“നിങ്ങള് അഞ്ചു തവണ പറക്കാൻ വിട്ടു. ഞാനത് അൻപതു തവണ ആക്കീട്ടുണ്ട്. വേണേൽ ഇനീം പറക്കും.” പേഴ്സിവെറൻസ് പേടകത്തിനൊപ്പം ചൊവ്വയിലെത്തിയ ഇൻജന്യൂറ്റി എന്ന മാർസ് ഹെലികോപ്റ്റർ നമ്മളോടു പറയുന്നത് ഇങ്ങനെയാണ്.
അൻപതു പറക്കലുകൾ പൂർത്തിയാക്കിയിരിക്കുകയാണ് ഇൻജന്യൂറ്റി. ഏപ്രിൽ 13നായിരുന്നു അൻപതാമത്തെ ചരിത്രപ്പറക്കൽ. അഞ്ചിൽനിന്ന് അൻപതിലേക്ക്! മാത്രമല്ല 18 മീറ്ററെന്ന ഉയരത്തിലേക്കു പറന്ന് പുതിയ റെക്കോഡും. അഞ്ചു പറക്കലുകൾ മാത്രം ലക്ഷ്യമിട്ട് ചൊവ്വയിലെത്തിയ ഈ ടെക്നിക്കൽ ഡെമോൺസ്ട്രേഷൻ പരീക്ഷണം അതിന്റെ അണിയറക്കാരെപ്പോലും അമ്പരപ്പിച്ചുകൊണ്ടാണ് ഈ ചരിത്രവിജയത്തിലെത്തിയിരിക്കുന്നത്.
2021 ഏപ്രിൽ 19നായിരുന്നു മാർസ് ഹെലികോപ്റ്ററിന്റെ ആദ്യ പറക്കൽ. നിലത്തുനിന്ന് മൂന്നു മീറ്റർ ഉയർന്നശേഷം തിരികെ ഇരുന്നിടത്തുതന്നെ ലാൻഡ് ചെയ്തു. അതിനു ശേഷം മാർസ് ഹെലികോപ്റ്ററിന്റെ ഓരോ പറക്കലുകളും അതീവ കൗതുകത്തോടെയും ആവേശത്തോടെയുമാണ് ഭൂമിയിലിരുന്ന് ശാസ്ത്രലോകം വീക്ഷിച്ചത്. രണ്ടു മിനിറ്റിൽ താഴെയുള്ള പറക്കലുകളായിരുന്നു ഇവയിൽ ഏറെയും. ഒന്നര മണിക്കൂറോളമാണ് ഇതുവരെ ആകെ പറന്നത്. 12കിലോമീറ്ററോളം(11,546 meters) ദൂരം ഇതിനിടയിൽ മാർസ് ഹെലികോപ്റ്റർ സഞ്ചരിച്ചു. 18 മീറ്റർവരെ ഉയരത്തിലും പറന്നു.
അൻപതാമത്തെ പറക്കലിൽ 322 മീറ്റർ ദൂരമാണ് ഹെലികോപ്റ്റർ താണ്ടിയത്. 18 മീറ്റർ എന്ന റെക്കോഡ് ഉയരം താണ്ടിയ ഇൻജന്യൂറ്റി 146 സെക്കൻഡുകൾ പറക്കുകയും ചെയ്തു. സെക്കൻഡിൽ 4.6മീറ്റർ എന്നതായിരുന്നു പരമാവധി വേഗത.
