയായി അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങൾ ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങൾക്ക് മേൽ പ്രകൃതിദുരന്തങ്ങളായി പെയ്തു തോരുന്നത് ഒരു രാഷ്ട്രീയ പ്രശ്നം കൂടിയാണ്. അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബണിന്റെ അളവ് ഇനിയും കുറക്കാത്ത പക്ഷം അതിശക്ത ചുഴലിക്കാറ്റുകളുടെ എണ്ണം കൂടുമെന്നും, അത് സാരമായി തന്നെ ബാധിക്കാൻ പോകുന്ന ഒരു ഭൂഭാഗം നമ്മുടെ അറബിക്കടലായിരിക്കുമെന്നുമുള്ള മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് പഠനം അവസാനിക്കുന്നത്.

Reference:

  1. Akash Pathaikara, Minkyu Lee, Seung-Ki Min, Soon-Il An, M.K. Roxy, K.P. Sooraj, “Human contribution to atmosphere-ocean thermodynamic factors affecting the intense tropical cyclones over the Arabian Sea during the post-monsoon season”, https://doi.org/10.1016/j.wace.2025.100755

ചുഴലിക്കാറ്റിനെക്കുറിച്ച് വായിക്കാം


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post Kerala Amateur Astronomers Congress 2025 -Register NOW
Close