ഭൂമിയിൽ ഹെലികോപ്റ്ററുകളോ ഡ്രോണുകളോ പറത്തുന്നതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ല ചൊവ്വയിൽ പറക്കൽ. ഭൂമിയെക്കാൾ നൂറുമടങ്ങ് നേർത്ത അന്തരീക്ഷമാണവിടെ. വായുവിനെ വകഞ്ഞുമാറ്റി അതിന്റെ ബലത്തിലാണ് ഏതു പറക്കലും നടക്കുക. വായു നേർത്തതാവുമ്പോൾ പറക്കലും ദുഷ്കരമാവും. ഭൂമിയിൽ 30 കിലോമീറ്റർ ഉയരത്തിൽ ഉള്ളത്ര നേർത്ത വായുവേ ചൊവ്വയിലെ ഉപരിതലത്തിലുള്ളൂ. അതിവേഗതയിൽ കറങ്ങുന്ന പങ്കകളും മറ്റും ഉപയോഗിച്ചാണ് മാർസ് ഹെലികോപ്റ്റർ ഇതിനെ മറികടന്നത്. മാതൃവാഹനമായ പേഴ്സിവെറൻസിൽനിന്ന് ഊർജ്ജം സ്വീകരിച്ച് പറക്കാൻ സാധ്യമല്ലായിരുന്നു. പേഴ്സിവെറൻസിനെ ഇടിക്കുകയോ മറ്റോ ചെയ്താൽ പത്തുവർഷത്തോളം ചൊവ്വയിൽ പഠനം നടത്തേണ്ട പേഴ്സിവെറൻസിന്റെ ദൗത്യം പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വന്നേക്കാം. അതിനാൽത്തന്നെ പറന്നുതുടങ്ങിയപ്പോൾ മുതൽ പേഴ്സിവെറൻസിൽനിന്ന് കൃത്യമായ അകലം പാലിക്കാൻ ഇൻജന്യൂറ്റി ശ്രമിച്ചിരുന്നു.
സോളാർപാനലുകളിലൂടെ ഒരു ദിവസം മുഴുവൻ ശേഖരിക്കുന്ന സൗരോർജ്ജം ഉപയോഗിച്ചാണ് ഇൻജന്യൂറ്റി പറക്കുന്നത്. പേഴ്സിവെറൻസാകട്ടേ റേഡിയോ ആക്റ്റിവിറ്റി ഉപയോഗിച്ചുള്ള ഊർജ്ജവും. പേഴ്സിവെറൻസിന് സൗരോർജ്ജത്തെ ആശ്രയിക്കേണ്ടാത്തതിനാൽത്തന്നെ ഏതു പാതിരാത്രിയിലും പ്രവർത്തനനിരതമാവാൻ കഴിയും. ഇൻജന്യൂറ്റിയുടെ കാര്യം അങ്ങനെയല്ല. സൂര്യപ്രകാശമുണ്ടെങ്കിലേ ജീവിതമുള്ളൂ. പാനലുകളാകട്ടേ വളരെ ചെറുതുമാണ്. സ്വതവേ സൂര്യപ്രകാശം കുറവാണ് ചൊവ്വയിൽ. അവിടെ വളരെ ചെറിയ സോളാർപാനൽ ഉപയോഗിച്ച് അധികം ഊർജ്ജം ഉണ്ടാക്കാൻ കഴിയില്ല. അതിനാൽ ദിവസങ്ങൾകൊണ്ടു ശേഖരിക്കുന്ന ഊർജ്ജം ഉപയോഗിച്ചാണ് ഇൻജന്യൂറ്റി പറന്നുകൊണ്ടിരുന്നത്. രാത്രിയിലെ തണുപ്പിനെ പ്രതിരോധിക്കാനും ഈ ഊർജ്ജം വേണം. പൊടിക്കാറ്റുമൂലം സൂര്യപ്രകാശം കിട്ടാത്ത ദിവസങ്ങളും ചൊവ്വയിലുണ്ട്. ഇതു ചിലപ്പോൾ ദിവസങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്യും. ആദ്യകാലങ്ങളിൽ ചൊവ്വയിലെത്തുന്ന പേടകങ്ങൾ സൗരോർജ്ജമാണ് ഉപയോഗിച്ചിരുന്നത്. അവ പലതും പ്രവർത്തനം നിർത്തിയത് ഇത്തരം പൊടിക്കാറ്റുകൾ കാരണമാണ്. അതിനാൽത്തന്നെ ഇൻജന്യൂറ്റിക്കും ഇക്കാര്യം പേടിക്കണം.
മാത്രമല്ല, സാധാരണയിൽ കവിഞ്ഞ തണുപ്പുള്ള ശൈത്യകാലവും അവിടെയുണ്ട്. സാധാരണ ഇലക്ട്രോണിക് ഉപകരണങ്ങൾ ഇങ്ങനെയുള്ള അതിശൈത്യത്തിൽ കേടായിപ്പോവുക പതിവാണ്. അഞ്ചു പറക്കലിനു മാത്രം ഡിസൈൻ ചെയ്തതതാണ് നമ്മുടെ ഇൻജന്യൂറ്റി. ചൊവ്വയിലെ ശൈത്യകാലത്തെ അതിതീവ്രതണുപ്പിനെ പ്രതിരോധിക്കാനുള്ള പ്രത്യേക സംവിധാനങ്ങളൊന്നും അതിനാൽത്തന്നെ ഇൻജന്യൂറ്റിയിൽ ഉണ്ടായിരുന്നില്ല. പക്ഷേ എന്നിട്ടും പൊടിക്കാറ്റിനെയും ശൈത്യകാലത്തെയും മറികടക്കാൻ ഈ കുഞ്ഞുഡ്രോണിനായി.
ഒരു ടെക്നോളജി ഡെമോൺസ്ട്രേഷൻ ആയതിനാൽത്തന്നെ ശാസ്ത്രീയോപകരണങ്ങളൊന്നും ഇൻജന്യൂറ്റിയിൽ ഇല്ല. രണ്ടു ക്യാമറകൾ മാത്രം. ഒന്ന് പറക്കുന്നതിനെ നാവിഗേറ്റ് ചെയ്യാനുള്ള നാവിഗേഷൻ ക്യാമറ. മറ്റൊന്ന് നമ്മുടെ മൊബൈൽഫോണിൽ ഒക്കെയുള്ള പോലത്തെ കളർ ക്യാമറ. പറന്നുയരുന്നതും ഇറങ്ങുന്നതുമെല്ലാം നാവിഗേഷൻ ക്യാമറ എടുക്കുന്ന ചിത്രങ്ങളെ തത്സമയം വിശകലനം ചെയ്തുകൊണ്ടാണ്. അതിനുതകുന്ന സോഫ്റ്റുവെയറാണ് ഇൻജന്യൂറ്റിയുടെ തലച്ചോർ. വലിയ വലിപ്പമൊന്നുമില്ല ഇൻജന്യൂറ്റിക്ക്. അര മീറ്റർ മാത്രം ഉയരം. ഭാരം 1.8 കിലോഗ്രാം. മിനിറ്റിൽ 2400 തവണ കറങ്ങാൻ കഴിയുന്ന പങ്കകൾ. ഇതാണ് ഇൻജന്യൂറ്റി. ഇന്ത്യൻ വംശജനായ ബോബ് ബെൽറാം നേതൃത്വം നൽകുന്ന ടീമാണ് മാർസ് ഹെലികോപ്റ്ററിന്റെ അണിയറയിൽ എന്ന കുഞ്ഞുകൗതുകംകൂടിയുണ്ട്.
2022 ഏപ്രിൽ 29ന് തന്റെ 28ാമത്തെ പറക്കലിനുശേഷം ചില പ്രശ്നങ്ങൾ ഇൻജന്യൂറ്റിക്ക് നേരിടേണ്ടിവന്നിരുന്നു. മേയ് 3നും 4നും ജിന്നിയുമായിട്ടുള്ള കമ്യൂണിക്കേഷൻ മുറിഞ്ഞുപോയി. പിന്നീട് കുറച്ചു ദിവസത്തിനുശേഷമാണ് അതു ശരിയായത്. പക്ഷേ അപ്പോഴേക്കും ഒരു ദുഃഖവാർത്തകൂടി സയന്റിസ്റ്റുകളെ തേടിയെത്തിയിരുന്നു. ജിന്നിയുടെ ഒരു സെൻസർ, ഇൻക്ലിനോമീറ്റർ (inclinometer) കേടായിരിക്കുന്നു. -80 ഡിഗ്രിയൊക്കെയാണ് അക്കാലത്ത് ചൊവ്വയിലെ രാത്രിതാപനില. പൊടിക്കാറ്റും ഇടയ്ക്കുണ്ട്. ഹെലികോപ്റ്ററിലെ ബാറ്ററി പ്രതീക്ഷച്ചതിലും കുറഞ്ഞ വോൾട്ടേജ് കാണിക്കുകയും ചെയ്യുന്നു. ജിന്നി എന്നു വിളിപ്പേരുള്ള ഹെലികോപ്റ്റർ ഓർമ്മയായി മാറും എന്ന് ആശങ്കപ്പെട്ടിരുന്ന ദിവസങ്ങളായിരുന്നു പിന്നീട്. പക്ഷേ അതിനെയെല്ലാം ജിന്നി മറികടന്നു. ഇൻക്ലിനോമീറ്റർ കേടായെങ്കിലും സോഫ്റ്റുവെയർ പുതുക്കി മറ്റൊരു രീതിയിൽ ആ പ്രശ്നവും പരിഹരിച്ചു. പിന്നീടങ്ങോട്ട് ഇതുവരെ ഈ കുഞ്ഞുഡ്രോൺ വലിയ പ്രശ്നങ്ങളൊന്നും കാണിച്ചിട്ടില്ല.
പറക്കലിന്റെ ചരിത്രവും പേറിയാണ് മാർസ് ഹെലികോപ്റ്റർ ചൊവ്വയിലെത്തിയത്. 1903 ഡിസംബർ 17നാണ് ഭൂമിയിൽ ആദ്യമായി യന്ത്രസഹായത്തോടെ ഒരു പറക്കൽ നടന്നത്. റൈറ്റ് സഹോദരങ്ങൾ ആദ്യമായി വിമാനം പറപ്പിച്ച ചരിത്രം. അവരുടെ ആദ്യവിമാനത്തിന്റെ ചിറകിൽ ഉപയോഗിച്ചിരുന്ന ഒരു തരം തുണിയുണ്ട്. ആ തുണിയുടെ ഒരു ചെറുകഷണം ഇൻജന്യൂറ്റിയുടെ സോളാർപാനലിന് അടിയിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഭൂമിയിലെ ആദ്യപരീക്ഷണപ്പറക്കിലിന്റെ ചരിത്രവും പേറിയാണ് ചൊവ്വയിൽ അൻപതു പറക്കലുകൾ ഇൻജന്യൂറ്റി പിന്നിട്ടിരിക്കുന്നത്. ആ ചരിത്രവുംപേറി നൂറു പറക്കലുകൾക്ക് ഇൻജന്യൂറ്റിക്കാവട്ടേ എന്ന് നമുക്കാശിക്കാം.
പാത്ത്ഫൈൻഡർ എന്നൊരു ദൗത്യമുണ്ടായിരുന്നു ചൊവ്വയിൽ. ചൊവ്വയുടെ പ്രതലത്തിൽ ഉറച്ചുനിന്ന് പര്യവേക്ഷണം നടത്തുന്നൊരു ദൗത്യം. 1997ലെ ഈ ദൗത്യത്തിൽ പാത്ത്ഫൈൻഡറിൽ ഒരു കുഞ്ഞുവാഹനംകൂടി ഉണ്ടായിരുന്നു. ടെക്നോളജി ഡെമോൺസ്ട്രേഷൻ ആയി മാത്രം കൂട്ടിച്ചേർത്തൊരു ചെറിയ റോവർ. പേര് സോജേണർ. 7 ചൊവ്വാദിവസത്തേക്കുമാത്രം പ്രവർത്തിക്കാൻ ഉദ്ദേശിച്ചുള്ള ഈ റോവർ പക്ഷേ 92 ചൊവ്വാദിനങ്ങൾ വിജയകരമായി കടന്നുകൂടി. നൂറു മീറ്റർ മാത്രമാണ് ഇതിനിടയിൽ സോജേണർ ഓടിനടന്നത്. പക്ഷേ അതൊരു തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് ചൊവ്വയിൽ ഓടിയ എല്ലാ റോവറുകളുടെയും തുടക്കം. ഇൻജന്യൂറ്റിയും അതേപോലൊരു തുടക്കമാണ്. പാഠമാണ്. വരുംകാലത്ത് ചൊവ്വയിലെത്താൻപോകുന്ന അനേകം പേടകങ്ങൾ ഇനി പറക്കാൻ കഴിവുള്ളതാകും എന്ന പാഠം.